Saturday, October 29, 2011

മഞ്ഞിൽ വിരിഞ്ഞ നൊമ്പരം

ഇരുട്ടിന്റെ മൂടുപടം മാറ്റിയെത്തുന്ന നനുത്ത പുലരിയുടെ സൌന്ദര്യം നോക്കി കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നു. തണുപ്പുകാലത്ത് ഊട്ടിയിലേക്കുള്ള യാത്ര വീട്ടുകാര്‍ മുടക്കിയതാണ്‌. അതൊന്നും വകവെക്കാതെ പുറപ്പെടുമ്പോള്‍ തണുപ്പിന് ഇത്രക്ക് കാഠിന്യം ഉണ്ടാകുമെന്നത് ഓര്‍ത്തില്ല. പുറത്തെ കാഴ്ചകളെ മറച്ച് വണ്ടിയുടെ ഗ്ലാസ് നിറയെ മഞ്ഞു പൊതിഞ്ഞിരിക്കുന്നു. കണ്ണുകളില്‍ തെളിഞ്ഞ അവന്റെ മുഖവും മഞ്ഞുത്തുള്ളികള്‍ മറച്ചപോലെ. ഒരു നിമിഷം ഓര്‍മ്മകള്‍ അവനില്‍ നിന്നും തെന്നിമാറി മഞ്ഞിന്റെ ഭാവങ്ങളിലേക്ക് നീണ്ടു. മഞ്ഞിന് രതിയുടെ ഭാവം ഉണ്ടെന്നു പറഞ്ഞു തന്ന കവികളെ ഓര്‍ത്തു. ഈ മഞ്ഞിന്റെ തണവും രതിഭാവവും കണ്ടാല്‍ ആര്‍ക്കാണ് കവിത എഴുതാന്‍ കഴിയാതിരിക്കുക. സ്വപ്നങ്ങളുടെ കൊളുത്തുകളഴിഞ്ഞ് മഞ്ഞ് വീണ ചില്ല് ജാലകത്തിനപ്പുറത്തേക്ക് എന്റെ മിഴികള്‍ പാഞ്ഞു, ദൂരെ വളരെ ദൂരേക്ക്.

പുഞ്ചിരിക്കുന്ന ആ മുഖം എന്റെ കൂടെ ഉണ്ടായിട്ടും ഈ മിഴികള്‍ എന്തിനു വെപ്രാളം കാട്ടുന്നു. മനസ്സ് കളിയാക്കി. ഒരിക്കല്‍ അവന്‍ പറഞ്ഞതല്ലേ
"നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോള്‍ പതിയെ ശരീരം തളര്‍ത്തിയിടുക, പിന്നീട് മിഴികളടക്കുക. ഉണ്ടാകും ഞാന്‍ നിന്റെ മിഴി മുന്നില്‍"
അതെ അവനുണ്ട്, എന്റെ മിഴിയില്‍, എന്റെ പുഞ്ചിരിയില്‍, എന്റെ ശരീരത്തിന്റെ ഓരോ അവയവങ്ങളിലും. അവനെയോര്‍ക്കാത്ത നിമിഷങ്ങള്‍ പോലും എന്നിലുണ്ടോ..? ഒറ്റക്കിരിക്കുമ്പോള്‍ നിമിഷങ്ങളോട് ഞാന്‍ പതിയെ പറയുമായിരുന്നു 'നിങ്ങളെന്റെ ഹൃദയത്തെ അവനിലേക്ക്‌ അടുപ്പിക്കാതിരിക്കുമെങ്കില്‍ എനിക്ക് വേദനകളെ പുല്‍കേണ്ടിയിരുന്നില്ല'. കടിച്ചമര്‍ത്തുന്ന വേദനകള്‍ക്ക് പരിധിയില്ലേ..?

കവിത എഴുതാന്‍ മനസ്സ് വെമ്പി. ബാഗ്‌ തുറന്ന് പേന കയ്യിലെടുത്ത് കൂടെ കൊണ്ട് നടക്കുന്ന ഡയറിയുടെ പുതിയ താള്‍ തിരയുമ്പോഴാണ് തലഭാഗം നുരുമ്പി തുടങ്ങിയ പ്രണയ നൈരാശ്യം തന്ന പഴയൊരു കവിത കണ്ണില്‍ പെട്ടത്. എന്റെ പ്രണയം അവനോടു പറയാന്‍ എഴുതിയ കവിത. അതിന്നും ഈ ഡയറിക്കുള്ളില്‍ സുഖമുള്ളൊരു ഓര്‍മയായി പതിഞ്ഞു കിടക്കുന്നു. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് വേദനിക്കുന്ന മനസോടെ അതെടുത്ത് വായിച്ചു.

നിമിഷങ്ങള്‍ തരുന്ന ശ്വാസ മിടിപ്പിനേക്കാള്‍ കൂടുതലായിരുന്നു
എന്നുള്ളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍.
നീയായിരുന്നു ഈ ഹൃത്തടം മുറിവേല്‍പ്പിച്ചത്
നിന്നെയായിരുന്നു ഞാന്‍ മോഹിച്ചതും
സുഗന്ധമുള്ള പൂക്കള്‍ക്കിടയില്‍ നിന്നും
നിന്നെ മാത്രം നുള്ളിയെടുക്കാന്‍
എന്റെ ഹൃത്തില്‍ പൂക്കളെക്കാളേറെ പരിമളം നിനക്കായത് കൊണ്ട്..
ഞാന്‍ ആ മനസ്സ് വിലക്കെടുത്തു
എന്നെ നിനക്കായി സമര്‍പ്പിക്കാന്‍ കൊതിച്ചു
നിമിഷങ്ങള്‍ കൊണ്ട് ബാഹ്യ ശരീര കവചങ്ങളെ മറികടന്ന് എന്റെ മനസ്സ് നിന്നരികിലെത്തുന്നു.
പ്രണയം അതൊരു സുഖമാണ്
അനുഭൂതിയുടെ നെറുകയില്‍ നിന്നും ശാന്തമായി താഴോട്ട്‌ പതിക്കുന്ന പനിനീരരുവി പോലെ ....
ദുഖങ്ങള്‍ക്ക്‌ ഔഷധമാണ്.
വയ്യാ എനിക്കതിനെ വർണ്ണിക്കാന്‍ ആവില്ലാ
ഞാനിപ്പോള്‍ എന്റെ ഹൃദയം പറിച്ചെടുത്ത് നിന്റെ ചുണ്ടുകളിലേക്ക്‌ നല്‍കാം
നീയതില്‍ നീയാകുന്ന അമൃത് പകര്‍ന്നു തിരികെ നല്‍കിയാലും ..
ഞാനിതാ കണ്‍കള്‍ നട്ട് കാത്തിരിക്കുന്നു.
എന്റെ ശ്വാസം നിലക്കും മുന്‍പ് എന്നരികിലെത്തുമെന്നു നിനച്ച്
വരുമോ എന്നരികെ.. അതോ
അടര്‍ന്നു വീഴുന്ന കരിയിലകള്‍ പോലെ ഞാന്‍ നിലം പതിക്കുമോ...

വായിച്ച് തീരും മുമ്പേ കണ്മുനകള്‍ നിറഞ്ഞു കവിഞ്ഞു. അന്നൊരു നാള്‍ അവനു നല്‍കാന്‍ വേണ്ടി എഴുതിവെച്ചതായിരുന്നു. കോളേജിലെ ഹീറോയായ അവനെ കണ്ണെറിയാന്‍ പോന്ന സൌന്ദര്യം എനിക്കില്ലായിരുന്നിരിക്കാം... എന്നിട്ടും പിന്നെന്തിനു അവനെന്നെ ചിരിപ്പിച്ചു, കരയാന്‍ അനുവദിക്കാതിരുന്നു, വേദനകളെ അവന്റെ വേദനകള്‍ കൊണ്ട് കഴുകികളഞ്ഞു. മറ്റുള്ള കുട്ടികള്‍ അവനോട് കൊഞ്ചിക്കുഴയുമ്പോള്‍ എന്റെ നെഞ്ചു പിടക്കുന്നത്‌ അവനറിയാമായിരുന്നു. എങ്കിലും കണ്ണന് രാധ പോലെ ആ മനസ്സില്‍ ഞാനുണ്ടെന്ന് വെറുതെ വ്യാമോഹിച്ചു. മോഹങ്ങള്‍ നമുക്ക് സ്വന്തമാണല്ലോ. അതിനു ആരുടെയും അനുവാദം വേണമെന്നില്ലല്ലോ.
ഇല്ല, എന്നാലും കാലങ്ങള്‍ അതിന്റെ പ്രഭയെ ഒതുക്കും, മനസ്സിനെ തളര്‍ത്തും, കാലം തുള്ളിച്ചാടി നീങ്ങും. അങ്ങനെ തന്നെ സംഭവിച്ചു. പഠനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഞാന്‍ അവനെ വിളിച്ചതാ.... ആ സംസാരത്തില്‍ സന്തോഷമോ ദുഖമോ പ്രകടമല്ല. എല്ലാം ഒരു തുടച്ചു നീക്കല്‍ പോലെ...
ഇനി ഈ യാത്രയും അവനിലേക്കെത്തുമ്പോള്‍ എന്നെ കയ്യൊഴിയുമോ? മനസ്സ് വെറുതെ തേങ്ങി. ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായി. പെട്ടെന്നായിരുന്നു വണ്ടി നിന്നത്. കണ്ണട ശരിക്ക് വെച്ച് പുറത്തേക്കു നോക്കി. ഡ്രൈവര്‍ അകത്തേക്ക് തല ചെരിച്ച് പറഞ്ഞു.
"മാഡം, ഇവിടെ ഇറങ്ങി അല്പം ചായ കഴിച്ചു ഫ്രഷ്‌ ആയിട്ട് പോകാം"
അല്‍പ സമയം ചിന്താമണ്ഡലത്തെ വെറുതെ വിട്ടു. ഇന്നിലേക്ക്‌ മനസിനെ കയറിട്ടു പിടിച്ചു.

കടയിലെ ചാരുബഞ്ചില്‍ തലവെച്ചു പതിയെ ഇരുന്നു. അകത്തു നിന്നും കലപില കൂട്ടുന്ന കുട്ടികള്‍. തലയ്ക്കു പെരുക്കം കൂടുന്ന പോലെ.
"എങ്ങനെ ഇവരെ സഹിക്കുന്നു"
പുഞ്ചിരിച്ചു കൊണ്ട് ചായ കടയിലെ സ്ത്രീ പറഞ്ഞു.
"ഇല്ല അവര്‍ ഇവിടെ ഉണ്ടാകാറില്ല. ഇന്ന് നേരത്തെ മഞ്ഞ് വീഴ്ച കണ്ട് കുന്നു കയറിയതാ. അല്ലെങ്കില്‍ താഴെ തന്നെ. എന്നും തനിച്ചാ അമ്മയെ കിട്ടാറില്ല. ഈ ചായക്കടേല്‍ വല്ലതും കാച്ചി കാശാക്കിയാലെ ഇവര്‍ക്ക് വിശപ്പടക്കാനൊക്കൂ.."
"ഇവിടുത്തെ കുട്ടികളാ മൂന്നും?"
"തന്തയില്ലാത്തത് രണ്ടെണ്ണം. ഒന്നാരോ പെറ്റിട്ടുപേക്ഷിച്ചതും. എന്റെ കാലം കഴിയോളം കൊള്ളാം.. അന്തസുള്ള തറവാട്ടിലേതാ.. കണ്ടാലറിഞ്ഞുടെ.. ഇവിടെ വരുന്നോരോടും പോകുന്നോരോടും ഞാന്‍ ഉത്തരം പറഞ്ഞ് മടുത്തു. കൊടശീല പോലെ കറുത്ത എന്റെ വയറ്റില്‍ ജനിക്കോ ഇങ്ങനൊരു പൊന്നും കുടം".
വാ തോരാതെ സംസാരിക്കുന്ന ഇവരോട് പുഞ്ചിരിച്ച് ചോദിച്ചു,
"മുനിയാണ്ടിയെ അറിയാമോ..?"
ഇല്ലെന്നവര്‍ തലയാട്ടി. അമ്മ പറയുന്നത് കേട്ടാകും കുട്ടികള്‍ മൂന്നു പേരും വാതില്‍ കട്ടിലും ചാരി എന്നെ നോക്കി നിന്നു. രണ്ട് ആണ്‍ കുട്ടികള്‍ക്ക് നടുവിലായി നില്‍കുന്ന പെണ്‍കുട്ടി. ഐശ്വര്യമുള്ള മുഖം കട്ടിയുള്ള കറുത്ത കണ്‍ പീലികള്‍ വെളുത്ത് തുടുത്ത അവളുടെ മുഖത്തിന് സൌന്ദര്യം കൂട്ടിയ പോലെ...
അവളെ തന്നേ നോക്കി നില്‍ക്കുന്നത് കണ്ടാകും അവള്‍ ആണ്‍ കുട്ടികളുടെ പിന്നിലേക്ക്‌ ഒളിച്ച് നിന്നു.
"ഇവളാണോ ഇവരെക്കാളും ചെറുത് ?"
ആ സ്ത്രീ ചിരിച്ചു കൊണ്ട് അതെയെന്നു തലയാട്ടി.

ഈ കുഞ്ഞിന്റെ അമ്മ ആരായിരിക്കും..? എന്തിനായിരിക്കും അവരതിനെ ഉപേക്ഷിച്ചത്..? എന്റെ മനസ്സില്‍ വരുന്ന പൊട്ടത്തരങ്ങള്‍ക്ക് പണ്ടേ പരിധിയില്ലാത്തതാണ്. പണ്ട് ഇതുപോലെ ഒരു സംഭവമുണ്ടായത് ഓര്‍മവന്നു.
ഊട്ടിയിലെ സ്കൂളില്‍ പഠിച്ചിരുന്ന കാലം. ഒരു വൈകുന്നേരം അച്ഛനുമൊത്ത് മടങ്ങുമ്പോഴാണ് ആ കാഴ്ച കണ്ണില്‍ പെട്ടത്. റോഡരികില്‍ ഒരു മധ്യ വയസ്ക ഒരു ബാഗ്‌ ഉപേക്ഷിച്ചു ധൃതിയോടെ വാഹനത്തില്‍ കയറി പോകുന്നു. ബാഗില്‍ നിന്നുള്ള കരച്ചില്‍ കേട്ട്‌ ഞങ്ങള്‍ വണ്ടി നിര്‍ത്തി. അങ്കലാപ്പോടെയാണെങ്കിലും അച്ചന്‍ ബാഗ്‌ തുറന്നു. അത്ഭുതം തോന്നാതിരിക്കുമോ കൈകലുകളിട്ടടിക്കുന്ന മുന്ന് മാസം പ്രായം തോന്നിക്കുന്ന സുമുഖനായൊരു കുഞ്ഞ്. കുഞ്ഞിനെ വാരിയെടുത്ത് അമ്മയുടെ കൈകളില്‍ കൊടുത്തു. നോക്കിയിരിക്കാന്‍ പോന്ന സൌന്ദര്യം ഉണ്ട് എങ്കിലും അമ്മക്കതിന്റെ കരച്ചില്‍ ഒതുക്കാന്‍ പാടുപെടേണ്ടി വന്നു. പിന്നീട് വണ്ടിയില്‍ കുഞ്ഞുമായി അല്‍പം ദുരെ യാത്ര ചെയ്ത ശേഷമാണ് ചായകടക്കാരന്‍ മുനിയാണ്ടിയെ കണ്ടെത്തിയത്. അയാളോട് കാര്യം വിവരിച്ച് തല്‍ക്കാലം കുഞ്ഞിനെ അയാളെ ഏല്പിച്ചു നാട്ടിലേക്ക് മടങ്ങി. പിന്നെ ഈ വഴിക്ക് പോകുമ്പോഴെല്ലാം മുനിയാണ്ടിയെ ആന്വേഷിചെങ്കിലും കണ്ടെത്തിയില്ല. അവനും ഇപ്പൊ വലിയ കുട്ടിയായി ഈ പ്രദേശത്ത് വളരുന്നുണ്ടാകും. കണ്ണില്‍ ഇപ്പോഴും ആ കുഞ്ഞ് രൂപം ഓര്‍മ വന്നു. "എന്താണ് ആലോചിക്കുന്നത്. ചായ തണുക്കും"
ആ സ്ത്രീയാണ് പറഞ്ഞത്. ചായ ഗ്ലാസ് പതിയെ ചുണ്ടോടു ചേര്‍ത്തു ഒരു കവിള്‍ കുടിച്ചു. ചുടുള്ള ചായക്ക് ശരീരത്തെ ഉണര്‍ത്താനുള്ള കഴിവുണ്ട്.എനിക്കും ഉന്മേഷം കിട്ടി. കുഞ്ഞ് സുന്ദരിയുടെ കയ്യില്‍ ഒരു പത്ത് രൂപയുടെ നോട്ട് വെച്ച് കൊണ്ട് അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി.

ഡ്രൈവര്‍ വണ്ടിയില്‍ കയറി. തണുപ്പ് കൂടി വരുന്നു. വണ്ടി വീണ്ടും മുന്നോട്ട് പാഞ്ഞു. തേയില തോട്ടങ്ങളുടെ ഹരിത മനോഹാരിത കണ്ണുകളെ സന്തോഷതിലാഴ്ത്തി. മനസ്സിപ്പോഴും ചെറു ചൂടുള്ള വറ ചട്ടിപോലെ.. ഏകാന്തതയിലേക്കെപ്പോഴും പാഞ്ഞെത്തുന്ന അവന്റെ മുഖം വീണ്ടും തെളിഞ്ഞു. ഇനി ഞാന്‍ അവിടെ എത്തുമ്പോള്‍ എന്താവും അവന്റെ പ്രതികരണം. അറിയില്ല, എന്നെ അവഗണനയോടെ തള്ളിപ്പറയാതിരുന്നാല്‍ മതിയായിരുന്നു. ഒരു പ്രദേശത്തിന്റെ കൊടും വരള്‍ച്ചയിലേക്ക് ഉറ്റി വീഴുന്ന ജലത്തുള്ളി പോലെയാണെന്റെ മനസ്സില്‍ അവനു സ്ഥാനം. ആ നീരുറവ അടച്ചു വെച്ചാല്‍ ജലം കിട്ടാതെ മരിക്കുന്ന അനേകായിരം ജനങ്ങളുടെ മനോവിഷമം ഒന്നിച്ചനുഭവിക്കേണ്ടി വരുന്നതെത്രയോ അത്രയും വേദനയായിരിക്കും അവനില്‍ നിന്നുള്ള അവഗണന. ക്ഷമ നല്ലവണ്ണം വേണം. മനസ്സിനെ പിടിച്ചു നിര്‍ത്തണം.
എന്നില്‍ കാണാത്ത ഗുണങ്ങള്‍ മറ്റൊന്നില്‍ കണ്ടിട്ടാകണം അവൻ... അറിയില്ല ഞാനവനോട് മനസ്സല്ലാതെ മറ്റൊന്നും ഒരിക്കലും ആവശ്യപ്പെട്ടില്ല. നിഷ്കളങ്കമായ ആ മനസ് അതിലുടെ ഞാനെന്റെ സന്തോഷം കാണുന്നു. സങ്കടങ്ങളെ മറക്കുന്നു. ഇനി എല്ലാം തന്റേടത്തോടെ നേരിടണം. അവന്‍ എന്നെ കൈവെടിഞ്ഞാലും ഞാന്‍ കരയില്ല. പക്ഷെ.. എന്റെ അവസാന ആഗ്രഹമായി ആ കണ്ണുകളില്‍ നോക്കി ഇരിക്കാന്‍ എനിക്ക് മാത്രമായി ഒരു അര മണിക്കൂര്‍ സമയം അനുവദിച്ചു തന്നെങ്കില്‍ ... എന്റെ ഈ മനസ്സ് പൊഴിഞ്ഞു കൊണ്ടിരിക്കുന്ന മഞ്ഞു കണങ്ങളെക്കാളും തണുത്തുറഞ്ഞു പോകും. അതെന്റെ ശ്വാസമിടിപ്പ് നോര്‍മലാക്കും. ചിന്തകളെ വിദൂരതയിലേക്ക് തളളും. ഞാന്‍ എനിക്കായി മാത്രം കിട്ടിയ നിമിഷങ്ങളെയോര്‍ത്തു കാലം തള്ളി നീക്കും.
എല്ലാം ഉള്ളിലൊതുക്കി സംഭവിക്കുന്നതെന്താകുമെന്നറിയാതെ.. എന്റെ ശരീരം വഹിച്ചു വണ്ടി നീങ്ങി കൊണ്ടിരുന്നു....

Sunday, October 09, 2011

എന്റെ പൊന്നമ്പിളി

ഭൂമിയിലെ ജീവ ജാലങ്ങളെ കുളിരണിയിക്കാന്‍ നീ വരുമെന്ന സന്ദേശത്തോടെ... സപ്തവർണ്ണങ്ങളണിഞ്ഞ് അംബരം ചുംബിച്ച് മിഴികളില്‍ വര്‍ണ്ണ രാജി തീര്‍ക്കുന്ന രൂപവുമായി വന്നെത്തിയ മഴവില്ല്. നിനക്ക് അകമ്പടിയായി വന്നെത്തുന്ന കാറ്റിന്റെ ശീല്‍ക്കാരങ്ങള്‍. നിന്റെ വരവിന്റെ ശക്തിയും ദൃഡതയും അറിയിച്ചെത്തുന്ന മിന്നല്‍ പിണരുകള്‍, ഇടി മുഴക്കങ്ങള്‍ .
മന്ദഹാസ ചിരി തൂകി മണ്ണിന്‍ മാറിലേക്ക്‌ സാന്ദ്രചുംബനമേകാനണയുന്ന നിന്നെ വരവേല്‍ക്കാന്‍ വികാര തരളിതയായ് വാതില്‍ കോണിലൊളിക്കുന്ന കാമുകിയെ പോലെ കുഞ്ഞ് പൂക്കളും, മരങ്ങളും. നിന്റെ സന്ദേശ വാഹകന്റെ സൌന്ദര്യത്തില്‍ മനം കുളിര്‍ന്ന ആകാശത്തിലെ മേഘപാളികള്‍ കറുത്ത തട്ടം കൊണ്ട് മുഖം മറച്ച് ഒളിഞ്ഞ് നോക്കുന്നു. വറ്റി വരണ്ട പുഴ മാറ് പിളര്‍ത്തി നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കാണിക്കുന്നു. ഇനിയും കാത്ത് നില്‍ക്കാതെ വിഹായസ്സിന്റെ വിരിമാറ് വിട്ട് നീ വരിക. തണുത്തുറയുന്ന നിന്റെ കരവലയങ്ങള്‍ നീട്ടി സംഗീത മൊരുക്കി താള ലയ ശ്രുതിയോടെ, ജീവജാലങ്ങളുടെ ശരീരത്തിലൂടെ ഭൂമിയുടെ സുന്ദരമായ മാറിടത്തിലേക്ക് നീ പതിക്കുക. നിന്റെ സ്പര്‍ശനമേറ്റ് ഉയിര്‍ത്തെഴുനേല്‍ക്കുന്ന കുഞ്ഞ് സസ്യങ്ങള്‍, അവരുടെ പുഞ്ചിരികള്‍ കാണാന്‍ എത്ര സുന്ദരമാണ്‌. ജല മുത്തുകള്‍ തന്റെ മെയ്യിലണിഞ്ഞു അഹങ്കാരത്തോടെ നില്‍ക്കുന്നത് കാണുമ്പോള്‍ മനുഷ്യ മനസ്സുകളും സന്തോഷാധിക്യത്താല്‍ പുളകിതമാവുന്നു. നീയെന്ന സംഭരണി കനിഞ്ഞരുളിയാല്‍ നിറഞ്ഞ മനസോടെ കൊലുസ്സ് കിലുക്കിയൊഴുകുന്ന അരുവികള്‍, ശാന്തതയോടെ ഒഴുകുന്ന പുഴകള്‍, കിണറുകള്‍. എല്ലാം നിന്നിലൂടെ സമ്പൂർണ്ണരാകുന്നു. ഹോ..! നാടും വീടും തൃപ്തിയാക്കി കുളിരണിയിച്ച് നീ യാത്രയാകുമ്പോള്‍ വിരഹാകുലയായ കാമുകിയെ പോലെ ഭൂമീദേവി കുളിച്ചീറന്‍ മാറി നിന്നെ യാത്രയാക്കുന്നു. അവളുടെ മുഖം നനുത്ത പനനീര്‍ മലർ പോലെ തുടുത്തു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. കുളിരണിഞ്ഞ ഭൂമിയെ നോക്കി രചിക്കുന്ന കഥകളും കവിതകളും നിന്റെ നൈർമല്ല്യത്തിന്റെ സുഖമറിയിക്കുന്നതാകുന്നു. ദേഷ്യം വിട്ട് മാറിയ അംബരം, കറുത്ത പുടവ മാറി അവള്‍ പ്രകാശത്തെ തുറന്നു വിടുന്നു. പ്രകാശത്തിന്റെ ആഗമനം ജീവ ജാലങ്ങള്‍ ഭൂമിയോട് സങ്കടമുണര്‍ത്തും മുമ്പേ ഇനിയും നീ വന്നണയുക. പച്ചിലകള്‍ വാടും മുമ്പേ..പുഴ വരളും മുമ്പേ.. മനുഷ്യന്‍ ഉഷ്ണം കൊണ്ട് വാടിത്തളരും മുമ്പേ...

മഴ...!
എത്ര വര്‍ണിച്ചാലും തീരാത്ത സൌന്ദര്യമാണതിന്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ് തന്റെ നാട്ടിലെത്തിയതിന്റെ സന്തോഷം. മഴക്കാലത്തിന്റെ കുളിരണിഞ്ഞ ഭുമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞ ഭാഗ്യവതിയായ് മുറ്റത്തേക്കിറങ്ങി മഴയില്‍ കൊതി തീരുവോളം നടന്നു. മുറ്റത്ത് ചിതറിയിട്ട മെറ്റല്‍ തരികള്‍ മഴത്തുള്ളികളില്‍ തട്ടി ചിതറുന്നു. തന്റെ ശരീരത്തെ കുളിരണിയിച്ചു താഴേക്ക്‌ പതിക്കുന്ന മഴയുടെ വികാരം ഞാനറിഞ്ഞു. മഴ മനസ്സിന്റെ വേദനയെ കഴുകി കളഞ്ഞുവോ? മനസ്സ് വേദനിക്കുംമ്പോഴാണല്ലോ ഈ പെരുമഴ വന്നത്. തന്നെ കുളിരണിയിക്കാന്‍ വന്ന മഴയോടെനിക്ക് പ്രണയം. മഴ ഒരു കാമുകനെ പോലെ കെട്ടി പുണരുന്നില്ലേ? സംഗീതം ആലപിക്കുന്നില്ലേ? സന്തോഷം തരുന്നില്ലേ? പിന്നെന്തിനു താമസിക്കണം. അതെ മഴയോടെനിക്ക് കടുത്ത പ്രണയം. ഈ തളിരണിഞ്ഞു നില്‍ക്കുന്ന ഭൂമിയോടും. കിളികളും പൂക്കളും കിണറും കുഴിയും ചാടി നടന്ന് പുല്‍നാമ്പുകള്‍ തലോടി പറമ്പിലൂടെ ഓടി കളിക്കാന്‍ പ്രായം ഒരു പ്രശ്നമത്രേ. കുട്ടിത്തം, അതെന്റെ നഷ്ട്ടങ്ങളില്‍ ഒന്ന്.
"ഹേയ്.. കുഞ്ഞാന്നാ വിചാരം. ഇപ്പോഴുമൊരു കളി"
"വേണ്ട അയിശുമ്മാ.. നാടിന്റെ മനോഹാരിത ഞാനൊന്നു ആനന്ദിച്ചോട്ടെ. ആര്‍ക്കും ഒരു നഷ്ട്ടോം ഇല്ലല്ലോ.."
"ന്നാലും ന്റെ കുട്ട്യേ... തല നനഞ്ഞാല്‍ പനി വരും. പിന്നെ അതൊരു പുലിവാലാകും. അപ്പണ്ടാകൂല ഈ മഴക്കിന്നാരം"
അയിശുമ്മ മുറുക്കിമൂളി പാത്രം കഴുകാന്‍ തുടങ്ങി.

