Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, December 11, 2010

പ്രതാപിയുടെ ജല്‍പനങ്ങള്‍

പട്ടിണിയും  പ്രാരാബ്ധവും കടപ്പാടിന്റെ  ആകുലതകളുമായി ഗള്‍ഫെന്ന സ്വപ്ന വര്‍ണ്ണ  പ്രപഞ്ചത്തിലേക്ക് പോന്ന നാട്ടിന്‍ പുറത്തെ  സാധാരണക്കാര്‍ കുടുംബത്തിന്റെ പുരോഗതിയുടെ ചിന്തകള്‍ വേട്ടയാടുന്ന അവന്റെ മനസ്സ് ജോലി എന്തായാലും പേറാന്‍ തയ്യാറാകുന്ന പാവം മനുഷ്യര്‍. നാട്ടില്‍ മാസം അയ്യായിരം രൂപയ്ക്കു ജോലി ചെയ്തവന് ഗള്‍ഫിലെത്തി ആദ്യ ശമ്പളം കിട്ടുമ്പോള്‍ കണ്ണു തള്ളുന്നത് വിരളമല്ല.

ആയിരം റിയാലിന് ബൂഫിയ ജോലി ചെയ്യുന്നവരും നമുക്കിടയില്‍ ഉണ്ട്‌. പുലര്‍ച്ചെ ഒമ്പതുമണിക്ക് ജോലിക്കെത്തി നട്ടുച്ചവരേയുള്ള ജോലി. അതും ഒരുനിമിഷം ഇരിക്കാന്‍ പോലും അവസരമില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍. നട്ടെല്ല് വേദനയും കൊളസ്ട്രോളും പ്രഷറും മറ്റുമുള്ള അനേകം പാവം മനുഷ്യര്‍. ഇവരുടെയെല്ലാം മാസവരുമാനം ആദ്യമാദ്യം കുടുംബങ്ങളില്‍ സന്തോഷമേകും. അവന്റെ വരുമാനത്തിനൊത്ത് ജീവിക്കാനും പഠിക്കും. പിന്നീടുള്ള കാല ചക്രത്തിന്റെ ഒഴുക്കില്‍ മറ്റുള്ളവന്റെ കിടക്കൊത്ത് വളരാനുള്ള വീട്ടുകാരുടെ വെമ്പല്‍. സഹോദരന്‍ ഗള്‍ഫിലാണ് എന്ന മോടിയുള്ള വാക്കുകളോടെ വീട്ടില്‍ വന്നുതുടങ്ങുന്ന സഹോദരിമാര്‍ക്കുള്ള വിവാഹ ആലോചനകള്‍.

പ്രവാസിയുടെ ജീവിതവും വിയര്‍പ്പും മറ്റുള്ളവരുടെ അഹങ്കാര മോടികളായി മാറുകയാണ്.   ഇന്റര്‍നെറ്റ്‌ കോളുകളുടെ നിര്‍ത്താതെയുള്ള കരച്ചിലുകളില്‍ കുടുംബത്തിന്റെ ആവശ്യങ്ങളും ഏറി തുടങ്ങി. രാവിലും പകലിലും അവന്‍ നെട്ടോട്ടമോടുമ്പോള്‍ കിടപ്പറയിലെ ബെഡ്ഡിന് കൊതുക് വലയില്ലാത്ത അവളുടെ പരാതി, പാവം പ്രവാസിയുടെ മനം നൊന്തു. വീണ്ടും ഫോണ്‍ കോളുകളും പരാതികളും നീളുമ്പോള്‍ നാല് മണികൂര്‍ സംസാരിക്കാന്‍ എന്താണ് ഉള്ളതെന്ന ഉമ്മയുടെ പരാതി. സഹോദരിയുടെ വീട്ടില്‍ പോകുമ്പോള്‍ കൊണ്ട് പോകുന്ന കീശക്ക് ഭാരം കുറഞ്ഞ പിതാവിന്റെ പരിഭവങ്ങള്‍ മോഹങ്ങളെല്ലാം കെട്ടിപൊതിഞ്ഞ ക്ഷമയുടെ കടിഞ്ഞാണുകള്‍ പോട്ടിപ്പോകുന്നു എന്ന ഭാര്യയുടെ ധ്വനി. സഹോദരിയെ വിളിച്ച് കുശലം ചോദിക്കാത്ത സഹോദരന്മരുടെ ലിസ്റ്റിലേക്ക് പേര്‌ ചേര്‍ത്ത പെങ്ങള്‍. എല്ലാം നെടുവീര്‍പ്പുകളില്‍ ഒതുക്കി വീണ്ടും വഴിയറിയാത്ത  പഥികനെ പോലെ പ്രവാസിയുടെ ദിനരാത്രങ്ങള്‍.

