Sunday, January 02, 2011

ചുവന്ന മാര്‍ക്ക് ചെയ്ത മുറി


ആശുപത്രി വരാന്തയിലേ ചാരുബെഞ്ചില്‍ കിടന്ന് ‘ആന്‍ഫ്രാങ്കിന്‍റെ ഡയറി‘ എന്ന പുസ്തകത്തിലെ താളുകളിലേക്ക് കണ്ണോടിച്ചു. എന്ത് സുന്ദരമാണ് ഈ
വരികള്‍ക്ക്. ജീവിതത്തിന്‍റെ ഉള്‍തുടിപ്പുകള്‍ എഴുതി ചേര്‍ക്കാന്‍ കഴിയുക വലിയ കാര്യം തന്നേ.
കിടന്നുള്ള വായനയാണ് ഇഷ്‌ടം . ഇടക്കിടക്ക് ആശുപത്രി വരാന്തയിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്. അമ്മ എപ്പോഴും പറയും നീയൊരു പുസ്തക പ്പുഴുവാണെന്ന്. സ്കൂളില്‍ എന്നെ പഠിപ്പിച്ച നരേന്ദ്രന്‍ മാഷിനും അത് പറയാനേ നേരം ഉണ്ടായിരുന്നുള്ളൂ.

നേരത്തെ വീല്‍ ചെയറില്‍ തള്ളികൊണ്ട് പോയ ആളാണ് ഇപ്പോള്‍ മുന്നിലൂടെ നടന്ന് വരുന്നത്. അല്‍പ്പം മുമ്പ് എന്തായിരുന്നു അയാള്‍ക്ക്‌ സംഭവിച്ചത്.!
വായിച്ച് കഴിഞ്ഞിടത്ത് അടയാളം വെച്ച് പുസ്തകം മടക്കി.
അയാള്‍ ഇങ്ങോട്ടാണ്‌ വരുന്നത്.
അപരിചിതനാണെങ്കിലും ആ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ട്. നടന്ന് വന്ന് അടുത്തെത്തിയപ്പോള്‍ അയാളുടെ ചോദ്യം.
"വായന ഇഷ്‌ടമാണല്ലേ..”
“അതെ”
“വായിച്ചോളൂ.... വായന തടസ്സമാവുമ്പോള്‍ മനസ്സ് നമ്മിലേക്ക്‌ തിരിച്ചെടുക്കാന്‍ കഴിയില്ല. വായന നല്ല ശീലമാണ്. എനിക്കും വായന ഒരുപാട് ഇഷ്ട്ടമാണ്”
അയാളുടെ വാക്കുകള്‍ കേട്ട്‌ അവളുടെ മനസ്സും അയാളിലെ വായനയെ മനസ്സുകൊണ്ട് അഭിനന്ദിച്ചു. ചുളിവ് വീഴാത്ത ഷര്‍ട്ടിന്‍റെ കൈതലപ്പുകള്‍ മടക്കികൊണ്ട്‌ അയാള്‍ മുന്നോട്ടു നടന്നു.

മടക്കിയ പുസ്തകം കയ്യിലെടുത്ത് അവിടുന്ന് എണീറ്റ്‌ മുകളിലേക്ക് നടന്നു. കോണിപ്പടികള്‍ കയറുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ട് പായുന്ന നേഴ്സുമാര്‍. വാതില്‍ പടിയില്‍ നിന്നും ആശുപത്രി വരാന്തയുടെ മറുതലക്കലേക്ക് കണ്ണുകള്‍ ഓടിച്ചപ്പോള്‍ നേരത്തെ കണ്ട നീല ഷര്‍ട്ടിട്ട അയാള്‍..വീണ്ടും.
"അപ്പൊ ഇവിടെയാണോ മുറി...”
അതെയെന്നു തലയാട്ടി. അയാള്‍ വീണ്ടും അടുത്ത് വന്നു.
"എന്റെ മുറി ഇവിടെതന്നെയാ. ദാ.. ആ വലത്ത് വശത്തെ ചുവന്ന മാര്‍ക്ക് ചെയ്ത മുറി”
അയാള്‍ വീണ്ടും ചോദിച്ചു.
"കു‌ടെ ആരും ഇല്ലേ..”
"ഉണ്ട്‌ അമ്മയുണ്ട്. വീട്ടിലൊന്ന് പോയതാ. ഇപ്പൊ എത്തും”
“വായിക്കാന്‍ പുസ്തകം വേണോ..? ഞാനും വായന ഉള്ളവനാ. കുട്ടി എതെല്ലാം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്”
"ഞാന്‍ ഒരുപാടൊന്നും ഇല്ല. എങ്കിലും എനികേറ്റവും ഇഷ്ട്ടം മാധവികുട്ടിയുടെ കഥകള്‍"
“എങ്കില്‍ വായന മുടക്കണ്ട. പൊയ്‌ക്കോളൂ, വല്ല ആവശ്യവും വേണമെന്നുണ്ടെങ്കില്‍ ഞാന്‍ ദേ അവിടെയുണ്ടാകും. എന്റെ മുറിയിലേക്ക് സ്വാഗതം”
പുഞ്ചിരിച് അയാള്‍ നടന്നകന്നു.

വരന്തയില്‍ നിന്ന് തന്റെ മുറിയിലേക്ക് കയറി കതകടച്ചു. ഇപ്പോള്‍ ഈ മുറി ഒരു കൊച്ച് സ്വര്‍ഗ്ഗം പോലെ തോന്നി. മേശക്ക് മുകളില്‍ കിടക്കുന്ന സിറിഞ്ചുകള്‍. വെളുത്ത പ്ലാസ്റ്റിക്ക് കവറുകളില്‍ ഭദ്രതയോടെ അവ തന്നിലേക്ക് ആഴ്ന്നിറങ്ങാന്‍ കാത്ത് കിടക്കുന്നു.
മേശയുടെ മൂലയില്‍ നിറച്ച് വെച്ച വെള്ളകുപ്പിയില്‍ നിന്നും ഒരുകവിള്‍ കുടിച്ച് ജാലകത്തിനടുത്തേക്ക് നീങ്ങി. കണ്ണുകള്‍ പുറത്തെ തിരക്കുള്ള അങ്ങാടിയിലേക്ക് നീണ്ടു. റോഡരികില്‍ വില്‍ക്കുന്ന പച്ചക്കറികള്‍ വാങ്ങാനുള്ള തിക്കും തിരക്കും. പാതയോരത്തിലൂടെ കുഞ്ഞുങ്ങളെയും ഒക്കത്തെടുത്ത്‌ നീങ്ങുന്ന അമ്മമാര്‍. ആകാഴ്ച മുമ്പ് കഴിഞ്ഞു പോയ ഓര്‍മകളിലേക്ക് വലിച്ചിഴച്ചു .

വിവാഹം കഴിഞ്ഞ് വര്‍ഷം ഒന്ന് നീങ്ങിയപ്പോള്‍ തന്നെ മുറുമുറുപ്പ് തുടങ്ങി. കുട്ടികള്‍ ഓടിക്കളിക്കാനില്ലാത്ത മുറ്റത്ത് കാറ്റില്‍ വീഴുന്ന പഴുത്ത ഇലകള്‍ നോക്കി രാജേട്ടന്‍ പറഞ്ഞു.
“ദേ.. ഇതുപോലെ ഞാനും നീയും ഒരിക്കല്‍ വീഴുമ്പോള്‍...”
പറഞ്ഞ് തീരും മുമ്പ് ഞാന്‍ അദ്ധേഹത്തിന്റെ വായ പൊത്തുമായിരുന്നു. ചുംബനങ്ങളും സന്തോഷങ്ങളും വര്‍ഷിച്ച് നടന്നാല്‍ എന്ത് നേട്ടം. എന്നായിരുന്നു രാജേട്ടന്റെ രണ്ടാം വര്‍ഷത്തെ ചോദ്യം. പിന്നീട് ആറുമാസം കഴിഞ്ഞാണ് അമ്മയാകാനുള്ള സ്ഥാനം രോഗം കീഴടക്കിയത്.
ഡോക്ടര്‍ അരുമയോടെ അതിന് പേര്‌ പറഞ്ഞു.
"കാന്‍സര്‍”
എനിക്ക് പിറക്കേണ്ട കുഞ്ഞുമോന്‍റെ സ്ഥാനത്തിരുന്ന മഹാ വ്യാധി വേരോടെ പിഴുതെറിയുമ്പോള്‍ അമ്മയാകാനുള്ള എന്റെ ഗര്‍ഭപാത്രവും ഓര്‍മകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. കരഞ്ഞ് കലങ്ങിയ മിഴികള്‍ കണ്ട് നിന്നവര്‍ ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു. പിന്നീട് കാലം എനിക്ക് നഷ്ട്ടമാക്കിയത് രാജേട്ടനെ ആയിരുന്നു. കണ്ണുകള്‍ ഇപ്പോള്‍ നിറഞ്ഞ് ഒഴുകാറില്ല. ഞാന്‍ പുസ്തകങ്ങളുടെ കൂട്ടുകാരിയായി മാറി കഴിഞ്ഞു.

ഓര്‍മകളെ തള്ളിവിട്ടുകൊണ്ട് ആരോ വാതിലില്‍ മുട്ടി.
പതിയെ ജാലക കാഴ്ച്ചകള്‍ക്ക് വിട പറഞ്ഞ് വാതിലിന്റെ അടുത്തേക്ക് നടന്ന് താഴ് തുറന്നു.
അയാള്‍ തന്നെ..
നീല ഷര്‍ട്ടിട്ട, ചുവന്ന മാര്‍ക്ക് ചെയ്ത മുറിയിലേ അദ്ദേഹം.
"ദേ.. കുറച്ചു പുസ്തകങ്ങളാ. വായിച്ചിട്ട് തന്നാല്‍ മതി. വായന മരിക്കരുതല്ലോ..! ഞാന്‍ വായിച്ച് തീര്‍ന്ന പുസ്തകങ്ങളാ”
നിറഞ്ഞ പുഞ്ചിരിയോടെ പുസ്തകങ്ങള്‍ കയ്യില്‍ വാങ്ങി.
"ഇനി വല്ല ആവശ്യവും ഉണ്ടെങ്കില്‍ എന്റെ മുറി ഇവിടെ തന്നേയാ. ദാ.. ആ വലത്ത് വശത്തെ ചുവന്ന മാര്‍ക്ക് ചെയ്ത മുറി. അങ്ങോട്ട് വന്നാല്‍ മതി. ഞാന്‍ അവിടെയുണ്ട്”
അതും പറഞ്ഞ് അയാള്‍ നടന്ന് നീങ്ങി.
“ചുവന്ന മാര്‍ക്ക് ചെയ്ത മുറി” മനസ്സില്‍ തട്ടിയ വാക്കുകള്‍. എന്താണ് അയാള്‍ക്ക്‌ അസുഖം എന്ന് ചോദിച്ചില്ല അമ്മയുണ്ടെങ്കില്‍ എല്ലാം ചോദിച്ചറിയും എനിക്ക് അതിഷ്ട്ടമല്ലതാനും. എന്തായാലും അയാള്‍ക്ക്‌ വലിയ അസുഖങ്ങളൊന്നും ഇല്ലെന്ന്‌ തോന്നുന്നു. മനസ്സിനെ അങ്ങിനെ ധരിപ്പിച്ച് തിരിഞ്ഞ് കട്ടിലില്‍ ഇരുന്നു. സമയം നീങ്ങി. പുറത്ത് പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നു. ഇപ്പോള്‍ ജാലകത്തിലൂടെ ചുവന്ന കവിളുള്ള ആകാശത്തെ കാണാം. നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍.

ഒരാഴ്ചത്തെ ഇന്‍ക്ഷന്‍ കഴിഞ്ഞാല്‍ ഇവിടം വിടണം. ഇനിയുള്ള ആറുമാസം സ്വസ്ഥമാണ്.
മുമ്പ് ഓപറേഷന്‍ ചെയ്‌ത് നീക്കിയ രോഗം വീണ്ടും വരാതിരിക്കാനുള്ള മുന്‍കരുതലാണ് ഇതെല്ലാം.
എന്തിന്.. ആര്‍ക്കു വേണ്ടി.. എന്ന് അമ്മയോട് പല തവണ ചോദിച്ചതാണ്..  നിറയുന്ന അമ്മയുടെ കണ്ണുകള്‍ കാണാന്‍ വയ്യ. അതുകൊണ്ട് മാത്രം എല്ലാം സമ്മതിക്കുന്നു ..

ഓര്‍മ്മകള്‍ക്ക് വീണ്ടും വിരാമമിട്ട് വാതിലില്‍ വീണ്ടും മുട്ട്.
അമ്മ.
“കിടന്നില്ലേ നീ...”
“ഇല്ല.. അമ്മ എന്തെ ഇത്ര വൈകിയെ”
“ഞാന്‍ വന്നിട്ട് കുറച്ച് നേരമായി മോളെ. ദാ.. ആ വലത്ത് വശത്തെ ആ ചുവന്ന മാര്‍ക്ക് ചെയ്ത മുറി, അവിടെ ഒരാള്‍ക്ക്‌ എന്തോ അസുഖം കൂടിയെന്ന് തോന്നുന്നു. പെട്ടന്നു സ്‌ട്രെച്ചറില്‍ കൊണ്ട് പോകുന്നത് കണ്ട് നോക്കി നിന്നതാ..”
"ചുവന്ന മാര്‍ക്ക് ചെയ്ത മുറി" കേട്ടതും മനസ്സില്‍ നീല ഷര്‍ട്ട് ധരിച്ച അയാളുടെ മുഖം തെളിഞ്ഞു.
അപ്പോഴാണ്‌ അമ്മയുടെ വാക്കുകള്‍ വീണ്ടും വന്നത് .
“ജീവിതത്തിലേക്ക് അയാള്‍ക്ക് ഇനി തിരിച്ച് വരാന്‍ കഴിയില്ലത്രേ.!  മൂന്നുമാസമായി ചികിത്സ. ഇന്ന് ഡോക്ടര്‍ അയാളോട് പറഞ്ഞതാ ഇഷ്ട്ടംപോലെ പുറത്തൊക്കെയോന്ന്‍ നടന്ന് വരാന്‍”
അയാള്‍ക്കെന്താമ്മേ രോഗം....?”
"രക്തത്തില്‍ ക്യാന്‍സര്‍..!”

അമ്മയുടെ ചുണ്ടുകളില്‍ നിന്നുതിര്‍ന്ന വലിയ വാക്ക് ഹൃദയത്തെ കുത്തി കീറി. ധൃതിയില്‍ വാതിലിനടുത്ത് ചെന്ന് പുറത്തേക്ക് എത്തിനോക്കി. വരാന്തയുടെ അങ്ങേ അറ്റത്തേക്ക് നോക്കുമ്പോള്‍ ചുവന്ന മാര്‍ക്ക് ചെയ്ത മുറിയുടെ വാതില്‍ തുറന്ന് കിടന്നു.
തിരിച്ചു കട്ടിലില്‍ വന്നിരിക്കുമ്പോള്‍ അയാള്‍ തന്ന പുസ്തകത്തിലേക്ക് കണ്ണോടിച്ചു. നാല് പുസ്തകത്തില്‍ ഒന്നില്‍ ചുവന്ന വലിയ അക്ഷരത്തില്‍ എഴുതിയത് വായിച്ചു.
‘ക്യാന്‍സര്‍ രോഗവും പ്രധിവിധികളും‘
കണ്ണുകളില്‍ അറിയാതെ നനവ്‌ പടര്‍ന്നു.
എങ്കിലും വീണ്ടും പുഞ്ചിരിയോടെ എന്‍റെ മുന്നില്‍ പുസ്തകങ്ങളുമായി വരുന്ന അയാളേയും കാത്ത് ഞാന്‍ കട്ടിലില്‍ കിടന്നു.

49 comments:

  1. എങ്കിലും വീണ്ടും പുഞ്ചിരിയോടെ എന്‍റെ മുന്നില്‍ പുസ്തകങ്ങളുമായി വരുന്ന അയാളേയും കാത്ത് ഞാന്‍ കട്ടിലില്‍ കിടന്നു.

    പ്രതീക്ഷയാണല്ലോ നമ്മെ നയിക്കുന്നത്...
    മനസ്സില്‍ സ്പര്‍ശിച്ച രചന
    ഇഷ്ടായിട്ടോ .
    ഭാവുകങ്ങള്‍.

    ReplyDelete
  2. ഈ നൊമ്പരം കണ്ണുകളിലേക്കു പടര്‍ന്നപ്പോള്‍ മുന്‍പില്‍ അക്ഷരങ്ങള്‍ മാഞ്ഞുപോയി .....എഴുത്തിന്‍റെ മികച്ച ശൈലി.....congrats..

    ReplyDelete
  3. ഒരു മാസത്തിൽ ഇത്രയധികം പോസ്റ്റുകൾ എങ്ങനെ സാദ്ധ്യമാകുന്നു എന്ന് സാബി ബാവ എപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. വായിച്ച് തുടങ്ങുമെങ്കിലും പലപ്പോഴും അത് മുഴുമിപ്പിക്കുന്നതിനു മുന്നേ മറ്റെന്തെങ്കിലും വന്ന് ചാടാറുള്ളതുകൊണ്ട് വായന പൂർത്തിയാക്കാത്ത പോസ്റ്റിന് അഭിപ്രായം പറയാൻ പറ്റാറില്ല എന്നറിയിക്കുന്നതിൽ ഖേദമുണ്ട്.

    എന്തായാലും ഈ കഥ എങ്ങനേയും മുഴുവനാക്കണമെന്ന് തോന്നി. കാരണം തുടക്കത്തിലെ വരികൾ തന്നെ. ആൻ ഫ്രാങ്കിന്റെ ഡയറിയാണ് ഞാനിപ്പൊൾ വായിച്ചുകൊണ്ടിരിക്കുന്നത്.

    പുതിവത്സരാശംസകൾ....

    ReplyDelete
  4. എഴുത്തിന്റെ ശൈലി എനിക്കും ഇഷ്ട്ടായി....
    എഴുത്ത് തുടരുക......
    ആശംസകള്‍ ...

    ReplyDelete
  5. ആന്‍ ഫ്രാങ്കിന്റെ ഡയറിയും, മാധവിക്കുട്ടിയുടെ കഥകളും ഞാന്‍ വായിച്ചിട്ടില്ല....പക്ഷെ സാബിയുടെ കഥകള്‍ മുഴുവന്‍ വായിച്ചിട്ടുണ്ട്....എല്ലാം സൂപ്പര്‍....
    ഇടയ്ക്കിടെ ആരെങ്കിലും പ്രകോപിപ്പിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു....അതുകൊണ്ടാണല്ലോ ഈ നല്ല കഥ വായിക്കാന്‍ പറ്റിയത്.....

    ReplyDelete
  6. "ചുവന്ന മാര്‍ക്ക് ചെയ്ത മുറി" - കണ്ണുകളില്‍ അറിയാതെ നനവ്‌ പടര്‍ന്നു - ഈ കഥയുടെ തുടക്കം മുതല്‍ ഒടുക്കം വരെ എനിക്ക് അനുഭവിച്ച ഒരു നോവായിരുന്നു അത്. നമുക്ക് ചുറ്റും നടക്കുന്ന ജീവിത യാഥാര്‍ത്യങ്ങള്‍ - അത് തന്നെയല്ലേ ഇവിടെയും..

    "എനിക്ക് പിറക്കേണ്ട കുഞ്ഞുമോന്‍റെ സ്ഥാനത്തിരുന്ന മഹാ വ്യാധി വേരോടെ പിഴുതെറിയുമ്പോള്‍ അമ്മയാകാനുള്ള എന്റെ ഗര്‍ഭപാത്രവും ഓര്‍മകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. കരഞ്ഞ് കലങ്ങിയ മിഴികള്‍ കണ്ട് നിന്നവര്‍ ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു. പിന്നീട് കാലം എനിക്ക് നഷ്ട്ടമാക്കിയത് രാജേട്ടനെ ആയിരുന്നു. കണ്ണുകള്‍ ഇപ്പോള്‍ നിറഞ്ഞ് ഒഴുകാറില്ല. ഞാന്‍ പുസ്തകങ്ങളുടെ കൂട്ടുകാരിയായി മാറി കഴിഞ്ഞു."

    നന്നായി പറഞ്ഞു, ആശംസകള്‍..

    ReplyDelete
  7. സാബിയുടെ ഒരു കഥ ആദ്യമായാണ്‌ ഞാന്‍ പൂര്‍ണമായി വായിക്കുന്നത്. കൂടെ എന്റെ നല്ല പകുതിയും. ഇക്കണ്ട ജോലിതിരക്കിനോക്കെ നടുവില്‍ ഇതെങ്ങിനെ സാധിക്കുന്നു എന്നവള്‍ അത്ഭുദം കൂറുന്നു.മദീനയില്‍ വരുമ്പോള്‍ ഒരു സല്കാരത്തിന് വകയുണ്ട്. ആശംസകള്‍...

    ReplyDelete
  8. തെറ്റില്ലാ....
    ന്യൂ ഇയര്‍ ഗ്രീറ്റിങ്ങ്സ്

    ReplyDelete
  9. സാബീ നിന്നെ കുറെ ചുമ്മാതങ്ങ് വിമര്‍ശിക്കാനാ എനിക്ക് തോന്നുന്നത് കാരണം എന്നാല്‍ പിന്നെ മണിക്കൂറിനു മണിക്കൂറിനു ഇവിടെ വന്ന് കഥകള്‍ വായിക്കാലോ... ഇതിപ്പോള്‍ ദിവസത്തില്‍ ഒന്നേ വരുന്നുള്ളൂ .. ഇനി ഓരോ മണിക്കൂര്‍ ഇടവിട്ട് കഥകള്‍ വരട്ടെ.... പക്ഷെ എന്താ ചെയ്യുക കാര്യമില്ലാതെ വിമര്‍ശിക്കാനുള്ള കഴിവ് എനിക്കില്ല ( കാര്യത്തിനു വിമര്‍ശിക്കാനും അറിയില്ല .. വേണമെങ്കില്‍ നേരെ നിന്ന് അടികൂടാം ,, വാക്ക് പയറ്റ് പറ്റില്ല ) ചുമ്മാ പറയുവാട്ടോ.. അതിലൊന്നും കാര്യമില്ല .. നീ കഥ എഴുതൂ....
    ----------------------------------------------------------
    അപ്പോ ഈ കഥ ... അത് നന്നായിട്ടുണ്ട്.. കാന്‍സര്‍ പിടിച്ച് കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ നിന്നും ക്യാന്‍സര്‍ പിടിച്ച് മറ്റൊരാള്‍ മരണപ്പെടുമ്പോള്‍ അത് വല്ലാത്ത ