Tuesday, February 07, 2012

നിഴലാട്ടം

തേയില ചെടികള്‍ക്ക് മീതെ വെയില്‍ വീണ് കിടക്കുന്ന അലസമായൊരു സായാഹ്ന്നം. തോട്ടത്തിലെ തണല്‍ മരങ്ങള്‍ക്കിടയിലൂടെ ചേക്കേറാന്‍ പറന്നകലുന്ന പക്ഷികൂട്ടങ്ങള്‍. അമ്പലത്തിലെ ഭജനയും മാര്‍ക്കറ്റിലെ ശബ്ദ കോലാഹലങ്ങളും നിശബ്ദതയെ തുളച്ചെത്തുന്നുണ്ട്. ഇന്നും മഴയുടെ ലക്ഷണം. വൈകുന്നേരങ്ങളില്‍ അക്കരേക്ക് പോകുന്ന തോണിക്കാരുടെ തുഴക്കൊപ്പം നീട്ടി പാടുന്ന നാടന്‍ പാട്ടുകള്‍.


മല കയറുന്നതിന് മുമ്പുള്ള സമതലത്തിലാണ് വെട്ടി നിര്‍ത്തിയ തേയില ചെടികളുടെ നോക്കെത്താവുന്നിടത്തോളം പരന്ന് കിടക്കുന്ന ഹരിത സമുദ്രത്തിന്റെ മധ്യത്തില്‍ ഏകാന്തമായ ബംഗ്ലാവ്. ഏകാന്തതയുടെ നടുവില്‍ വിശാലമായ റൂമിലെ ഇരുണ്ട വെളിച്ചത്തില്‍ മൂകനായി അയാള്‍ ഇരിപ്പ് തുടര്‍ന്നു.

വിശ്രമ രഹിതമായ രാപ്പകലുകള്‍, നിദ്ര വിട്ടകന്ന രാത്രികള്‍. അമ്മയുടെ പ്രാര്‍ത്ഥന ദൈവത്തിന്റെ കര്‍ണ്ണങ്ങളില്‍ പതിഞ്ഞിരിക്കുന്നു. ഈ ലോകത്തെ ഭരിക്കുന്ന ശക്തി പണമാണ്. അച്ഛന്‍ സമ്പാദിച്ചതത്രയും താന്തോന്നിത്തത്തിലൂടെ  ചിലവഴിച്ച ജ്യേഷ്ട്ടന്‍. ഇന്ന് തനിക്കും കുടുംബത്തിനും പരാജയങ്ങളുടെ പട്ടികയല്ലാതെ വിജയങ്ങളുടെ ഉള്ളറകളൊന്നും തുറക്കാനില്ല. ജോലി തേടിയുള്ള അലച്ചിലിന് ഒടുവില്‍ തരപ്പെട്ട ജോലി. സ്നേഹിതന്‍ പറഞ്ഞ അഡ്രസ്‌ പ്രകാരം നാട്ടു വഴികളും അങ്ങാടികളും പിറകോട്ടാക്കി എനിക്കിറങ്ങേണ്ട സ്റ്റോപ്പില്‍ ബസ്സ്‌ നിന്നു.

ബസ്സിറങ്ങി ചെമ്മണ്‍ പാതയിലൂടെ നടന്നു. തെളിഞ്ഞ ആകാശത്തിന്‍ കീഴെ ഉന്മത്തനായി കിടക്കുന്ന പ്രകൃതി ഹൃദയത്തില്‍ ഉന്മേഷം നിറച്ചു. നാല് നാഴിക മുന്നോട്ട് നടന്നപ്പോള്‍ വിശാലമായ തടാകം. അക്കരെ മലയോരത്തേക്കുള്ള യാത്രക്കാരെ കാത്ത് കിടക്കുന്ന തോണികളില്‍ ഒന്നില്‍ കയറി. തലേന്ന് പെയ്ത മഴയുടെ കുളിരില്‍ മയങ്ങുന്ന പ്രകൃതി. തുഴഞ്ഞു നീങ്ങുന്ന തോണിയില്‍ മറ്റു യാത്രക്കാര്‍ ഇല്ലെന്ന് പോലും മറന്നു പോകുന്ന പ്രകൃതിയുടെ  കാഴ്ചകള്‍. അല്‍പം കഴിഞ്ഞ് തോണിക്കാരന്‍ തോണിയടുപ്പിച്ചു.

