Monday, March 31, 2014

നീർമാതളം പൂത്തുലുഞ്ഞ സുഗന്ധം

വയസ്സ് ഒരുപാട് നീങ്ങി.  എഴുതാൻ ഇന്നും കൊതിയോടെ ഞാൻ കാത്തിരിക്കുന്ന വിഷയം മനസിനെ ഇപ്പോഴും സന്തോഷത്തിൽ അറാടിക്കും. ദുരെ അമ്പരത്തിൽ തെളിയുന്ന ചന്ദ്രകലപോലെ ഇന്നും എനിക്ക് ഓർമകൾ ഒരു ലഹരിയാണ്. ബാല്യവും കൌമാരവും ആഗ്രഹങ്ങളുടെ ഒരു വേലിയേറ്റം തന്നെ ആയിരുന്നു. മച്ചും മാളികയും കണ്ടു വളർന്ന കൌമാരം. മാധവികുട്ടിയുടെ നീർമാതളം പോലെ എന്റെ തറവാട്ടു മുറ്റത്തും ഉണ്ടായിരുന്നു പൂത്തു കുലച്ചു നിൽക്കുന്ന ഒരു മാവ്.

ഹോ! കാലചക്രം പൊടുന്നനെ താഴോട്ട് കറങ്ങി തുടങ്ങി. പതിയെ മനസിനെ ശന്തമാക്കിയിട്ട് തലയിണയിൽ തലചേർത്ത് കണ്ണടച്ച് കിടന്നു. പഴയ കാലത്തെ അവാഹിച്ചെടുകുമ്പോൾ അതിന്റെ സുഖം അനുഭവിക്കാൻ മനസ്സിനെ പാകപ്പെടുത്തണം.

അഞ്ചുവയസുകാരി മകളുടെ ശബ്ദം പോലും അലോസരമായി തോന്നിയ ഈ സമയം.
ഓർമകളുടെ മാറാപ്പിൽ എന്നും സന്തോഷത്തോടെ സൂക്ഷിച്ച കൌമാരം. ഹോ, സുഖത്തിന്റെ പറുദീസ ചവിട്ടിമെതിക്കാൻ വീണ്ടും ഈ പൊന്നുമോള് അനുവദിച്ചില്ല. അവൾ വീണ്ടും ചിലുചിലാ സംസാരിച്ചുകൊണ്ടിരുന്നു. കൂടെ ചൂടുതന്നു മയങ്ങുന്ന അദ്ദേഹവും എന്റെ സർഗാത്മസുഖം നശിപിക്കുന്നു. ഹേ, ദേഷ്യം വരുന്നു. വേണ്ട, എന്നെ വെറുതെ വിടൂ..  ഞാനിതൊന്ന് എഴുതികൊട്ടെ... ഹും, അല്പം ഈർഷ്യയോടെ തിരിഞ്ഞു കിടന്നു.

ഇപ്പോൾ ഈ ഇരുളിൾ തെളിയുന്ന കുഞ്ഞു നൈറ്റ് ലാമ്പിൾ ഞാനും എന്റെ ഓർമ്മകളും മാത്രമാവുകയാണ്.....
കണ്ണുകൾ വീണ്ടും ആസ്വാദനാ തികവ് കാരണം പാതിയടഞ്ഞു. വാക്കുകൾ മേന്മയുളതാക്കാൻ പരതേണ്ടി വരാറില്ല എന്നും അതെന്റെ ലഹരിയാണ്. ബാല്യം വേദനകളോടൊപ്പം ഒരുപാട് ഓർമകളും സമ്മാനം തന്നിട്ടുണ്ട്. സ്വന്തമായി കാണുന്ന മോഹങ്ങൾ ഒരു സിനിമാ കഥപോലെ മിന്നിത്തെളിയും..  ഞാനതിൽ ജീവിക്കാറുണ്ട്. നായികയായും, അമ്മയായും, കാമുകിയായും എല്ലാമെല്ലാം. വേദനിക്കുന്ന നിഷ്കളങ്കമായ ഒരു പെണ്ണിനെ അഭിനയിക്കാൻ എന്നും മതിവരാത്ത കൊതിയാണ്. കഥയുടെ പടിപ്പുര കടക്കാൻ എനിക്കിനി അധികം വൈകിക്കാൻ കഴിയുന്നില്ല. എന്നും മുഴുമിക്കാതെയുള്ള ഇപോഴത്തെ എഴുത്ത് ഒട്ടും സന്തോഷം നൽകാറില്ല. ഇന്നതിൽ മതി മറക്കണം. ഞാൻ അല്പംകൂടെ തലയിണയിലേക്ക് ചേർന്ന് കിടന്നു.

മനസ്സിൽ തെളിഞ്ഞ തറവാട് മുറ്റം.
മുറ്റത്തെ മാവിൽ ചറപറ  ഒച്ച വെക്കുന്ന കിളികുഞ്ഞുങ്ങൾ. ദൂരെ പടിപ്പുര കടന്നു വരുന്ന  അമ്മിണിയമ്മ, എന്റെ കഥയിലെ സ്ഥിരം നായിക. ലളിതമായ സംസാരം, സ്നേഹം നിറഞ്ഞ പെരുമാറ്റം.  ഞാനിന്ന് സെറ്റും മുണ്ടും ഉടുത്തത് കണ്ട്, അമ്മുട്ടി ഇന്ന് സുന്ദരിയാണെന്ന് അമ്മിണിയമ്മയുടെ വാക്കുകൾ. പുഞ്ചിരി പാതി സമ്മാനിച്ച് മാവിൻ ചുവട്ടിലെ ഊഞ്ഞാലയിൽ കയറി ഇരുന്നു. കുളി കഴിഞ്ഞാൽ പിന്നെ അടുകളയിൽ കയറില്ല. അവിടുത്തെ മല്പിടുത്തം പിന്നെ അമ്മിണിയമ്മക്ക് സ്വന്തം.
തണുപ്പ് കുറേശെ അരിച്ചു കയറുന്നു. കാറ്റില് പാറുന്ന തലമുടി ഒതുകി വെച്ചു. 
ഇന്ന് അവർ വരുന്നു. മുത്തശ്ശി പറഞ്ഞു കേട്ടപ്പോ വല്ലാതെ ഒരു കൊതി അയാളെ നേരിൽ കാണാൻ .. ചെറുപത്തിൽ ആള് അത്രക്ക് സുന്ദരനല്ല. വെളുത്ത് മെലിഞ്ഞൊരു സായിപ്പൻ കുട്ടിയെ പോലെ. പണ്ട് ഇംഗ്ലീഷ്കാര് സമ്മാനിച്ച് പോയതാണോ എന്ന് മുത്തശ്ശി കളിയാക്കുമായിരുന്നു. ഓർക്കുമ്പോൾ ചിരി വരും. എങ്ങനെ ആ തന്തേടെ കണ്ണ് വെട്ടിച്ച് ഏതു സായിപ്പ് വരനാ ആ വളപിലേക്ക്. നിധി കാക്കുന്ന ഭൂതം പോലെ ആയിരുന്നു കാരിപുറത്തെ ശങ്കരൻ നായര്. ഉമ്മറത്ത് ചാരുപടിയിൽ കേറി ഇരുന്നാല് കാക്കക് പോലും പേടിയാ ആ വളപ്പില് കേറാന്. അവരുടെ മകന്റെ കുട്ടിയാണ് വിനോദ്.  അവന്റെ അച്ഛൻ ദുരെ എങ്ങോ വലിയ ജോലിയിലായിരുന്നു. കുറച്ചു  കാലം അവനും അമ്മയും ഇവിടെ തനിച്ചായിരുന്നു. പിന്നെയാണ് അവനേം അമ്മേനേം അവന്റച്ഛൻ കൊണ്ട് പോയത്. ഇപ്പൊ എല്ലാവരും  അവിടെ സെറ്റിലായി. നാടും വീടും ഉപേക്ഷിച്ചപോലെ. നഗരത്തിന്റെ തിരകുള്ള ജീവിതത്തിലേക്ക് പറിച്ചു നടുമ്പോൾ അവന് ബാല്യം ആയിരുന്നു. ഞാനന്ന് ഒരു പാട് കരഞ്ഞിട്ടുണ്ട്. മുത്തശ്ശിയുടെ കണ്ണ് വെട്ടിച്ച് ആകെ പോകുന്ന സ്ഥലം കാരിപുറത്തെ തറവാട്ടിലും പിന്നെ അമ്മിണിയമ്മയുടെ നീലിമേടെ അട്ത്തും. വിനോദ് പോയതിൽ പിന്നെ ആകെ കൂട്ട് നീലിമ മാത്രം. അന്നോരിക്കൽ അവളെന്നോട് പറഞ്ഞു കരയണ്ട അമ്മൂ, അവൻ വലിയ ആളായി നിന്നെ പെണ്ണ് ചോദിക്കാൻ വരുമെന്ന്. ഏയ്, അവനിപ്പോ കല്യാണം കഴിച്ച് കാണും. ഇനി അതല്ലെങ്കിലും നഗരത്തിന്റെ തിരക്കിൽ വളർന്ന അവന് ഈ കുഗ്രാമത്തിലെ പൊട്ടിയായ എന്നെ എവിടുന്ന് പിടിക്കാൻ. ഹേയ്, ഈ പെണ്ണ് വെറുതെ ഓരോ മോഹങ്ങള് എന്നെ ഏൽപ്പിക്കും. മനസിനെ മോഹിപ്പികാൻ അവള് മിടുകിയാ..
അമ്മിണിയമ്മയെ പോലെയല്ല അവൾ. ഇവിടെ അവൾക്ക് എല്ലാറ്റിനും സ്വാതന്ത്ര്യമാ, മുത്തശ്ശിക്ക് തല നോക്കാനും മുത്തശ്ശന് വെറ്റില കുത്താനും നീലിമ വേണം. എന്നെ പോലെ അവർക്ക് അവളേയും വല്യ ഇഷ്ട്ടം തന്നെ.