പതിയെ പതിയെ മഴ മാറിത്തുടങ്ങി. മക്കളെല്ലാം അകത്തു കളിയിലാണ്. അവര്‍ക്ക് മഴയോടെന്നും വെറുപ്പ്‌. ചെളിയാകും, ഡ്രസ്സ്‌ നനയും എന്നിങ്ങനെ പരിഭവങ്ങള്‍. ഫ്ലാറ്റ് ജീവിതം മാത്രമറിഞ്ഞ കുഞ്ഞുങ്ങള്‍ മുക്കുറ്റിയും തുമ്പയും കണ്ടാല്‍ "ഒരു രസോല്ല്യ, തൊക്കെ നോക്കാൻ ഉമ്മാക്ക് വട്ടാ" എന്ന് പറയുന്ന ഈ കാലം. ഞാനെതിര്‍ക്കാന്‍ പോയില്ല. ചെറിയവള്‍ക്കല്പം നാട്ടു പ്രേമം ഉണ്ട്. കിട്ടിയതും കണ്ടതുമെല്ലാം ചോദിക്കും. അവള്‍ക്കു കാണേണ്ടത് ഉമ്മ കുഞ്ഞില്‍ ചോറ് തിന്നാന്‍ ഉമ്മാമ്മ കാട്ടിതന്ന അമ്പിളിയെയാണ്.
"ഹും കാണിക്കാം രാത്രിയാവട്ടെ ട്ടാ" സമാധാന വാക്ക് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു
"സമയം അന്തിയാമ്പോഴേക്ക് ഈ പെണ്ണ് ഉറങ്ങുലെ" ആയിശുമ്മ യുടെ ഓര്‍മപ്പെടുത്തല്‍.
അതെ മുവന്തിക്ക് ഉറക്കം നല്ലതല്ല. എത്ര പറഞ്ഞാലും അതുറങ്ങും. പിന്നെങ്ങനെയാ അമ്പിളി കാണുന്നെ.
"ഉമ്മാക്ക് ചോറ് തിന്നാന്‍ ഉമ്മാമ്മ എത്രോട്ടം അമ്പിളിയെ കൊണ്ടു തന്നു. നിക്കെന്താ അമ്പിളിയെ തരാത്തെ"
"തരാലോ, മൂവന്തിയാകട്ടെ"

എന്നെ താരാട്ടിയ കൈകളും ചോറുതന്ന അമ്പിളിയും നിറസനിധ്യമായ എന്റെ നാട്. സന്തോഷം കളിയാടുന്ന എന്റെ വീട്. എല്ലാം ഒരു സൌഭാഗ്യം പോലെ ആസ്വദിച്ച് കഴിയാനുള്ള ദിനങ്ങള്‍ അപൂര്‍വ്വം. അതില്‍ കൂടുതല്‍ നിറ സ്നേഹമായ എന്റുമ്മയെ കണ്ണ് നിറച്ചു കാണാനുള്ള അവസരങ്ങള്‍. അയലത്തെ വീട്ടിലെ ശാരദ ചേച്ചീടെ വീട്ടിലെ പശുന്റെ പാലുകറക്കാനും ആഗ്രഹം. അകിട് കഴുകി സ്നേഹത്തോടെ പശുനെ തലോടി അവളുടെ പാല്‍ കറക്കുമ്പോള്‍ പിറന്ന നാടിന്റെ ഒരു സുഗന്ധം. വയ്യ എനിക്കിനി വര്‍ണ്ണിക്കാന്‍. എഴുതാനുള്ള ത്വര മനസ്സിനെ വട്ടാക്കും. എനിക്കിനി ആസ്വദിക്കാനല്ലാതെ ഭാവനയില്‍ മോഹങ്ങള്‍ പടുത്തുയര്‍ക്കാന്‍ കഴിയുമോ.

വര്‍ഷങ്ങള്‍ ഒരുപാട് മുമ്പേ ഞാന്‍ നാട്ടില്‍ ഉണ്ടായെങ്കിലും യാത്രകള്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം അതും സാധിച്ചെടുത്തു. മഴയും., യാത്രയും.. ഹോ..! അനുഭൂതികളുടെ നെറുകയിലായിരുന്നു ഞാന്‍. എന്റെ നാട്ടിലെ നയന മനോഹരമായ കാഴ്ചകളെല്ലാം ഒപ്പിയെടുത്തെന്റെ മനസ്സിപ്പോള്‍ കൌമാരത്തിന്റെ എടുകളിലേക്ക് എടുത്തു ചാടുകയാണ്. മുറ്റത്ത് മഴ നനഞ്ഞ വിറകു കൊള്ളികള്‍ ഇറയത്ത്‌ ചാരി വെക്കുമ്പോള്‍ ആയിശുമ്മ പറഞ്ഞു
"ദേ മോളെ, അമ്പിളിമാമന്‍ വരുമ്പോഴേക്കും പെണ്ണുണ്ണിയെ ഉണർത്ത്. ഒരു പാത്രം ചോറും എടുത്തോ. എന്നിട്ടൊരു പാട്ടും പടി അതിനങ്ങ് കൊടുക്ക്"
ശരിയാണല്ലോ, നേരം മുവന്തിയകുന്നു. അമ്പിളി അമ്പരത്തില്‍ തേങ്ങാ പൂള് പോലെ നിറഞ്ഞു നില്‍ക്കുന്നു. എന്റെ കൊതിയൂറും നോട്ടം കണ്ടിട്ടാകാം അവള്‍ മേഘക്കീറിനുള്ളില്‍ മറഞ്ഞു. കണ്ണ് മിഴിച്ചു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ താഴെ നില്‍ക്കുന്ന ഞാന്‍ എത്രയോ കുഞ്ഞായപോലെ. മനസ്സ് വെറുതെ കൊഞ്ചി, കുഞ്ഞിലെ ഉമ്മ പാടിയ പാട്ട് ഓര്‍ത്തു പോയി
"അമ്പിളിമാമാ കുമ്പളം കുത്തി മാമു ട്ടൂടെ..
മാമു തിന്നാത്ത കുട്ട്യോളെ കാട്ടാന്‍ കത്തി ട്ടൂടെ..."
ഹാവൂ.., ഇത് കേട്ട് പെടിച്ചെത്ര ഉരുള മാമു തിന്നതാ. പണ്ട് ഉമ്മാന്റെ കയ്യിലെ ഉരുളക്ക് വലിപ്പം കുടുതലായിട്ടു കരഞ്ഞപ്പോള്‍ കുഞ്ഞുരുള തരാന്ന് സമാധനപ്പെടുത്തിയതും ഓർമ വന്നു.

ഇല്ല ഇപ്പോഴില്ല, അമ്പിളിയുടെ പാട്ടും കൂത്തുമൊന്നും ഇല്ല. കാലത്തിനൊത്ത് കോലം കെട്ടുന്ന നമ്മള്‍ പണ്ട് പാടിയ പാട്ട് വരെ പാടാന്‍ മടിച്ചു. മഴയെ ആസ്വദിക്കാന്‍ മറന്നു. മഴയില്‍ കളറൊലിച്ച് പോകുന്ന സാരിയെ ഭയന്നു. മഴ കൊണ്ടാല്‍ പനിവരുമെന്നു പഴിചാരി. പാവം മഴയെ വെറുത്തു. കുഞ്ഞു പൂക്കളെ മറന്നു. മുക്കുറ്റിയും, തുമ്പയും, തൊട്ടാവാടിയും, പൂവാന്‍കുറുന്നലും, തുളസിയും പാടെ മറന്നു. വേണ്ട എനിക്ക് അവരെയൊന്നും മറക്കണ്ടാ ഞാനതിലെല്ലാം ആനന്ദം കാണുന്നു. മുറ്റത്തെ കമ്മ്യൂനിസ്റ്റ്‌-അപ്പയിലെ ഇലകള്‍ കാറ്റില്‍ സല്ലപിക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ കാണിക്കുമ്പോള്‍ അവരെന്നെ നോക്കി ചിരിച്ചു പറഞ്ഞു.
"ഉമ്മച്ചീ... ഇതെന്താ സൌദിയില്‍ ണ്ടാവാത്തെ.."
ഹോ എനിക്കഹങ്കാരം വന്നു.
"ഇല്ല മക്കളെ... അത് നമ്മുടെ നാട്ടില്‍ മാത്രാ. നമ്മുടെ മഴ. എല്ലാം നമ്മുടെ അഹങ്കാരാ. നമ്മുടേത്‌ മാത്രം"
പറഞ്ഞു തീര്‍ന്നില്ല ആയിശുമ്മാടെ വിളി
"ദേ മോളെ മാനത്ത് അമ്പിളി. ആ ചെറുതിനെ കാണിക്ക്‌"
പെണ്ണുണ്ണി ഉണര്‍ന്നു കണ്ണ് തിരുമി. അവളെയും കൂട്ടി പുറത്ത് മുറ്റത്തെത്തി അകാശത്തിലോട്ടു കൈ നീട്ടി കാണിച്ചു പറഞ്ഞു
"നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പൊന്നമ്പിളി"
അവള്‍ കണ്ണിറുക്കി പിടിച്ചു ആകാശത്തിലേക്ക് നോക്കി. കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിച്ചു. വാനില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്പിളിയെ പോലെ.

Thursday, June 02, 2011

ഓര്‍മയിലേക്ക് ചേക്കേറിയ കുട്ടിക്കാലം

മഴ നനഞ്ഞ ഇരുണ്ട സന്ധ്യ. കാറ്റടിച്ച് കറന്റ്  പോയാലും മണ്ണെണ്ണ വിളക്കിനരികിലിരുന്ന്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന ഉമ്മയുടെ കണ്ണ് വെട്ടിച്ച് പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച മംഗളം വാരികയിലേക്ക്‌ കണ്ണുകള്‍ ഓടിച്ചു. മാത്യു മറ്റത്തിന്റെ തുടര്‍ കഥ വാരികയുടെ ജീവ നാഡിയാണ്. വായിക്കുന്നത് പാഠപുസ്തകമാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇടക്കിടക്ക്  'മലയാളം റ്റു' വിലെ ഇന്ദുലേഖയേയും ചന്തു മേനോനേയും നീട്ടി വിളിച്ചു കൊണ്ടിരുന്നു. നോവല്‍ വായിച്ച് തുടരും എന്ന വരിയില്‍ അവസാനിച്ചപ്പോ അടുത്ത ഭാഗം എന്താകുമെന്ന നെടുവീര്‍പ്പ് ബാക്കിയാക്കി മറ്റു താളുകള്‍ മറിച്ചു.

"മണ്ണെണ്ണ വിളക്കിന്റെ മുന്നില്‍ ഇരുന്നു തലവേദന വരുത്തും, കരണ്ട് വന്നിട്ട് പോരെ ഈ പഠിപ്പ്" ഉമ്മാമയുടെ പിറുപിറുപ്പ്‌. ഇഗ്ലീഷും സയന്‍സും എന്നെ കൊലക്ക് കൊടുക്കാറാണ് പതിവ്. പത്താം ക്ലാസില്‍ തോറ്റാല്‍ കളിയാക്കാന്‍ റെഡിയായി നടക്കുന്ന സൈനുദ്ധീനും, അന്‍വറും. ഓരൊക്കെ തോറ്റപ്പോള്‍ ഞാന്‍ പാടിയതാ
"തോറ്റപ്പെട്ടിക്കു തോലില്ലാ..
മുങ്ങി കുളിക്കാന്‍ വെള്ളല്ല്യാ.."
ഇനി ഇപ്പൊ ഞാന്‍ തോറ്റാല്‍ പറയണോ പൂരം.
കുണ്ടാമണ്ടി സൈനുദ്ധീനെ പണ്ട് മുതലേ എനിക്ക് ദേശ്യാ.. എല്ലാം കൂടി ആലോചിച്ച് മിച്ചം കിട്ടിയ തലവേദന സഹിക്കാന്‍ പറ്റാതായി. ടൈഗര്‍ ബാം പുരട്ടി തടവി. ഭേദമായില്ല.
"കൊണ്ടോയിക്കോ ആശുപത്രീക്ക്"
ഉമ്മാമയുടെ അരിശം മൂത്ത മുറുമുറുപ്പ് ഉമ്മയോടാണ്‌.
ഉമ്മാക്ക് ഭയം, രാത്രിയല്ലേ. പോരാത്തതിന് കാറ്റും മിന്നലും,
അതിനിപ്പോ എന്താ സാബു ഡോക്ടറെ കാണിച്ചാല്‍ പോരെ.. സാബു ഡോക്ടറെ ഉമ്മാക്ക് അത്രക്കങ്ങ് പിടുത്തം പോര. മൂപ്പര് വെറും എമ്പീബിയെസ്സാ, ഒന്നിന്റേയും സ്പെഷ്യാലിസ്റ്റല്ല. എന്നാലും ഈ രാത്രിക്ക് തല്‍ക്കാലം അത് മതി. കറന്റും ഇല്ല. മഴയും വരുന്ന ലക്ഷണം ഉണ്ട്.
"കൊട കരുതിക്കോണം"
ഉമ്മാമായുടെ ഓര്‍മപ്പെടുത്തല്‍. ടോര്‍ച്ചും കയ്യിലെടുത്ത് ഉമ്മയുടെ പിന്നാലെ നടന്നു. അല്പം ദൂരമേ ഉള്ളൂ..

സാബു ഡോക്ടര്‍ സുന്ദരനാ. മനസ്സില്‍ വേദനയെക്കാളേറെ സ്ഥാനം സാബു ഡോക്ടറുടെ മുഖത്തതിനായി മാറി. അവിടെ എത്തുമ്പോള്‍ ആളുകളുടെ തിരക്ക്. ഇപ്പോള്‍ വേദന അല്പം കുറവുണ്ട്. എങ്കിലും വന്ന സ്ഥിതിക്ക് ഒന്ന് കാണിക്കാതെ പോകേണ്ടല്ലോ. ക്ഷമയോടെ ഇരുന്നു. എന്റെ ഊഴമെത്തിയപ്പോള്‍ വിളി വന്നു. തട്ടം നേരെയിട്ട് അകത്ത് കയറി.
എടുപ്പുള്ള മെയ്യും പുഞ്ചിരിക്കുന്ന ആ മുഖവും കാണുമ്പോള്‍ ഇടക്ക് വന്നെത്തുന്ന ഈ തലവേദന നിര്‍ത്തലാക്കണോന്ന് മനസ്സ് ചോദിക്കുന്നുണ്ട്.
ഉമ്മ അസുഖത്തെ വിവരിക്കുന്നുണ്ട്. എന്റെ കൈകളെ സ്പര്‍ശിച്ചു കൊണ്ട് സാബു ഡോക്ടര്‍ ഉമ്മയോട് പറഞ്ഞു
"പൊടിയുടേയും പുകയുടേയും അലര്‍ജിയാ.."
ഞാന്‍ ആ മുഖത്തേക്ക് നോക്കി. വെളുത്തു മെലിഞ്ഞ മുഖത്തിനു വരച്ച പോലുള്ള മീശ, ഒതുക്കത്തോടെ ചീകി വെച്ച മുടി. പൌരുഷത്തിന്റെ തീഷ്ണ ഭാവം. കൌമാരം പ്രകടിപ്പിക്കുന്ന പ്രണയം മാധുര്യം കൂടിയതാണ്. ആ ചെരുമധുരം എന്റെ മനസ്സിനെ സ്വപ്നത്തിന്റെ മായാലോകത്ത് എത്തിക്കും മുമ്പേ പെട്ടന്നു ഉമ്മയുടെ വിളി
"ഉമ്മൂ... വാ പോകാം"
ഉമ്മയുടെ കൂടെ ടോര്‍ച്ചു വെട്ടത്തില്‍ റോഡിലൂടെ നടന്നു. അങ്ങാടി കഴിഞ്ഞ് റോഡ് തിരിഞ്ഞപ്പോള്‍ അവിടെ നിന്നും വലിയ വായിലുള്ള ആര്‍പ്പും നിലവിളികളും. ആദ്യം കാണുന്നത് സൈനുദ്ധീന്റെ വീടാണ്. അവിടെ നിന്ന് തന്നെയാണെന്ന് ഉമ്മയുടെ വിലയിരുത്തല്‍. ന്റെ റബ്ബേ.. എന്താണാവോ, വെപ്രാളപ്പെട്ട് നടന്നു. മുന്നിലൂടെ ടോര്‍ച്ചുമായി ഓടി വരുന്ന ആളുകളോട് തിരക്കി. അപ്പോഴാണ്‌ ആ ദുഃഖ വാര്‍ത്ത അറിഞ്ഞത്.

പാവം സൈനുദ്ധീന്‍. നാട്ടുകാര് സഹായിച്ചാണ് വയ്യാതെ കിടക്കുന്ന ഉമ്മാനെ അവന്‍ നോക്കുന്നത്. മാസത്തിലൊരിക്കല്‍ നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ തൊടീല് തേങ്ങയിടുംബോഴാണ് അവന്‍ സന്തോഷിക്കുക. തേങ്ങ പെറുക്കിക്കൂട്ടി കൊടുത്താല്‍ കിട്ടുന്ന കാശിനു ഉമ്മാന്റെ മരുന്നും അവന്റെ നോട്ബുക്കും വാങ്ങനെ തികയൂ.. ഇന്നലെ തേങ്ങ പെറുക്കികൂട്ടുമ്പോള്‍ എന്നോടു ഒരുപാട് പറഞ്ഞു, ഒരു ജോഡി പ്രാവിനെ വാങ്ങുമെന്നും അവ മുട്ടയിട്ടു വിരിയിച്ച് കുഞ്ഞുങ്ങളെ വിറ്റ് കാശുണ്ടാക്കുമെന്നും പിന്നെ വലിയ പണക്കാരനാകുമെന്നും എന്തെല്ലാം മോഹങ്ങളായിരുന്നു. അതിനെല്ലാം ഇടയില്‍ ഇങ്ങനെ. പാവം, എന്താണ് അവര്‍ക്ക് ഉണ്ടായതെന്ന് അറിയില്ല മരണത്തിനു കാരണങ്ങള്‍ വേണമെന്നില്ലല്ലോ..
ഉമ്മ ധൃതിയില്‍ നടന്ന് സൈനുദ്ധീന്റെ വീടിന്റെ ഗൈറ്റ്‌ കടന്നു. അകത്തു നിന്നും ഒഴുകി വരുന്ന ഖുര്‍ആനിന്റെ ആയത്തുകളില്‍ ഇടറുന്ന ശബ്ദം വേറിട്ട്‌ അറിഞ്ഞു. മരിച്ച് കിടക്കുന്ന ഉമ്മാക്കരികിലിരുന്ന് പോന്നുമോന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുകള്‍ എന്നിലേക്ക്‌ തിരിഞ്ഞു. ആ കണ്മുനകളില്‍ വേദനയുടെ ചുടു രക്തം പൊടിഞ്ഞിരിക്കുന്നു. കൂടെ നിന്ന് ആരോ മയ്യിത്തിന്റെ മുഖത്ത് നിന്നും വെളുത്ത തുണി അല്‍പ്പം മാറ്റി പിടിച്ചു. സ്വര്‍ഗ്ഗ യാത്രക്ക് അനുമതി ലഭിച്ച പുഞ്ചിരിയോടെ ആ ഉമ്മ ചലനമറ്റു കിടന്നു.

അല്പം കഴിഞ്ഞ്  ഉമ്മയും ഞാനും യാത്ര പറയുമ്പോള്‍ എന്നെ നോക്കി അവന്‍ തേങ്ങിക്കരഞ്ഞു. ഉമ്മ അവനെ ആശ്വസിപ്പിച്ചു പറഞ്ഞു
“ഇല്ല മോനെ.. കരയണ്ട. എല്ലാര്‍ക്കും പോണം മരണത്തിലേക്ക്. പോവാതെ പറ്റൂലാ. മോന്‍ കരയാതിരി..”
അവന്‍ എല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകി. ഉമ്മാമയെ തനിച്ചാക്കി പോയ കാരണം ഞങ്ങള്‍ അവിടെ നിന്നും യാത്രയായി. മടങ്ങി വീട്ടിലെത്തിയപ്പോഴാണ് ഞാന്‍ എന്റെ അസുഖത്തെ കുറിച്ച് വീണ്ടും ചിന്തിച്ചത്. കയ്യില്‍ ടാബ്ലെറ്റ് എടുത്തു തരുമ്പോഴും ഉമ്മ സൈനുദ്ധീനേയും അവന്റെ ഉമ്മാനേയും കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. അന്ന് രാത്രി മുതല്‍ സൈനുദ്ധീന്‍ ഞങ്ങളുടെയൊക്കെ മനസ്സില്‍ വേദനയുടെ പ്രതീകമായി.

ദിവസങ്ങള്‍ നീങ്ങി.
‘ഒറ്റപ്പെട്ട സൈനുദ്ധീനെ മക്കളില്ലാത്ത ഹാജിയാര്‍ ദത്തെടുക്കാന്‍ പോകുന്നു’
നാട് മുഴുവന്‍ പാട്ടായി. ഞാനും സന്തോഷിച്ചു. ആ വാര്‍ത്ത കൂടുതല്‍ വൈകും മുമ്പേ ഹാജിയാര്‍ അവനെ ദത്തെടുത്തു. മക്കളില്ലാത്ത അവര്‍ക്ക് പോന്നു മോനായി അവന്‍ വാണു. സുഖ സൌകര്യങ്ങളോടെ വര്‍ഷങ്ങള്‍ നീണ്ടു. എങ്കിലും എല്ലാത്തിനും ഇടയിലും അവന്‍ പറയും, വേദന കടിച്ചമര്‍ത്തി വയ്യാതെ കിടന്ന് മരണമടഞ്ഞ പോന്നുമ്മയെ കുറിച്ച്. സങ്കടത്തില്‍ കുതിര്‍ന്ന അവന്റെ നോവുകള്‍ കണ്ണുകള്‍ നനയിച്ച് ഞാനും കേട്ടിരിക്കും.

Tuesday, May 10, 2011

ഏകാന്തതയുടെ തടവറ

ആര്‍ഭാടങ്ങളുടെ ചിറകിലേറി പറക്കുന്ന കൂട്ടുകാരികള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി...
കാമ്പസിലെ ചുള്ളന്മാരുടെ കൂടെ ബൈക്കിലുള്ള സവാരി റീനക്ക് എന്നും ഹരമാണ്.
പുലര്‍ച്ചെതന്നെ ബ്യൂട്ടി പാര്‍ലറില്‍ എത്താമെന്ന് പറഞ്ഞ അനുവിനെ കാണാത്തതിന്റെ അരിശം ആ മുഖത്തുണ്ട്‌. ഇറുകിയ ജീന്‍സില്‍ അരുമയോടെ കിടക്കുന്ന കുഞ്ഞു മൊബൈല്‍ കയ്യില്‍ എടുത്ത്‌ കാള്‍ ചെയ്തു.
വിളി ചെന്നെത്തിയത് കോളേജിലെ ചുള്ളന്‍ നിസാമിന്റെ ഫോണിലേക്കായിരുന്നു. വായ നിറച്ചും എക്സ്ട്രാ ബാസ് കുത്തി നിറച്ച അവനോട് സംസാരിക്കാന്‍ ധൈര്യമുള്ള ഏക പെണ്‍ കൊടിയും റീന മാത്രം ആയിരുന്നു. റീനയുടെ മനം മയക്കുന്ന ആ കണ്ണുകളിലെ തീക്ഷ്ണത അനുരാഗത്തിന്റേതാണെന്ന് കരുതിയായിരുന്നു നിസാമും അവളുടെ നിഴല്‍ രൂപമായത്‌. ഒരിക്കല്‍ പോലും നിന്നെ എനിക്കിഷ്ട്ടമാണെന്ന് അവളോട്‌ മുഖത്ത് നോക്കി പറയാന്‍ സാധിക്കാത്ത വിഷമം മാത്രമാണ് നിസാമിന് ഉള്ളത്. അതൊഴിച്ചാല്‍ അവനാണ് കോളേജില്‍ ഏറ്റവുമധികം സന്തോഷവാന്‍.

റീനയുടെ ജീന്‍സിന്റെ പോക്കറ്റില്‍ അനുസരണയില്ലാത്ത കുഞ്ഞിനെ പോലെ കരയുന്ന മൊബൈല്‍, അവളത് കയ്യിലെടുത്ത് ചെവിയില്‍ വെച്ചു.
“നീ എവിടെ പ്രസവിച്ചു കിടക്കുന്നു, ഒന്ന് വേഗം ഇങ്ങെത്ത്”
ദേഷ്യത്തോടെ ഫോണ്‍ കട്ട്‌ ചെയ്തു.
കോളേജിന്റെ വരാന്തയിലൂടെ രണ്ടു വരി അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോള്‍ ചീറിപ്പാഞ്ഞു എത്തുന്ന ബൈക്കിന്റെ ശബ്ദം.
“ഹോ എത്തിയല്ലോ ഇനി ആ മണ്ടി പെണ്ണും കൂടി എത്തിയാല്‍ മതി.”
“എന്താ കാര്യം, ഇത്ര രാവിലെ തന്നെ..?”
“അതൊക്കെ പറയാം..”
“വണ്ടിയെടുക്ക് നമുക്ക് അവളെ വഴിയില്‍ നിന്നും കാണാം..”