അല്‍പം പരിഭ്രമത്തോടെ മുന്നോട്ടു നടന്നു. തോട്ടത്തിലെ ജോലിക്കാരി പെണ്ണുങ്ങള്‍ കൂട്ടമായി എത്തി തുടങ്ങുന്നു. ചോദിക്കേണ്ട താമസം പണിക്കാരികള്‍ ബംഗ്ലാവ് ചൂണ്ടി കാണിച്ചു. നേരെ ബംഗ്ലാവിന്റെ മുറ്റത്തെത്തി. ആരെയും കണ്ടില്ല. മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുന്നു. എന്നെ കണ്ടത് കൊണ്ടാവും തോട്ടത്തിന്റെ മൂലയില്‍ കളിക്കുന്ന പത്ത് വയസ്സുകാരന്‍ ഓടി വന്ന്‍ ചോദിച്ചു.
“ആരാണ്.. ”
“ഞാന്‍ ദൂരെ നിന്നാണ്”
“വാ”
അവന്‍ അകത്തേക്ക് ആനയിച്ചു. അകത്ത് നിന്നും വരുന്ന ദീന രോദനം കേട്ട്‌ ഞാനും അവനോടൊപ്പം അകത്ത് കയറി. പെട്ടന്ന്‍  ആ ദൃശ്യം കണ്ട് ഞാന്‍ അമ്പരന്നു. ഇഷ്ട്ടിക പതിച്ച നിലത്ത്‌ കിടന്ന് വിറയ്ക്കുന്ന മധ്യ വയസ്കന്‍ അധികം അഴുക്കു പുരളാത്ത വസ്ത്രം  ധരിച്ച അയാളുടെ ചുണ്ടുകള്‍ ഇരു വശത്തേക്കും കോടുകയും കൈകാലുകള്‍ ചുരുണ്ട് കൂടുകയും  ചെയ്യുന്നു. കുടെയുള്ള പത്ത് വയസ്സ് കാരന്‍ അലമാരി തുറന്ന്‍  കയ്യിലെടുത്ത ഗുളികകള്‍ അയാളുടെ വായിലേക്കിട്ട്  കൊടുത്തു. കുറച്ച് നിമിഷങ്ങള്‍ക്കകം വിറയല്‍ നിന്നു. പതുക്കെ കണ്ണുകള്‍ തുറന്നു. വിയര്‍പ്പു തുള്ളികള്‍ പൊടിഞ്ഞ മുഖം കൈകള്‍ കൊണ്ട് തുടച്ച് അയാള്‍ എഴുനേറ്റ് ചുറ്റും നോക്കി.

അയാളുടെ കണ്ണുകളില്‍ അലിഞ്ഞു കിടക്കുന്ന ഭൂതത്തേയും ഭാവിയും ഉള്‍കൊള്ളാന്‍ കഴിയാത്ത നിമിഷങ്ങള്‍. എങ്കിലും ചോദിച്ചു.
"ഇവിടെ ആരുമില്ലേ.."?
നിങ്ങളുടെ ഭാര്യ, മക്കള്‍.
പറഞ്ഞു മുഴുവനാക്കും മുമ്പേ  അയാള്‍ കരങ്ങള്‍ ഉയര്‍ത്തി നിര്‍ത്താന്‍ ആഗ്യം കാണിച്ചു. ഇതുകേട്ട് ആശ്ചര്യപെട്ട എന്നോട് അയാള്‍ പതിയെ സംസാരിച്ച്  തുടങ്ങി .
"ബന്ധങ്ങളൊക്കെ ഞാന്‍ വിചാരിച്ചിടത്തോളം ഉള്ളടോ, അച്ഛനാകട്ടെ  ഭാര്യയാകട്ടെ അവരുടെ സുഖത്തിനും തൃപ്തിക്കും കോട്ടം തട്ടിയാല്‍ സ്നേഹത്തിന്റെ നിറം മാറുന്നു".
ഒരു പക്ഷേ നിങ്ങള്‍ക്ക്  അറിയേണ്ടി വന്നിരിക്കില്ല.

"ശേഖരന്‍ പറഞ്ഞു വന്നതാണോ നീ .."
"അതെ"
"എങ്കില്‍ സാധനങ്ങള്‍ അകത്തു വെച്ചു എന്‍റെ കാലൊന്നു തിരുമ്മിതരൂ.."
അതിനിടയില്‍ നിങ്ങള്‍ എങ്ങനെ ഒറ്റപെട്ട്  പോയി എന്ന എന്‍റെ ചോദ്യത്തിന് മുന്നില്‍ അയാള്‍ തന്‍റെ പഴയ കാലങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. പണത്തിന്റെ അഹങ്കാരത്തില്‍ വളര്‍ന്ന തെക്കേടത്തു തറവാട്ടിലെ കാരണവരുടെ മകന്‍, വാശിക്കാരന്‍. പഠനത്തിനായിരുന്നു  വീട്ടില്‍ മുന്‍തൂക്കം. പഠനം കഴിഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗം കൈക്കലാക്കുമ്പോള്‍ ഒരാഗ്രഹം തറവാട്ടില്‍ ഒരാഴ്ചത്തെ ലീവ്. ആഗ്രഹത്തിന് ദൈര്‍ഘ്യം കുറഞ്ഞു

അന്ന്‍  ഉത്സവദിനമായിരുന്നു. ബന്ധുക്കളും നാട്ടുകാരും എന്നുവേണ്ട എല്ലാ ജാതി മതസ്ഥരും. അതിനിടയിലേക്ക് പ്രതീക്ഷിക്കാതെ മകന്‍ എത്തിയതില്‍ അച്ഛന്റെയും അമ്മയുടെയും  സന്തോഷങ്ങള്‍. സന്ദര്‍ശകരും, കച്ചവടക്കാരും. തിരക്ക് വര്‍ധിച്ചു അമ്പലമുറ്റം ദൈവീകതയാല്‍ സമ്പൂര്‍ണ്ണം. അമ്മയുടെ നിര്‍ബന്ധ പ്രകാരം  അമ്പലത്തിന്  മുന്നിലെത്തി. തൊഴുത് തിരിയുന്നതിനിടെ കത്തുന്ന വിളക്കുകള്‍ക്കിടയില്‍ വെളിച്ചത്തിന്റെ പ്രഭയണിഞ്ഞ്‌ തൊഴുകയ്യോടെ കണ്ണടച്ച് നില്‍ക്കുന്ന സുന്ദരിയായ പെണ്‍കുട്ടി. മനസ്സില്‍ തട്ടിയ അവളുടെ മുഖം പിന്നീട് പ്രതിബന്ധങ്ങള്‍ ഒരുപാട് മറികടന്ന്‍  അവളെ സ്വന്തമാക്കുമ്പോള്‍ തന്റെ കുടുംബത്തെ നഷ്ട്ടമായിരുന്നു.
എങ്കിലും അവള്‍ക്ക് വേണ്ടി ഞാനീ ബംഗ്ലാവ് പണികഴിപ്പിച്ചു. പട്ടണത്തിന്റെ പരിഷ്കാരത്തില്‍ വളര്‍ന്ന അവള്‍ക്ക് ആദ്യ രാത്രിയില്‍ പാല്‍ഗ്ലാസുമായി വരുന്ന  ഭാര്യയിലും, പൂവിതളുകള്‍ ചിതറികിടക്കുന്ന മെത്തയോടും ഭ്രമം തോന്നിയില്ല. ഇതൊന്നും എനിക്ക് അവളുടെ സൌന്ദര്യത്തിന് മുന്നില്‍ ഒന്നുമല്ലായിരുന്നു. പക്ഷേ വൈകിയാണ് ഞാന്‍ ആ സത്യം മനസ്സിലാക്കിയത്. ജീവിതത്തില്‍ ആദ്യവും അവസാനവുമായി അവള്‍ ഭഗവാന്റെ മുന്നില്‍ കൈകൂപ്പിയ ദിനമായിരുന്നു ഞാന്‍ അവളെ കണ്ട് മുട്ടിയത്‌. ഭാര്യയെന്നാല്‍ ഭര്‍ത്താവിനു മാത്രം ഉഴിഞ്ഞു വെച്ചതല്ലെന്ന് ഇടക്കിടക്കവള്‍ ഓര്‍മപ്പെടുത്തി. പൊട്ടിയും വിളക്കിയും നീങ്ങിയ ദാമ്പത്യം അതിനിടയിലെപ്പോഴോ അവളുടെ കൈപിഴപോലെ വന്നു ചേര്‍ന്ന ഗര്‍ഭ ധാരണം. ഗര്‍ഭം സ്ഥിരീകരിച്ച മാസം തന്നെ അവളതിനെ പിഴുതെറിഞ്ഞു. ഇതിനെല്ലാം സമാധാനം കണ്ടെത്തിയെങ്കിലും മനസാക്ഷിയുടെ അന്തപുരത്തില്‍ അമ്മയുടെ ശാപവാക്കുകള്‍ ചൂളം കുത്തി ചുറ്റിത്തിരിഞ്ഞു. അവയെന്നെ ഈ രോഗത്തിലമര്‍ത്തി. എന്റെ ജോലിയും നഷ്ട്ടമായി. ഇന്നവള്‍ വിദേശത്ത് വലിയ ബിസ്നസുകാരിയാണ്.

ഇന്നെനിക്ക് കൂട്ടിനു ഈ പയ്യനും വിവാഹ സമ്മാനമായി ഞാന്‍ അവള്‍ക്ക് കൊടുത്ത ഈ ബംഗ്ലാവും മാത്രം. പറഞ്ഞു തീര്‍ന്നപ്പോള്‍ നിശബ്ദത  പുണര്‍ന്ന ബംഗ്ലാവിലെ ചുവര്‍ ക്ലോക്കില്‍ അലാറം മുഴങ്ങി. പത്ത് വയസ്സുകാരന്‍ അയാളുടെ അടുത്തെത്തി പറഞ്ഞു.
“ഞാന്‍ പോവാ, അമ്മ കാത്ത് നിക്കുന്നു”
അവന്‍ തോട്ടത്തിലെ ജോലിക്കാരിയുടെ കൈകള്‍ പിടിച്ച് നടന്നകന്നു. എല്ലാം നോക്കികണ്ടു അയാള്‍ വീണ്ടും കസേരയിലേക്ക് നിവര്‍ന്നു കിടന്നു.