Friday, October 22, 2010

മഴയെത്തും മുമ്പേ...


തണുത്തുറഞ്ഞ മലയോര ഗ്രാമം. അവറാച്ചന്‍ മുതലാളിയുടെ വീട്ടുപടിക്കലെ വൈദ്യുതിവിളക്കിന്റെ വിളറിയ വെളിച്ചം ഗ്രാമത്തെ ഇരുട്ടില്‍ നിന്നുമകറ്റി.ശക്തമായ കാറ്റ്.മഴയുടെ വരവാണെന്ന് തോന്നുന്നു.നാണിയമ്മ കമ്പിളിക്കുള്ളില്‍ ചുരുണ്ട് കൂടി.കാറ്റില്‍ ആടിയുലയുന്ന ചിമ്മിനി വിളക്കിന്റെ തിരി അല്‍പ്പം ഉയര്‍ത്തി ഉമ്മറത്തിരുന്നു. മനസ്സ് നിറയെ ശിക്ഷ കഴിഞ്ഞു വരുന്ന ചേച്ചിയുടെ മുഖമാണ്.
എപ്പോഴാണാവോ ചേച്ചി ഇങ്ങോട്ടെത്തുന്നത്. മനസ്സ് വെമ്പല്‍ കൊണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്പ് ചേച്ചി കയ്യാമം വെച്ച് ഇറങ്ങിപ്പോകുന്നത് മനസ്സിലെ ഓര്‍മ്മകളുണര്‍ത്തി.
ഓര്‍മ്മ വെച്ച നാള്‍ മുതലേ അച്ഛനെ ഭയന്നാണ് അമ്മ ജീവിച്ചത്. മലയോരത്തെ പേടിസ്സ്വപ്നമായിരുന്ന അച്ഛന്‍ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ കയ്യാങ്കളിയിലൂടെ മാത്രമായിരുന്നു മറുപടി നല്‍കിയിരുന്നത്. അയല്‍വാസികള്‍ മനസ്സുകെട്ടുറങ്ങിയ നാളുകള്‍. റാക്കിന്റെ വീര്യം കൂടിയ ദിവസം.
അച്ഛന്റെ പരാക്രമം തടഞ്ഞു നിര്‍ത്തിയ ഒരുത്തനെ അച്ഛന്‍ കൊലക്കത്തിക്ക് ഇരയാക്കി. കണ്ടുനിന്നവര്‍ക്കാര്‍ക്കും പോലീസില്‍ പറയാന്‍ ധൈര്യം വന്നില്ല.റാക്കിന്റെ വീര്യം കുറഞ്ഞതോടെ അച്ഛന്‍ ഒളിവിലായി. പാത്തും പതുങ്ങിയും രാത്രി സമയങ്ങളില്‍ വീട്ടിലെത്തുന്ന അച്ഛന്റെ ദുഷ്ട പ്രവൃത്തികള്‍ക്ക് മുന്നില്‍ കണ്ണീരില്‍ നനഞ്ഞ മുഖവുമായി നില്‍ക്കുന അമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു.
പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുന്ന അമ്മയുടെ തിരിച്ചു വരവ് രാത്രിയാണ്.തലേന്നത്തെ ചോറ് ചൂടാക്കി ചേച്ചി കഴിപ്പിക്കുമ്പോള്‍ കരയുന്ന എന്നെ അവറാച്ചന്‍ മുതലാളിയുടെ വീട്ടു പടിക്കലെ വിളക്ക് കാണിച്ചു സമാധാനിപ്പിക്കും.
അന്ന് ആദ്യമായി മലയോരത്ത് വൈദ്യുതി വിളക്ക് തെളിഞ്ഞ ദിവസം. നാണിയമ്മ എന്നെയും ചേച്ചിയെയും കൂട്ടി വിളക്ക് കാണാന്‍ പോയിരുന്നു.അവറാച്ചന്‍ മുതലാളിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന അമ്മയെ കണ്ടു കരഞ്ഞ എന്നെ മറിയാമ്മ ചേട്ടത്തി വടക്കേ പുറത്തു വിളിച്ചു വയറു നിറയെ ഭക്ഷണം തരും.
മടങ്ങുമ്പോള്‍ അമ്മയുടെ കോന്തലയില്‍ മുഖമമര്‍ത്തി കരയുന്ന എന്നെ നാണിയമ്മ ഒക്കത്തെടുത്ത്‌ വീട്ടിലെത്തിക്കും. നാണിയമ്മയുടെ കണാര് മൂപ്പന് തലച്ചുമടായി ചരക്കു കൊണ്ട് പോകലാണ് തൊഴില്‍. കുട്ടികളില്ലാത്ത അവര്‍ക്ക് കണാര് മൂപ്പനോട്‌ എന്നും അരിശമായിരുന്നു.
ഡാകിട്ടര്‍മാര് വിധിയെഴുതീതല്ലേ ഇയാക്ക്‌ സന്താനങ്ങള്‍ ഉണ്ടാകില്ലാന്നു. വേറൊരുത്തന്റെ കയ്യിലാണ് എങ്കി ഞാനിപ്പോ എട്ടൊമ്പതെണ്ണം പെറ്റേനേ....വരുന്നവരോടും പോകുന്നവരോടും പറയാന്‍ നാണിയമ്മക്ക് ഈ വാക്കുകള്‍ മാത്രമായിരുന്നു ആശ്വാസം.പിന്നീട് ഇരുളിലേക്ക് നോക്കി അമ്മയെ കാത്തിരുന്ന സന്ധ്യകള്‍. ഒരുനാള്‍ മല കയറുമ്പോള്‍ തളര്‍ന്നു വീണ അമ്മയെ കണാര് മൂപ്പനാണ് സര്‍ക്കാരാശുപത്രീലെത്തിച്ചത്. വീഴ്ചയില്‍ തളര്‍ന്ന കാലുകള്‍ക്ക് ഇനിയൊരു എഴുന്നേല്‍പ്പില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. അന്ന് മുതലാണ്‌ ചേച്ചി കുടുംബ ഭാരം ഏറ്റെടുത്തത്. ആദ്യമാദ്യം അവറാച്ചന്‍ മുതലാളീടെ വീട്ടില്‍. പിന്നീട് ഗ്രാമവികസനത്തിനായി വന്ന ഓഫീസറുടെ ഔദാര്യത്തില്‍ ചെറിയൊരു സര്‍ക്കാര്‍ ജോലി കിട്ടി.
അതുമായി ചേച്ചി കുടുംബം പുലര്‍ത്തി. അങ്ങിനെയിരിക്കെ..ഒരു രാത്രി.അച്ഛനെന്ന മനുഷ്യമൃഗം വീണ്ടും വന്നു. കാലന്‍കുട മുറ്റത്തു കുത്തി അയാള്‍ അലറി.
എന്തിയെടീ നിന്റെ തള്ള....വിളിക്കെടീ ആ ഒരുമ്പട്ടോളെ. പേടിച്ചു വിറച്ചു നിന്ന ചേച്ചിയെ പിന്തള്ളി അയാള്‍ അകത്തു കയറി തളര്‍ന്നു കിടന്ന അമ്മയോട് വീടിന്റെ പട്ടയം ആവശ്യപ്പെട്ടു. കൈകാലുകള്‍ ചലിക്കാത്ത അമ്മക്ക് കരയുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. പട്ടയത്തിനായി അകം മുഴുവന്‍ പരതിയിട്ടും കിട്ടാത്തതിന്റെ ദേഷ്യത്തില്‍ അമ്മയുടെ ഉദരത്തില്‍ പരുക്കന്‍ കാലുകള്‍കൊണ്ട് ചവിട്ടി ഇനിയും വരുമെന്ന ഭീഷണിയോടെ ഇരുളില്‍ മറഞ്ഞു.ചെറുപ്പത്തില്‍ അച്ഛന്റെ ദുഷ്ടതകള്‍ കണ്ടും കെട്ടും വളര്‍ന്ന എന്റെ മനസ്സില്‍ ദേഷ്യം ഉറഞ്ഞുകൂടി.ഇനിയും അയാളുടെ വരവും കാത്തു കരഞ്ഞു വീര്‍ത്ത അമ്മയുടെ കണ്ണുകളിലേക്കു നോക്കി ഞാനിരുന്നു.