അമ്മിണിയമ്മ തുണിത്തലപ്പ് മുകളിലേക്ക് കുത്തി മുറ്റം തുക്കാന് ഒരുങ്ങി. ഉമ്മറത്തെ ചരകല്ലിൽ പതിഞ്ഞു വീണ കുഞ്ഞു മാങ്ങകൾ പെറുക്കാൽ രാവിലെ തന്നെ കുട്ടികൾ എത്തും.  ബാക്കി ചെറുമാങ്ങകൾ അമ്മിണിയമ്മയുടെ ചൂലിന്റെ ശകാരത്തിൽ കുപ്പയിലേക്ക് നീങ്ങുന്ന സന്തോഷമല്ലാത്ത കാഴ്ച്ച.
മനസ് വീണ്ടും എങ്ങോ പോയ്ക്കൊണ്ടിരുന്നു. മുടിയിൽ ചൂടിയ തുളസി കതിര് കാറ്റിൽ താഴേക്ക് പതിച്ചു.
"അയ്യോ"
പതുക്കെയുള്ള വിളി അമ്മിണിയമ്മ ശ്രദ്ധിച്ചു.
"എന്തെ കുട്ട്യേ"
"ന്നൂല്ല്യ അമ്മിണിമ്മേ, അത് തുളസിക്കതിര് താഴെ വീണതാ.."
"ആ മുടി ഒന്ന് കെട്ടി വെച്ചൂടെ അമ്മുട്ട്യേ... കാറ്റ്ലങ്ങനെ പറത്തണത് ഈ കുട്ടികൊരുശീലാ"
അത് മുത്തശിയുടെ പരിഭവം.
"ഇങ്ങോട്ട് വരൂ കുട്ട്യേ.."
മുത്തശ്ശീടെ വിളി ഓർമകളെ തടസപ്പെടുതിയെങ്കിലും പരിഭവം മാറ്റിവെച്ച് മുത്തശ്ശിയുടെ അടുത്തെത്തി. ഇന്ന് മുത്തശ്ശിയും നന്നായി ഒരുങ്ങിയ പോലെ ...
"അല്ല മുത്തശ്ശി ഇന്നെന്താ ഒരു സന്തോഷം പോലെ"
"അതൊക്കെയുണ്ട്. നീ ഇങ്ങടുത്തുനിക്ക്"
സ്നേഹ വാത്സല്യം നിറഞ്ഞ ആ കൈകൾ മുടിത്തലപുകളെ സ്നേഹത്തോടെ തലോടുമ്പോൾ കണ്ണുകൾ ഈറനായി. കുഞ്ഞു പ്രായത്തിൽ തന്നെ എല്ലാത്തിനും മുത്തശ്ശിയാണ്.

എനിക്ക് അമ്മയേയും അച്ഛനേയും കണ്ടത് ഓർമയിൽ ഇല്ല. വലിയ പേരുകേട്ട ഇല്ലത്തേക്കായിരുന്നു  അമ്മയെ വേളി കഴിപ്പിച്ചത്.  ഉയർന്ന പഠനം നോക്കികൊള്ളാൻ അച്ഛന്റെ ആൾക്കാർകൂടെ പറഞൽപ്പോൾ മുത്തശ്ശി പിന്നെ എതിർത്തില്ല.
പഠനം പൂർത്തിയാക്കും മുമ്പെ എനിക്ക് ജന്മം നൽകാൻ അമ്മ ഒരുക്കമായി. അമ്മിഞ്ഞയുടെ മണം മാറും മുമ്പേ എന്നെ മുത്തശ്ശിയെ ഏല്പിച്ചു. പിന്നീട് എന്റെ എല്ലാം  മുത്തശ്ശി മാത്രമായി. അറിയില്ല, ജീവനോടെ ഉണ്ടോന്നുപോലും അറിയില. മോളെ കാണാൻ ഇത് വരെ അച്ചന്റെ ഇല്ലത്ത്ന്ന് ആരും എത്തിയിട്ടും ഇല്ല.
നെടുവീർപ്പുകൾ സമ്മാനിക്കുന്ന ചെറിയ ഓർമകൾ. ഞാനമ്മയെ കണ്ടില്ല എനിക്ക് മോഹികാന് അറിയില്ല. ചുമരിൽ തുങ്ങുന്ന അമ്മയുടെ ചിത്രത്തിന് മുത്തശ്ശിയുടെ അതേ ഛായ. എനിക്കിതാണ് എന്റെ അമ്മ, എന്റെ മുത്തശി . എല്ലാത്തിനും അവസാന വാക്കും എനിക്ക് മുത്തശ്ശി തന്നെ.
മുടി ഒതുക്കി കഴിഞ്ഞ് മുതശ്ശിയുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ ഈറനായിരികുന്നു.
"എന്തെ മുത്തശ്ശീ.."
"ഇല്ല അമ്മൂ.. നിന്റെ അമ്മയെ പറ്റി ഓർത്ത്പോയതാ മോളെ ...
പുഞ്ചിരിയോടെ അകത്തേക്ക് പോയി. അടുകളയില് കണ്ടന് പൂച്ച  ക്ഷമയോടെ കാത്തിരിക്കുന്നു. അവനും എന്തോ ഒരുക്കം കഴിഞ്ഞ പോലെ.
"എന്താ കണ്ടാ..  ഇന്ന് നീയും  ഒരു സന്തോഷത്തില്. രാവിലെ മുത്തശ്ശീടെ കയ്യീന്ന് പാല് കിട്ടിയോ. അതോ ...അപ്പുറത്തെ  കിങ്ങിണി പൂച്ച പ്രസവിച്ചോ.."
ഇവനതിന്റെ പിന്നാലെയാ.  ഒരു നിമിഷം അതിനെ വെറുതെ വിടൂല.  തോട്ടുരുംമ്മി... ഹേ നാണം ഇല്ലെടാ കണ്ടാ നിനക്ക്.. ഇനി അവള് എത്ര  എണ്ണമാ പെറ്റത് എന്ന്  അമ്മിണിയമ്മയോട് ചോദിച്ചാ അറിയാം. കണ്ടൻ  നിന്ന നില്പില് സ്റ്റെയിലായി ഒന്ന് തലയാട്ടി.

അടുപ്പില് അടുക്കി വെച്ച ഓരോ ചെമ്പിലും എന്തൊകെയോ വിഭവങ്ങൾ പാകമായിരികുന്നു. അവരിന്ന് പറഞ്ഞുതന്നെ  വരുന്നതായിരികും.  അല്ലാതെ പിന്നെ എന്തിനായിരിക്കും ഇവിടെ ഇത്രേം ഒരുക്കങ്ങള്.
മനസ്സിൽ എന്തൊക്കയോ ഒരു നാണം. നീലിമ, അവളിങ്ങ് എത്തിയില്ല. അമ്മിണിയമ്മയും പരാതിയിലാണ്. അവളെപ്പോഴും അങ്ങിനെയാ. എല്ലാത്തിനും അല്പം താമസം. മുത്തശ്ശി ഇന്നവൾക്കും എന്നെപോലെ  സെറ്റും മുണ്ടും വാങ്ങി കൊടുത്തിട്ടുണ്ട്. അവൾ ഒരുങ്ങി വരുന്നതും കാത്ത് ഞാൻ എത്ര നേരായി. അല്പം കുശുമ്പ് കേറി. ന്തായാലും അവള് വരുമാലോ. എന്റെയീ ഒരുക്കം കണ്ട്  കളിയാക്കാതിരുന്നാൽ മതി. എവിടെയോക്കെയോ ഒളിഞ്ഞു കിടന്ന നാണം  പുറത്തേക്ക് വന്നു തുടങ്ങി. മുടിയിഴയിൽ തുളസിക്കതിരിന് ചെറിയൊരു പുഞ്ചിരി.
ചിന്തകളെ ദുരേക്ക് മാറി വീണ്ടും ഉമ്മറത്തേക്ക് ചെന്നു. പരിഭവങ്ങളൊന്നുമില്ലാതെ ചാരുപടിയിൽ കിടക്കുന്ന മുത്തശ്ശൻ ഒന്ന് പുഞ്ചിരിച്ചു. " "ന്താ അമ്മുട്ട്യേ ഇന്ന് ഇത്ര സന്തോഷം"
ഒന്ന് പരുങ്ങി, ഉത്തരം പറയാൻ വാക്കുകൾ കിട്ടുനില്ല.
"അറീല.  ഇന്നിവിടെ എന്താന്ന് അറീല മുത്തശ്ശാ"
ഒരുക്കങ്ങളൊക്കെ മുത്തശ്ശീടെ വകയാല്ലേ..ഹ ഹ ഹാ"
വലിയ വായിൽ ചിരിച്ച മുത്തശ്ശനെ നോകി മുത്തശ്ശിയുടെ ശകാരം.
"ഇനി അതിനെയങ്ങ്  പേടിപ്പികാതെ" "അമ്മുട്ട്യേ, നീ അപ്പുറത്ത് പോ മോളെ"

കണ്ണുകൾ ഒരു കാമുകന്റെ കഥയെഴുതാൻ ഒരുങ്ങിയ പോലെ. മാധവികുട്ടിയുടെ നീർമാതളം ഇപ്പോൾ പൂവിട്ടു തുടങ്ങി .കാറിന്റെ ദിശയില് അവ എന്റെ ശരീരത്തിലുടെ താഴേക്ക് പതിച്ച പോലെ. എല്ലാ സന്തോഷത്തിലും ഞാൻ ആ കഥ ഓർക്കും. അവർ എനിക്ക് എന്നും ഹരമാണ്. എഴുത്തിലൂടെ  ജീവിതം വരച്ച കഥാകാരി.
എന്നും എന്റെ കൂടെ എഴുത്തിനു കരുത്തായി ആ മുഖമുണ്ട്. ഹാവൂ, സർഗാത്മക സുഖം പാതി ഞാൻ അനുഭവിച്ചു കഴിഞ്ഞു.  ഇനി അമ്മു എന്ന നായികയെ ഏതു വിധേന  മുന്നോട്ടു ചാലിപ്പിക്കാമെന്ന് ഭാവനയിൽ ഉണ്ട്. പക്ഷെ  ഈ വെളുത്ത പ്രതലത്തിലേക്കവ പതിപ്പികാൻ ഞാൻ ഒന്നുകുടി അമ്മു ആയി മാറണം.
ഇപ്പൊ എല്ലാവരും ഉറക്കത്തിലാണ്. എയർകണ്ടീശന്റെ ശബ്ദം മാത്രം. അതിനെ മഴയായി സങ്കല്പിക്കാൻ കഴിയും. ചറപറാ പെയ്യാതിരുന്നാൽ മതി. കാറ്റിലൂടെ മഴ പെയ്യുമ്പോൾ ശബ്ദം . തണവ് കൂടും.
ഹോ..! ഭാവനയിൽ അനുഭവിക്കാനുള്ള യോഗം, അതെന്റെ അനുഗ്രഹം തന്നെ.
പുതപ്പു വലിച്ച് തലയിലേകിട്ട് ഞാൻ ഒരിക്കൽ കൂടി അമ്മുവാകാൻ പോകുന്നു.

മുറ്റത്തെ ഊഞ്ഞാലിൽ പതിക്കുന്ന മഴ തുള്ളികൾ നോക്കി ഉമ്മറത്തിരുന്നു. അതാ നീലിമ പടികടന്നു വരുന്നു. സന്തോഷം തോന്നി. ചാറ്റൽ മഴയിൽ കുട ചൂടി വരുമ്പോൾ അവക്കൽപ്പം സൌന്ദര്യം കൂടിയ പോലെ.
"മുത്തശ്ശീ.. നീലിമ ദാ വരണു"
"ഇങ്ങു വരാൻ പറയൂ അമ്മുട്ട്യേ"
മുത്തശ്ശൻ ഒന്നും അറിഞ്ഞില്ല. കാണ്ണുകൾ അടച്ച് കിടപ്പാണ്. ഒച്ച വെക്കണ്ട എന്ന് മുത്തശ്ശി ആംഗ്യം കാണിച്ച് നീലിമയെ അകത്തേക്ക് വിളിപ്പിച്ചു.
"ആഹാ. എടീ അമ്മൂ.. എന്തൊരു ഒരുക്കാ ഇത്"
"കോലോത്തമ്മേ  ഇന്ന് എന്താ ഇവിടെ വിശേഷം"
"അതോകെണ്ട് കുട്ട്യെ.."
"ഈ മുത്തശി ഇങ്ങനെയാ.  ഇപ്പോഴും സസ്പെന്സ്. ഇതൊരു തരം സുഖക്കുറവല്ലേ നീലിമേ.."
ഇതു കേട്ട  മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു
"അതൊക്കെ അറിയാനിരിക്കണതേള്ളൂ കുട്ട്യേ"

നീലിമയുടെ ഉറക്കെയുള്ള ചിരിക്ക് നാണിയമ്മയുടെ ശകാരം. സ്വന്തം മോള് ആണെങ്കിലും അവൾക്ക് എല്ലാം നേടികൊടുത്തത് ഈ തരവടുകാരാ. അതിനുള്ള  ബഹുമാനവും അച്ചടകവും എല്ലാ സമയത്തും വേണമെന്ന് അമ്മിണിയമ്മയുടെ നിർബദ്ധം.
നീലിമയുടെ മുഖത് സന്തോഷം. അമ്മുട്ടിയെ പോലെ തന്നേയും അണിയിച്ച സാരി നോകി അവൾ പറഞ്ഞു
"അമ്മൂ എനിക്കും നിനക്കും ഒരേ തരം സാരി വേണ്ടായിരുന്നു. അമ്മമ്മ എന്താ ഇങ്ങനെ വാങ്ങിച്ചെ"
"അതിനെന്താ നീലിമാ. മുത്തശ്ശി  എന്നെയും  നിന്നെയും ഒരുപോലെല്ലേ കാണുന്നേ. പാവാ മുത്തശ്ശി"
സെന്റിമെൻസ്  കൂടുതൽ നീളാൻ ഇടവന്നില്ല. മുറ്റത്ത് കാർ  വന്നു നിന്നതിന്റെ ശബ്ദം.
മുത്തശ്ശി പതിയെ വിളിച്ചു
"അമ്മുട്ട്യേ.. ഇങ്ങോട്ട്  വരൂ മക്കളെ.."
എല്ലാവരും പടിപ്പുര കടന്നു വന്ന കാറിലേക്ക് ശ്രദ്ധിച്ചു. വെളുത്ത അംബാസ്സഡർ കാറിന്റെ ഗ്ലാസ് മുഴുവൻ മഴതുള്ളി പൊതിഞ്ഞിരിക്കുന്നു.  അമ്മിണിയമ്മ  ചെന്ന് കുട നിവർത്തി കൊടുത്തു കാറിന്റെ ഡോർ പതിയെ തുറന്നു. മനസ്സ് പെരുമ്പറ കൊട്ടി. അമ്മിണിയമ്മ കുനിഞ്ഞ് കാറിലേക്ക് നോക്കി. ആ കണ്ണുകൾ ആർദ്രമാകുന്നപോലെ. എന്താകും.., മനസ്സ് പരതി. കാറിന്റെ മുൻസീറ്റിൽ നിന്ന് സുമുഖനായ ഒരു യുവാവ് പുറത്തേക്കിറങ്ങി. മഴ ഒരു നിമിഷം കൊണ്ട് അദ്ധേഹത്തിന്റെ ശരീരത്തിൽ പതിച്ചു കൊണ്ടിരുന്നു. അയാൾ പിൻസീറ്റിലേക്ക് എത്തി നോകി എന്തോ ചോദിച്ചു.  കാറിന്റെ ഡിക്ക് തുറന്ന് ഒരു ഫോൾഡബിൾ വീല് ചെയർ പുറത്തെടുത്ത് കാറിന്റെ വലതു വശം ചേർത്ത് വെച്ചപോഴെകും മുത്തശ്ശി അങ്ങോട്ടെത്തി. നിറഞ്ഞ കണ്ണുകളോടെ മുത്തശ്ശി അവരെ ചേർത്ത് പിടിച്ചു. പതിയെ എല്ലാവരും ചേർന്ന് അവരെ വീൽ ചെയറിൽ ഇരുത്തി ഉമ്മറത്തേക്ക് എത്തിച്ചു.
ആകെ പരിഭ്രമം ആയ നിമിഷങ്ങൾ. മുത്തശ്ശിയും മുത്തശ്ശനും അമ്മിണിയമ്മയും കണ്ണുകൾ തുടക്കുന്നെങ്കിലും ഏറെ സന്തോഷത്തിലാണ്. കളഞ്ഞു പോയ എന്തോ തിരിച്ചു കിടിയ പോലെ.
കൂടെ വേറൊരു സ്ത്രീ കൂടിയുണ്ട്. ഇവർ വിനോദിന്റെ അമ്മയാകും. കുഞ്ഞുനാളിൽ കണ്ടപോലെയല്ല. പക്ഷെ വയ്യാത്ത ഇവർ ആരായിരികും.
മുത്തശ്ശി എന്റെ കണ്ണിലേക്കു നോക്കി.
"അമ്മുട്ട്യേ ഇങ്ങു വരൂ മോളെ"
അടുത്തേക്ക് ചെന്ന് പതിയെ അവരുടെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കി. മുത്തശ്ശിയെ പോലെ തന്നെ. ആ മിഖം ഒരു നിമിഷം ചുമരിൽ തുങ്ങുന്ന പഴയ ഫോടോയിലേക്ക് ഓർമകളെ പായിച്ചു.
അതെ, അമ്മ. എന്റെ അമ്മ..!
"അമ്മ.. മുത്തശ്ശീ  ഇതെന്റെ  അമ്മയാണോ"
മുത്തശ്ശിയും തേങ്ങുന്നുണ്ടായിരുന്നു. എല്ലാവരുടേയും കണ്ണുകൾ ഈറനാക്കിയ നിമിഷം
"അതെ അമ്മുട്ട്യേ നിന്റെ  അമ്മതന്നെ മോളെ"

ബാക്കിയുള്ള കഥകൾ വിവരിച്ചത് വിനോദായിരുന്നു.
ഏതോ സ്പോടന കേസിൽ നിരപരാധിയായി ശിക്ഷികപെട്ടതായിരുന്നു അവരെ. അന്ന് സ്വന്തം കാല് നഷ്ടമായി. പിന്നീടു ജയിൽ വാസത്തിനിടക്ക് സ്വന്തം ഭർത്താവും. ഇടക്കിടക്ക് വിവരങ്ങൾ അന്വേഷിക്കാനും വിളിച്ച് അറിയിക്കാനും വിനോദ് കൂട്ടുണ്ടായിരുന്നു, അവന്റെ അമ്മ റോസിയും. അമ്മയുടെ വേദനിക്കുന്ന ഈ അവസ്ഥ ഒരിക്കലും അമ്മു അറിയരുതെന്ന് ഈ അമ്മക്ക് നിർബന്ധമായിരുന്നു.
പറഞ്ഞ് തീർന്നതും അമ്മയുടെ മാറിൽ തലചായ്ച്ച് പതിഞ്ഞ് കിടന്നു. മാതൃത്വത്തിന്റെ  അടങ്ങാത്ത ചൂട് ഹൃദയത്തിലേക്ക് പകർത്തി ആ അമ്മയും. അമ്മയുടേയും മകളുടേയും ഒത്തു ചേരലിന്റെ സന്തോഷം കണ്ട് എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു. ഒരു ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞു
"ഇനി അമ്മ അമ്മുവിന് മാത്രമല്ലെ"
അദ്ധേഹത്തിന്റെ ആ പുഞ്ചിരി  എല്ലാവരിലും സന്തോഷം നിറച്ചു.

10 comments:

  1. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുതി തുടങ്ങി അല്ലേ? ആശംസകൾ...

    ReplyDelete
  2. നല്ല രചന.. നാട്ടുമ്പുറത്തെ കാഴ്ച്ചകള്‍

    ReplyDelete
  3. ഒരുപാടായല്ലൊ ബ്ലോഗിൽ എഴുതിയിട്ട്.....

    ReplyDelete
  4. ഇന്‍ഷാ അല്ലാഹ്‌ എഴുത്ത് വീണ്ടും ബ്ലോഗിലേക്ക് എല്ലാവരും സന്തോഷത്തോടെ.....ഉണ്ടായിരികുമല്ലോ...?
    കുശുമ്പും കുന്നായ്മയും ഇല്ലാതെ നനുത്ത സ്നേഹത്തിന്റെ ഒരു തളിരിലയും ഒരുപാട് നൊമ്പരങ്ങളും പരിഭവങ്ങളും ഹൃദയത്തിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചു എന്റെയീ മിഴി നീരും...........

    ReplyDelete
  5. ആകര്‍ഷകമായ ശൈലിയിലൂടെ വായന സുഖകരമാക്കി..
    ആശംസകള്‍

    ReplyDelete
  6. തിരിച്ചു വരവിന് ആശംസകള്‍.

    ഇനിയുമെഴുതൂ...

    ReplyDelete
  7. ഗ്രമീണ ഭംഗിയുള്ള രചന നന്നായി, ആശംസകൾ

    ReplyDelete