Thursday, June 02, 2011

ഓര്‍മയിലേക്ക് ചേക്കേറിയ കുട്ടിക്കാലം

മഴ നനഞ്ഞ ഇരുണ്ട സന്ധ്യ. കാറ്റടിച്ച് കറന്റ്  പോയാലും മണ്ണെണ്ണ വിളക്കിനരികിലിരുന്ന്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന ഉമ്മയുടെ കണ്ണ് വെട്ടിച്ച് പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച മംഗളം വാരികയിലേക്ക്‌ കണ്ണുകള്‍ ഓടിച്ചു. മാത്യു മറ്റത്തിന്റെ തുടര്‍ കഥ വാരികയുടെ ജീവ നാഡിയാണ്. വായിക്കുന്നത് പാഠപുസ്തകമാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇടക്കിടക്ക്  'മലയാളം റ്റു' വിലെ ഇന്ദുലേഖയേയും ചന്തു മേനോനേയും നീട്ടി വിളിച്ചു കൊണ്ടിരുന്നു. നോവല്‍ വായിച്ച് തുടരും എന്ന വരിയില്‍ അവസാനിച്ചപ്പോ അടുത്ത ഭാഗം എന്താകുമെന്ന നെടുവീര്‍പ്പ് ബാക്കിയാക്കി മറ്റു താളുകള്‍ മറിച്ചു.

"മണ്ണെണ്ണ വിളക്കിന്റെ മുന്നില്‍ ഇരുന്നു തലവേദന വരുത്തും, കരണ്ട് വന്നിട്ട് പോരെ ഈ പഠിപ്പ്" ഉമ്മാമയുടെ പിറുപിറുപ്പ്‌. ഇഗ്ലീഷും സയന്‍സും എന്നെ കൊലക്ക് കൊടുക്കാറാണ് പതിവ്. പത്താം ക്ലാസില്‍ തോറ്റാല്‍ കളിയാക്കാന്‍ റെഡിയായി നടക്കുന്ന സൈനുദ്ധീനും, അന്‍വറും. ഓരൊക്കെ തോറ്റപ്പോള്‍ ഞാന്‍ പാടിയതാ
"തോറ്റപ്പെട്ടിക്കു തോലില്ലാ..
മുങ്ങി കുളിക്കാന്‍ വെള്ളല്ല്യാ.."
ഇനി ഇപ്പൊ ഞാന്‍ തോറ്റാല്‍ പറയണോ പൂരം.
കുണ്ടാമണ്ടി സൈനുദ്ധീനെ പണ്ട് മുതലേ എനിക്ക് ദേശ്യാ.. എല്ലാം കൂടി ആലോചിച്ച് മിച്ചം കിട്ടിയ തലവേദന സഹിക്കാന്‍ പറ്റാതായി. ടൈഗര്‍ ബാം പുരട്ടി തടവി. ഭേദമായില്ല.
"കൊണ്ടോയിക്കോ ആശുപത്രീക്ക്"
ഉമ്മാമയുടെ അരിശം മൂത്ത മുറുമുറുപ്പ് ഉമ്മയോടാണ്‌.
ഉമ്മാക്ക് ഭയം, രാത്രിയല്ലേ. പോരാത്തതിന് കാറ്റും മിന്നലും,
അതിനിപ്പോ എന്താ സാബു ഡോക്ടറെ കാണിച്ചാല്‍ പോരെ.. സാബു ഡോക്ടറെ ഉമ്മാക്ക് അത്രക്കങ്ങ് പിടുത്തം പോര. മൂപ്പര് വെറും എമ്പീബിയെസ്സാ, ഒന്നിന്റേയും സ്പെഷ്യാലിസ്റ്റല്ല. എന്നാലും ഈ രാത്രിക്ക് തല്‍ക്കാലം അത് മതി. കറന്റും ഇല്ല. മഴയും വരുന്ന ലക്ഷണം ഉണ്ട്.
"കൊട കരുതിക്കോണം"
ഉമ്മാമായുടെ ഓര്‍മപ്പെടുത്തല്‍. ടോര്‍ച്ചും കയ്യിലെടുത്ത് ഉമ്മയുടെ പിന്നാലെ നടന്നു. അല്പം ദൂരമേ ഉള്ളൂ..

സാബു ഡോക്ടര്‍ സുന്ദരനാ. മനസ്സില്‍ വേദനയെക്കാളേറെ സ്ഥാനം സാബു ഡോക്ടറുടെ മുഖത്തതിനായി മാറി. അവിടെ എത്തുമ്പോള്‍ ആളുകളുടെ തിരക്ക്. ഇപ്പോള്‍ വേദന അല്പം കുറവുണ്ട്. എങ്കിലും വന്ന സ്ഥിതിക്ക് ഒന്ന് കാണിക്കാതെ പോകേണ്ടല്ലോ. ക്ഷമയോടെ ഇരുന്നു. എന്റെ ഊഴമെത്തിയപ്പോള്‍ വിളി വന്നു. തട്ടം നേരെയിട്ട് അകത്ത് കയറി.
എടുപ്പുള്ള മെയ്യും പുഞ്ചിരിക്കുന്ന ആ മുഖവും കാണുമ്പോള്‍ ഇടക്ക് വന്നെത്തുന്ന ഈ തലവേദന നിര്‍ത്തലാക്കണോന്ന് മനസ്സ് ചോദിക്കുന്നുണ്ട്.
ഉമ്മ അസുഖത്തെ വിവരിക്കുന്നുണ്ട്. എന്റെ കൈകളെ സ്പര്‍ശിച്ചു കൊണ്ട് സാബു ഡോക്ടര്‍ ഉമ്മയോട് പറഞ്ഞു
"പൊടിയുടേയും പുകയുടേയും അലര്‍ജിയാ.."
ഞാന്‍ ആ മുഖത്തേക്ക് നോക്കി. വെളുത്തു മെലിഞ്ഞ മുഖത്തിനു വരച്ച പോലുള്ള മീശ, ഒതുക്കത്തോടെ ചീകി വെച്ച മുടി. പൌരുഷത്തിന്റെ തീഷ്ണ ഭാവം. കൌമാരം പ്രകടിപ്പിക്കുന്ന പ്രണയം മാധുര്യം കൂടിയതാണ്. ആ ചെരുമധുരം എന്റെ മനസ്സിനെ സ്വപ്നത്തിന്റെ മായാലോകത്ത് എത്തിക്കും മുമ്പേ പെട്ടന്നു ഉമ്മയുടെ വിളി
"ഉമ്മൂ... വാ പോകാം"
ഉമ്മയുടെ കൂടെ ടോര്‍ച്ചു വെട്ടത്തില്‍ റോഡിലൂടെ നടന്നു. അങ്ങാടി കഴിഞ്ഞ് റോഡ് തിരിഞ്ഞപ്പോള്‍ അവിടെ നിന്നും വലിയ വായിലുള്ള ആര്‍പ്പും നിലവിളികളും. ആദ്യം കാണുന്നത് സൈനുദ്ധീന്റെ വീടാണ്. അവിടെ നിന്ന് തന്നെയാണെന്ന് ഉമ്മയുടെ വിലയിരുത്തല്‍. ന്റെ റബ്ബേ.. എന്താണാവോ, വെപ്രാളപ്പെട്ട് നടന്നു. മുന്നിലൂടെ ടോര്‍ച്ചുമായി ഓടി വരുന്ന ആളുകളോട് തിരക്കി. അപ്പോഴാണ്‌ ആ ദുഃഖ വാര്‍ത്ത അറിഞ്ഞത്.

പാവം സൈനുദ്ധീന്‍. നാട്ടുകാര് സഹായിച്ചാണ് വയ്യാതെ കിടക്കുന്ന ഉമ്മാനെ അവന്‍ നോക്കുന്നത്. മാസത്തിലൊരിക്കല്‍ നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ തൊടീല് തേങ്ങയിടുംബോഴാണ് അവന്‍ സന്തോഷിക്കുക. തേങ്ങ പെറുക്കിക്കൂട്ടി കൊടുത്താല്‍ കിട്ടുന്ന കാശിനു ഉമ്മാന്റെ മരുന്നും അവന്റെ നോട്ബുക്കും വാങ്ങനെ തികയൂ.. ഇന്നലെ തേങ്ങ പെറുക്കികൂട്ടുമ്പോള്‍ എന്നോടു ഒരുപാട് പറഞ്ഞു, ഒരു ജോഡി പ്രാവിനെ വാങ്ങുമെന്നും അവ മുട്ടയിട്ടു വിരിയിച്ച് കുഞ്ഞുങ്ങളെ വിറ്റ് കാശുണ്ടാക്കുമെന്നും പിന്നെ വലിയ പണക്കാരനാകുമെന്നും എന്തെല്ലാം മോഹങ്ങളായിരുന്നു. അതിനെല്ലാം ഇടയില്‍ ഇങ്ങനെ. പാവം, എന്താണ് അവര്‍ക്ക് ഉണ്ടായതെന്ന് അറിയില്ല മരണത്തിനു കാരണങ്ങള്‍ വേണമെന്നില്ലല്ലോ..
ഉമ്മ ധൃതിയില്‍ നടന്ന് സൈനുദ്ധീന്റെ വീടിന്റെ ഗൈറ്റ്‌ കടന്നു. അകത്തു നിന്നും ഒഴുകി വരുന്ന ഖുര്‍ആനിന്റെ ആയത്തുകളില്‍ ഇടറുന്ന ശബ്ദം വേറിട്ട്‌ അറിഞ്ഞു. മരിച്ച് കിടക്കുന്ന ഉമ്മാക്കരികിലിരുന്ന് പോന്നുമോന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുകള്‍ എന്നിലേക്ക്‌ തിരിഞ്ഞു. ആ കണ്മുനകളില്‍ വേദനയുടെ ചുടു രക്തം പൊടിഞ്ഞിരിക്കുന്നു. കൂടെ നിന്ന് ആരോ മയ്യിത്തിന്റെ മുഖത്ത് നിന്നും വെളുത്ത തുണി അല്‍പ്പം മാറ്റി പിടിച്ചു. സ്വര്‍ഗ്ഗ യാത്രക്ക് അനുമതി ലഭിച്ച പുഞ്ചിരിയോടെ ആ ഉമ്മ ചലനമറ്റു കിടന്നു.

അല്പം കഴിഞ്ഞ്  ഉമ്മയും ഞാനും യാത്ര പറയുമ്പോള്‍ എന്നെ നോക്കി അവന്‍ തേങ്ങിക്കരഞ്ഞു. ഉമ്മ അവനെ ആശ്വസിപ്പിച്ചു പറഞ്ഞു
“ഇല്ല മോനെ.. കരയണ്ട. എല്ലാര്‍ക്കും പോണം മരണത്തിലേക്ക്. പോവാതെ പറ്റൂലാ. മോന്‍ കരയാതിരി..”
അവന്‍ എല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകി. ഉമ്മാമയെ തനിച്ചാക്കി പോയ കാരണം ഞങ്ങള്‍ അവിടെ നിന്നും യാത്രയായി. മടങ്ങി വീട്ടിലെത്തിയപ്പോഴാണ് ഞാന്‍ എന്റെ അസുഖത്തെ കുറിച്ച് വീണ്ടും ചിന്തിച്ചത്. കയ്യില്‍ ടാബ്ലെറ്റ് എടുത്തു തരുമ്പോഴും ഉമ്മ സൈനുദ്ധീനേയും അവന്റെ ഉമ്മാനേയും കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. അന്ന് രാത്രി മുതല്‍ സൈനുദ്ധീന്‍ ഞങ്ങളുടെയൊക്കെ മനസ്സില്‍ വേദനയുടെ പ്രതീകമായി.

ദിവസങ്ങള്‍ നീങ്ങി.
‘ഒറ്റപ്പെട്ട സൈനുദ്ധീനെ മക്കളില്ലാത്ത ഹാജിയാര്‍ ദത്തെടുക്കാന്‍ പോകുന്നു’
നാട് മുഴുവന്‍ പാട്ടായി. ഞാനും സന്തോഷിച്ചു. ആ വാര്‍ത്ത കൂടുതല്‍ വൈകും മുമ്പേ ഹാജിയാര്‍ അവനെ ദത്തെടുത്തു. മക്കളില്ലാത്ത അവര്‍ക്ക് പോന്നു മോനായി അവന്‍ വാണു. സുഖ സൌകര്യങ്ങളോടെ വര്‍ഷങ്ങള്‍ നീണ്ടു. എങ്കിലും എല്ലാത്തിനും ഇടയിലും അവന്‍ പറയും, വേദന കടിച്ചമര്‍ത്തി വയ്യാതെ കിടന്ന് മരണമടഞ്ഞ പോന്നുമ്മയെ കുറിച്ച്. സങ്കടത്തില്‍ കുതിര്‍ന്ന അവന്റെ നോവുകള്‍ കണ്ണുകള്‍ നനയിച്ച് ഞാനും കേട്ടിരിക്കും.