ഇടക്കിടക്ക് കേള്‍ക്കുന്ന അവളുടെ കിളി കൊഞ്ചല്‍ ആദ്യമാദ്യം അവന് ഉന്മേഷം നല്‍കി. മാതാവിനെ കുറിച്ചും സഹോദരിയെ കുറിച്ചും താന്‍ സ്നേഹിച്ച പച്ചയായ നാടിനെ കുറിച്ചും എന്നുവേണ്ട അടുപ്പിലെരിയുന്ന വിറകു കൊള്ളിയെ കുറിച്ച് പോലും അവള്‍ സംസാരിച്ചു. മുറ്റത്ത് നട്ട പച്ചമുളകിന്റെ വലുപ്പം പറഞ്ഞ് പുഞ്ചിരിക്കുന്ന അവളുടെ മുഖം മനസ്സില്‍ കണ്ട് സന്തോഷത്തോടെ കടന്നുപോകുന്ന ദിനങ്ങള്‍.

അതിനിടയില്‍ മുളപൊട്ടിയ മോഹങ്ങളുടെ  തുടക്കം ഗ്യാസ്അടുപ്പില്‍  അരങ്ങേറ്റം കുറിച്ചു. പിന്നീട്   ടിവി, മിക്സി, വാഷിംഗ് മെഷീന്‍, ഫ്രിഡ്‌ജ്, മൊബൈല്‍ ഫോണ്‍, എന്നിങ്ങനെ നീളുന്ന ലിസ്റ്റുകള്‍. അമ്മിയിലരച്ചുണ്ടാക്കിയ കൂട്ടുകറിയൊഴിച്ച് ഉമ്മ തന്ന ചോറിന്റെ  രുചിയെ പറഞ്ഞതിന് വിവരമില്ലാത്തവനെന്ന് അധിക്ഷേപിക്കുമ്പോള്‍ പ്രതാപിയായ ഭാര്യയുടെ വാക്കുകളില്‍ അന്ധാളിച്ച് പ്രവാസിയായി നീളുന്ന ഭര്‍ത്താക്കന്മാര്‍.

മാധ്യമങ്ങളുടെ വളര്‍ച്ചക്ക് കൊടുക്കുന്ന പരസ്യങ്ങളില്‍ പല്ലിളിച്ചു കാട്ടുന്ന കുട്ടിയുടെ കയ്യിലുള്ള പേസ്റ്റിന് കരഞ്ഞപ്പോള്‍ ഗള്‍ഫിന്റെ അരങ്ങേറ്റത്തിന് മുമ്പ് ഇറയില്‍ തുങ്ങിയ ഉമിക്കരി പാത്രവും പടിക്ക് പുറത്തായി. ഫ്രിഡ്ജിലെ തണുത്തുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രെഷര്‍ കുക്കറുകളില്‍  കൂക്കി വിളിക്കുമ്പോള്‍ കാന്‍സര്‍ എന്ന മഹാ വ്യാധി മണ്‍ചട്ടികളെ കൊഞ്ഞനം കുത്തി അവര്‍ അടുക്കളയുടെ പ്രൌഡി വിളിച്ചോതുമെന്ന മഹിളാമണികളുടെ ജല്‍പനങ്ങള്‍.

വെയിലത്തുണങ്ങാത്ത വസ്ത്രങ്ങള്‍ പോലെ തന്നെ അവരുടെ മനസ്സും കുമ്മിത്തുടങ്ങി. തൊട്ടടുത്തെ സ്കൂളുകളുടെ ബെല്ല് കേട്ട് ക്ലാസുകളില്‍ ഓടിയെത്തിയ പിതാവിന്റെ പൊന്നുമോനെ നഴ്‌സറിയില്‍ വിടാന്‍ ഗള്‍ഫിന്റെ പ്രൌഡിയോടെ ഗൈറ്റില്‍ അണിഞ്ഞ് നില്‍ക്കുന്ന മാതാവ്. സമയം വൈകും എന്നറിയിച്ച് വരുന്ന ഡ്രൈവറുടെ ഫോണ്‍കോളുകള്‍.

എല്ലാം അനുഭവിക്കുമ്പോള്‍ കഴിഞ്ഞ കാലത്തിന്റെ മധുരമായ ഓര്‍മ്മകള്‍ അയവിറക്കുന്ന   പ്രവാസിയുടെ മാതാവിനും ചിത്തഭ്രമത്തിന്റെ ശാഖയാണെന്ന അവളുടെ പരാതി  പതിക്കുന്ന  പ്രവാസിയുടെ കാതുകള്‍ വീണ്ടും വേദനയുടെ മുള്‍കിരീടമണിയുന്നു. വീട്ടിലെ പരാതി കേള്‍ക്കാതെ പിന്നീടുള്ള സ്വകാര്യമായ കോളുകള്‍. ഉമ്മയുടെ ചികിത്സ ഉറക്ക ഗുളികയിലെത്തിക്കുമ്പോള്‍ ഗള്‍ഫ് പണത്തിന്റെ ഒഴുക്കില്‍ വിരിഞ്ഞ അവളുടെ ഇസ്തിരിയിട്ട് മിനുക്കിയ പുഞ്ചിരികള്‍ നിഷ്കളങ്കമായ മാതാവിന്റെ ജീവന് വിലയിട്ട് തുടങ്ങി. പ്രവാസം പ്രതാപിയായ ഭാര്യമാരുടെ കൈകളിലോതുങ്ങുമ്പോള്‍ കുടുംബത്തിന്റെ കെട്ടുറപ്പുകളഴിയുന്നു. സ്നേഹ ബന്ധങ്ങള്‍ അകലുന്നു. പ്രവാസിയുടെ പ്രൌഡിയുപേക്ഷിച്ച് മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന മാതാപിതാക്കള്‍ .

പിന്നീട് കയറൂരിയ പട്ടം കണക്കേ വാനില്‍ പറക്കുമ്പോള്‍ പ്രാവാസികള്‍ വീണ്ടും പ്രവാസ മണ്ണിനു തിളക്കമാവുന്നു. നാം ഓരോരുത്തരും  ശ്രമിച്ചാല്‍ നമ്മുടെ കുടുംബം ചിട്ടപെടുത്താന്‍ കഴിയുന്നതാണ്. കുടുംബം സ്ത്രീകളായ നമ്മുടെ കൈകളില്‍ ഭദ്രമായാല്‍ നാം വിജയിച്ചു. നമുക്ക് ശ്രമിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാം


വാല്‍കഷ്ണം
ഇതുപോലുള്ള അനുഭവങ്ങള്‍  ഒരുപാട്.
എന്നുവെച്ചു എല്ലാവരും ഇതുപോലെയാണെന്ന്  ഞാന്‍ പറഞ്ഞില്ല.  നല്ല കുടുംബങ്ങള്‍ അനേകം, അതിനിടയില്‍ ഇങ്ങനേ ഉള്ളവരും ഇല്ലാതില്ല.
ഇതില്‍ നിന്നു വല്ല നന്മയും ആര്‍ക്കെങ്കിലും ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ എന്റെ ഈ എഴുത്ത് പൂര്‍ണമായി.

Thursday, February 11, 2010

നമ്മുടെ ചുറ്റുപാടുകള്‍

പ്രവാസം
ഉരുകിയൊലിക്കുന്ന വിയര്‍പ്പ് കണങ്ങള്‍ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില്‍ നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്‍ ഊണും ഉറക്കവും ഇല്ലാതെ മാസാ മാസം കിട്ടുന്ന ശമ്പളത്തില്‍ അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച് അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല്‍ നാം ഓരോരുത്തരും മനസ്സിലാക്കുക കാലം കുടുതല്‍ ദുഷിച്ചിരിക്കുന്നു. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതാണ്‌ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീ സുരക്ഷ ഇന്നൊരു കേട്ട് കേള്‍വി മാത്രമാണ്. സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ്.

എങ്കിലും അതില്‍ വലിയൊരു പങ്ക്‌ പ്രവാസികളായ നമുക്കും ഇല്ലേ..? ഒരുനിമിഷം ആലോചിച്ചു നോക്കൂ. നാം ഒഴുക്കുന്ന വിയര്‍പ്പിന്റെ ഫലം മാസാ മാസം നാട്ടിലേക്കു വിടുമ്പോള്‍ നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചിലവെന്ന്. ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില്‍ അമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കറണ്ട് ബില്ലും മൊബൈല്‍ ചാര്‍ജും കഴിഞ്ഞാല്‍ മറ്റുള്ള ഫാഷന്‍ തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായി വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്‍ട്ടിക്ക് ഉപയോഗിച്ചു എങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് അത് പോര. പിന്നീടത് പയോഗിച്ചാല്‍ താന്‍ തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കുന്നത്.

ഒരുമാസം എത്ര കണ്ട് ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക. തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്‍ന്ന ജീവിത ശൈലിക്ക് അവരെ നിര്‍ബന്ധിതരാക്കുക. സെല്‍ഫോണിന്റെ ദുരുപയോകം ഇന്ന് മിക്കവാറും കുടുംബങ്ങളില്‍ ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്‍ഫുകാരുടെ കുടുംബത്തെ കുറിച്ച് എന്റെ ചെറിയൊരു അന്വേഷണത്തില്‍ മിക്ക വീടുകളിലും രാവിലെ ഒന്‍പതു മണിയോടെ വീട്ടമ്മമാര്‍ തനിച്ചാണ്. ഈ സമയം അപഹരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ്. സീരിയലുകളും സിനിമകളും. ഭൌതിക ജീവിതത്തിലെ ആഡംബരത്തോടുള്ള അമിതമായ ആര്‍ത്തി, ഫാഷന്‍, മോഡല്‍, സിരിയല്‍, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മലവെള്ളപ്പാച്ചിലിനേക്കാളും ശക്തിയാര്‍ജ്ജിച്ചിരിക്കയാണ്.

ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച്‌ കടിഞ്ഞാന്‍ വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില്‍ ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു. ക്രൂരമായ കുറ്റകൃത്യങ്ങള്‍ വേണ്ട രീതിയില്‍ ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഭയാനകമാണ്. പുരുഷന്മാരില്ലാത്ത വീട്ടില്‍ അതിന്റേതായ അച്ചടക്കങ്ങള്‍ പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ്.തന്റെ മക്കള്‍ സെല്‍ഫോണിനോ കംപ്യൂട്ടറിനോ ആവശ്യപ്പെട്ടാല്‍ ഒന്നും ആലോചിക്കാതെ തന്റെ കയ്യിലില്ലാത്ത കാശിന് പരക്കം പാഞ്ഞ് നാട്ടിലേക്ക് അയക്കുമ്പോള്‍ ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഉത്തരവാദപെട്ടവരെ പറഞ്ഞ് ഏല്‍പ്പിക്കുക.

കംപ്യൂട്ടറിന്റെയും സെല്‍ഫോണിന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ്. ബ്ലുടൂത്ത് വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്‍ത്തി മറ്റുള്ളവരുടെ മൊബൈലില്‍ സെന്റ്‌ ചെയ്യുമ്പോള്‍ ഓര്‍ക്കുക തനിക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള്‍ എന്നുള്ളകാര്യം. എന്റെ മക്കള്‍ക്ക്‌ ഒന്നിനും ഒരുകുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രചോദിപ്പിക്കുന്നത് .

നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈകളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില്‍ തേരാളിയും നാം തന്നെയാണ്. അത്യാവശ്യവും, ആവശ്യവും, അനാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സ്വീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക. ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക. തന്റെ കുടുംബം കുടുംബിനിയുടെ കയ്യില്‍ ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നമ്മുടെ വിയര്‍പ്പുകണങ്ങള്‍ ഉരുകിയത് നമുക്കുതന്നെ വിനയായി മാറും.

വീട്ടിലെ സെല്‍ഫോണും ലോക്കല്‍ ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുക. ഒഴിവു സമയങ്ങളില്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്‍ ആണെന്ന് മനസ്സിലാക്കുക. മറ്റുള്ളവരെപ്പോലെ ആവാന്‍ ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക.