ബൈക്കിലേക്ക് കയറിയ റീനയോട് വീണ്ടും നിസാം ചോദിച്ചു.
“എങ്ങോട്ട് പോകണം, നീ പറഞ്ഞില്ല..?”
“നീ വണ്ടി വിട് ഞാന്‍ പറയാം”
അടുത്ത ചോദ്യത്തിനു ഇവളുടെ കയ്യില്‍ നിന്നും കിട്ടുന്ന മറുപടി ഏതാകുമെന്ന് ഭയന്ന് നിസാം വായടച്ചു. മനസ്സുകൊണ്ട് അവന്‍ പറഞ്ഞു.
“നിന്റെ സൌന്ദര്യം എന്നെ ആസക്തനാക്കുന്നു പെണ്ണേ നിന്നോടല്ലാതെ ആരോടെങ്കിലും ഈ നിസാം കീഴടങ്ങിയിട്ടില്ല”
നിസാമിന്റെ സ്വപ്നത്തെ പിടിച്ചു നിര്‍ത്തികൊണ്ട് അവള്‍ പറഞ്ഞു.
“നിസാം വണ്ടി നീര്‍ത്തൂ, ദേ.... അവള്‍”
റോഡിന്റെ അരികിലൂടെ പതിയെ നടന്നു വരുന്ന അനു. അവളുടെ അരികടുപ്പിച്ച് വണ്ടി നിര്‍ത്തി.
ഇത് വീട്ടിലെ വേലക്കാരിയെ ഏല്പിക്കണം എന്ന് പറഞ്ഞ് ഒരു കൂട്ടം ചാവിയും അനുവിന്റെ കൈകളില്‍ ഏല്‍പ്പിച്ച് നിസാമിന്റെ ബൈക്ക് റീനയേയും ചുമന്ന് പറന്നു.

റീന വഴികാട്ടിയ ആ വലിയ വീടിന്റെ പടിക്കലെത്തുമ്പോള്‍ ഗൈറ്റ് പൂട്ടി കിടക്കുകയാണ്. വണ്ടിയില്‍ നിന്നിറങ്ങിയ റീന ഗൈറ്റിനടുത്ത് ചെന്ന് ബെല്ലില്‍ വിരലമര്‍ത്തി. അല്‍പം കഴിഞ്ഞ്‌ വാതില്‍ തുറക്കപെട്ടു.
“യാര്..?”
“ഞാന്‍ റീന. സാര്‍ അകത്തുണ്ടോ..?”
“ഉണ്ട്‌, ഉങ്കള്‍ യാരെന്ന് സോല്ലണം”
“റീന വന്നു എന്ന് പറഞ്ഞാല്‍ മതി”
“എന്നമ്മാ.. റീണയാ..?”
ഇത് കേട്ട റീനക്ക് ദേഷ്യം വന്നു. അവള്‍ അയാളോട് കയര്‍ത്തു
“ഹേയ്.. ഒന്ന് പോടോ ..”
അവളുടെ ദേഷ്യം ഇരട്ടിച്ചു. ഇതുകണ്ടിട്ടാവാം വാച്ച്‌മാന്‍ നിസാമിന്റെ മുഖത്ത് നോക്കി പറഞ്ഞു .
“എന്നാമ്മാ.. നീങ്കള്‍ ദേശ്യപ്പെടാത് ഞാന്‍ സാറോട് ശൊല്ലട്ടും”
“ഉം”
വാച്ച്‌മാന്‍ അകത്തേക്ക് പോയി .
ഒന്നും അറിയാത്ത നിസാം ചോദിച്ചു .
“നീ എന്തിനാണ് ഇയാളെ കാണുന്നത്..? നിന്റെ ആരാ ഇയാള്‍..?”
ഒരേ വായിലുള്ള അനേകം ചോദ്യങ്ങള്‍ കേട്ടപാടെ അവള്‍ രണ്ടു കയ്യും തലയ്ക്കു പിടിച്ച് പറഞ്ഞു.
“നീ ചോദിക്കല്ലേ.... എനിക്ക് വട്ട്‌ പിടിച്ചിരിക്കയാ...”
കൂടുതല്‍ പറയും മുമ്പേ വാച്ച്മാന്‍ എത്തി.
“അമ്മാ ഉള്ളം ചെല്ലുങ്കോ”
റീന നിസാമിനെ വാച്ചുമാന്റെ അടുത്താക്കി ആ വലിയ വീടിന്റെ അകത്തേക്ക് പോയി.
സമയം നീങ്ങി. റീനയെ കാത്ത് മുഷിയാന്‍ തുടങ്ങുമ്പോഴാണ് വാച്ച്‌മാന്‍ അണ്ണന്‍ കുശലം ചോദിച്ച് വന്നത്. അയാളോട് തിരക്കീട്ട് തന്നേ കാര്യം. നിസാം അയാളോട് ചോദിച്ചു
“ഉങ്കള്‍ പേര്‌....”
“പേരാ... എന്ന പേര്‌ സെല്‍വന്‍”
ഇനിയെന്ത് പറയുമെന്നറിയാതെ നിസാം അടുത്ത ചോദ്യമിട്ടു.
“നിന്റെ സാറ് എവിടുത്ത്കാരനാ..”
“ഹോ... എന്ന സാറ്, പെരിയ ജോലി പൊറത്ത്. ഊര്.. കറക്റ്റായി തെരിയാദ് ”
ഓഹോ.. അപ്പൊ അതാണ്‌ കാര്യം വിദേശത്തുള്ള അമ്മയും അച്ഛനും എന്തെങ്കിലും ഇയാള്‍ വശം കൊടുത്തു വിട്ടു കാണും. എന്നാല്‍ പിന്നെ ഇവളെന്തിന് മറച്ച് വെച്ചു.

ചിന്തകള്‍ അകറ്റി റീന തിരിച്ചെത്തി. പ്രസന്ന ഭാവത്തില്‍ അവള്‍ പറഞ്ഞു. “പോവാം നിസാം”
ഇനിയൊന്നും ചോദിച്ച് റീനക്ക് ദേഷ്യം വരണ്ട എന്ന് കരുതി നിസാം ഒന്നും മിണ്ടിയില്ല.
വീണ്ടും വണ്ടിയില്‍ കയറി മടക്കയാത്ര തുടര്‍ന്നു. വഴിക്കരികില്‍ വണ്ടി നിര്‍ത്തി അവള്‍ മരുന്ന് ഷോപ്പില്‍ നിന്നും തുണിക്കടയില്‍ നിന്നും എന്തൊക്കയോ വാങ്ങിച്ചു. എല്ലാം കൂടി കൈ നിറയെ സാധനങ്ങള്‍.
ഇനിയും ചോദിക്കാതെ പിടിച്ച് നില്‍ക്കാന്‍  നിസാമിന് കഴിഞ്ഞില്ല. അവന്‍ റീനയോട് ചോദിച്ചു.
“എന്തൊക്കെയാ നീ വാങ്ങികൂട്ടിയത്. നിന്റെ പാരന്‍സിന് കൊടുത്തു വിടാനുള്ളതാണോ...”
ചോദ്യവും ഉത്തരവും നിസാമില്‍ നിന്ന്‌ വന്നപോലെ തോന്നിയ അവള്‍ അതെ എന്ന് തലയാട്ടി.
വീണ്ടും നിസാമിന്റെ മനസ്സില്‍ ചോദ്യങ്ങള്‍ വന്നു.
“ആരെ കാണാനാ അവിടെ പോയത്? മുന്‍പ് അവിടെ പോയിട്ടുണ്ടോ..?”
“ഉം..”
ചോദ്യങ്ങള്‍ക്കെല്ലാം മൂളല്‍ മാത്രം മറുപടിയായി കേട്ടതും നിസാമിന്റെ മനസ്സ് തളര്‍ന്നു. ഞാന്‍ പ്രണയം പിടിച്ച് പിന്നാലെ നടന്നിട്ടും ഇവള്‍.......
ഹും എല്ലാം ഒന്ന് അറിയണം. അവന്റെ മനസ്സ് പറഞ്ഞു.
വണ്ടി നേരെ റീനയുടെ വീട് ലക്ഷ്യമിട്ട് നീങ്ങി .
വീട്ടിലെത്തുമ്പോള്‍ പടിയില്‍ തന്നെ അവളുടെ വേലക്കാരി കാത്തു നില്‍പ്പുണ്ട്. ജോലിക്കാരായ മാതാപിതാക്കള്‍ വല്ലപ്പോഴുമാണ് അവളെ കാണാന്‍ എത്താറുള്ളത്. അച്ഛനോടും അമ്മയോടും അവള്‍ക്ക് എന്നും പുഛമാണ്‌ . തന്നെ ഒറ്റപെടുത്തുന്നു എന്നാണ് റീനടെ പരാതി. അവള്‍ ഈ വീട്ടില്‍ വേലക്കാരിയുമൊത്ത് തനിച്ച്. അവള്‍ക്കു ഭ്രാന്തു വരാത്തത് ഭാഗ്യം . റീനയെ പടിക്കല്‍ ഇറക്കി നിസാം മടങ്ങി.

സമയം ഉച്ചയോടടുത്ത്,
കോളേജിലെത്താത്ത ദിവസം എന്നും ബോറടിയാണ്. ബോറടി ചിന്തിച്ചപ്പോഴാണ് വീണ്ടും റീനയെ ഓര്‍ത്തത്‌. ഒറ്റപ്പെടലിന്റെ അപാര തീരം പുല്‍കിയവള്‍. എപ്പോഴെങ്കിലും ഒരാഴ്ചക്ക് വന്ന് പോകുന്ന മാതാപിതാക്കള്‍. അവളെങ്ങിനെ സഹിക്കുന്നു .എന്തെല്ലാം ആയാലും ഓര്‍മയില്‍ വീണ്ടും അവള്‍ ആ വലിയ വീട്ടിലേക്ക് എന്തിന് പോയി എന്ന ചിത്രം നിസാമിന്റെ മനസ്സില്‍ മായാതെ കിടന്നു.

കൂട്ടുകാരികളും, കോളേജും, കുശുമ്പും പോരാട്ടവുമായി ദിനങ്ങള്‍ നീങ്ങികൊണ്ടിരുന്നു.
ഒരു ഞായറാഴ്ച നിസാമിന്റെ മൊബൈല്‍ തുടരെ തുടരെ ചിലച്ചു. അവന്‍ ഫോണ്‍ കയ്യിലെടുത്തു.
“ഹെലോ റീനാ, പറയൂ”
“എസ് നിസാം, നീ ഇന്ന് വീട്ടിലൊന്ന് വരണം. എന്തിനാണെന്ന് വന്നിട്ട് പറയാം..”
“മ്മ്... വരാം”
നിസാം വേഗം റെഡിയായി ബൈക്കില്‍ കയറി ഓടിച്ചു പോയി. റീനയുടെ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത് ആരേയും കണ്ടില്ല. ഗയിറ്റ്‌ കടന്നിട്ടും പരുങ്ങുന്ന അവനെ കണ്ട് അവള്‍ മുകളില്‍ നിന്ന് നീട്ടി വിളിച്ചു.
“നിസാം.. അകത്തോട്ട് കയറിവാ ഇവിടെ ആരും ഇല്ല”
ചെറിയ അങ്കലാപ്പ് ഇല്ലാതില്ല എങ്കിലും നടന്നു. ഒരു പുരുഷന്‍ എന്തിന് ഭയക്കണം. മനസ്സിന് ധൈര്യം കൊടുത്ത് നിസാം മുന്നോട്ട് നടന്നു.
റീന വിളിച്ച് പറഞ്ഞു
“ഭയക്കണ്ടാ വേലക്കാരിയെ ഞാന്‍ ഇന്ന് പറഞ്ഞ്‌ വിട്ടു”

അവന്‍ പതുക്കെ സ്റ്റെയര്‍ കൈസ് കയറി അത്ഭുതത്തോടെ മുന്നിലേക്ക്‌ നോക്കി. ഇതെന്താണ്
പുതിയ ഡ്രെസ്സും കൈ നിറയെ പൂക്കളുമായി റീന മണവാട്ടിയെ പോലെ ചമഞ്ഞു നില്‍ക്കുന്നു.
“റീനാ ഇന്നെന്താണ് വിശേഷം..”
ഒരു ചെറു പുഞ്ചിരിയോടെ നിസാമിന്റെ മുഖത്ത് നോക്കി റീന പറഞ്ഞു
“ഉം... നീ വാ... അതൊക്കെയുണ്ട്‌”.
അവള്‍ നിസാമിന്റെ കൈകളില്‍ പിടിച്ച് കിടപ്പുമുറിയുടെ നീണ്ട കണ്ണാടിക്ക് അരികിലെത്തി. അവനെ കണ്ണാടിക്കു അഭിമുഖമായി നിര്‍ത്തി, കൂടെ ഒരു മണവാട്ടിയെ പോലെ അവളും അടുത്ത് നിന്ന് കണ്ണാടിയിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു.
“നോക്ക്, ഞാനും നീയും ഈ കണ്ണാടിയുടെ മുമ്പില്‍ വധൂ വരന്മാരാര്‍ ആണല്ലോ... നാം എന്ത് കൊടുത്തുവോ അത് തിരിച്ചു നല്‍കാന്‍ ഒരുപക്ഷെ കണ്ണാടിക്കു മാത്രമേ കഴിയൂ. മറ്റൊരാള്‍ക്കും കഴിയില്ല. എനിക്ക് പോലും..”
പറഞ്ഞു തീര്‍ന്ന അവള്‍ പൊട്ടിച്ചിരിച്ചു. ഇതുകണ്ട് ഭയന്ന നിസാമിനെ നോക്കി വീണ്ടും അവള്‍ പറഞ്ഞു
“നിസാം, നോക്കൂ... ഈ വലിയ വീടിന്റെ ശൂന്യതയിലേക്ക് നോക്കൂ. ഇവിടെ ഒരു താരാട്ടിന്റേയോ തലോടലിന്റേയോ വാത്സല്യത്തിന്റേയോ അലയൊലികളൊന്നും കാണില്ല. എന്റെ കുഞ്ഞു ബാല്യം തൊട്ടേ അമ്മ തിരക്കുള്ള ജോലിക്കാരിയാണ്. കുഞ്ഞുകാലത്തിന്റെ ഓര്‍മ്മകള്‍ പറയാന്‍ എനിക്കായി ഒന്നും ഇല്ല. വേലക്കാരി ശാരദയുടെ കൈകള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ സ്വാദ് മാത്രമേ എനിക്കറിയൂ. വല്ലപ്പോഴും തിരക്കിനിടയില്‍ വന്നു പോകുന്ന അമ്മയുടേയും അച്ഛന്റേയും സ്നേഹം എനിക്ക് ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയാത്തതായിരുന്നു. ഞാന്‍ അവരെ ഒരുപാട് സ്നേഹിച്ചു. ബട്ട്‌ എനിക്ക് തിരിച്ച് അവര്‍ നല്‍കിയത് കുറേ പണവും ഏകാന്തതയും മാത്രം. ആ ഏകാന്തതയില്‍ ഞാന്‍ ഇല്ലാതായി തുടങ്ങുന്നു”.
മറുപടിയൊന്നും ഇല്ലാതെ നിശബ്ദതയോടെ എല്ലാം കേട്ട് നിന്ന നിസാമിന്റെ മുഖം കണ്ട് അവള്‍ ചിരിച്ചു കൊണ്ട് വീണ്ടും തുടര്‍ന്നു
“നിസാം, നീ എന്നെ അതിരറ്റു സ്നേഹിക്കുന്നു എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ ഇതെല്ലാം പറഞ്ഞ് വരുന്നത്. എനിക്കൊരിക്കലും നിന്റെ ജീവിതത്തിലേക്ക് വരാന്‍ കഴിയില്ല”
ഇത് കേട്ടപ്പോള്‍ നിസാമിന്റെ മുഖം വല്ലാതായി അവന്‍ തിരിഞ്ഞു നിന്നു.
“മ്മ്ഹ്, നിനക്ക് പറയാന്‍ വേറെ ഒന്നും ഇല്ലേ.. നിനക്ക് അയാളെ ഇഷ്ട്ടമാണെന്ന് പറയാനാണോ ഈ വലിയ മുഖവുര. വെറുതെ മെനക്കെടുത്താന്‍...”
മനസ്സിലെ സങ്കടം ദേഷ്യമായി പുറത്ത് വന്ന് നിസാം തിരിച്ചു നടക്കാന്‍ ഒരുങ്ങി. ദേഷ്യം കൊണ്ട് ചുവന്ന അവന്റെ കണ്ണിലേക്കു നോക്കി അവള്‍ പറഞ്ഞു.
“ഇല്ല.. നിസാം. ഇല്ല. ഞാന്‍ ആരെയും സ്നേഹിച്ചിട്ടില്ല, എനിക്കതിനു കഴിയില്ല..!”
“പിന്നെ എന്തിനവിടെ പോയി. പറ നീ..”
ഇതുകേട്ട റീന മറുപടി പറയും മുന്‍പ് അലമാരിയുടെ അടുത്ത് ചെന്ന് ഭദ്രമായി സൂക്ഷിച്ച ഒരു ഫയല്‍ അവനു നേരെ നീട്ടി.
“നോക്ക്, മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അറിഞ്ഞത്. അന്ന് തൊട്ട്‌ ഞാന്‍ ഡോക്റെരുടെ നിര്‍ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുന്നു. അത് നിന്നോടും അനുവിനോട് പോലും ഞാന്‍ മറച്ചു വെച്ചു. എന്തിന്‌ എന്റെ രക്ഷിതാക്കളോട് പോലും”

ഫയലുകളിലെ താളുകള്‍ മറിച്ച് നിസാം ഒരു നിമിഷം അവളിലെക്ക് സങ്കടത്തോടെ നോക്കി.
അവള്‍ തുടര്‍ന്നു.
“പണത്തിന്റെ പിറകില്‍ ഓടുന്ന അവര്‍ക്ക് മകളെ പരിചരിക്കാന്‍ ഒരു ഹോം നേഴ്സിനെ വെക്കാനല്ലാതെ എന്തിന്‌ കഴിയും. അതുകൊണ്ട് ഞാന്‍ എന്നില്‍ തന്നെ അടക്കി വെക്കുന്ന വേദനകളാണ് ഇതെല്ലാം. ഇനി ഇവിടം പിരിയാനുള്ള ദൂരം അല്‍പ്പം മാത്രം. അവന്‍ അതിനു മാത്രം എന്നെ കീഴടക്കി കഴിഞ്ഞു”
എല്ലാം കേട്ട് കഴിഞ്ഞ് നിസ്സഹായനായി നില്‍ക്കുന്ന നിസാമിന്റെ കണ്ണുകളില്‍ നനവ്‌ പടര്‍ന്നു. ഭീകരനായ മരണത്തെ പുല്‍കാനിരിക്കുന്ന റീനയെ അവന്‍ മാറിലേക്ക്‌ ചാര്‍ത്തി ആശ്വസിപ്പിച്ചു.
“ഇല്ല, നിനക്കൊന്നും ഇല്ല. ഒരു കുഴപ്പവും വരില്ല”
വരാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ അവളും ആ ആശ്വാസ വാക്കുകളില്‍ ലയിച്ചു നിന്നു.

Wednesday, April 20, 2011

തളിരിലകള്‍ തേങ്ങുന്നു

കാലം തെറ്റി എത്തിയ മഴക്കാലത്തിന്റെ പെരുമഴ പുറത്ത് തിമിര്‍ത്തു പെയ്യുകയാണ്. ഓരോ മഴത്തുള്ളിയും ഒരുകുടം വെള്ളമെന്നപോലെ നിലത്ത്‌ പതിച്ചുകൊണ്ടിരുന്നു.

പുലര്‍ച്ചെ എഴുന്നേറ്റ് പാറിപ്പറന്ന തലമുടി മേലോട്ട് കെട്ടിവെച്ച് നൈറ്റിയുടെ അഴിഞ്ഞ ബട്ടണുകള്‍ നേരെയിട്ടു മുറ്റത്തേക്കിറങ്ങി ഉമിക്കരിയും കയ്യിലെടുത്ത് തോട്ട്‌ വക്കിലെത്തുമ്പോള്‍ വല്ലാത്ത തണുപ്പ്. കുളിരുള്ള കാറ്റില്‍ തമ്മില്‍ പുല്‍കുന്ന നെല്‍ചെടികള്‍. മൂളി പാട്ടുപോലെ തെളിഞ്ഞൊഴുകുന്ന കുഞ്ഞരുവിയില്‍ കയ്യും മുഖവും കഴുകി മടങ്ങുമ്പോള്‍ പല്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടി ശബ്ദം പുറത്ത് വന്നു. രാത്രിയിലെ ശക്തിയായ കാറ്റില്‍ വീണ പഴുത്ത ഇലകള്‍ നടപ്പാതക്ക് ഭംഗിയേകി. വീട്ടിലേക്ക് എത്തുമ്പോള്‍ തന്നെ കൊറമ്പി തത്തയുടെ കരച്ചില്‍. അശ്വതി ധൃതിയില്‍ നടന്ന് ഇറയത്ത്‌ തൂക്കിയിട്ട കൂട്ടിനരികില്‍ ചെന്നു.

“ഉം.. എന്താ കൊറമ്പി,  രാവിലെ തന്നെ വിളിച്ചു കാറുന്നു. ഇന്നലത്തെ മഴ നിന്നെ ഒരുപാടങ്ങ്‌ നനയിച്ചോ..”
ഇതു കേട്ട്‌ ദേഷ്യ ഭാവത്താല്‍ കൊറമ്പി തല തിരിച്ചു.
ആ വീട്ടില്‍ അമ്മയും ചേച്ചിയും കഴിഞ്ഞാല്‍ അശ്വതിക്ക് കൂട്ട്‌ കൊറമ്പിയാണ്. കൊറമ്പിയുടെ തീറ്റ പാത്രത്തില്‍ അല്‍പ്പം നെല്‍മണി നിക്ഷേപിച്ച് അശ്വതി അടുക്കളയിലേക്ക് നടന്നു.

സമയം നീങ്ങി. തണുപ്പ് ക്രമേണ കുറഞ്ഞു. മരങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ പുറത്ത് വന്നു. മരങ്ങളിലും മറ്റും നെയ്തിട്ട ചിലന്തി വലകളില്‍ വീണ മഞ്ഞുത്തുള്ളികള്‍ സൂര്യന്റെ പ്രകാശം തട്ടി വെട്ടിത്തിളങ്ങി. അമ്മ പശുക്കള്‍ക്കുള്ള കാടി സംഭരിക്കാന്‍ രാവിലെ വീട് വിട്ടിറങ്ങും. അല്‍പം വൈകിയാണ് തിരിച്ചു വരവ്. വീട്ടു ജോലികളില്‍ മുഴുകുമ്പോഴും അകത്തെ ഇരുണ്ട മുറിയില്‍ നിന്നും ചേച്ചിയുടെ നെടുവീര്‍പ്പുകള്‍ അശ്വതി കേള്‍ക്കാമായിരുന്നു. അകത്ത് ചെന്നു നോക്കുമ്പോള്‍ പാവം ജനലഴികള്‍ പിടിച്ച് എന്തോ ചിന്തയിലാണ്. ഒരുകണക്കിന് ചേച്ചിക്ക് മിണ്ടാന്‍ കഴിയാത്തത് നന്നായി. അല്ലെങ്കില്‍ ആളുകളുടെ എന്തെല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. ജോലികള്‍ തിരക്കിട്ട് തീര്‍ക്കുന്നതിനിടെ വീണ്ടും കൊറമ്പിയുടെ കരച്ചില്‍. അശ്വതി ഉമ്മറത്ത് എത്തിനോക്കി. അപരിചിതനാണ്.
“ഇവിടെ ആരുമില്ലേ..”
“ആരാ..”
“ഞാനിവിടെ പുതിയ പോസ്റ്റ്മാനാ”
“അതിനിവിടെ കത്തയക്കാന്‍ ആരും ഇല്ലല്ലോ. ഉണ്ടായീര്‍ന്നു അങ്ങേരെ രണ്ടാം കെട്ടിലെ ഒരു തലതെറിച്ച സന്തതി. അതിന്റെ വിവരോന്നും ഇപ്പോല്ല്യാ. അങ്ങേരെ ദാ ആ പറമ്പിലേക്ക് എടുത്ത അന്ന് നാട് വിട്ടതാ. അതിന്‍റെ വിവരോന്നും ഇപ്പോല്ല്യാനും. ഇനീപ്പോ ചത്തൊന്നും അറിയാംപാടില്ല്യാ. പിന്നാരാ ആരാ കത്തയക്കാന്‍” കാടി കൊണ്ടുവരാനുള്ള പാത്രം തിരയുന്നതിനിടെ  അമ്മ അകത്തു നിന്ന് വിളിച്ച് പറഞ്ഞു
“അതിന് ഇവിടേക്ക് എഴുത്തൊന്നും ഇല്ല. ഞാന്‍ പുതിയ ആളായതോണ്ട് വീട് വീടാന്തരം ഒന്ന് കയറി ഇറങ്ങാന്ന് വെച്ചു. താമസവും ഓഫീസിനടുത്താ. രാവിലെ തന്നെ ഈ വഴിയാ ഇറങ്ങിയെ”
ഇതു കേട്ട അശ്വതിക്ക് ദേഷ്യം വന്നു അവള്‍ അയാളോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. “ഇങ്ങനേ ഓരോരുത്തന്മാര്‍ വരും, പരിചയം ന്നാ പറച്ചില്‍”

അശ്വതിയുടെ മുറുമുറുപ്പ് കേട്ട് പോസ്റ്റ്മാന്‍ അല്‍പം മാറി നിന്നു. അതു കണ്ട് അവള്‍ പറഞ്ഞു “ഇയാളോടുള്ള ദേഷ്യം കൊണ്ട് പറയുകയല്ല. മുമ്പ് ഇവിടൊരുത്തന്‍ ഒന്നും രണ്ടും പറഞ്ഞു വന്നതാ. ന്റച്ഛന്‍ അയാളെയങ്ങു വിശ്വസിച്ചു. പാടത്തും പറമ്പിലും ജോലീം കൊടുത്ത് അച്ഛന്റെ സഹായിയാക്കി. പിന്നെ തീറ്റേം കുടീം ഒക്കെ ഇവിടുന്നായി. അവസാനം ന്റെ ചേച്ചീനെയും നശിപ്പിച്ച് ആരും അറിയാതെ നാടും വിട്ട്. ഇതറിഞ്ഞ അച്ഛന്‍ നെഞ്ചിലൊരു പെരുപ്പ്‌ എന്നും പറഞ്ഞ് കെടന്നതാ. ആശുപത്രീല്‍ എത്തും മുന്നേ പോയി..”
പതറിയ ശബ്‌ദത്തോടെ പോസ്റ്റ്മാന്‍ ച്ചോദിച്ചു
“അപ്പൊ ചേച്ചി?”
“ദാ അകത്ത് നിറ വയറും താങ്ങി നിക്കുണു. ഇപ്പൊ കാലില്‍ ചങ്ങലയും ഉണ്ട്‌. ചങ്ങല ഇല്ലാതെ പറ്റൂല്ല്യ. വല്ലോരേം ചെന്നു എന്തേലും ചെയ്താ പിന്നെ ഏറും കുത്തും കിട്ടുന്നതിലും ഭേധാ ഈ ചങ്ങല. ജന്മനാ മിണ്ടാത്തോണ്ട് വാ തുറന്നു കൂവണ പ്രയാസൂം ല്ല്യ”
ഇതെല്ലാം കേട്ട്‌ നിന്ന പോസ്റ്റുമാന്‍ വല്ലാത്തൊരു അവസ്ഥയിലായി. അയാള്‍ യാത്ര പറഞ്ഞു നടന്നകന്നു.

“മോളേ അശ്വതീ, നീ പോകുന്നില്ലേ.. സമയം എന്തായീന്നറിയോ കുട്ടീ..” അമ്മയുടെ വിളി.
അവള്‍ ധൃതിയില്‍ വസ്ത്രം മാറി. അപ്പോഴും ചേച്ചി ജാലകത്തിനരികില്‍ നില്‍പ്പ് തുടര്‍ന്നു. അശ്വതി യാത്ര പറഞ്ഞിറങ്ങി. അല്‍പം അകലെ ടെലിഫോണ്‍ ബൂത്തിലാണ് അവള്‍ക്ക് ജോലി. അച്ഛന്റെ മരണ ശേഷം കുടുംബം പുലര്‍ത്താന്‍ തേടി നടന്നു ലഭിച്ചതാണ്. വെയിലിനു ശക്തി കൂടി. കറുത്തു നീണ്ട റോഡില്‍ വെയില്‍ നൂലുകള്‍ പിടഞ്ഞു. ഇടക്ക് ഇരമ്പി പോകുന്ന വാഹനങ്ങള്‍. കടയില്‍ തിരക്കൊന്നും ഇല്ല. എല്ലാ കാര്യത്തിലും തന്റേടവും ചിട്ടയും ഉണ്ടെങ്കിലും ചേച്ചിയുടെ കാര്യങ്ങള്‍ എന്നും അശ്വതിയുടെ മിഴികളെ ഈറനണിയിക്കും. തുറന്നൊന്നു കരയുവാനോ ചതിച്ചവന്റെ നേരെ നിന്ന് ആക്രോശിക്കാനോ കഴിയാതെ ചതിയില്‍ അകപ്പെട്ട തന്റെ ചേച്ചിയെ നശിപ്പിച്ചവനെ നാഴികക്ക് നാല്‍പ്പതു വട്ടം അശ്വതി ശപിക്കാറുണ്ട്.

ഇടക്കിടക്ക് കടയില്‍ ആളുകള്‍ കയറി ഇറങ്ങി. അതിനിടയിലാണ് സുമതിയുടെ വരവ്. സുമതി വന്ന വിവരം പറഞ്ഞു. തല്‍ക്കാലം അവളെ കടയില്‍ നിര്‍ത്തി അശ്വതി വീട്ടിലേക്കോടി. കൊറമ്പിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍. അകത്ത് കടന്ന ഉടനെ അശ്വതിക്ക് കാര്യം മനസ്സിലായി. തിരിഞ്ഞു നടന്നപ്പോള്‍ അമ്മ വിളിച്ചു.
“അശ്വതീ നീയാ വയറ്റാട്ടിയെ കൂട്ടിവാ മോളേ..”
വയറ്റാട്ടിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍ ചേച്ചിയുടെ ചങ്ങലക്കു കിലുക്കം വര്‍ദ്ധിച്ചു കൊണ്ടിരുന്നു.
ഇടവഴിയിലൂടെ ഓടി അവിടെ എത്തുമ്പോള്‍ ഉമ്മറത്ത് ചിതലരിച്ച ചാരുകസേരയില്‍ വെളുത്തു മെലിഞ്ഞൊരു രൂപം മയങ്ങുന്നു. കരിതേച്ച മുറ്റത്ത് നില്‍ക്കുമ്പോള്‍ കാലുകള്‍ പൊള്ളി. അശ്വതി ആളനക്കമുണ്ടാക്കിയതും ആ രൂപം ചലിച്ചു.
“ആരാ..”
“പാടവക്കിലെ ചന്ദ്രന്റെ മോളാ, കുഞ്ഞമ്മുവോട് അത്രേടം വരേ വരാന്‍ പറഞ്ഞു”
“അകത്ത് നിന്നും എത്തി നോക്കിയ കുഞ്ഞമ്മു ചോദിച്ചു”
“ന്ത്യെ കുട്ട്യേ....”
“ചേച്ചിക്ക് നമ്പലം തൊടങ്ങീ..”
“ആ ഭ്രാന്തി കുട്ടിക്കല്ലേ.. ശിവ ശിവാ ദാ വരുന്നു.”
ഇതുകേട്ട അശ്വതിയുടെ കണ്ണുകള്‍ നനഞ്ഞു. കുഞ്ഞമ്മു വെറ്റില മുറുക്കി മുണ്ടും തോളത്തിട്ട് അശ്വതിയെ അനുഗമിച്ചു. വീട്ടിലെത്തുമ്പോള്‍ ചേച്ചിയുടെ നെരക്കങ്ങളും ചങ്ങലക്കിലുക്കവും കേട്ട്‌ തുടങ്ങി. വയറ്റാട്ടി അകത്ത് കടന്ന് ഇരുട്ട് മുറിയുടെ വാതിലടഞ്ഞു. അശ്വതി വരാന്തയിലെ തൂണും ചാരിയിരുന്നു. കൊറമ്പിയുടെ കരച്ചില്‍ കൂടി വന്നു.
“നീ ഒന്നടങ്ങ്‌ കൊറമ്പി. ദേ ചേച്ചി ഇപ്പോള്‍ പ്രസവിക്കും. അതിനു വേണ്ടിയാ ആ തള്ള വന്നത്”
കൊറമ്പി കരച്ചില്‍ നിര്‍ത്തി. പെട്ടന്നായിരുന്നു കുഞ്ഞിന്റെ  ആദ്യ കരച്ചില്‍ കാതിലെത്തിയത്. അശ്വതി അകത്തേക്കോടി.

ഭൂമിയിലേക്കു എത്തിയതിന്റെ അമ്പരപ്പില്‍‍ അവന്‍ കരഞ്ഞു കൊണ്ടിരിക്കുന്നു. അമ്മ വാതില്‍ക്കല്‍ നിന്നു കണ്ണുകള്‍ തുടക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവള്‍ വാതില്‍ക്കല്‍ നിന്നു. അല്‍പം കഴിഞ്ഞ് വയറ്റാട്ടി എന്തൊക്കെയോ ചെയ്ത് തീര്‍ത്ത ആവേശത്തില്‍ പുറത്ത് വന്നു. അശ്വതി ആകാംക്ഷയോടെ ഇരുട്ട് മുറിയിലേക്ക് കടന്നു. സന്തോഷവും സങ്കടവും ഒന്നിച്ച് കണ്ണുകള്‍ നിറഞ്ഞൊഴുകി. ക്ഷീണിച്ചു മയങ്ങുന്ന ചേച്ചിയുടെ അരികില്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞു അനുസരണയോടെ അവന്‍ മയങ്ങുന്നു. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ അവള്‍ നോക്കി. കണ്ണുകള്‍ ഇറുകിയടച്ച് കൈകളില്‍ എന്തോ ഒളിപ്പിച്ചപോലെ മുറുക്കിപ്പിടിച്ച്. ആ നിഷ്കളങ്കമായ മുഖം നോക്കിയിരിക്കുമ്പോള്‍ അശ്വതിയുടെ മനസ്സില്‍ എന്തൊക്കെയോ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മിന്നിമറഞ്ഞു.. മയക്കത്തില്‍ നിന്നുണര്‍ന്നാല്‍ കുഞ്ഞിനോടുള്ള ചേച്ചിയുടെ പ്രതികരണം എന്താകുമെന്നു ഒരു ഊഹവും ഇല്ല. ചേച്ചിയുടെ ചങ്ങലയുള്ള കാലില്‍ തലോടി അവള്‍ പറഞ്ഞു
“ദൈവമേ നീ കാത്തോളണേ..”

Saturday, April 09, 2011

നീല കുറിഞ്ഞി പൂത്ത താഴ്വാരം

കയ്യില്‍ ഗ്ലൌസ് ധരിച്ച് കൈത്തണ്ടയില്‍ ആല്‍ക്കഹോളിന്റെ സ്വാബ്   കൊണ്ട് ഉരസുമ്പോള്‍ സിസ്റ്ററുടെ  ചോദ്യം
“ഇപ്പൊ എത്ര മാസായി”
പതിയെ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു .
“അഞ്ച്”
“ഇഞ്ചക്ഷന്‍ കഴിഞ്ഞു. അല്‍പം  പുറത്ത് വെയിറ്റ് ചെയ്യൂ.. വിളിക്കാം”

പുറത്ത്‌  വിരിച്ചു വെച്ച കസേരയില്‍ അദേഹത്തിന്റെ ചുമലും ചാരി ഇരുന്നു. ഈ കാത്തിരിപ്പ് ഇനി എത്ര നേരം. വല്ലാതെ ക്ഷീണവും ഉണ്ട്. സ്വപ്നം എന്നും എനിക്ക് വേറിടാത്ത കൂട്ടുകാരിയായിരുന്നു, ചെറുതലോടല്‍ പോലെ നിദ്രയുടെ കൂടെ പറന്നെത്തുന്ന വരദാനം.
ഞാനതിന്‍ ചിറകിലേറി പറന്നുയര്‍ന്നു. അകലങ്ങളിലേക്ക് നീലക്കുറിഞ്ഞികള്‍ പൂത്ത താഴ്വാരത്തെക്ക്. കാറ്റിന്റെ ചില്ലയില്‍ ഊഞ്ഞാലാടുന്ന കുറിഞ്ഞി പൂക്കള്‍. അവര്‍ വികാര തരളിതയായ് സല്ലപിക്കുന്നു. പച്ച പുല്ലുകള്‍ കിളിര്‍ത്ത മലയുടെ മാറിലൂടെ കൈകളില്‍ പ്രിയന്റെ  കരം പുണര്‍ന്ന് ഞാന്‍ നടന്നു ഏറെ നേരം.. ചെറുകുളിരുള്ള കാറ്റ് വീശുമ്പോള്‍ അവനെന്നോട് വിവരിച്ചത് പൂത്ത്  നില്‍ക്കുന്ന കുറിഞ്ഞിയുടെ വശ്യതയാര്‍ന്ന ചുണ്ടുകളുടെ ഭംഗിയേ കുറിച്ചായിരുന്നു.
ചക്രവാളത്തിലേക്ക് തൊട്ട്‌ നില്‍ക്കുന്ന മലകള്‍ ചൂണ്ടി അവന്‍ പറഞ്ഞു.
"ദേ.. അങ്ങോട്ട് ആ കുന്നിന്‍ മുകളിലേക്ക് നോക്ക്" 

അവന്‍റെ ചൂണ്ട് വിരല്‍ തുമ്പിലൂടെ കണ്ണുകള്‍ സഞ്ചരിച്ചപ്പോഴേക്കും എന്‍റെ മൌനത്തെ ഉടച്ചെത്തി എന്നില്‍ പതിഞ്ഞ  അവന്‍റെ ചുമ്പനം കവിളുകളില്‍  വാടാ മലരുകള്‍തീര്‍ത്തു.
വീണ്ടും കാഴ്ചകളിലേക്ക് തിരിഞ്ഞ കണ്ണുകള്‍ ചെന്നെത്തിയത് അങ്ങ് ദൂരെ മലഞ്ചെരുവിലിരുന്ന്‍ പാടുന്ന വൃദ്ധനിലേക്ക്.  അരികില്‍ അനുസരണയോടെ ഇരിക്കുന്ന തുടുത്ത കവിളുകള്‍ ഉള്ളൊരു കുഞ്ഞു സുന്ദരികുട്ടി. പിതാവിന്‍റെ വെളിച്ചമില്ലാത്ത  മിഴികള്‍ക്ക് തേരാളിയായവള്‍. എങ്ങെല്ലാമോ മേഞ്ഞു നടന്ന് തിരിച്ചെത്തുമ്പോള്‍ അച്ഛനെ മലഞ്ചെരുവില്‍ ഇരുത്തി അവള്‍ ഓടി വന്ന് കൈകുമ്പിള്‍ നിറയെ പറിച്ചെടുക്കുന്ന നീലകുറിഞ്ഞികള്‍. കണ്ടു നിന്ന എനിക്ക് പറയാതെ വയ്യ.!
"അരുത് കുട്ടീ..അരുത്. അവയെ വേദനിപ്പിക്കാതെ.."
പറഞ്ഞു തീര്‍ന്നില്ല അവള്‍ക്ക് പിന്നാലെ ഓടിയെത്തി മുട്ടിന്മേല്‍ വരേ നിക്കറിട്ട കുഞ്ഞു പയ്യന്‍. അവന്‍  എന്‍റെ നേരേ  കയര്‍ത്ത്  പറഞ്ഞു. അപ്പൊഴാണ റിയുന്നത്, അവര്‍ കളിക്കൂട്ടുകാരാണ്.  കുഞ്ഞു കൈകള്‍ കോര്‍ത്ത്‌ പിടിച്ച് അവരോടി, താഴ്വാരങ്ങളിലേക്ക്.
ഏതോ വേദനയുടെ മുള്ളുകള്‍ തറഞ്ഞ ഹൃദയം പോലെ എന്‍റെ മനസ്സും അവരോടൊപ്പം യാത്രയായി സ്വപ്നത്തില്‍ നിന്നും വീണ്ടും സ്വപ്നത്തിലേക്ക്, എന്‍റെ കുഞ്ഞു ബാല്യത്തിലേക്ക്

അച്ഛന്റെ കഥ കേള്‍ക്കാന്‍ മാഞ്ചോട്ടില്‍ കൂടിയിരിക്കുന്ന കുട്ടികള്‍.
തളിര്‍ത്ത് നില്‍ക്കുന്ന മാവിന്‍ ചുവട്ടില്‍ കാറ്റടിച്ചു താഴെയിടുന്ന തളിരിലകള്‍ പൊറുക്കി കഥ പറഞ്ഞ അച്ഛന് കാശാക്കി എണ്ണി കൊടുക്കുമ്പോള്‍ അച്ഛൻ‍ പറയും ഓട്ടവീണ ഇലക്ക്  വിലയില്ലെന്ന്. പാവം ഓട്ടവീണ ഇലയെ ദൂരേക്ക്  എറിഞ്ഞ് അച്ഛനോട് കരഞ്ഞ്‌ പറഞ്ഞു. "വേണ്ടച്ഛാ... ഓട്ടയുണ്ടാക്കിയത് കിളികളല്ലേ.."
കണ്ണുനീര്‍ തുടച്ച് കൊണ്ട് അച്ഛന്‍ പറഞ്ഞു.
"സാരമില്ല, കരയാതെ എടുത്ത്‌ കൊണ്ടുവാ.."

 അച്ഛന്റെ ഓര്‍മകള്‍ക്കിടയിലൂടെ പാഞ്ഞെത്തി ആ കൊച്ചു സുന്ദരി ചോദിച്ചു
"ചേച്ചി എന്തേ ഇവിടെ.. പൂക്കള്‍ എടുക്കാനാണോ"
ചുണ്ടുകള്‍ മറുപടി പറഞ്ഞില്ല. വിളികള്‍ പുറത്ത് വന്നില്ല. കാത്ത് നില്‍ക്കാതെ കൈകള്‍ നിറയെ നീല കുറിഞ്ഞി പൂക്കളുമായ്‌ അവള്‍ നടന്നകന്നു, മലഞ്ചെരുവിലിരുന്നു പാടുന്ന വൃദ്ധന്‍റെ അരികിലേക്ക്. അപ്പോഴേക്കും  മധുരമായ എന്‍റെ സ്വപനത്തെ കീറി മുറിച്ചു ആ വിളിയുയര്‍ന്നു.
"ദീപ ആദര്‍ശ്"
സ്വപ്നത്തിന്റെ വിട്ടുമാറാത്ത ആലസ്യം പോലെ  പറഞ്ഞു.
"അതെ ഞാനാ.."
അടുത്ത ടോക്കണ്‍ നമ്പര്‍ നിങ്ങളുടെതാണ്.

ആദര്‍ശേട്ടന്‍ എവിടെയാ..
തന്‍റെ കുഞ്ഞു ഉദരത്തിലൊന്ന്‍  തലോടി പറഞ്ഞു
"അമ്മ നീലകുറിഞ്ഞി പൂത്ത താഴ്വാരം വരേ ഒന്ന് യാത്ര പോയതാ.. അപ്പോഴേക്കും അച്ഛന്‍ പോയോ .
"ഇല്ല ഇവിടെയുണ്ട്"
തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍ ആദര്‍ശേട്ടന്‍ ചിരിച്ച്‌ കൊണ്ട് പറഞ്ഞു.
"നീ ഉറങ്ങി അല്ലെ..."
പുഞ്ചിരി കൊണ്ട് മാത്രം മറുപടി പറഞ്ഞു. അപ്പോഴേക്കും രണ്ടാമത്തെ വിളി
"ദീപആദര്‍ശ്  കയറിക്കോളു..."

സ്വപ്നങ്ങളെ വിട്ട് ജീവിതത്തിന്റെ യഥാര്‍ത്യങ്ങള്‍ അറിയാനുള്ള വ്യഗ്രതയിലേക്ക് ആദര്ശേട്ടന്റെ പിന്നാലെ  ഡോക്ടറുടെ റൂമിലേക്ക്‌ കയറി.

Thursday, March 31, 2011

ഒരു രാത്രി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെള്ളിയാഴ്ച ദിവസം. രാത്രി പന്ത്രണ്ടു മണി. ഇഷാ(രാ‍ത്രി നമസ്കാരം) നിസ്കരിച്ച് മനസ്സ് നിറയെ പ്രാര്‍ത്ഥിച്ചു. ശേഷം കിടക്കാനുള്ള ഒരുക്കത്തിലാണ്. അരണ്ട് കത്തുന്ന ബള്‍ബിന്റെ പ്രകാശത്തില്‍ കിടക്കയുടെ അടിയില്‍ വെച്ച ഇക്കയുടെ പുതിയതായി വന്ന കത്ത് പൊട്ടിച്ചു വായിച്ചു. പുറത്ത് കട്ടിയുള്ള ഇരുട്ട്. ഹൈവേ റോഡിലൂടെ ദൂരേക്ക് ചീറി പ്പായുന്ന വാഹനങ്ങളുടെ തിരക്ക്. വാഹനങ്ങളുടെ ശബ്ദമൊഴിച്ചാല്‍ എങ്ങും നിശബ്ദത.

പെട്ടന്നായിരുന്നു പുറത്ത് നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്
ഉടനെ ജാലകം തുറന്നു. താഴെ നിന്ന് ഉമ്മയുടെ പതിയെയുള്ള ഖുര്‍-ആന്‍ പാരായണം കേട്ട്‌ നീട്ടി വിളിച്ചു
“ഉമ്മാ.. .ഉമ്മാ.. ആരോ പുറത്ത് കരയുന്നു”
ഞാന്‍ വീടിന്റെ തട്ടിന് മുകളില്‍ ആയത് കാരണം ഉമ്മ പെട്ടന്നു വിളികേട്ടു. ഉമ്മ വിളികേട്ട ആശ്വാസത്തില്‍ ഞാന്‍ ഞൊടിയില്‍ താഴെ എത്തി.
“ആര് കരയുന്നു എന്നാ നീ പറയുന്നത്....”
“അതെ ഉമ്മാ... റോഡില്‍ നിന്നാണെന്ന് തോന്നുന്നു”
ഉമ്മ വീട്ടു മുറ്റത്തെ ലൈറ്റ്‌ തെളിച്ച് ടോര്‍ച്ചും കയ്യിലെടുത്തു. വീട്ടില്‍ മറ്റുള്ള അംഗങ്ങളും എഴുനേറ്റു. കുറച്ചുപേര്‍ റോഡിലേക്ക് നടന്നു. കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. കരച്ചില്‍ കേട്ടിട്ട് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. ആരാണാവോ........

കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി ഉമ്മ ടോര്‍ച്ച് അടിച്ചു. വെളുത്തു തെളിഞ്ഞ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഇരുട്ടില്‍ നിന്നും ആ മുഖം വെട്ടിതിളങ്ങി. കരഞ്ഞ് വീര്‍ത്ത കണ്ണുകളിലേക്ക് അഴിഞ്ഞ് വീണ മുടിയിഴകള്‍. റോഡിന്റെ അപ്പുറത്തെ പള്ളിയിലേക്ക് കരഞ്ഞു കൊണ്ട് ആ സ്ത്രീ ഓടിക്കയറുന്നു. കരച്ചില്‍ കേട്ട് ചുറ്റുപാടും ഉള്ള ആളുകള്‍ ഓടിയെത്തി. പള്ളിയില്‍ കയറാന്‍ ശ്രമിച്ച അവളെ അകത്തുള്ള മുസ്ലിയാര്‍ തലയില്‍ മുണ്ടില്ലാതെ നീ എങ്ങോട്ടാണ് എന്ന് ഉച്ചത്തില്‍ ദേഷ്യത്തോടെ  വിളിച്ചു. പാവം ഭയന്ന പോലെയുണ്ട്. കണ്ടുനിന്ന ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കാനല്ലാതെ റോഡിനപ്പുറം എങ്ങനെ കടക്കും. അതും പള്ളിയങ്കണം. എന്തായാലും ഒന്നുറച്ചു. അവിടെ നില്‍കാന്‍ മുസ്ലിയാര്‍ സമ്മതിക്കില്ല ഇങ്ങോട്ട് ആട്ടി വിടും. അവസാനം അതുതന്നെ സംഭവിച്ചു. മുസ്ലിയാരുടെ കയ്യിലെ തന്ത്രം ഫലിച്ചു. വലിയ ചൂരല്‍ കയ്യിലെടുത്തത് കണ്ടതും അവള്‍ വാഹനങ്ങളെ പോലും നോക്കാതെ റോഡിനു ഇപ്പുറത്തേക്ക് പാഞ്ഞെത്തി. ഞങ്ങളെ കണ്ട് ഉമ്മയുടെ പിന്നില്‍ ഒളിച്ചിരിക്കും പോലെ പതുങ്ങി. ചുവന്ന ബ്ലൌസും ബ്രൌണ്‍ സാരിയും വേഷം. കണ്ടാല്‍ ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന പ്രായം.

ഉമ്മ അവളുടെ കൈകളില്‍ പിടിച്ചു ചോദിച്ചു.
“നീ ആരാ... ന്താ നിനക്ക് പറ്റിയത്....”
മയത്തിലുള്ള ചോദ്യം കേട്ടാവാം അവളുടെ തേങ്ങലുകള്‍ പതിയെ കുറഞ്ഞു. കരച്ചില്‍ കേട്ട്‌ ഓടിവന്ന ആളുകള്‍ ചുറ്റും കൂടി. എല്ലാവരെയും കണ്ട് വീണ്ടും ഭയക്കുന്ന അവള്‍ ഉമ്മയുടെ സമാധാന വാക്കുകളില്‍ ആശ്വസിച്ചു.

അപ്പോഴാണ്‌ നടുക്കുന്ന ആ സത്യം പുറത്ത് വന്നത്. ദൂരെയുള്ള ബന്ധു വീട്ടിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സ് കയറിയതാണ്. യാത്രയില്‍ അവള്‍ അറിയാതെ ഉറങ്ങിപോയി. അവള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ്‌ വിട്ടതറിയാതെ ഉണര്‍ന്ന അവളെ യാത്രക്കാര്‍ മുഴുവന്‍ ഇറങ്ങിയ ബസ്സിലെ ജീവനക്കാര്‍ ദേഹോപദ്രവം ചെയ്തു. ബസിന്റെ പിന്‍ഭാഗത്തിലൂടെ ഇറങ്ങാന്‍ ശ്രമിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്തപ്പോള്‍ അവളെ ബലാല്‍കാരമായി വാതില്‍ തുറന്നു പുറത്ത് തള്ളി.
തള്ളിവിട്ടത് സിംഹത്തിന്റെ വായിലേക്ക്. അവിടെ ലക്കും ലഗാനുമില്ലാത്ത കുറച്ച് ആളുകള്‍ അവളെ വേണ്ടാതീനം ചെയ്തപ്പോഴാണ് സ്വയം രക്ഷക്കായി അവള്‍ പള്ളിയിലേക്ക് ഓടിയടുത്തത്‌.

കാലത്തിന്റെ വിരക്തമായ മുഖം മുടിക്കുള്ളില്‍ അഴിഞ്ഞാടുന്ന കശ്മലന്മാര്‍ പാവം പെണ്‍ കൊടിമാരുടെ മാനതിനെന്തു വില കല്പിക്കാന്‍. രാത്രി സമയം അതിക്രമിച്ചാല്‍ പെണ്ണേ നിനക്ക് നിന്റെ വീടാണ് ഉത്തമം എന്ന ഉമാന്റെ വാക്കുകള്‍ ഞങ്ങള്‍ വിലക്കെടുത്തു. ശേഷം അവളെ പുലരുവോളം വീട്ടില്‍ താമസിപ്പിച്ചു. പുലര്‍ച്ചെ അവളുടെ ഉദ്ധേശ സ്ഥലത്തേക്ക് അവള്‍ പറന്നകന്നു. എങ്കിലും ഓര്‍മകളില്‍ മായാതെ അവള്‍ ഇന്നും........

Thursday, March 24, 2011

മണിമേടകളിലെ മുഖം മൂടികള്‍

ടെലഫോണിന്റെ നിര്‍ത്താതെയുള്ള തേങ്ങല്‍.
ജാനുവേട്ടത്തിക്ക് മനസ്സമാധാനം കിട്ടുന്നില്ല. സുഹറ, അവള്‍ ഉറക്കത്തിലായിരിക്കും. ഉറങ്ങി കൊതി തീരാത്തൊരു പെണ്ണ്.
"അക്കരെന്നു വിളിക്കുന്ന കെട്ടിയോന്‍മാരുടെ ശബ്ദം കേള്‍ക്കാന്‍ കൊതി കാണില്ലേ ഈ പെണ്ണുങ്ങള്‍ക്ക്" ജാനുവേട്ടത്തി ഒറ്റയ്ക്ക് പറഞ്ഞു.
"മുറ്റം അടിക്കുന്നതിനിടെ തെങ്ങിലെ ഓല വീഴുന്നത് ശ്രദ്ധിക്കണേ അമ്മേ..”
മകനാണ് വിളിച്ചു പറയുന്നത്.
"തെങ്ങ് ചതിക്കില്ലാന്നൊക്കെ പറയാം.., പിന്നെങ്ങനെയാ കോരന്‍ ചത്തത്..”
ജാനുവമ്മയുടെ ചോദ്യം കേട്ട മകന്‍ വെറുതെയൊന്ന് പുഞ്ചിരിച്ചു.
കോരന്‍, ജാനുവമ്മയുടെ അനുജത്തിയുടെ കെട്ടിയോന്‍. തെങ്ങിന്റെ തടം തുറന്ന് തോല് നിറച്ച് മൂടുന്ന ജോലിയായിരുന്നു കോരന്. അപ്രതീക്ഷിതമായി തെങ്ങില്‍ നിന്നും മണ്ടരി ബാധിച്ച് വീണ ഒരു തേങ്ങയായിരുന്നു കോരന്റെ തലയ്ക്കു ക്ഷതമേല്പ്പിച്ചത്. പിന്നീട്....
ഓര്‍മ്മകള്‍ ജാനുവമ്മയുടെ കണ്ണുകള്‍ നിറച്ചു. നരച്ച് തുടങ്ങിയ ഉടുമുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചു.