ആഴ്ചകള്‍ക്ക് ശേഷം ഗ്രാമം മുഴുവനും ഉറക്കത്തിലായ ഒരു രാത്രി. അമ്മയുടെ കാലുകള്‍ തിരുമ്മിയിരിക്കെ പുറത്തു ചെരിപ്പടി ശബ്ദം അടുത്തടുത്ത്‌ വന്നു.വാതിലില്‍ മുട്ട് കേട്ട് ധൈര്യം സംഭരിച്ചു ഞാന്‍ വാതില്‍ തുറന്നു. ഈ പ്രാവശ്യം അയാള്‍ക്ക് വേണ്ടത് വീടിന്റെ ആധാരം ആയിരുന്നില്ല. പകരം കൂടെ വന്ന തടിമാടന്റെ മുമ്പില്‍ അടിയറ വെക്കേണ്ടത് ചേച്ചിയുടെ ശരീരമായിരുന്നു. കണ്ടു നിന്ന അമ്മക്ക് കരയാന്‍ പോലും ശക്തിയില്ലായിരുന്നു. നോക്കി നില്‍ക്കെയാണ് അത് സംഭവിച്ചത്. മലയോരത്ത് ചുള്ളി വെട്ടുന്ന കത്തി ആ ദുഷ്ടന്റെ ശരീരത്തെ വരിഞ്ഞുകീറി. രക്തം വാര്‍ന്നൊഴുകി....രക്തം പുരണ്ട കത്തിയുമായി ചേച്ചി അച്ഛന്റെ നേരെ ചീറിയടുത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കും മുന്പേ അച്ഛനും നിലം പതിച്ചു. ഇതെല്ലാം കണ്ടു നിന്ന എന്റെ നിലവിളി ഇരുട്ടിനെ തുളച്ചു ഗ്രാമത്തിനെ മുഴുവനും ഉണര്‍ത്തി. കയ്യാമംവെച്ച് ചേച്ചിയെ പോലീസുകാര്‍ കൊണ്ട് പോകുമ്പോള്‍ വില്ലേജ് ഓഫീസറായ മഹേഷേട്ടനും കൂടെ പുറപ്പെട്ടു. മഹേഷേട്ടന്‍ കാര്യങ്ങളെല്ലാം അവരെ ധരിപ്പിച്ചു.
അന്ന് അമ്മയ്ക്കും എനിക്കും കൂട്ട് നാണിയമ്മയും കണാര് മൂപ്പനുമായിരുന്നു. ദുഃഖങ്ങള്‍ മാത്രം പെയ്തിറങ്ങിയ ജീവിതത്തോട് വൈകാതെ അമ്മയും വിട പറഞ്ഞു .
വര്‍ഷങ്ങള്‍ നീങ്ങി അവസാനം ആ ദിവസം വന്നിരിക്കുന്നു. പഴയ ഓര്‍മ്മകളെയെല്ലാം വിദൂരത്താക്കി ചേച്ചി വരുന്ന ദിവസമാണിന്ന്. ഓര്‍മ്മയുടെ പടിവാതില്‍ കൊട്ടിയടച്ചു മനസ്സുരുകി പ്രാര്‍ഥിച്ചു. ദൈവമേ ഈ മഴയെത്തും മുമ്പേ...ചേച്ചി ഇങ്ങെത്തിയിരുന്നെങ്കില്‍. പറഞ്ഞു തീര്‍ന്നപ്പോഴേക്കും കാറ്റിനെ വക വെക്കാതെ ഒരു ചൂട്ടു വെളിച്ചം മല കയറി വരുന്നത് കണ്ടു നാണിയമ്മയെ വിളിച്ചു. മോള് സമാധാനിക്ക് കണാര്മൂപ്പന് അടിവാരത്ത് കാത്തു നില്‍പ്പുണ്ടല്ലോ..പോരാത്തതിന് ആ ഓഫീസറും. അയാളല്ലേ ഇത്രയും കാലം ചേച്ചിയുടെ കാര്യങ്ങള്‍ക്ക് ഓടി നടന്നത്. അപ്പോഴേക്കും ചൂട്ടു വെളിച്ചം അടുതെത്തി. കണാരേട്ടന്‍.. ഇരുട്ടിലൂടെ തിരയുന്ന എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതേ ചേച്ചി തന്നെ..
ചേച്ചീ....എല്ലാം മറന്ന ആ നിമിഷം. കണ്ണീര്‍തുള്ളികള്‍ വീണുടഞ്ഞു. തണുത്തകാറ്റ് വീശിയടിച്ചുകൊണ്ടിരുന്നു. മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.
നാണിയമ്മ വിളിച്ചു മക്കളെ..അകത്തേക്ക് കയറൂ നല്ല മഴയാ..വല്ല അസുഖവും വരും. ചേച്ചിയുടെ കയ്യും പിടിച്ചു ഞാന്‍ അകത്തേക്ക് കടക്കാനോരുങ്ങെ ചേച്ചി വിളിച്ചു "കയറിയിരിക്കു മഹേഷേട്ടാ..."
ആ വിളികള്‍ എന്റെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരികള്‍ വിരിയിച്ചു.

എന്റെ പ്രിയ ഗായകാ പ്രണാമം ..


മധുര സംഗീത മഴ ...
പോഴിയുന്നതോ .. ഉമ്പായിതന്‍ അധരമതില്‍   നിന്ന്.
ജീവിക്കാനുള്ള നെട്ടോട്ടം ഭാവിതന്‍  ചിന്തയില്‍ ഉഴലുമെന്‍  മനം-
പിടിച്ചു തളക്കാന്‍ പോന്ന നിന്‍ സംഗീതം .
സുറുമയണിഞ്ഞ  മിഴികളെ വര്‍ണിച്ച് .
സുര്യകാന്തി പുക്കളെന്ന അനുമോദനം.
ജാലകത്തിരശീല തന്‍ പഴുതിലുടെ........
ജാലമെറിയും വരികളില്‍ ...!!!!!
ഞാനും പറന്നകന്നെന്‍ കൌമാര വീതികളിലേക്ക് ....
കിനാവിന്റെ ചിറകിലേറി വരുന്ന നിന്നോമലാളോട്.
പ്രിയ പാട്ടുകാരാ ...പറയുക !!!
നിന്റെ ഗാനങ്ങള്‍ കേട്ടു നില്‍ക്കാന്‍ കഴിഞ്ഞ നീ  ...
എത്ര ഭാഗ്യവതിയെന്ന്.!
നിന്റെ അനന്ത സംഗീത പൊയ്ക തന്നതില്‍..
 നീരാടി രസിക്കുന്നതില്‍ പരം
മനസുഖമെന്ത്..?ഈ പാരിതിലെനിക്ക് ..
നീല മിഴിയിലെ രാഗ ലഹരിയില്‍ മനം കുളിരണിഞ്ഞു പാടാന്‍ ...
ഇനിയുമിനിയും ദിനരാത്രങ്ങളുണ്ടാകട്ടെ..
നിനക്ക് മുന്നില്‍ .....