Friday, October 23, 2009

പ്രവാസികളെ നിങ്ങളും ഞാനും അറിയാന്‍

കഥനങ്ങളുടെയും വേര്‍പാടിന്റെയും കഥ പറയുന്ന ഈ ഉഷ്ണ ഭൂമിയില്‍ ഉരുകുന്ന ഏതൊരു പ്രവാസിയും തന്റെ പിറന്ന മണ്ണിന്റെ വാസനയും ലാളനയും ഏറ്റുവാങ്ങി തന്റെ കുടുംബത്തോടോത്ത് സ്ഥിര താമസത്തിന്
കൊതിക്കുന്നവരാണ്‌ .എന്നാല്‍ ആ സ്വപ്നങ്ങളെ ഒരു പരിധിവരെ പ്രവാസി തന്നെ അകറ്റി നിര്‍ത്തുകയാണോ?
എന്ന് പറയാതെ വയ്യ ജന്മ നാട്ടിലും വിദേശത്തും അന്ന്യനായി കഴിയേണ്ടി
 വരുന്ന പ്രവാസികള്‍ താങ്ങാനാവാത്ത
കടബാധ്യ തകളുടെയും രോഗങ്ങളുടെയും നടുവില്‍ ഭാണ്ഡം ഇറക്കാനാവാതെ കുഴങ്ങുന്നവരാണ് .
കാണാപോന്നും  കടലോളം മോഹങ്ങളും ആയി അറബ് മരുഭൂമിയിലെ എണ്ണപാടങ്ങളുടെ
വളര്‍ച്ചയില്‍ ഇങ്ങോട്ട് ഒഴുകാന്‍ തുടങ്ങിയ മലയാളികള്‍
 ബിരുദവും ബിരുദാനന്തര ബിരുദവും പൊതിഞ്ഞു സു‌ക്ഷിച്ചവരും
പഠന ങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരും കെട്ടുതാലിയും വീടും പണയ പെടുത്തിയവരും ഇതില്‍
പെടുന്നു .ഇതില്‍ ചിലര്‍ ഭാഗ്യവാന്‍മാര്‍ ഈമണ്ണില്‍ മെച്ചപെട്ട വിളവു കൊയ്യുന്നു. ബാകി ൮൦% ആളുകളും
കുടുംബത്തിന്റെ തീരാത്ത ആഗ്രഹങ്ങള്‍കും പ്രരാബ്ദങ്ങള്‍ക്കും മുന്നില്‍ തനിക്ക് കിട്ടുന്ന സംബാദ്യങ്ങളെല്ലാം
ചിലവിട്ടു രണ്ടോ മു‌ന്നോ വര്‍ഷം കഴിഞ്ഞാലും നാട്ടിലേക്ക് തിരിക്കാന്‍ വലിയൊരു സംഖ്യ കടം വാങ്ങുന്നവരും കാശില്ലാതത്തിന്റെ പേരില്‍ പ്രവാസ ജീവിതത്തിനു മാറ്റ് കു‌ട്ടുന്നവരും നമുക്ക് ഇടയിലുണ്ട് കോണ്‍ഗ്രീറ്റ് ഫ്ലാറ്റുകളില്‍ യന്ത്രങ്ങളാല്‍ തണുപ്പിച്ച വായുവും ശ്വസിച്ച്
ഒരുപാട് സ്വപ്നങ്ങളും കെട്ടിപിടിച്ചു ഒരുറൂമില്‍ ശരാശരി എട്ടും പത്തും ആളുകള്‍ താമസിക്കുന്നു. പ്രഷറും പ്രമേഹവും മുടികൊഴിചിലും ഹാര്‍ട്ടറ്റാകും മറ്റുള്ള രോഗങ്ങളുമായി
തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍ അതിനിടയില്‍ വരുന്ന മക്കളുടെയും സഹോദരി മാരുടെ യും വിവാഹവും അതിനോടനുബന്ധിച്ച സല്‍ക്കാരങ്ങളും മറ്റുമായി വമ്പിച്ച കടം ഏറ്റു വാങ്ങുന്നവരും നാലും അഞ്ചും വര്‍ഷം കഴിഞ്ഞാലും നാട്ടില്‍ പോകാന്‍ കഴിയാതെ മോഹങ്ങള്‍ അടക്കി വിങ്ങുന്നവരുമാണ് .സ്വന്തമായി വരുമാന മാര്‍ഗം ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രഹങ്ങളും അതോടൊപ്പം വളരുകയാണ്
വലിയൊരു ബംഗ്ലാവും എ സി കാറുമാണ് അവന്റെ ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുംബത്തെ മാറ്റി പാര്‍പിക്കാന്‍ ഒരു കൂര അതാണ് സ്വപ്നം ഒന്നാന്തരം പഴയ തറവാടുകള്‍ പൊളിച്ചു വലിയവലിയ കൊട്ടാരം പോലൊത്ത വീടുകളും മുറികള്‍ തോറും ബാത്രൂമുകളുംഎ സി യും പണി കഴിപിക്കുന്നവര്‍ വീടിന്റെ പണി തീരുംബോഴെക്ക് കരുതിയതിലും വലിയ തുക കടം വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്ക് തിളക്കമാവുന്നു .
അതുപോലെ തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു
മുഖ്യ ഘടകമാണ് സെല്‍ഫോണ്‍ ഇത് നിത്യ വരുമാന
 മാര്‍ഗമില്ലത്തവനും പ്രാരാബ്ദങ്ങളുള്ളവനും വലിയൊരു
വിനയായി മാറുന്നവയാണ്.നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍
തന്റെ കടങ്ങള്‍ മറച്ചു വെച്ചുള്ള പ്രവാസിയോട്‌ മതിമറന്ന
 വീട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീര്‍ക്കാന്‍ കടം വാങ്ങി കുടുങ്ങുന്നതും വിരളമല്ല .
ഇതില്‍ നിന്നെല്ലാം എന്നാണു പ്രവാസിക്കൊരു മോചനം ?
ഒറ്റപെടലിന്റെ നീര്‍കടലില്‍ നിന്ന് ഒരല്പം ആശ്വാസത്തിന് വേണ്ടി
കുടുംബത്തോട് കൂടെ  കഴിയാന്‍
അവരെ കൊണ്ടുവരുന്നവരുടെ കാര്യവും ചിലത് പരിതാപകരമാണ് .
ഗള്‍ഫില്‍ എത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍
പിന്നെ വന്ന റൂം സൗകാര്യം പോരാ മാറണംകുട്ടിയെ നല്ല സ്കൂളില്‍ ചേര്‍ക്കണം
മറ്റുള്ളഫാമിലിയെകാളും നല്ലനിലയില്‍ എന്ന ചിന്താഗതിയുടെ മുമ്പില്‍ വാടകയും
സ്കൂള്‍ ഫീസും ഷോപിങ്ങും മെസ്സും മാസം കിട്ടുന്ന ശമ്പളം തികയാതെ
ഫാമിലി തിരിച്ച്വ്ചയക്കുന്നവരും നമുക്കിടയിലുണ്ട് .
തന്റെ വരുമാനം മനസ്സിലാകി ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍
അല്പാശ്വാസം കിട്ടുമെന്ന് തീര്‍ച്ച .ഇന്ന് മാസം തോറും നിലവില്‍ വരുന്ന
നിയമ പരിഷ്കാരങ്ങള്‍ ഏതൊരു പ്രവാസിക്കും തലവേദനയാണ് .
അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍
പടര്‍ന്നു പന്തലിക്കാതെ അല്പാല്പമായി വെട്ടി കളയുക.
 നിവര്‍ത്തി ഇല്ലാത്തവ പരിഹരിക്കുക .
ഏതൊരു പ്രവാസിയുടെ ജീവിതവും ഈ ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല .
ഇന്നല്ലെങ്കില്‍ നാളെ സൊന്തം നാട്ടിലേക്കു പറിച്ചു നടെണ്ടവര്‍
ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം നാം വലിയ വലിയ
ആഢംബരങ്ങൾ കുറയ്ക്കുക .
അങ്ങിനെ ഒരു പരിധി വരെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ സാധിച്ചാല്‍
ഓര്‍ക്കുക സമ്പത്തും സൗഭാഗ്യങ്ങളും മറ്റുള്ളവര്‍കായ്‌ നേടി കൊടുക്കുമ്പോള്‍
നഷ്ട്ടമാകുന്നത് നിന്റെ ജീവിതത്തിന്റെ നല്ലവശങ്ങള്‍ ആണ്.
കടന്നു പോയ നല്ല നാളുകള്‍ ഇനി തിരിച്ചുവരില്ല .
ജീവിതം അത് മുന്നോട്ട് കുതിക്കയാണ് .
പിന്നോട്ട് വരില്ല ഇന്നല്ലന്കില്‍ നാളെ ഈ ആഢംബരങ്ങൾ
നിലനിര്‍ത്താന്‍ കഴിയാതെ വന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്ക് .
അതുകൊണ്ട് ആഢംബരങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ നിര്‍ത്തി
കടങ്ങളില്‍ നിന്നുംരക്ഷനേടി തന്റെ കുടുംബതോടോത്ത് കഴിയാന്‍ ശ്രമിക്കുക .
___________________________

സാബിബാവ
 ജിദ്ധ