ജാനുവമ്മയുടെ മകന്‍ അങ്ങാടിയിലെ ചെറിയൊരു ടൈലര്‍ ഷോപ്പ് ഉടമയാണ്. അത് കൊണ്ട് കുടുംബം പുലര്‍ത്തുന്നു. ഇന്ന് നാട്ടിലെ പണക്കാരന്‍ വഹാബ് മുതലാളിയുടെ ഏക മകളുടെ വിവാഹമാണ്. അത് കൊണ്ട് തന്നെ ഷോപ്പില്‍ ഇന്ന് കൊടുക്കേണ്ട ചുരിദാറുകള്‍ വാങ്ങാന്‍ വരുന്നവരുടെ തിരക്കും കൂടുതലാകും. അയാള്‍ പുറപ്പെടാനായി മുറ്റത്തിറങ്ങി. അപ്പോഴാണ്‌ ജാനുവമ്മ മകനെ വീണ്ടും വിളിച്ചത്.
"മോനെ ദിവാകരാ..”
"നീ പോണ വഴി സുഹറാന്റെ ജനാലക്ക് ഒരു തട്ട് കൊടുക്ക്‌. ആ പെണ്ണ് ഇനിയും എണീറ്റില്ലാന്ന് തോന്നുന്നു”
'ഇതെന്തൊരു കെടപ്പാ വെയില്‍ ഉച്ചീല് എത്തിയാലും പെണ്ണുങ്ങള്‍ കിടക്കേല്‍ തന്നേ കെട്ടിയോനും കുട്ട്യോളും ഒന്നും വേണ്ട. അക്കരെ കഷ്ട്ടപെടുന്ന ആണ്ങ്ങളുണ്ടോ ഇതറിയുന്നു’ ഒറ്റക്കുള്ള സംസാരം ജാനുവേട്ടത്തിക്ക് ശീലമായതാ...

ദിവാകരന്‍ സുഹറയുടെ ജാലകത്തിന് തട്ടി വിളിച്ചു.
അടഞ്ഞു കിടന്ന മുന്‍ വാതിലിനരികില്‍ കൊണ്ട് വെച്ച പാല്‍പാത്രം ഉറുമ്പരിച്ച് തുടങ്ങി. ദിവാകരന്‍ ആഞ്ഞ് മുട്ടി വിളിച്ചെങ്കിലും പ്രതികരണം കണ്ടില്ല. കടയില്‍ എത്താന്‍ വൈകുന്നതിലുള്ള പരിഭവം ജാനുവമ്മയോട് പറഞ്ഞ്‌ ദിവാകരന്‍ അങ്ങാടിയിലേക്ക് നടന്നു. അരയോളം മുണ്ട് കയറ്റികുത്തി കുഞ്ഞ് മതില്‍ ചാടിക്കടന്ന് ജാനുവമ്മ സുഹറയുടെ വീട്ടിലെത്തി. ജനലില്‍ തട്ടി വിളിക്കുന്നതിനിടെ അകത്ത് നിന്നും കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് വന്നു അല്‍പം ആശ്വാസം പോലെ ജാനുവമ്മ പറഞ്ഞു.
"ആ കൊച്ചു ഉണര്‍ന്നാലും സുഹറ എഴുനേല്‍ക്കില്ല”

അകത്ത് നിന്നും കേള്‍ക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ നില്‍ക്കാതെ വന്നപ്പോള്‍ ജാനുവേട്ടത്തി മുന്‍വശത്തെ വാതില്‍ക്കലെത്തി. അപ്പോഴും ടെലിഫോണ്‍ നിര്‍ത്താതെ കരഞ്ഞു. വീടിന് ചുറ്റും നടന്ന് സുഹറയെ വിളിക്കുന്ന ജാനുവമ്മയെ കണ്ട് മേലെ പറമ്പിലെ ബഷീര്‍ ഇറങ്ങിവന്നു.
"ന്ത്യെ.. ജാനുവമ്മേ കുട്ടി കരയുന്നുണ്ടല്ലോ സുഹറ അവിടില്ലേ...”
"ല്ല്യ.. ന്‍റെ ബഷീര്‍ മാപ്ലേ.... ഓള് എണീറ്റില്ലെന്നാ തോന്നുന്നെ”

ആ വലിയ വീട്ടില്‍ സുഹറയും ചെറിയ കുഞ്ഞും മാത്രം. ഭര്‍ത്താവ് ഹക്കീം ദുബായിലാണ്. തന്റെ ഭാര്യ സുഖമായി കഴിയണം എന്ന് കരുതി തറവാട്ടില്‍ നിന്നും മാറിതാമസിപ്പിച്ചിട്ട് അധികമായില്ല. സുഹറക്ക് ഒറ്റയ്ക്ക് താമസിക്കുന്നതില്‍ ഭയമില്ല എന്നാണ് ഹക്കീമിനുള്ള മേന്മപറച്ചില്‍.

ഹക്കീം നാട്ടില്‍ വന്നു നില്‍ക്കുന്നത് രണ്ട് മാസങ്ങള്‍ മാത്രം. സുഹറാക്ക് എന്നും പരാതിയാണ്. തന്റെ സുഖ സൌകര്യങ്ങളെല്ലാം അവന്‍ നേടികൊടുക്കുമ്പോഴും സുഹറയുടെ പരാതി രണ്ടുമാസത്തെ ചുരുങ്ങിയ ലീവിനെ കുറിച്ചായിരുന്നു. ജീവിതത്തിന്റെ മധുരമുള്ള നിമിഷങ്ങളേക്കാളും ഒന്നിന് പിറകെ ഓരോന്നായി എത്തി പിടിക്കാനുള്ള വ്യഗ്രതകള്‍. കാശിനോട് ആര്‍ത്തി പൂണ്ട്, തറവാടിന്റെ പെരുമ പറഞ്ഞ്‌ അഹങ്കരിക്കുന്ന ഹക്കീമിനെ കൂട്ടുകാര്‍ വിളിച്ചിരുന്ന പേരുതന്നെ ‘വല്ല്യോന്‍‘ എന്നായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ജാനുവമ്മ ധൃതിയോടെ ചെന്ന് വാതില്‍ പിടിച്ച് കുലുക്കുമ്പോഴാണ് അറിഞ്ഞത്, വാതില്‍ പൂട്ടിയിട്ടില്ലാ. ഭയന്ന്‍ കൊണ്ടാണെങ്കിലും ജാനുവമ്മ വാതില്‍ തുറന്ന്‍ അകത്ത് കയറി. കിടപ്പറയില്‍ കിടന്ന്‍ കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് ജാനുവമ്മ സുഹറയെ തട്ടി വിളിച്ചു.
അവള്‍ ഒന്നും അറിയാതെ ഉറക്കത്തിലാണ്. അഴിഞ്ഞു കിടന്ന അവളുടെ ഉടയാടകള്‍ക്ക് മേലെ പുതപ്പു എടുത്തിട്ട് വീണ്ടും കുലുക്കി വിളിച്ചു. ഉണരുന്നില്ലെന്ന് കണ്ട ജാനുവമ്മ ഭയന്ന് ബഷീറിനെ അകത്തേക്ക് വിളിച്ചു.
"ബഷീര്‍ മാപ്ലേ... ഒന്നിങ്ങ് വരൂ...
സുഹറ ഉണരുന്നില്ലല്ലോ... എന്ത് പറ്റി ഈ പെണ്ണിന്..”

വിളി കേട്ട ബഷീര്‍ ഓടി മുറിയില്‍ കടന്നു.
“സുഹറക്ക് എന്ത് പറ്റി വേഗം ഹോസ്പിറ്റലില്‍ എത്തിക്കാം”
ബഷീറിനെ കണ്ടതും ജാനുവെട്ടത്തി സുഹറയുടെ വസ്ത്രങ്ങള്‍ ഒന്നുകൂടി ഒതിക്കിയിട്ടു. ബഷീര്‍ വീട്ടിലേക്ക് ഓടി അവന്റെ ഉമ്മയെ വിവരം ധരിപ്പിച്ചു. കുന്നിറങ്ങാന്‍ വയ്യാത്ത നബീസുതാത്ത താഴേക്ക്‌ എത്തി നോക്കി. ബഷീറും ജാനുവമ്മയും സുഹറയെ ഹോസ്പിറ്റലില്‍ എത്തിച്ചു. ശേഷം സുഹറയുടെ തറവാട്ടില്‍ ബഷീര്‍ വിവരം വിളിച്ചു പറഞ്ഞു. സുഹറയുടെ കുഞ്ഞ് ജാനുവമ്മയുടെ ചുമലില്‍ തളര്‍ന്നുറങ്ങി. അല്‍പ സമയത്തിനകം സുഹറയുടെ വീട്ടുകാരും എത്തി.
എല്ലാവരും അങ്കലാപ്പിലാണ്.

ഡോക്ടര്‍ പുറത്ത് വന്നു .
"എന്താ സാര്‍ അവള്‍ക്ക് പറ്റിയെ”
ഹക്കീമിന്റെ ജ്യേഷ്ട്ടനായിരുന്നു ചോദിച്ചത്.
“കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും റൂമിലോട്ട് വരൂ”
ഡോക്ടര്‍ക്ക് പിറകിലായി ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ റൂമിലേക്ക് കടന്നു.
“കുട്ടിയുടെ ഭര്‍ത്തവ് എവിടേയാണ് ”
ഡോക്ടറുടെ ചോദ്യങ്ങള്‍ക്കെല്ലാം ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ ഉത്തരം നല്‍കി.
“പേഷ്യന്റിന്റെ ശരീരത്തില്‍ മയക്കു മരുന്നിന്റെ അംശം ഒരുപാട് പടര്‍ന്നിരിക്കുന്നു. പിന്നെ അവള്‍ ശക്തമായ ലൈഗീകതക്ക് ഇരയായിട്ടുണ്ട്. മയക്കു മരുന്നിന്റെ അളവ് കൂടുതലായതിനാല്‍ ഇപ്പോള്‍ ഒന്നും എനിക്ക് പറയാന്‍ പറ്റുന്ന സ്റ്റേജല്ല. നിങ്ങള്‍ ഉടന്‍ തന്നേ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാകും നല്ലത്. ഇവിടുത്തെ ഫെസിലിറ്റീസ് വെച്ച് എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല”
പറഞ്ഞ്‌ തീര്‍ന്ന് ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അവരുടെ കയ്യില്‍ ഏല്‍പ്പിച്ചു.

സുഹറയെ ടൌണിലെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. ജാനുവേട്ടത്തിയും ബഷീറും വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂടെ ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ നടന്നു വന്ന് ബഷീറിന്റെ ചെവിയില്‍ മന്ത്രിച്ചു.
“പുറത്ത് ആരും അറിയണ്ടാ. സുഹറക്ക് അസുഖമാണെന്ന് മാത്രം പറഞ്ഞാല്‍ മതി”
ഇതും പറഞ്ഞു അവന്‍ നടന്നു നീങ്ങി.

തിരക്കിനിടെ തുറന്നിട്ട് പോയ സുഹറയുടെ വീട്ടിലെത്തി വാതില്‍ പൂട്ടുമ്പോള്‍ താഴെ നിലത്ത്‌ നിന്നും നിര്‍ത്താതെ കരയുന്ന മൊബൈല്‍. ജാനുവേട്ടത്തി അതെടുത്ത് ബഷീറിന്റെ കയ്യില്‍ കൊടുത്തു.
“ഹക്കീമായിരിക്കും നീ ഒന്ന് സംസാരിക്ക്”
കുറെ നേരമായി റിങ്ങ് ചെയ്തതിനാലാവാം ആ കോള്‍ കട്ടായി. ആരാണെന്നറിയാന്‍ ബഷീര്‍ അതെടുത്ത് നോക്കി. വിലപിടിപ്പുള്ള മൊബൈലിലില്‍ സ്ക്രീന്‍സേവറില്‍ ഹക്കീമിന്റെ പുഞ്ചിരിക്കുന്ന മുഖം.

മൊബൈല്‍ പരിശോധിച്ച് നോക്കിയ ബഷീര്‍ ജാനുവേട്ടത്തിയോട് പറഞ്ഞു.
ഇത് നാട്ടിലെ നമ്പറാ, ഹക്കീമല്ലാ. ഈ നമ്പറീന്ന് ഇന്നലെ രാത്രി പന്ത്രണ്ടു മണിവരേ ഇതിലേക്ക് വന്ന അനേകം കാളുകള്‍ സുഹറ അറ്റന്റും ചെയ്തിട്ടുണ്ട്.

"എന്താ ബഷീര്‍ മാപ്ലേ സുഹറക്ക് പറ്റീത്..”
ബഷീര്‍ ഒന്നും പറയാതെ തല കീഴോട്ട്‌ പിടിച്ച് നിന്നു.
അപ്പോഴാണ്‌ സുഹറയുടെ മൊബൈല്‍ വീണ്ടും ശബ്ദിച്ചത്. ബഷീര്‍ സ്വിച് ഓണ്‍ ചെയ്ത് ചെവിയില്‍ വെച്ചു
"ഹെലോ മൈ ഡിയര്‍, എണീറ്റില്ലേ. തകര്‍ത്തല്ലോ മോളേ ഇന്നലെ. മൂന്നാലെണ്ണത്തിനെ അല്ലേ സഹിച്ചത്. നീ മിടുക്കിയാ..”
മറുതലക്കല്‍ നിന്നും ഒന്നും കേള്‍ക്കാത്തതിനാല്‍ ആവാം ഫോണ്‍ ഡിസ്കണക്റ്റ് ആയി.
ബഷീറിന്റെ ഹൃദയം പെരുമ്പറ കൊട്ടി.
അവന്‍ ധൈര്യം വിടാതെ പെട്ടന്ന് തന്നെ ഹക്കീമിന്റെ ജ്യേഷ്ട്ടനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.

സുഹറയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹക്കീമിന്റെ ഉമ്മയുടെ കൈകളില്‍ കിടന്ന് കരയുന്ന കുഞ്ഞിനെ നോക്കി മറ്റുള്ളവര്‍ സഹതപിച്ചു. സുഹറയുടെ നിശ്ചലമായ ശരീരം വീട്ടിലെത്തിക്കുമ്പോള്‍ വീണ്ടും ബഷീറിന്റെ കയ്യിലുള്ള അവളുടെ മൊബൈല്‍ തേങ്ങി കൊണ്ടിരുന്നു. മാദക ലഹരി പടര്‍ത്തുന്ന അവളുടെ ശരീരം നിശ്ചലമായാത് കാമവെറിയന്‍മാര്‍ അറിഞ്ഞില്ലെന്ന് മൊബൈല്‍ഫോണ്‍ പറഞ്ഞ് കൊണ്ടിരുന്നു.
മരണ വീട്ടിലെ ആളുകളുടെ ബഹളത്തിനിടയിലും ജാനുവമ്മ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്തിനാണ് ഇത്രൊക്കേ പൌറും പത്രാസും. പോരാഞ്ഞ്‌ ദുബായി പണം ഒഴുകുമ്പോ മൊബൈലും വീടും ഒരുക്കി ഒറ്റക്കാക്കി പാര്‍പ്പിക്കുമ്പോ കെട്ട്യോന്‍മാരും ഓര്‍ക്കണം. വയസ്സിന് മൂത്ത ആരേലും പോരേല് ല്ല്യഞ്ഞാല്‍ ഇങ്ങനൊക്കെ വരും. പ്പൊ കെട്ട്യാ.. കുട്ടി. കുട്ടി ആയാലോ പൊര.
പിന്നെ പറയണോ എന്തൊക്കെ കാണണം ന്‍റെ ദൈവങ്ങളെ...”

Thursday, March 17, 2011

വേര്‍പാട്


അന്നൊരു പുലരിയില്‍,
വേദനകള്‍ തളം കെട്ടി നിന്ന
മൂകത വിഴുങ്ങിയ അന്തരീക്ഷം.
മരണമെന്ന നഗ്ന സത്യം പുല്‍കി നീ
കൂട്ടായി ഞാനില്ലിരിക്കാനെങ്കിലും...
നിന്‍ നിഴല്‍ കൂടെ നിലത്തിരുന്നു.
ഹര്‍ഷ ബാഷ്പങ്ങള്‍ കീഴടക്കിയെത്രയോ മിഴികള്‍
അന്ന് നിന്‍ മുഖദര്‍ശനം കൊതിപ്പൂ
നിസ്സഹായതയുടെ കിരീടമണിയിച്ച്
എന്റെ മോഹങ്ങളും ആവശ്യങ്ങളും നിന്നൊപ്പം മണ്ണില്‍ ഒളിഞ്ഞു പോയ്‌.
കാലം അതിന്‍റെ വിറങ്ങലിച്ച കൈകളാല്‍
എന്നില്‍ കുത്തിയിറക്കുന്ന കോമ്പല്ലുകള്‍,
വേദനയുടെ...
ഒറ്റപെടലിന്റെ...
നിസ്സഹായതയുടെ...
നീയോ ഒന്നുമറിയാതെ ചുടലയിലൊരു സുഖ നിദ്ര.
ഓര്‍മ്മതന്‍ പുസ്തക താളുകള്‍ മറിയുമ്പോള്‍
എന്റെ ഉയര്‍ച്ചകള്‍ കണ്ട് നിന്ന് നീ
അഭിമാനത്തോടെ ചൊല്ലി ഇവളെന്‍ രക്ത ബിന്ദുവെന്ന്.
അന്ന് തന്നൊരാ നിന്‍ വിയര്‍പ്പിന്‍ഫലം
ഇന്നെന്റെ ജീവിതം സമ്പുര്‍ണ്ണമായ്.
എങ്കിലും...,
എന്‍ ഹൃത്തടത്തില്‍ പൊട്ടുന്നു നിന്നോര്‍മ്മകള്‍
ചില്ല് ഗോളങ്ങള്‍ പോലെ...
കാല ചക്രമെന്നില്‍ തീര്‍ത്ത മാറ്റങ്ങളില്‍
ആര്‍ത്തിയോടെ കഴുകന്‍ കണ്ണുകള്‍
എനിക്ക് ചുറ്റും.
നീ പഠിപ്പിച്ച പാഠങ്ങളുണ്ടെന്‍ ഹൃത്തില്‍
എങ്കിലും...
ദുഷ്‌കരമാണീ പാതയ്ക്ക് മുള്ളുവേലികള്‍ പണിയാന്‍
ഭയാനകമാണീ കാലത്തിന്‍ വീഥികള്‍ താണ്ടുവാന്‍..
ഓര്‍മ്മകള്‍ സമ്മാനിക്കും വേദനകള്‍
തീരില്ലൊരിക്കലു മെന്നറിയാമെങ്കിലും
എന്‍ മനോ മുകുരങ്ങളില്‍ തെളിയുന്നു
എന്നും നീ പൂര്‍ണ്ണ ചന്ദ്രനെ പോല്‍...
നീയുണ്ടെന്‍ കൂടെ എന്ന് സ്വയം ആശ്വസിച്ചു ഞാനും
നീ കാണിച്ചോരാ
വീഥികള്‍ കീഴടക്കുന്നു..
പതിയെ, പതിയെ...

Friday, March 11, 2011

ചെമ്പകപ്പൂക്കള്‍

നേരം പുലരുന്നതെ ഉള്ളൂ..
കൂട്ടില്‍ നിന്നും പുറത്തേക്ക് ചാടാന്‍ വെമ്പുന്ന കോഴിക്കുഞ്ഞുങ്ങള്‍. അമ്മയുടെ അകിടിലേക്ക് കെട്ടഴിച്ചു വിടാത്ത അമ്മിണി പശുവിന്റെ കരച്ചില്‍.
കൊത്തി ചെറുതാക്കിയ വിറകു കൊള്ളി അടുപ്പില്‍ തിരുകി. തണുപ്പുകാരണം കത്തിപ്പിടിക്കാന്‍ അല്പം പാടുപെട്ടു. അമ്മ എഴുന്നേറ്റ്‌ വരുമ്പോഴേക്കും ചായ ഉണ്ടാക്കണം. അതിന് മുമ്പേ പശുവിനെ കറക്കണം. ചെരിച്ചു കെട്ടിയ ഇറയില്‍ തിരുകി വെച്ച കുഞ്ഞു കണ്ണാടിയെടുത്ത് മുഖത്തിനു നേരെ നീട്ടി. മുടി ചീകിയൊതുക്കി മുറ്റത്തെ ചെമ്പകത്തിന്‍ ചുവട്ടിലെത്തി. കാക്ക നേരത്തേ തന്നേ വിരുന്ന് വിളിക്കുന്നുണ്ട്.

പൂത്തു നില്‍ക്കുന്ന ചെമ്പകത്തിന്റെ സുഗന്ധം സിരകളില്‍ പടരുന്നു. ഇവള്‍ക്കെന്റെ ആരുഷിയുടെ പ്രായമാ. അമ്മ അവളെ പ്രസവിച്ച അന്ന് കിഴക്കേതിലെ റസിയതാത്തയാണ് ചെമ്പക തൈ തന്നത്. കുഴി കുത്തി തന്ന് റസിയതാത്ത പറഞ്ഞു
“നിന്റെ കൈകൊണ്ട് അതങ്ങ് നട്ടാള് മോളെ”
ആരുഷിയുടെ ജനന ദിവസമാണ് ചെമ്പകവും ഞങ്ങളില്‍ ഒരാളായി മാറിയത്.
വിരുന്നു വിളിച്ച കാക്ക കൊത്തി താഴെയിട്ട ഒരു ചെമ്പക പൂവിന്റെ ഇതള്‍ കയ്യിലെടുത്തു വാസനിച്ചു. എന്റെ ആരുഷി ഉണ്ടായിരുന്നെങ്കില്‍ ഈ ചെമ്പകത്തെ പോലെ കൌമാരത്തിന്റെ സുഗന്ധം പരത്തുന്ന പ്രായമായിക്കാണും. തോട്ടിക്കമ്പെടുത്ത് ചെമ്പക മരത്തിന് നോവാതെ ഒരു പൂവ് പൊട്ടിച്ചെടുത്ത് മുടിയില്‍ തിരുകി.

മാവേലി സ്റ്റോര്‍ വരെ പോകാന്‍ അമ്മ പറഞ്ഞതാ.. സമയത്തിനു ചെന്നില്ലെങ്കില്‍ സാധനങ്ങള്‍ കാണില്ല. ചായ കഴിഞ്ഞു. അമ്മയുടെ കണ്ണുകള്‍ ഉമ്മറത്തെ ചെമ്പകമരത്തിലേക്ക് നീളുന്നു. വിരുന്നു വിളിക്കുന്ന കാക്കയെ നോക്കി ദേഷ്യത്തോടെ അമ്മ പറഞ്ഞു.
“വിരുന്നുകാരാ‍യി ആരാ ഈ കൂരയില്‍ വന്നു കേറാന്‍, ഞാനും ന്റെ കുട്ട്യോളും അല്ലാണ്ട്”
ചരല്‍ വാരി കാക്കക്ക് നേരെ എറിഞ്ഞതും ദിശയറിയാതെ അത് പറന്നകന്നു.
അമ്മയോട് യാത്ര പറഞ്ഞു നടന്നു.

സ്റ്റോറിലെത്തി സാധനങ്ങള്‍ ഓരോന്നായി വാങ്ങിച്ച് വീട്ടിലേക്ക് മടങ്ങാന്‍ തിരിച്ച് ബസ്‌സ്റ്റാന്‍റിലെത്തി. എങ്ങോട്ടൊക്കെയോ ധൃതിയില്‍ എത്തിപ്പെടാന്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍. അല്പം കഴിഞ്ഞ് എത്തിയ തിരക്കില്ലാത്ത മിനി ബസ്സില്‍ കയറി. അപരിചിതരുടെ ഇടയില്‍ കിട്ടിയ സീറ്റിലേക്ക് ഇരുന്നു. കൂടെ ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി. പാവക്കുഞ്ഞുങ്ങളുടെ മുഖം പോലെ വെളുത്തു തുടുത്ത മുഖം. കൈവിരലുകളിലെ ശ്രദ്ധയോടെ മുറിച്ചു പാകപ്പെടുത്തി ചായം തേച്ച ഭംഗിയുള്ള നഖങ്ങള്‍. അടുത്തിരിക്കുന്ന തന്നോട് കണ്ട ഭാവം നടിക്കാതെയുള്ള അവളുടെ ഇരിപ്പ്. ഇടക്കിടക്ക് മൊബൈല്‍ റിംഗ് ചെയ്യുന്നു ആരോടൊക്കെയോ മരിച്ച ഒരാളെ കുറിച്ച് സങ്കടം പറയുന്നു. ഞാന്‍ ഒന്ന് കൂടി അടുത്തേക്കിരുന്നു. ഇവളെ കാണാന്‍ ന്റെ ആരുഷിയെ പോലെ ഉണ്ട്. ഞാന്‍ ശ്രദ്ധിക്കുന്നത് കൊണ്ടാവാം ദേഷ്യം പിടിച്ച പോലെ അവള്‍ ഒന്ന് ഉറപ്പിച്ചിരുന്നു. കോലിച്ച ശരീരവും ഭംഗിയില്ലാത്ത മുഖവും ഉള്ള എന്നെ ആര്‍ക്കാ ഇഷ്ട്ടാവുക. എന്റെ ദാമുവേട്ടനും അത് തന്നെയാ പറയുക.
“എന്താ നിന്റെ കോലം, കൂവാന്‍ നില്‍ക്കുന്ന കോഴികളെപ്പോലെ”
ദാമുവേട്ടനും എന്നെ സഹിക്കുകയാവും. മനസ്സില്‍ ചിന്തകളുടെ വന്മരം ചില്ലകളുയര്‍ത്തി ഇളം കാറ്റ് പോലെ ഓര്‍മയിലേക്ക് അരിച്ചു വന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വൈകുന്നേരം.
ശിങ്കാരി മേളത്തിന്റെ ശബ്ദം കാതുകള്‍ക്ക് ഇമ്പമേകുന്നു. പറമ്പ് നിറയെ കച്ചവടക്കാര്‍. കരിവള, കണ്മഷി, ചാന്തുപൊട്ട്, മധുര വാണിഭക്കാരുടെ കോലാഹലങ്ങള്‍. പലവിധത്തിലുള്ള കച്ചവടങ്ങള്‍. കെട്ടിയുണ്ടാക്കി അലങ്കരിച്ച കാളക്കൊമ്പനേയുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂന്നുനാല് സ്ഥലങ്ങളില്‍ നിന്നും വന്നു ചേരുന്ന വരവുകള്‍.
ആരുഷി, അവളെന്‍റെ കൈകളില്‍ തൂങ്ങി തുള്ളിക്കളിച്ചു. കൂട്ടുകാരികളെല്ലാം വന്നു കുപ്പി വളകളണിഞ്ഞു മടങ്ങുന്നത് കണ്ട് കരഞ്ഞപ്പോളാണ് അമ്പലപ്പറമ്പിലെക്ക് പോരാന്‍ അമ്മ സമ്മതിച്ചത്. വാളെടുത്ത് ഉറഞ്ഞു തുള്ളുന്ന കോമരത്തിന്റെ കാഴ്ച കണ്ട്‌ ആരുഷി ശക്തിയായി കരഞ്ഞു. ആള്‍ത്തിരക്കിനിടയില്‍ അവളെ കരച്ചില്‍ നിര്‍ത്താന്‍ പാടുപെടുന്നത് കണ്ട് കൂട്ടത്തിലൊരാള്‍ അവളെ കയ്യിലെടുത്ത് തൊട്ടടുത്ത മതിലില്‍ ഇരുത്തി. അവിടെ ഇരുന്ന് അവള്‍ കാഴ്ചകള്‍ നോക്കി കണ്ടു. ദേവീ വിഗ്രഹത്തെ ഒരു നോക്ക് കാണാന്‍ തിങ്ങിക്കൂടിയ ജനം ഒരേ സ്വരത്തില്‍ വിളിച്ചു
"ദേവീ മഹാ മായേ.."

താലപ്പൊലിക്ക് പിറകെ തലയെടുപ്പോടെ എത്തിയ കാവുമ്പാടത്തെ അപ്പുവേട്ടന്റെ ആന ശങ്കരന്‍. നെറ്റിപ്പട്ടവും ആന ചമയങ്ങളുമായി അവനെ കാണാന്‍ നല്ല ചന്തം. കാഴ്ചകള്‍ ആരുഷി കാണുന്നുണ്ടോ എന്നറിയാന്‍ തിരിഞ്ഞു നോക്കി. ഇല്ല അവിടെ എന്റെ ആരുഷിയെ കണ്ടില്ല. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കണ്ണോടിച്ചു. കാണുന്നില്ലാ. ഹൃദയം പിടഞ്ഞു. കരഞ്ഞുകൊണ്ട്‌ അമ്പലപ്പറമ്പിലൂടെ അവളെ തിരഞ്ഞ് ഓടി നടന്നു. കാണാതെ വന്നപ്പോ സഹായത്തിനായി അല്പം പ്രായം ചെന്ന അമ്പലക്കാരനോട് കാര്യം ധരിപ്പിച്ചു.
സ്പീക്കറിലൂടെ അനൌണ്ട്സ് വന്നു. എല്ലാവരും കുട്ടിയെ തിരഞ്ഞെങ്കിലും എനിക്കെന്റെ ആരുഷിയെ മാത്രം ലഭിച്ചില്ല. ദേവീ നടയില്‍ അര്‍പ്പിച്ച കണ്ണുനീര്‍ തുള്ളികള്‍ക്ക് ഫലമുണ്ടായില്ല. തളര്‍ന്ന് വീണ എന്നെ ആരൊക്കെയോ താങ്ങി വീട്ടിലെത്തിച്ചു. അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ പിന്നീട് ഇന്ന് വരെ നനവ്‌ മാറീട്ടില്ല. രണ്ടു കൈകുഞ്ഞുങ്ങളെയും കൊടുത്ത് അച്ഛന്‍ യാത്രയാകുമ്പോള്‍ എന്നേയും ആരുഷിയെയും വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ട്ടപെട്ടു. ആരുഷിയുടെ നഷ്ട്ടം അമ്മയിലും വീട്ടിലും മാറ്റങ്ങള്‍ സൃഷ്ട്ടിച്ചു. അവളുടെ പൊട്ടിച്ചിരികളും തമാശകളും ഇല്ലാത്ത ദിനങ്ങള്‍ കടന്നു നീങ്ങി. എന്നെങ്കിലും പടിവാതിലില്‍ വന്നെത്തുന്ന ആരുഷിയെ അമ്മയും ഞാനും പ്രതീക്ഷിച്ചു.
വര്‍ഷങ്ങള്‍ നീങ്ങി.. വിവാഹ പ്രായം കഴിഞ്ഞിട്ടും കെട്ടിനെനിക്ക് താല്‍പര്യം തോന്നിയില്ലാ. ആരുഷിയും ഞാനും കൂടിച്ചേരുമെന്ന് മനസ്സ് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അവള്‍ അമ്മയെ പോലെ സുന്ദരിയായിരുന്നു. കറുത്ത് മെലിഞ്ഞ എനിക്കും അവസാനം ഒരു വിവാഹ ആലോചന വന്നു.

ആരുഷിയെ കുറിച്ച് ദാമുവേട്ടനോടു സംസാരിക്കാത്ത ദിനങ്ങള്‍ ഉണ്ടായിട്ടില്ല. പറയുമ്പോഴെല്ലാം ദാമുവേട്ടന്‍ വഴക്ക് പറയും
“നീ ഓരോന്നും ആലോചിച്ച് ചാവാലി പശുക്കളെ പോലെയായി”
ശരിയാ ഇപ്പോ ഞാന്‍ ചാവാലി പശുവിനെ പോലെ തന്നെയാ. ശരീരം നന്നാക്കണം ദാമുവേട്ടന്റെ കണ്ണുകള്‍ക്ക്‌ എന്നെ കാണുമ്പോള്‍ സന്തോഷം ഉണ്ടാകണം.

ഓര്‍മകള്‍ക്ക് തിരശ്ശീല വീഴ്ത്തി അടുത്തിരുന്ന സുന്ദരിയുടെ മൊബൈല്‍ വീണ്ടും റിംഗ് ചെയതു. അവളതെടുത്ത് സംസാരിക്കാന്‍ തുടങ്ങി.
"ഞാന്‍ പോയികൊണ്ടിരിക്കാ. ഇനി എന്നെ ആര് നോക്കാന്‍. അദേഹത്തിന് ഞാനും എനിക്ക് അദ്ദേഹവും ആയിരുന്നല്ലോ. അദ്ദേഹം പറഞ്ഞുതന്നതനുസരിച്ച് ഞാന്‍ വീട്ടിലേക്ക് പോകുകയാ. അവര്‍ എന്നെ സ്വീകരിക്കാതിരിക്കില്ല.."
ഇതിനിടയില്‍ ക്ലീനര്‍ വിളിച്ചു പറഞ്ഞു
“കാവുംപടി, കാവുംപടിക്കുള്ളവര്‍ ഇറങ്ങിക്കോളൂ”
ഇത് കേട്ട് അവള്‍ ഫോണില്‍ പറഞ്ഞു
“അനീഷേ..എന്റെ സ്ഥലം എത്തി ഇനി പിന്നെ വിളിക്കാം”
അവള്‍ ബാഗും തൂക്കി ബസ്സില്‍ നിന്നിറങ്ങി. പിന്നിലായി ഞാനും. മൊയ്തീന്‍ക്കാന്റെ ചായക്കടയില്‍ കയറി അവള്‍ ചോദിക്കുന്നത് കേട്ടു.
“ആശാരി നാണുന്റെ വീട് എവിടെയാ”
അവളുടെ ചോദ്യം കേട്ട് അത്ഭുതത്തോടെ നോക്കി. അച്ഛന്റെ പേര് ചോദിച്ച് വരാന്‍ ഈ കുട്ടി ആരാണാവോ..?
ചിന്തകള്‍ വീണ്ടും ശക്തിയാര്‍ജിച്ചു.. മനസ്സ് വല്ലാത്ത അങ്കലാപ്പിലായി
“ദാ.. ആ വരുന്നത് ആശാരി നാണുന്റെ മകളാ. അവളുടെ കൂടെ പോയിക്കോളൂ”
മൊയ്തീന്‍ക്കാന്റെ വാക്കുകള്‍ കേട്ട് വീണ്ടും തിരിഞ്ഞു

ചായക്കടയിലെ വെടി പറഞ്ഞിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ അവളെ കണ്ട് കണ്ണിറുക്കി. അതൊന്നും കണ്ട ഭാവം നടിക്കാതെ അവള്‍ നടന്നു. അവളെ നോക്കി പതിയെ വിളിച്ചു
“ആച്ചുട്ടീ.., നീയെന്റെ പഴയ ആരുഷിയാണോ മോളെ. നിന്റെ രൂപവും ഭാവവും എന്നെ അങ്ങിനെ തോന്നിപ്പിക്കുന്നു”
രക്തം രക്തത്തെ തൊടുന്ന ഒരു തരം അരിപ്പ് അവളില്‍ പടര്‍ന്നു. എന്റെ മുഖത്ത് നോക്കി പുഞ്ചിരിയോടെ അവള്‍ പറഞ്ഞു
“അതെ, അമ്പലപ്പറമ്പില്‍ നിന്ന് കാണാതായ ചേച്ചിയുടെ ആരുഷി തന്നെ”
“ദൈവമേ ഞാനിതെങ്ങനെ വിശ്വസിക്കും”
“അതെ ചേച്ചീ, അന്ന് ചേച്ചിയെന്നെ ഏല്‍പ്പിച്ചത് സുരക്ഷിതമായ കൈകളില്‍ തന്നെ. അദ്ദേഹം എന്നെ കൊണ്ട് കടന്നുകളഞ്ഞെങ്കിലും നല്ലനിലയില്‍ വളര്‍ത്തി പഠിപ്പിച്ചു. ഇന്നലെ എന്നെ തനിച്ചാക്കി അദ്ദേഹം പോയി മരണമെന്ന സത്യത്തിലേക്ക്. എനിക്ക് ജീവിക്കാനുള്ളതെല്ലാം ഒരുക്കി വെച്ചാണ് പാവം മനുഷ്യന്‍ പോയത്. വയ്യാത്ത അവസ്ഥയിലാണ് അദ്ദേഹം എന്നോടു കഥകളെല്ലാം പറഞ്ഞത്. മരിക്കും വരെ എന്നെ നിങ്ങളില്‍ നിന്നും തട്ടിയെടുത്ത വേദന അദേഹത്തെ വേട്ടയാടിയിട്ടുണ്ടാവാം”

എല്ലാം പറഞ്ഞ് തീര്‍ന്ന് വീട്ടു പടിക്കലെത്തുമ്പോള്‍ മുറ്റത്തു വീണ് കിടക്കുന്ന ചെമ്പകപ്പൂക്കള്‍ പെറുക്കി കയ്യിലൊതുക്കുന്ന അമ്മ അതിശയത്തോടെ നോക്കി. കൈകള്‍ കോര്‍ത്തു പിടിച്ചു അവളെയും കൊണ്ട് അമ്മക്ക് അരികിലെത്തി പറഞ്ഞു.
"ഇതാ, അന്ന് ഞാന്‍ അമ്പലപ്പറമ്പില്‍ കൊണ്ട് കളഞ്ഞ അമ്മയുടെ ആരുഷി”
വിശ്വസിക്കാന്‍ പാട്പെടുന്ന അമ്മയോട് വിവരങ്ങള്‍ ഓരോന്നായി ധരിപ്പിച്ചു. അമ്മയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.
ആകാശവും ഭൂമിയും ആ കാഴ്ച കണ്ടു നിന്നു.

Sunday, March 06, 2011

ചിറകൊടിഞ്ഞ കിനാവുകള്‍

മഴ നനഞ്ഞ പ്രകൃതിയുടെ നനുത്ത മുഖം. തണുപ്പുള്ള ഇളം കാറ്റ് വീശുന്നു.
എന്റെ മനസ്സ് ഇപ്പോഴും സങ്കടങ്ങളുടെ നീര്‍ കടലില്‍ മുങ്ങി താഴുകയാണ്.

“എന്നെ തനിച്ചാക്കി എവിടെക്കാണ്‌ നീ പോകാന്‍ ഒരുങ്ങുന്നത്. എന്റെ ചോദ്യം നിനക്ക് നൊന്തുവല്ലേ. എനിക്കുറപ്പാണ്, എങ്കിലും ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല.
അവസാനം ഉത്തരത്തോടൊപ്പമുള്ള നിന്റെ പുഞ്ചിരിയില്‍ അറിയാം നിന്റെ സന്തോഷത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന്.
ഇനിയും കൂടുതലുള്ള സന്തോഷം കേള്‍ക്കാന്‍ എനിക്ക് മനസ്സില്ല. എന്നോട് പറയണ്ടാ.. നീ പോയിട്ട് വാ.. ”
ഫോണ്‍കട്ട് ചെയ്തു.
ഈര്‍ഷ്യത്തോടെ ബെഡില്‍ കമഴ്‌ന്നു കിടന്നു. ലാപ്‌ടോപ്പ് അല്പം അടുത്തേക്ക് നീക്കി വെച്ച് സ്ക്രീനില്‍ തെളിഞ്ഞ അവന്റെ ഫോട്ടോയിലേക്കു നോക്കി മനസ്സ് കൊണ്ട് പറഞ്ഞു.
“നീ വല്ലാതെ ക്ഷീണിച്ചു. നിന്റെ ഇരുണ്ടു പോയ കണ്‍തടങ്ങള്‍ കാണുമ്പോള്‍ എന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ട്‌. നീ എന്തിനാണ് അവളുടെ കൂടെ പോകുന്നത്. നിനക്ക് അവളോടുള്ള ഇഷ്ട്ടം കൊണ്ടാണോ..?
അതെനിക്ക് ചോദിക്കാന്‍ അവകാശമില്ല.. ഞാനും അവളും നിനക്ക് ഒരു പോലെ..എങ്കിലും ചില നിമിഷങ്ങളില്‍ ഞാന്‍ അതെല്ലാം മറന്നു പോകും. എന്റെ ബാല്യത്തിന്റെ നഷ്ട്ടങ്ങളില്‍ ഒന്നായിരുന്നു എന്റെ ബാബുസാര്‍ നിന്നെ പോലെയായിരുന്നു അവന്റെ രൂപം അത് കൊണ്ടാകാം ഒരു പക്ഷെ ഞാന്‍ നിന്നില്‍ ഇത്രക്ക് സൌന്ദര്യം കാണുന്നത്. അത് നിനക്കും അറിയാവുന്നതല്ലേ.
അല്ലെങ്കിലും എന്റെ മോഹങ്ങള്‍ ബോണ്‍സായി മരങ്ങള്‍ പോലെയാണ്. അവയെ വളരാന്‍ വിശാലത കൊടുക്കാതെ മുരടിപ്പിച്ച് താഴേക്ക്‌ വീഴ്ത്താറാണ് പതിവ്. ഇന്നവ എന്തുകൊണ്ടെന്ന് അറിയില്ല മേലോട്ട് വളരാന്‍ വെമ്പുന്നപോലെ..”

മനസ്സില്‍ ഉരുത്തിരിയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ പാടുപെടുന്നത് കണ്ടിട്ടാകണം മകളുടെ ഉപദേശം.
"അമ്മയെന്തിനാ ആലോചിച്ച് തല പുണ്ണാക്കുന്നത്. അവന്‍ അമ്മയുടെ ആരാ..? വെറും ഫ്രെണ്ട് പിന്നെ എന്തിനീ പരവേശം.. ”
ചോദ്യം ഗുണ പാഠമുളളതാണ്‌ എന്നറിഞ്ഞിട്ടും മകളോട് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.

മറുപടി ഇല്ലാത്ത ചോദ്യമായിട്ടും വീണ്ടും ചിന്ത അവനിലെക്ക് തന്നെ.
ഇന്നലെയാണ് അവന്‍ അവളോടോപ്പമുള്ള യാത്രയെ കുറിച്ച് വിളിച്ചു പറഞ്ഞത്.
“ഞങ്ങള്‍ നാളെ ചെറായി ബീച്ചിലേക്ക് പുറപ്പെടുന്നു.. കുടെ അവളും കാണും. വിദേശത്ത് നിന്നും വന്നതല്ലേ.. പുറം ലോകം കാണാതെ ഇരുന്ന ദിനങ്ങള്‍ക്ക്‌ വിരാമമിട്ട സന്തോഷത്തില്‍ ബീചില്ലേക്കുള്ള ഒരുക്കത്തിലാണവള്”
എല്ലാം കേട്ടു നിന്ന് സന്തോഷമെന്നോണം ചിരിച്ചെങ്കിലും മനസ്സിന് സമാധാനം കിട്ടിയില്ല. ചിലപ്പോള്‍ ഈ മനസ്സ് വല്ലാത്തൊരു വികൃതിയാണല്ലോ.. അറ്റമില്ലാത്ത സ്വപ്നങ്ങളുടെ ചക്ക്രവാളങ്ങളില്‍ മേഞ്ഞ് അവസാനം ആശകളുടെയും ആഗ്രഹങ്ങളുടെയും തേരിലേറും. പിന്നീട് ചിറകൊടിഞ്ഞ് പറക്കാന്‍ കഴിയാതെ നിശബ്ദമായി തേങ്ങും.

അല്‍പസമയം പിടികിട്ടാപുള്ളിയെ പോലെ ഒളിച്ചു നിന്ന എന്റെ മനസ്സ് യാത്രയായി. ചെന്നെത്തിയത് അങ്ങ് ദൂരെ അവനും അവളും സന്തോഷം പങ്കിടാന്‍ പോകുന്ന ചെറായി ബീച്ചിലേക്ക്. മണല്‍ തരികള്‍ കൈകുമ്പിളില്‍ നിറച്ചു ചിതറിയടിച്ച്‌ മടങ്ങുന്ന കുഞ്ഞു തിരകള്‍ നോക്കി നില്‍ക്കുന്ന കാഴ്ചക്കാര്‍. വെയില്‍ യാത്രക്കൊരുങ്ങി നില്‍ക്കുന്നു. അംമ്പരത്തില്‍ ചിതറി കിടക്കുന്ന മേഘങ്ങള്‍ക്ക് എന്റെ കണ്ണുകളിലെ പോലെ വിഷാദ ഭാവം.
ബീച്ചിന്റെ മനോഹാരിതയില്‍ ലയിച്ച് ഓലക്കുടക്ക് കീഴെ ഇരിക്കുമ്പോഴും അവന്റെ കണ്ണുകള്‍ അകലെ അല്‍പ വസ്ത്ര ധാരിണിയായി കുളിക്കുന്ന അവളിലേക്ക്‌ നീളുന്നത് കണ്ട് പകല്‍ സ്വപ്നത്തിലെ ദുഖപുത്രിയായ എന്റെ മനസ്സ് വേദനയോടെ ചോദിച്ചു.
“കൊതി പൂണ്ടിട്ടാണോ നിന്റെ നോട്ടം. ക്ഷമാശീലം വേണ്ടുവോളം നിനക്കുണ്ടല്ലോ..? പിന്നെങ്ങനെ അവളെ നിന്റെ മനസ്സ് അംഗീകരിച്ചു”

സ്വപ്നങ്ങളെ മുറിച്ചു മൊബൈല്‍ ശബ്ദിച്ചു.
ഇപ്പോഴാണ് നീയെന്നെ ഓര്‍മിച്ചതല്ലേ.
ഞാന്‍ കാള്‍ സ്വിച് ഒഫാക്കി. വെറുതെയല്ല. കാരണവും ഉണ്ട്.
“നിന്റെ സന്തോഷം നിനക്ക് മാത്രമല്ലേ. അത് പങ്കു വെക്കാനുള്ളതല്ല. നിനക്കല്ലേ നിന്റെ സ്വപ്‌നങ്ങള്‍ വലുത്. ചിലപ്പോള്‍ അവ ഞാന്‍ കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ നനവ്‌ പടര്‍ത്തും. കാരമുള്ളുകള്‍ തറക്കും പോലെ ഹൃദയം വേദനിപ്പിക്കും. എന്തിനാണ് എന്നെനിക്കും അറിയില്ല. അതാകും ഒരു പക്ഷെ ബാല്യം സമ്മാനിച്ച നഷ്ട്ടത്തിന്റെ വേദനയുടെ ആഴം.
എല്ലാം നിനക്കറിയാമായിരുന്നു. എന്നിട്ടും ഇന്നുവരെ ഒന്നും നീ എന്നോട് ചോദിച്ചില്ല.”
ഓര്‍മകളുടെ പിന്നിലൊളിച്ച കാര്യങ്ങളെ ചികഞ്ഞെടുക്കാതെ സ്വപ്നത്തിലേക്ക് തന്നെ മനസ്സിനെ യാത്രയാക്കി.

പരിചയമുളള ആ മുഖം ഓര്‍ത്തെടുക്കാന്‍ സമയം വേണ്ടിവന്നില്ല. കണ്ണുകളില്‍ കുളി കഴിഞ്ഞു കയറിയ അവളുടെ മുഖം തെളിഞ്ഞു.
അനാമിക.
അവളെ വിവാഹം കഴിഞ്ഞതാണല്ലോ. അടുത്താണല്ലോ അവര്‍ വിദേശം വിട്ട് നാട്ടിലെത്തിയത് . എത്തിയ ദിവസം തന്നെ നിന്നെ അവള്‍ വിളിച്ചിരുന്നെന്ന് നീ പറഞ്ഞു. നിന്നെ കാണാനുള്ള കൊതി അവളിലും കാണും. അവളും ഒരു പക്ഷെ നിന്നില്‍ എന്തെങ്കിലും സന്തോഷം കാണുന്നുണ്ടാകും. ഞാനെന്റെ ബാബു സാറിനെ നിന്നിലൂടെ കാണുന്നപോലെ...

പകല്‍ കിനാവിലെ നായികയായ മനസ്സ് വീണ്ടും വാചാലയായി.
“നീ എന്റെ ബാബു സാറിനെ പ്പോലെയാണെന്ന് പറയുമ്പോള്‍ എന്നും നീയും ഞാനും ഉടക്കാറല്ലേ പതിവ്. ഞാന്‍ നിന്റെ സാറിനെ പോലെയല്ല ബാബു എന്നെപോലെയെന്നു പറ എന്നാണല്ലോ നിന്റെ വാക്ക് തര്‍ക്കം. എങ്കില്‍ ആ ദേഷ്യം നിറഞ്ഞ സംസാരം കേട്ടിരിക്കുമ്പോള്‍ നീ പോലും അറിയാതെ ഞാനെന്റെ ബാല്യത്തിന്റെ ഓര്‍മകളുടെ സ്വര്‍ഗത്തില്‍ വിഹരിക്കുകയായിരുന്നു. സ്വപ്‌നങ്ങള്‍ കുത്തി നിറച്ച ഒരു കളിവീട്‌ പോലെയായിരുന്നു എന്റെ ബാല്യം
ഇന്നുകള്‍ക്ക് നിറച്ചാര്‍ത്ത് നല്കിയതും എന്റെ ബാല്യം തന്നെ. ബാല്യത്തിന്റെ സുന്ദരമായ നിമിഷങ്ങള്‍.
ഒരുക്കി കൂട്ടിയ മോഹങ്ങളില്‍ സഫലീകരിക്കാതെ പോയ ഒന്ന് മാത്രം. അതായിരുന്നു താനും എനിക്കേറ്റവും പ്രിയപ്പെട്ടത്. ഏകാന്തതയില്‍ എനിക്ക് കൂട്ടായെത്തുന്ന എന്റെ വീണുടഞ്ഞ മോഹത്തെ ഞാന്‍ മിഴികളടക്കാതെ സുക്ഷിച്ചു നോക്കി. അതിലേറ്റവും സങ്കടമായത് നിന്നോടു പറഞ്ഞു. എന്നിട്ടും നീ എന്നെ അറിയാതെ പോയി. എന്റെ സ്വപ്‌നങ്ങള്‍ മുള പൊട്ടുമ്പോഴെല്ലാം ഞാന്‍ പാഞ്ഞെത്തിയത്‌ നിന്നിലേക്കായിരുന്നു. അപ്പോഴൊക്കെ നിന്റെ മിഴികളിലെ തീഷ്ണത ഞാന്‍ തിരിച്ചറിഞ്ഞു. എന്നില്‍ അനുരാഗത്തിന്റെ വന്‍ മരം പൂത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ട്തന്നെ ഓരോ പൂക്കളേയും വിടരും മുമ്പേ നുള്ളിയെറിഞ്ഞ് എന്നെ നീ വെറുമൊരു മണ്ടിയാക്കി. എന്നിട്ടും വികൃതിയായ എന്റെ ഈ മനസ്സിനെ തളക്കാന്‍ നിനക്ക് കഴിഞ്ഞില്ല”

“എന്നും നമ്മുടെ പിണക്കങ്ങളും പരിഭവങ്ങളും ഉടലെടുത്തത് അനാമികയിലൂടെ തന്നെ. അവളുടെ സാമീപ്യം ഒരുപക്ഷെ നിന്റെ മനസ്സിന് സുഖം ലഭിക്കുന്നുണ്ടാകാം. നീ നേടുന്ന സ്വപ്നങ്ങളെ കുറിച്ച് എനിക്ക് വേവലാതിയല്ല. പക്ഷെ, അവളുടെ സമീപനങ്ങള്‍ എന്നോടു നീ പറയുമ്പോള്‍ ഞാന്‍ എന്റെ ബാബുവില്‍ നിന്ന് വീണ്ടും പിഴുതെറിയുന്ന പോലെ എനിക്ക് തോനുന്നു. വര്‍ഷങ്ങള്‍ അപ്പോള്‍ കീഴ്പോട്ട് ചലിക്കും പോലെ..
ബാല്യത്തില്‍ ചീകി മെടഞ്ഞ് മുല്ലപൂക്കള്‍ ചൂടിയ എന്റെ മുടിയിഴകള്‍ സ്പര്‍ശിച്ച് ബാബു പറയുമായിരുന്നു
“പ്രിയേ.. ഈ കറുത്തിരുണ്ട കാനനത്തിന്‍ സുഗന്ധമെന്റെ സിരകളില്‍ ലഹരി പടര്‍ത്തുന്നു. നിന്റെ കണ്ണുകള്‍ എന്നെ നോക്കി എന്തൊക്കെയോ പറയാന്‍ വെമ്പുന്നു”
എന്റെ കണ്ണുകളുടെ സംസാര ഭാഷ അറിയുന്ന ബാബുവിനോടു പറയാന്‍ മടിച്ച് പുഞ്ചിരി മാത്രം സമ്മാനിച്ച് ഞാന്‍ മടങ്ങിയ ഒരുപാട് നല്ല നിമിഷങ്ങള്‍. ഓര്‍ക്കുമ്പോള്‍ മനസ്സിനെ പിടിച്ചുലക്കുന്നു. ഒരു വൈകുന്നേരം മുറ്റത്തെ മുല്ലപ്പന്തലിന്റെ ചുവട്ടിലിരുന്ന് പാഠ പുസ്തകം വായിക്കുമ്പോള്‍ വേലിക്കപ്പുറത്ത് റോഡിലേക്ക് നീളുന്ന എന്റെ കണ്ണുകള്‍ തിരഞ്ഞത് ബാബുമാഷിനെയാണ്. രണ്ടു ദിവസമായി മാഷ് ക്ലാസില്‍ വന്നില്ല. അവസാനത്തെ ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോഴും വരാതിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉള്ളതായി പറഞ്ഞില്ല. സുഖമില്ലാത്ത അനിയനേയും കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ വരെ എന്നോടു പറയുമായിരുന്നു. അന്ന് അതൊന്നും ഉണ്ടായില്ല. എന്താണെന്ന് അന്വേഷിക്കാന്‍ ആരെയും അറിയിച്ചതുമില്ല. വരുമെന്ന് തന്നെ കരുതി കാത്തിരുന്നു. പിന്നീട് സ്കൂളില്‍ മാഷിന്റെ പോസ്റ്റിലേക്ക് പുതിയൊരാള്‍ എത്തിയപ്പോഴാണ് മാഷ്‌ ഇനി വരില്ലെന്ന് അറിഞ്ഞത്. പിന്നീട് സങ്കടം കടിച്ചമര്‍ത്തിയ നാളുകള്‍. എങ്കിലും ഒരെഴുത്തെങ്കിലും അയചുകൂടെ. ഉണ്ടായില്ല. അവസാന ശ്രമം എന്നോണം മുമ്പ് എപ്പോഴോ മാഷ്‌ ഡയറിയില്‍ കുറിച്ച് തന്ന അഡ്രസ്സിലേക്ക് കത്തയച്ചു. മറുപടിയില്ലാഞ്ഞിട്ടും വീണ്ടും വീണ്ടും അയച്ചുകൊണ്ടിരുന്നു. വൈകുന്നേരങ്ങളില്‍ പാഞ്ഞെത്തുന്ന പോസ്റ്റുമാനെ നോക്കി നിന്ന നാളുകള്‍. ഒടുവില്‍ കണ്ണുകളെ ഈറനണിയിച്ച് ഹൃദയത്തെ കീറി മുറിച്ച് ആ വാര്‍ത്തയുമായി വന്ന കത്ത് എന്റെ കൈകളിലെത്തി.
ഫ്രം
അനീഷ് ബാബു,
തിരുരങ്ങാടി.

“കത്തിലെ ഉള്ളടകം മുഴുവന്‍ നാസിയയില്‍ കണ്ട മേന്മകളായിരുന്നു. കറുത്തിരുണ്ട എന്റെ മുടിയിഴകളുടെ സുഗന്ധം ആസ്വദിക്കാന്‍ ഇനിയെന്റെ ബാബുമാഷ് എത്തില്ലെന്ന് തിരിച്ചറിവ് തന്ന കത്ത് പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ചു. ഇടനെഞ്ചിലെരിഞ്ഞ കനലണക്കാനായിട്ടാകും കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നീട് കാലമെന്നെ ഭാര്യയും അമ്മയുമെല്ലാം ആക്കി മാറ്റുമ്പോഴും നീറുന്ന നൊമ്പരമായി ഞാനെന്റെ ബാല്യത്തിന്റെ സ്വപ്നങ്ങളും ദുഖങ്ങളും ഹൃദയത്തിന്റെ മരയഴികൂട്ടിലിട്ട് പൂട്ടി. അറിയാമായിരുന്നു എന്നിലെ അനുരാഗത്തിന്റെ തീവ്രത കുറക്കാനാവാം ബാബു മാഷ് തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിചും അത്രത്തോളം  വാചാലമായി എനിക്കെഴുതിയത്, ബാബുവില്‍ നിന്ന് എനിക്ക് കിട്ടിയ അവസാന കത്ത്.”

“പിന്നീട് നിന്നിലൂടെയാണ് അവ പുറത്തേക്ക് ചാടാന്‍ വെമ്പിയത്. അനുവാദം കാത്ത് നില്‍ക്കാന്‍ എന്റെ ദുഖങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. അവ കൂടു തുറന്നു നിന്നിലേക്ക്‌ പറന്നടുത്തപ്പോള്‍ നീയും ഒരു പരിധിവരെ അവയെ സ്നേഹിചിരുന്നില്ലേ..?
ഇല്ലെങ്കില്‍ ഇടക്കെന്റെ ശബ്ദം കേള്‍ക്കാന്‍ നീയെന്തിന് കൊതിച്ചു? എന്റെ പുഞ്ചിരിയില്‍ സന്തോഷിച്ചു? ഉയര്ച്ചകളില്‍ ആവേശം കണ്ടു?
എന്റെ ചോദ്യത്തില്‍ നീ ഭയക്കണ്ട. ഞാന്‍ നിന്റെ വഴിയില്‍ തടസ്സമാകില്ല എങ്കിലും എനിക്ക് വേണം നിന്റെ സന്തോഷങ്ങള്‍ നിറഞ്ഞ പുഞ്ചിരി. കണ്ണുകളിലെ പ്രതീക്ഷകള്‍. അങ്ങിനെ എല്ലാമെല്ലാം..”

“അനാമിക, അവളും നിന്നെ ഇതുപോലെ സ്നേഹിക്കുന്നില്ലെന്നു നീ പറഞ്ഞാലും എനിക്ക് ഉറപ്പു വരുത്താന്‍ കഴിയില്ല. അവളുടെയും ബാല്യത്തിന്റെ നിറങ്ങളില്‍ ഇങ്ങനെയുള്ള ബാബുമാര്‍ ഉണ്ടായിക്കാണില്ലേ? ഒരു പക്ഷെ എന്നെ പോലെ അവളതു നിന്നോടു പറഞ്ഞു കാണില്ല. ഇപ്പോള്‍ തന്നെ വികൃതിയായ എന്റെ ഈ മനസ്സ് എന്നെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചു. എന്റെ കണ്ണുകളെ നനയിച്ചു. അക്കാരണത്താല്‍ എന്റെ ഒരുപാട് വാക്കുകള്‍ നിന്നെ വേദനിപ്പിച്ച് കാണും. അവ എനിക്ക് തിരിച്ചെടുക്കണം”

മനസ്സിനെ ഓര്‍മയുടെ ചരടില്‍ നിന്നും പൊട്ടിച്ചെടുത്ത് മൊബൈല്‍ അബ്ദിച്ചു.
“ഹെലോ...”
“ആ പറ, സുഖല്ലേ നിനക്ക്...”
“സുഖം, നീ ഇപ്പോള്‍ എവിടെയാ..”
“ഞാനിതാ തിരിച്ചെത്തി. വല്ലാത്ത ക്ഷീണം. ഉറക്കിന്റേയാണെന്ന് തോന്നുന്നു”
“നാളെ ജോലിക്ക് പോകനുള്ളതല്ലേ നീ പോയി ഉറങ്ങിക്കോ..”
“എന്നാല്‍ ശരി, ഓക്കേ”
ഫോണ്‍ കട്ട് ചെയ്തു.
സന്തോഷം നിറഞ്ഞ അവന്റെ വാക്കുകള്‍ കേള്‍ക്കുമ്പോഴും സ്ക്രീനില്‍ തെളിഞ്ഞ അവന്റെ ഫോട്ടോയിലേക്ക്‌ നോക്കി ഞാന്‍ ഏറെ നേരം ഇരുന്നു. വീണ്ടും എന്റെ മോഹങ്ങള്‍ സ്വപ്നത്തിലും വേഗത്തില്‍ ദൂരേക്കു ചിറകടിച്ചു പറന്നു പോയി.

Tuesday, March 01, 2011

അവളുടെ അമ്മ

ദുഖത്തിന്റെ നീര്‍ച്ചാലുകള്‍. ചുടു കണ്ണുനീര്‍ ഒലിച്ച പാടുകള്‍. പാവം ദേവകി.

അന്ന് രാത്രി ചെമ്പില്‍ നിന്നും ചോറ് വിളമ്പി തരുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ചുവന്ന മണ്‍കട്ടകള്‍ കൊണ്ട് പടുത്ത ചുവരുകള്‍. ചിതലരിച്ച് ദ്രവിച്ച വീടിന്റെ മേല്‍ക്കൂര. വരാന്തയിലെ ചുവരില്‍ തൂങ്ങി കിടക്കുന്ന വലിയ ഫോട്ടോ അച്ചന്റേതാണെന്ന് അമ്മ പറയുന്നു. തന്നേ പുച്ചിക്കുന്ന ഈ ലോകത്തോട്‌ അമ്മക്ക് പറയാന്‍ വാക്കുകള്‍ ഏറെയായിരുന്നു.

വരാന്തയിലെ ചാര്കസേരയില്‍ നിന്നും അകത്തേക്ക് നീളുന്ന അയാളുടെ വിളികള്‍ നേര്‍ത്ത നൂലുകള്‍ പോലെ അവളുടെ കാതുകളില്‍ എത്തി. അമ്മയുടെ കണ്ണുകളിലെ തിളക്കം കണ്ടാലറിയാം അത് അയാള്‍ തന്നെ.
ചെറുപ്പം തൊട്ടേ ചോദിച്ച് തുടങ്ങിയതാ
“എന്തിനാ അമ്മെ അയാള്‍ ഇങ്ങോട്ട് വരുന്നത്.”
“വാവച്ചന്‍ നല്ല മനുഷ്യനാ മോളേ..“ എന്നായിരുന്നു അമ്മയുടെ മറുപടി
"ആരാപ്പോ പത്താളെ കൊന്നെ... ഈ അമ്മക്കെന്താ.. കാലം കുറെ ആയില്ലേ അമ്മ അയാള്‍ക്ക്‌ വെച്ചു വിളമ്പുന്നു.”


“അതെന്റെ അച്ഛനൊന്നും അല്ലല്ലോ....” മുമ്പൊരിക്കല്‍ ഇങ്ങനെ കയര്‍ത്ത് സംസാരിച്ചതിന് അമ്മ ചൂരല്‍ പ്രയോഗിച്ചതാ..
എന്നാലും ഇന്നും അയാള്‍ വരേണ്ടിയിരുന്നില്ല. നീ വയസ്സറിയിച്ചാല്‍ അയാള്‍ ഈ പടികടക്കില്ല എന്ന് പറഞ്ഞതും അമ്മതന്നെയാണ്. എന്നിട്ടിപ്പോ.. ഒന്നും പറയുന്നില്ല. എല്ലാം അമ്മയുടെ ഇഷ്ട്ടം പോലെ...

തലയിണയില്‍ എള്ളെണ്ണയുടെ ഗന്ധം. അവള്‍ പുതപ്പ് വലിച്ച് തലയിലൂടെ മൂടി.
"മോളേ... ഉറങ്ങിയോ..”
അമ്മയുടെ വിളിയാണ്. അതിന് ഉത്തരം കൊടുത്തില്ല. കുറെ നേരത്തിന് അയാളുടെ സംസാരം കേട്ട്‌ കൊണ്ടിരുന്നു. ഇടക്കെപ്പോഴോ അമ്മയുടെ തേങ്ങലുകള്‍.
എല്ലാം കേട്ടില്ലെന്ന് നടിക്കുക അവള്‍ക്ക് പതിവായിരുന്നു. മനോ വിഷമങ്ങള്‍ തിരശ്ശീലയിട്ട് മറക്കാന്‍ അവള്‍ക്ക് വലിയ സമയം വേണമെന്നില്ല.

പുറത്ത് യാത്ര പറയുന്ന അയാളോട് അമ്മ ഇന്നിവിടെ നില്‍ക്കാലോ എന്ന് ചോദിച്ചു.
"ഇന്നെന്റെ ഭാര്യ മരിച്ച ദിവസമാണ് പോകാതെ വയ്യ. ഇന്നും അവളുടെ കു‌ടെ ഞാന്‍ കിടന്നുറങ്ങും. വീട്ടു വളപ്പിലാ അവളെ മാടിയത്. നാട്ടുകാര്‍ക്ക് എതിര് ഇല്ലാഞ്ഞിട്ടല്ല. അവളെന്റെ കണ്‍വെട്ടത്ത് വേണംന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചതാ”
അയാള്‍ നടന്നകലാന്‍ തുടങ്ങിയപോലെ ശബ്ദം നേര്‍ത്തു വന്നു. അവള്‍ പുതപ്പു തലയില്‍ നിന്നും എടുത്ത്‌ മാറ്റി. അമ്മ മുന്നില്‍ നില്‍ക്കുന്നു. അവള്‍ ചോദിക്കാന്‍ മടിച്ചില്ല
"എന്തിനാ അമ്മേ അയാള്‍ ഇന്നും വന്നത്”
"വാവച്ചന്റെ ഭാര്യ ഇന്ന് മരിച്ചു. അയാള്‍ ഒരുപാട് സങ്കടത്തിലാ മോളെ...”
"അതെല്ലാം അമ്മയോട് വന്ന് പറഞ്ഞിട്ടെന്താ...”
ഇത് കേട്ട അമ്മയുടെ കുഴിഞ്ഞ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഇനി എങ്കിലും എല്ലാം നീ അറിയണം. അന്ന് നീ കൈകുഞ്ഞായിരുന്നു.......”

ദൂരെ യാത്രക്ക് പോകാനായി ബാഗും തൂക്കി പിടിച്ച് നില്‍ക്കുന്ന ഭാര്യ. കയ്യിലിരിക്കുന്ന കുഞ്ഞ് തന്റേതല്ലെന്ന്‍ സംശയത്തിന്റെ കണ്ണുകളോടെ നോക്കി കാണുന്ന അച്ഛന്‍. തിരക്കുള്ള ബസ്റ്റാന്റില്‍ നിന്ന് കുഞ്ഞിനേയും കൊണ്ട് കടന്ന് കളഞ്ഞു. കുഞ്ഞു നഷ്ട്ടമായ ആ അമ്മ നടുറോഡിലൂടെ കരഞ്ഞ് വീര്‍ത്ത കണ്ണുകളുമായി അലഞ്ഞു. ഒടുവില്‍ രക്ഷകനായി എത്തിയ ഒരാളുടെ കൂടെ യാത്രയാകുമ്പോള്‍ അവള്‍ അറിഞ്ഞില്ല ചെന്നെത്തിയത് ഒരു അഭിസാരികാ കേന്ദ്രത്തില്‍ ആയിരുന്നെന്ന്. സമൂഹം അവര്‍ക്ക് കനിഞ്ഞു നല്‍കിയ പേരുകളില്‍ ഒന്നിന് അവളും ഉടമായകാന്‍ പോകുന്നു. മാറിടത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന പാലിനെ കൈകൊണ്ടു തടുത്ത് കൊണ്ടിരിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞ്‌ ഒഴുകികൊണ്ടിരുന്നു. വേദനകള്‍ ഹൃദയത്തിന്റെ കൂട്ടുകാരിയായി മാറി. ദിവസങ്ങള്‍ കഴിയും തോറും കെട്ട് പിണഞ്ഞ മുടിയും, മെലിഞ്ഞുണങ്ങിയ ശരീരവുമായി അവള്‍ ഒരു മനോവിഭ്രാന്തിയായി മാറിയപോലെ..

ഒരു പുലരിയില്‍, നേര്‍ത്ത മഴയുണ്ട്.
അഭിസാരികകളുടെ അണിഞ്ഞൊരുങ്ങലുകള്‍. മുഖത്ത് വാരി പൂശുന്ന ചായങ്ങള്‍ക്കുള്ള വാക്ക് തര്‍ക്കങ്ങള്‍. എല്ലാം കണ്ട് നില്‍ക്കുന്നുണ്ടെങ്കിലും അവള്‍ ചായം പൂശിയില്ലാ, പുതു വസ്ത്രങ്ങള്‍ ഉടുത്തില്ല. എങ്കിലും അവളെ തേടി എത്തിയ ഒരുവനെ വലവീശുന്ന മറ്റുള്ള അഭിസാരികകള്‍.
ഇല്ല.. അവര്‍ക്ക് പിഴച്ചു. അത് അവളെ തേടി മാത്രം വന്നതായിരുന്നു.
അയാള്‍ അവളുടെ അടുത്തെത്തി. കുഴിഞ്ഞു പോയ കണ്ണുകളിലേക്കു നോക്കി പറഞ്ഞു.
"വരൂ,  ഇവിടെ നിന്നും വിട്ട് എന്റെ കു‌ടെ പോന്നൂടെ..”

മറുപടി വന്നില്ല അയാള്‍ വീണ്ടും പറഞ്ഞു
"എന്റെ വീട്ടിലേക്കാണ്. അവിടെ എന്റെ ഭാര്യയുണ്ട്‌. ഞാന്‍ നിന്നെ നശിപ്പിക്കില്ല.”
തിരിച്ചു പ്രതികരണം ഇല്ലെന്നായപോഴാണ് അദ്ദേഹം കുഞ്ഞിനെ പറ്റി പറഞ്ഞത്
"വരൂ, നിന്റെ കുഞ്ഞ്‌.... അവള്‍ എന്റെ കയ്യിലുണ്ട്. നഷ്ട്ടമായ നിന്റെ കുഞ്ഞിനെ അവന്‍ എനിക്കാണ് വിറ്റത്”
ഇത് കേട്ടതും അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ പൊന്‍ കിരണങ്ങള്‍ തെളിഞ്ഞു.

മറ്റുള്ളവന്റെ കൂടെ ഒരു രാത്രിപോലും അന്തിയുറങ്ങിയില്ലെങ്കിലും അഭിസാരികമാരുടെ കൂടെ താമസിച്ചു നേടിയ വിളിപേര് അവളുടെ ചുമലിലെ ഭാരമായി മാറി.
അവള്‍ അയാളുടെ കൂടെ തന്റെ കുഞ്ഞിന് വേണ്ടി പുറപ്പെട്ടു. അയാളുടെ കൂടെ നടന്ന് ബസ്സ്റ്റാന്റിലെത്തുമ്പോള്‍ ചുറ്റുപാടുകള്‍ ആ നല്ല മനുഷ്യനെ പരിഹസിച്ചു ചിരിച്ചു.
അവള്‍ അയാളോട് ചോദിച്ചു
“എന്റെ കുഞ്ഞെവിടെ..”
"വരൂ എന്‍റെ വീട്ടില്‍ ഉണ്ട്‌ നമുക്ക് അങ്ങോട്ടു പോകാം..”
ബസ്സ് വന്ന് നിന്നു. അയാളുടെ പിറകെ കയറി യാത്ര തുടര്‍ന്നു .

റോഡിന്റെ ഇരുവശത്തും വലുതും ചെറുതുമായ വീടുകള്‍. ഓരോ സ്റ്റോപ്പിലും ബസ്സ് നിര്‍ത്തുമ്പോള്‍ അവള്‍ അയാളുടെ ചലനങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവസാനമെന്നോണം അയാള്‍ക്കിറങ്ങേണ്ട സ്ഥലം എത്തിക്കഴിഞ്ഞു. അയാളുടെ കൂടെ അവളും ഇറങ്ങി നടന്നു.
ചുവന്ന മണ്ണിട്ട്‌ നിരത്തിയ നടപ്പാത. ഇരുവശത്തും റബര്‍ തോട്ടങ്ങള്‍. അതിനു നടുവില്‍ വലിയ ഇരുനില മാളിക. വരാന്തയിലെ ചാരുപടിയില്‍ കൈകുഞ്ഞിനേയും കയ്യിലേന്തി ഒരു മധ്യവയസ്ക. അടുത്തെത്തും തോറും അവളുടെ കണ്ണുകള്‍ കുഞ്ഞിലേക്ക് നോക്കി. അവള്‍ ധൃതിയോടെ കുഞ്ഞിലേക്ക് നടന്നടുത്തു.

"അതെ ഇതെന്റെ കുഞ്ഞ്‌ തന്നെ...  അമ്മയുടെ പൊന്നെ.. നീ എവിടെയാ എന്നെ വിട്ട് പോയത്”
ആ കുഞ്ഞു കവിളുകളില്‍ തുരു തുരെ ചുംബിച്ചു. ശേഷം അവള്‍ വീടിന്റെ വരാന്തയുടെ മറു ഭാഗത്തേക്ക് മാറി നിന്ന് കുഞ്ഞിന്റെ വായിലേക്ക് അമ്മിഞ്ഞ പകര്‍ന്നു. അമ്മയുടെ മുലപ്പാലിന്റെ മാധുര്യം വീണ്ടു കിട്ടിയ ആവേശത്തോടെ ആ കുഞ്ഞ്‌ പുഞ്ചിരിച്ചു.
കണ്ട് നിന്ന വാവച്ചന്റെ ഭാര്യ നിറഞ്ഞ കണ്ണുകള്‍ തുടച്ച് പറഞ്ഞു.
“നീ ഇനി എങ്ങോട്ടും പോകണ്ട. ഇവിടെയുള്ള ജോലി ചെയ്ത് എനിക്ക് കൂട്ടായി നില്‍ക്ക്”

പിന്നീട് ആ വീടിലെ ജോലിയും മറ്റുമായി കുറഞ്ഞ മാസങ്ങള്‍ അവിടെ തങ്ങി. ആ നല്ല മനസുകളുടെ അനുകമ്പയോടെ കുഞ്ഞു വീടും പണികഴിപ്പിച്ചു. പിന്നീട് സന്തോഷം വാഴുമ്പോഴും ഒരു ചിന്ത വേട്ടയാടുന്നുണ്ടായിരുന്നു തന്നെ ഉപേക്ഷിച്ചു പോയ നീചനായ ആ മനുഷ്യനെ ഇനി കണ്ട് മുട്ടാതിരിക്കണേ എന്നുള്ള ചിന്ത.

"ഇന്ന് വാവച്ചന്റെ ഭാര്യ മരിച്ചു. ഞാന്‍ മുന്നേ അറിഞ്ഞില്ല ദൂരേ ഏതോ ആശുപത്രിയില്‍ ആയിരുന്നു എന്നാ പറഞ്ഞത് ”

ഇതെല്ലാം കേട്ട്‌ നിന്നപ്പോള്‍ നിറഞ്ഞൊഴുകുന്ന മകളുടെ കണ്ണുകളിലേക്ക് നോക്കി.
അമ്മ പറഞ്ഞു.
"കരയണ്ട. വാവച്ചന്‍ നല്ലവനാ..മോളേ.. അമ്മയെ രക്ഷിച്ച മനുഷ്യന്‍.
അന്ന് നിന്നെ അയാള്‍ക്ക്‌ വില്‍ക്കുമ്പോള്‍ അമ്മ ഉപേക്ഷിച്ച കുഞ്ഞ് എന്നാണ് നിന്റെ അച്ചന്‍ അയാളോട് പറഞ്ഞത്. പിന്നെ നിന്നെ കണ്ട് തിരിച്ചറിഞ്ഞ ആരോ ഒരാള്‍ അറിയിച്ചപ്പോഴാണ് അഭിസാരികാ കേന്ദ്രത്തില്‍ എന്നെ തിരഞ്ഞു വാവച്ചന്‍ എത്തിയത്”

“നിന്റെ അമ്മ ചീത്തയായില്ല.
അഭിസാരിക എന്ന് പേര്‌ ദോഷം അമ്മ ചെയ്ത തെറ്റുമല്ല. നശ്വരമായ ഈ ലോകം കനിഞ്ഞു നല്‍കിയതാ മോളേ..
ഈ അമ്മയെ വെറുക്കാതിരിക്കൂ ..”

നിറഞ്ഞ കണ്ണുകള്‍ തുടച്ച് അവള്‍ അമ്മയുടെ മാറിലേക്ക്‌ വീണു തേങ്ങി...

Friday, February 25, 2011

ജിദ്ധ ബ്ലോഗ്‌ മീറ്റ് എന്റെ കണ്ണുകളില്‍


പ്രവാസ മണ്ണിന്റെ ചൂടറിഞ്ഞ് വിരഹത്തിന്റെ നീര്‍ചൂളയില്‍ ഉരുകുന്ന പ്രവാസികള്‍, അവരുടെ കൈകളില്‍ നിന്നും ഉരുത്തിരിഞ്ഞ എഴുത്തുകള്‍. മലയാളം ബ്ലോഗ്‌ ലോകത്തേക്ക് കാലെടുത്ത് വെച്ചിട്ട് ഒന്നര വര്‍ഷക്കാലമായ ഒരു എളിയ ബ്ലോഗറാണ് ഞാനും. അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷങ്ങളായിരുന്നു വ്യഴായ്ച്ച രാത്രി. ജിദ്ധയിലെ ശറഫിയ്യയുടെ ഹൃദയ ഭാഗത്ത് ലക്കി ദര്‍ബാറിനടുത്ത് വണ്ടി നിര്‍ത്തുമ്പോള്‍ മനസ്സില്‍ അല്പം ഭയം ഉണ്ടായി. വലിയ വലിയ ബ്ലോഗേര്‍സിന്റെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ഭയന്നിരുന്നു. വളരെ വൈകിയാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത് . എന്തായാലും വണ്ടിയില്‍ നിന്നിറങ്ങി ചുവന്ന ലൈറ്റിട്ട് തെളിഞ്ഞ് സുന്ദരിയെ പോലെ ഹോട്ടലിന്റെ അകം വശം.

ആത്മ ധൈര്യം സംഭരിച്ച് പ്രിയപെട്ടവന്റെ കൂടെ സ്റ്റെപ്പുകള്‍ കയറി മുകളിലെത്തി. പ്രധാനികളായ വ്യക്തികളുടെയെല്ലാം പ്രസംഗം കഴിഞ്ഞിരുന്നു. എങ്കിലും ഉള്ളിലേക്ക് ചെന്നതും അതീവ സന്തോഷകരമായ ‘കിളിവാതില്‍ കാഴ്ച’. ജിദ്ധയിലെ പ്രശസ്തരായ എല്ലാ എഴുത്തുകാരെയും അവരുടെ ബ്ലോഗിനെയും വിവിധ നാമങ്ങളും നിറങ്ങളുമായി സ്ക്രീനില്‍ മിന്നിമറയുമ്പോള്‍ ഓരോരുത്തരായി സ്റ്റേജില്‍ വന്നു ഹായ് പറഞ്ഞു പോകുന്നു. ഈ ഒരു സംരംഭം ഓരോ ബ്ലോഗരേയും ബ്ലോഗ്‌ ഉള്‍പെടെ മറ്റു ബ്ലോഗര്‍മാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. അതിനിടയിലായിരുന്നു എന്റെ മിഴിനീരും വന്നത്. എനിക്കും സ്റ്റേജില്‍ കയറി ഒരു ഹായ് പറയാന്‍ കൊതി തോന്നി സൈഡ്‌ ഭാഗത്ത് നിന്ന് ഞാനും ഹായ് പറഞ്ഞു. പക്ഷെ ആരും കണ്ടില്ലെന്നു മാത്രം.
പിന്നീട് ബഷീര്‍ വള്ളിക്കുന്നിന്റെ അതീവ രസകരവും ചിന്താധീനവുമായ പ്രസംഗം. നല്ലൊരു കൂട്ടയ്മക്കു വഴിയൊരുക്കിയ ബ്ലോഗ്‌ മീറ്റില്‍ വള്ളിക്കുന്നിന് ശേഷം ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഇളം പുഞ്ചിരിയുമായുള്ള കുഞ്ഞു പ്രസംഗം. തുടര്‍ന്ന് സംസാരിച്ചത് എനിക്കറിയുന്നവരും അറിയാത്തവരുമായി ഒത്തിരി ബ്ലോഗേര്‍സ്.

ഹാളില്‍ എനിക്ക് കൂട്ടായി രണ്ട് മൂന് ബ്ലോഗര്‍മാരുടെ സഹാധര്‍മിണികള്‍. അവരുമായി സല്ലപിക്കുന്നതിനിടയില്‍ നമ്മുടെ അവാര്‍ഡ് ജേതാവായ വള്ളിക്കുന്ന്‍ പരിചയം പുതുക്കി.
“ഞാന്‍ ചോദിക്കാന്‍ വിട്ടു, അവാര്‍ഡ് കിട്ടിയ വകയില്‍ ഒരു സ്നിക്കെര്‍ ചോക്ലറ്റ് പാക്കറ്റെങ്കിലും ഞാന്‍ പ്രതീക്ഷിച്ചു. ഇല്ല ഇനി പറഞ്ഞശേഷമെങ്കിലും തരുമോ ആവോ..”
മറുപടി ചിരിയില്‍ ഒതുക്കി വള്ളികുന്ന് ബ്ലോഗര്‍.
പിന്നെ എത്തിയത് നൌഷാദ് അകമ്പാടം. എന്റെ വര. മദീനയില്‍ നിന്നും മണിക്കൂറുകള്‍ യാത്ര കഴിഞ്ഞ് വന്നെത്തിയ ബൂലോകത്തെ സജീവ ബ്ലോഗര്‍. അദ്ദേഹം ഓരോ ബ്ലോഗേര്‍സിനും മദീനയുടെ മനം കവരുന്ന തന്റെ ഫ്ലിക്കെര്‍ ഫോട്ടോയുടെ സിഡി സമ്മാനിച്ചു.
പിന്നീട് ഞാന്‍ കണ്ട ബ്ലോഗറില്‍ ഒരാളായിരുന്നു ചാലിയാര്‍ അക്ബര്‍ക്ക വളരെ ലളിതമായ ഭാഷയില്‍ കഥകള്‍ പറഞ്ഞ് നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റ്കളുമായി നമ്മുടെ ഭൂലോകത്തെ നല്ലൊരു ബ്ലോഗര്‍. അദ്ദേഹവും യാംമ്പൂ എന്ന സ്ഥലത്ത് നിന്ന് ദീര്‍ഘ ദൂരം സഞ്ചരിച്ച്‌ ബ്ലോഗ്‌ മീറ്റിന് എത്തിയതാണ്. കാണാനും പരിചയപ്പെടാനും സാധിച്ചതിലും സന്തോഷം.
പിന്നെയാണ് വിനീതനായ തെച്ചിക്കോടന്റെ രംഗ പ്രവേശം നിര്‍മലമായ പുഞ്ചിരി കൂട്ടിനുണ്ട്. നമുക്കിടുന്ന കമന്റുകള്‍ പോലെതന്നെ ആര്‍ക്കും പരിഭവം തോന്നില്ല അങ്ങേരോട്. അദ്ദേഹം കുടുംബ സഹിതം എത്തി. സഹാധര്‍മിണിയുമായി സംസാരിച്ചു. ഒരുപാട് സന്തോഷം.
ശേഷം സുറാബിയെ തഴഞ്ഞു പോസ്റ്റിറക്കിയ ഷാനവാസ് ഇളയോടെന്‍ സൌഹൃദം പങ്കിട്ടു.
ഇതിനിടയില്‍ ബ്ലോഗ്‌ ലിങ്കുകള്‍ ചേര്‍ക്കാന്‍ പറഞ്ഞ് ബുക്കുമായി എത്തിയ കൊമ്പന്‍ മൂസ. അയ്യോ പാവം. കണ്ടപ്പോള്‍ പാവമാണെന്ന് തോന്നിപ്പിക്കുന്ന ചിരി കൈവശം ഉണ്ട്.
പിന്നീടു മുഹമ്മദ്‌ കുഞ്ഞി. കടലാസ്.
നൌഷാദ് കുടരഞ്ഞി. കൂടരഞ്ഞീയന്‍.

ഇങ്ങനെ ഒരുപാട് ബ്ലോഗേര്‍സിനെ കണ്ടു. പിന്നെയാണ് ഭക്ഷണ പരിപാടി. അതും വളരെ നല്ല നിലയില്‍ ഒരുക്കിയിരുന്നു. എന്തായാലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിമാനിക്കാം. അത്രയും സന്തോഷമുള്ളതായിരുന്നു അവിടം.

ബ്ലോഗ്‌ ലോകം ഇത്രയും സന്തോഷകരമാണെന്നറിഞ്ഞ ദിവസത്തോടും സന്ദര്‍ഭത്തോടും യാത്ര പറഞ്ഞ് പ്രിയനോടൊത്ത് അവിടുന്ന് പിരിഞ്ഞു. വണ്ടി നീങ്ങുമ്പോഴും ഓരോരുത്തരെ കുറിച്ചും ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരുന്നു.

പിന്നെ ഒരു കാര്യം ഇതില്‍ ഞാന്‍ എഴുതാത്തവരെ പേരും വിവരവും തപ്പിയെടുക്കാന്‍ എനിക്ക് ജോലിക്കിടയില്‍ സമയമില്ല. സോറി. ക്ഷമിക്കുക. ബാക്കി എല്ലാ വിവരങ്ങളും മറ്റ് മീറ്റ് പോസ്റ്റുകളില്‍ നിന്നും നൌഷാദ് അകംമ്പാടത്തിന്റെ പോസ്റ്റില്‍ ഫോട്ടോ സഹിതവും കാണാം.

ഇനിയും വരുന്ന വര്‍ഷത്തെ നല്ല ബ്ലോഗ്‌ മീറ്റിനായി കാത്തിരിപ്പോടെ.....

Saturday, February 19, 2011

ദേശാടന പക്ഷി

വെയിലിന്റെ വെള്ളി നൂലുകള്‍ പിടയുന്ന നിരത്തിലൂടെ ചൂടിനെ വകവെക്കാതെ അയാളുടെ വണ്ടി നീങ്ങി. എല്‍സിയുടെ വീട്ടിലെത്തുമ്പോള്‍ അല്‍പം വൈകിയിരുന്നു. കാമത്തിന്റെ തീവ്രത കണ്ണുകളില്‍ കത്തി ജ്വലിച്ച് പുഞ്ചിരിയോടെ കാത്തു നില്‍ക്കുന്ന എല്‍സി. ചൂടിനല്‍പ്പം ആശ്വാസമെന്നോണം തണുത്ത ജ്യുസുമായി എല്‍സി മുന്നിലെത്തി. ശേഷം ശീതീകരിച്ച മുറിയില്‍ കയറി ശരീരത്തെ ചൂടില്‍ നിന്ന് പാകപ്പെടുത്തിയെടുത്തു. അല്‍പം കഴിഞ്ഞ് അയാളുടെ ദേഹത്ത് നിന്നും ഷര്‍ട്ട് അഴിച്ചു മാറ്റുമ്പോള്‍ പോക്കറ്റില്‍ കിടക്കുന്ന നോട്ട് കെട്ടിന്റെ കനത്തിനനുസരിച്ച് പുറത്ത് വന്ന എല്‍സിയുടെ പുഞ്ചിരികളെ അയാള്‍ തിരിച്ചറിഞ്ഞില്ല. അവളുടെ നഗ്നതയിലേക്ക്‌ ചേര്‍ന്ന് കിടക്കുമ്പോള്‍ നിശബ്ദമായ സ്വരത്തില്‍ എല്‍സി ചോദിച്ചു.
“ഇന്നിനി വീട്ടില്‍ പോകുന്നുണ്ടോ.. അതോ ഇവിടെ തന്നെയാണോ..”
ഉത്തരം പറയും മുമ്പേ അയാളുടെ മനസ്സ് രതിയുടെ ചക്രവാളങ്ങളിലേക്ക് ചേക്കേറിയിരുന്നു. അകാശത്തിലലിയുന്ന മേഘങ്ങള്‍ പോലെ അയാള്‍ അവളില്‍ അലിഞ്ഞു തുടങ്ങി. കീഴടക്കാനുള്ള വ്യഗ്രതയെ മറികടന്ന് അയാളുടെ മൊബൈല്‍ ശബ്ദിച്ചു. തന്നെ വരിഞ്ഞ എല്‍സിയുടെ കൈകളെ എടുത്തുമാറ്റി അയാള്‍ ഫോണ്‍ കയ്യില്‍ എടുത്ത് സംസാരിച്ചു.
“മീരാ, പറയൂ..”
“അച്ചായാ.. ദേ ഇപ്പോ നന്ദിനി വിളിച്ചിരുന്നു. നിങ്ങളുടെ പഴയ സഹപ്രവര്‍ത്തക ‘ലാലി' മരിച്ചു.. അവള്‍ക്ക് എയിഡ്സ് ആയിരുന്നെന്ന്‌. വീട്ടുകാരും നാട്ടുകാരും അവളെ ഒഴിവാക്കിയിരുന്നുത്രേ..”
നെഞ്ചിടിപ്പോടെയാണ് മീരയുടെ വാക്കുകള്‍ കേട്ടത്. അവള്‍ക്കു പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാതെ തന്നേ ഫോണ്‍ കട്ട് ചെയ്തു. അയാള്‍ തന്റെ നഗ്നതയിലേക്ക്‌ തുറിച്ചു നോക്കി സ്വയം പറഞ്ഞു.
“എയിഡ്സ് മാറാ രോഗമല്ലേ.. പര സ്ത്രീ ബന്ധം നല്‍കുന്ന പാരിതോഷികം”
അയാളുടെ മനസ്സ് ഒരു നിമിഷം മീരയില്‍ ഉടഞ്ഞു. പാവം മീര എന്നില്‍ മാത്രം വിശ്വസിക്കുന്നു. ഞാനോ ..? ചോദ്യങ്ങള്‍ അയാളെ മനസ്സിനെ വിലങ്ങുകള്‍ അണിയിച്ചു. എല്‍സിയെ തട്ടി മാറ്റി അയാള്‍ എഴുന്നേറ്റു. കാമത്തിന്റെ തീക്കനലുകള്‍ പോലെ കിടക്കുന്ന തന്റെ ശരീരം വിട്ടകലുന്ന അയാളെ അവള്‍ മനസ്സുകൊണ്ട് പരിഹസിച്ചു.

നിസ്സഹായനായി അയാളുടെ കണ്‍മുന്നില്‍ ഓര്‍മയുടെ ചില്ലുപാളികള്‍ അടര്‍ന്നു വീണു.
ലാലി, ഏറെ കാലം എന്റെ സഹ പ്രവര്‍ത്തകയായിരുന്നു. തന്റെ യുവത്വത്തിന്റെ ചൂടും ചൂരും തിരിച്ചരിഞ്ഞവള്‍. മനസ്സില്‍ തുരുമ്പെടുത്ത അവളുടെ ഓര്‍മ്മകള്‍ ചിക്കി ചികഞ്ഞു പുറത്തേക്കിട്ടു. ഒരു സായാഹ്ന്നം. ഓഫീസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവള്‍ വണ്ടിയില്‍ കയറിയത്. വെളുത്തു തുടുത്ത അവളുടെ കവിളിലെ അരുണിമ എന്റെ കണ്ണുകളെ വീഴ്ത്തി. അവളെ വീട്ടിലേക്ക് ക്ഷണിച്ചു. സമ്മതം കിട്ടാന്‍ സമയ ദൈര്‍ഘ്യം വന്നില്ല. അവള്‍ വാചാലയായി.
“എന്നാലും ഒന്ന് ചോദിച്ചോട്ടെ, സാറിന്റെ അച്ഛനും അമ്മയും..”
അയാള്‍ നിസംഗ ഭാവത്താല്‍ പറഞ്ഞു.
“അവര്‍ നേരത്തെ കാലത്തെ എന്നെ ഇട്ടേച്ച് പോയി. ഒരു പക്ഷേ ഇപ്പോള്‍ അതെന്റെ ഭാഗ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു”
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അവളും ചിരിച്ചു. മാറില്‍ നിന്നും ഉതിര്‍ന്ന് വീണ ഷാള്‍ നേരെയിട്ട് അവള്‍ സീറ്റിലേക്ക് ചാരിയിരുന്നു കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് നോക്കി.

വീടിന്റെ മതില്‍ കെട്ട് കടന്ന് വണ്ടി പോര്‍ച്ചിലെത്തി. മുഷിഞ്ഞ തോര്‍ത്തും കയ്യിലെടുത്ത് പടിയില്‍ നില്‍ക്കുന്ന വേലക്കാരന്‍ കൂടെയെത്തുന്ന അതിഥികളെ സല്‍ക്കരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. അയാളുടെ വിഷമതകള്‍ കൊണ്ട് ആവണം ഒന്നിനും ചോദ്യങ്ങളും എതിര്‍പ്പുകളും ഉണ്ടാകാറില്ല. വീടിന്റെ അകാര ഭംഗിയിലും കിടപ്പറയുടെ സൌന്ദര്യത്തിലും ലാലി മതിമറന്നു. നിമിഷങ്ങളും മണിക്കൂരുകളും നീങ്ങി. നിശബ്ദതയെ തുളച്ചെത്തിയ പൊട്ടിച്ചിരികളും മറ്റും പതിയെ അമര്‍ന്നു. സമയം നീങ്ങി. ഉറക്കത്തിന്റെ ആലസ്യം വിട്ട് പുറത്തിറങ്ങുമ്പോള്‍ അയാളോട് വേലക്കാരന്റെ ചോദ്യം
“ഇന്നിനി വേരെ ആരും വരില്ലെങ്കില്‍ എനിക്കൊന്ന് വീട്ടില്‍ പോകാമായിരുന്നു. മൂത്ത മകളുടെ ചെറുതിന് പനിയാ. ഒന്ന് ആശുപത്രി വരേ കൊണ്ടോണം”
ദേവേട്ടന്‍ പൊയ്‌കൊള്ളൂ. ഞങ്ങള്‍ ഇപ്പോള്‍ ഇറങ്ങും. വീട് പൂട്ടിക്കോണം. ഇന്നിനി ഞാന്‍ വരില്ല” പറഞ്ഞത് അനുസരിച്ച് മാത്രം ശീലമുള്ള അയാള്‍ യാന്ത്രികമെന്നോണം തലകുലുക്കി പിന്തിരിഞ്ഞ് നടക്കുമ്പോള്‍ മുന്‍വശത്തെ വരാന്തയിലെ തറയില്‍ കിടക്കുന്ന അന്നത്തെ പോസ്റ്റ്കള്‍ കയ്യിലെടുത്ത് മേശപ്പുറത്ത് എത്തിച്ചു.

ലാലിയെ വീട്ടില്‍ കൊണ്ടാക്കി മടങ്ങിയെത്തി മേശപ്പുറത്ത് കിടന്ന പോസ്റ്റുകള്‍ ഓരോന്നായി പൊട്ടിച്ചു വായിച്ചു. അതില്‍ കിടന്ന ചുവന്ന കവറിലെ അഡ്രെസ് കുറിച്ചെടുത്തു.
മീര നായര്‍
ബിജീഷ് ഭവന്‍
ചെങ്ങന്നൂര്‍ പി ഒ.
കോട്ടയം
ഉള്ളില്‍ കിടന്ന കളര്‍ ഫോട്ടോയിലെ ചിരിക്കുന്ന മുഖം.
പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പറക്കുന്ന പറവകള്‍ പോലെ.. അയാള്‍ ഇനിയുള്ള തന്റെ ഇരയിലേക്ക് നോക്കി.
ദിവസങ്ങള്‍ നീങ്ങി. ചവച്ച് തുപ്പുന്ന ചുയിംഗം വാങ്ങും പോലെ അവളെ നേടാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ അയാള്‍ മീരയുടെ വീട്ടു പടിക്കലെത്തി. സൌന്ദര്യം മീരക്ക് വേണ്ടുവോളം ഉണ്ട്‌. നല്ല മനസ്സും.
അവളെ മണവാട്ടിയാക്കിയ ദിനം, നാണത്തിന്റെ പൊടിക്കീറണിഞ്ഞ അവളുടെ മൂര്‍ധാവില്‍ ചുംമ്പിക്കുമ്പോള്‍ ഗീതയും, ദേവിയും,ശാരിയും, അയാളുടെ രതിയുടെ ഏടുകളില്‍ കിടന്ന് അട്ടഹസിച്ചു. ഓര്‍മ്മകള്‍ അയാളുടെ ലൈംഗികതയെ മരവിപ്പിച്ചു.
നിസ്സഹായനായി ഇണയെ കരങ്ങളിലാള്‍ത്തി കിടക്കുമ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ലാലിയുടെ കാള്‍.
"ഡ്രൈവറെ പറഞ്ഞ് വിടൂ ബോസ്. എനിക്കിവിടെ ഉറക്കം കിട്ടുന്നില്ല”
മറുപടി പറയാന്‍ കഴിയാതെ അയാള്‍ ഫോണ്‍ സ്വിച് ഓഫാക്കി വീണ്ടും കിടക്കുമ്പോള്‍ മീര ചോദിച്ചു
“ആരാത്..”
“അതെന്റെ സഹ പ്രവര്‍ത്തകയാ..”
കേട്ടത് സത്യമെന്ന് വിശ്വസിച്ച് മീര ഉറക്കത്തിലേക്ക് വഴുതി.
ദിനങ്ങള്‍ നീങ്ങി പിന്നീട് ഇതുവരെ ലാലിയേ കണ്ടിട്ടില്ല. തന്നേ പ്രാപിക്കാന്‍ കഴിയാത്ത നൊമ്പരം അവളെ മറ്റൊന്നില്‍ കൊണ്ടെത്തിച്ച് കാണും. ഇതൊന്നും മനസ്സിനെ നൊമ്പര പെടുത്തിയില്ല.

വീണ്ടും മൊബൈലിന്റെ ശബ്ദം അയാളെ ഇന്നിലേക്ക്‌ മനസ്സ് തിരിച്ചു.

“അച്ചായാ മീരയാ.. വേഗം ഇങ്ങോട്ട് വാ. അച്ചായനെ അന്വേഷിച്ച് പോലീസ് എത്തിയിരിക്കുന്നു. ലാലി രോഗത്തെ ഭയന്ന് ആത്മഹത്യാ ചെയ്തതാണെന്ന്. അവളുടെ മുറിയില്‍ നിന്നും നിങ്ങളുടെ ചെക്കുകള്‍ കുറേ കിട്ടിയത്രേ പോലീസിന് ”
എല്സിയോടു യാത്ര പറഞ്ഞ് പകല്‍ മാന്യനെ പോലെ അയാള്‍ കാറോടിക്കുമ്പോള്‍ ലാലി അയാളുടെ മനസ്സിന് നെട് വീര്‍പ്പുകള്‍ സമ്മാനിച്ച് കൊണ്ടിരുന്നു..

Monday, February 14, 2011

പ്രണയം എനിക്കുമില്ലേ..

പുലരിയുടെ മുഖം വെളുത്തു തുടങ്ങി. രാത്രി പെയ്ത മഴ, മുറ്റത്ത് മുഴുവന്‍ വെള്ളം കെട്ടികിടക്കുന്നു. വിറകു കൊള്ളി കത്തിപിടിക്കാന്‍ വേണ്ടി മാളുവമ്മ അല്‍പം കഷ്ട്ടപെട്ടു. കൈകള്‍ തീയിന്റെ ഓരത്ത് പിടിച്ച് ചൂടുപിടിച്ച് മുറ്റത്തേക്കിറങ്ങി. തണുത്തു വിറച്ച് പതുങ്ങിയുള്ള അവളുടെ നില്‍പ്പ് കണ്ടപ്പോള്‍ വല്ലാത്ത ദയനീയത. പതിയെ അവളെ വരാന്തയിലേക്ക്‌ വിളിച്ചു. കൊച്ചുമോള്‍ക്ക് കാച്ചി വെച്ച പാലില്‍ നിന്നും അല്‍പം ചൂടൊടെ കൊടുത്തു. ആര്‍ത്തിയോടെ അവള്‍ അത് കുടിച്ചു തീര്‍ത്തു. ക്ഷീണം മാറിയ അവളെ കാണാന്‍ നല്ല സുന്ദരി തന്നെ. നീല കണ്ണുകള്‍, ചന്ദനത്തിന്റെ കളര്‍, ഹോ വല്ലാത്ത ഭംഗി. 

മാളുവമ്മയുടെ  മനസ്സില്‍ ചിന്തകള്‍ മാറി മറിഞ്ഞു. അവളേതു നാട്ടുകാരിയാണെന്ന് വിലയിരുത്തി. ഊട്ടി തന്നേ.! അല്ലാതെ നമ്മുടെ നാട്ടിലുണ്ടോ ഇത്രക്ക് സുന്ദരികള്‍. മാളുവമ്മയുടെ  മനസ്സില്‍ അവളോടുള്ള സ്നേഹവും ദയയും വര്‍ധിച്ചു. കൊച്ചു മോള്‍ക്കും അവളെ നന്നായി ബോധിച്ചു.
“അച്ഛന്‍ ഇങ്ങനെയുള്ളവരെ വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാത്തതാ. എന്നാല്‍ ഇവളെ അച്ഛനും പിടിച്ചല്ലോ അമ്മേ..”
ഇതെല്ലാം കെട്ട് അവള്‍ കണ്ണുകളിലേക്ക് നോക്കി സന്തോഷം കൊണ്ടാവാം കണ്ണിന് നല്ല തിളക്കം. തന്‍റെ കൂടെ ഓടിനടക്കുന്ന അവള്‍ക്ക്  കൊച്ചു മോള്‍ ഒരു പേരിട്ടു.
'കിറ്റി'
ആ പേര്‌ അവള്‍ക്ക് നന്നായി ചേരുന്നു.

മാസങ്ങള്‍ കഴിഞ്ഞു. അപ്പോഴേക്കും കിറ്റി അവിടുത്തെ താരമായി മാറിക്കഴിഞ്ഞു. സുന്ദരിയായ അവളെ കാണാന്‍ പാത്തും പതുങ്ങിയും പൂവാലന്‍ മാര്‍ എത്തുന്നത്  മാളുവമ്മയുടെ കണ്ണുകളില്‍ കാണാനിടയായി. അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. തന്റെ നല്ലകാലത്തെ പ്രണയം തെക്കേപുറത്തെ വേലായുധനോടായിരുന്നു. കുന്നത്ത് പറമ്പില്‍ കണ്ണാരം പൊത്തി കളിക്കുമ്പോള്‍ മുരിക്കിലയില്‍ പൊതിഞ്ഞു തന്ന പ്രണയ സമ്മാനം കഴിക്കുമ്പോള്‍ സംസാരിക്കാന്‍ പാടില്ലെന്ന് മറന്ന് ചോദിച്ചു
“വേലായുധാ ഇതെന്ത് സാധനമാ”
“മിണ്ടല്ലെ പെണ്ണേ. നൊട്ടങ്ങ തിന്നുമ്പോ മിണ്ടിയാ കയിക്കും”
പറഞ്ഞപോലെ കയിപ്പോട് കയിപ്പ്. അന്നോടെ ആ കയിപ്പില്‍ ഒലിച്ചിറങ്ങിയ വേലായുധന്റെ പ്രണയാവശിഷ്ട്ടങ്ങള്‍ ഇന്നും ഓര്‍ത്ത് മാളുവമ്മ ചിരിക്കാറുണ്ട്.

ഇപ്പോഴുള്ള ഓര്‍മയിലെ ചിരിക്കിടയില്‍ ബെറ്റി കിറ്റിയുമായി പ്രണയം തുടങ്ങി. അവര്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. കിറ്റി ബെറ്റിയുടെ കവിളുകളില്‍   മധുരമായൊരു ചുംബനം അര്‍പ്പിച്ചു. കണ്ടു നിന്ന മാളുവമ്മക്ക് ലജ്ജ. മാളുവമ്മ കള്ളദേശ്യ ഭാവത്തില്‍ പറഞ്ഞു.
“കിറ്റി  ഇനി നിന്നെ  ബെറ്റിക്ക് കെട്ടിച്ചു കൊടുക്കാം. സ്ഥലവും സമയവും നോക്കാതെയുള്ള നിന്റെയൊക്കെ പ്രണയം..”

ബെറ്റി എല്ലാം കേട്ടുനില്‍ക്കുകയല്ലാതെ ഒന്നും മിണ്ടിയില്ല. കിറ്റി  കുറ്റബോധം അല്‍പം പോലും ഇല്ലാതെ  മാളുവമ്മയുടെ അടുത്ത് ചാരിനിന്നു. എന്തായാലും ഉറ്റവരും ഉടയവരും ഇല്ലാത്ത കിറ്റിയെ ബെറ്റിയെ കൊണ്ട് കെട്ടിക്കാന്‍  മാളുവമ്മ തീരുമാനിച്ചുറച്ചു.

മഴയില്ലാത്ത ഒരു പകല്‍.
ഫെബ്രുവരി പതിനാല് പ്രണയദിനത്തില്‍ അവര്‍ വിവാഹിതരായി. സ്ഥലത്തെ പ്രധാനികളായ അച്ചനും കൊച്ചുമോളും പങ്കെടുത്തു.
കിറ്റി ബെറ്റിക്ക് സ്വന്തമായ ദിനം. മാളുവമ്മ അവര്‍ക്കായ് ഒരുക്കിയ കിടപ്പറയിലേക്ക് അവരെ കയറ്റി വിട്ട്  പറഞ്ഞു
“മ്ഹും... ഇന്ന് നിങ്ങളുടെ ദിനമല്ലേ ആവട്ടെ...”

എന്നാലും കിറ്റി, അവള്‍ക്ക് തീരെ പരിസരബോധം ഇല്ല. മാളുവമ്മ പരിഭവം പറഞ്ഞു
മാസങ്ങള്‍ നീങ്ങി.
കിറ്റി ഇപ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണി.
“എപ്പോഴും അവളുടെ മേല്‍ ഒരു കണ്ണു വേണം” അച്ഛന്റെ നിര്‍ദേശം.
ആവശ്യത്തില്‍ കൂടുതല് വയറുണ്ട് കിറ്റിക്ക്. കുട്ടി ഒന്നില്‍ കൂടുതലെന്നു ഡോക്ടെര്‍ പറഞ്ഞു.
അധികം ദിവസങ്ങള്‍ നീങ്ങിയില്ല, കിറ്റി സുഖമായി പ്രസവിച്ചു. മൂന് സുന്ദരി മക്കള്‍. അവള്‍ അവര്‍ക്ക്  പാലുകൊടുക്കുന്ന തിരക്കിലാണ്. ബെറ്റി ചുറ്റി പറ്റി അവളുടെ അടുത്തുണ്ട്. മാളുവമ്മ മൂക്കത്തു കൈവെച്ച് പറഞ്ഞു
"നിന്നെ ഞാന്‍ സമ്മതിച്ചു കിറ്റീ.  ഒറ്റയടിക്കല്ലേ നീ മുന്നെണ്ണം പെറ്റത്. മനുഷ്യന്‍മാര്‍ക്ക് ഇതൊക്കേ വലിയ പാടാ കിറ്റി"
മാളുവമ്മ അവള്‍ക്കുള്ള ഭക്ഷണവുമായി എത്തി. ഇന്ന് തന്റെ പാത്രത്തില്‍ കിടക്കുന്ന ഇറച്ചി കഷ്ണം കണ്ട് കിറ്റി സന്തോഷത്തോടെ വീണ്ടും മാളുവമ്മയേ നോക്കി കരഞ്ഞു കൊണ്ടിരുന്നു. അവള്‍ പറഞ്ഞത് പ്രസവത്തിന്റെ ശക്തിയേറിയ വേദനയോ  അതോ ഭക്ഷണം കൊടുത്തതിന് നന്ദിയോ എന്നറിയാതെ കൊച്ചുമോളും അച്ഛനും അരികെ നില്‍പ്പ് തുടര്‍ന്നു.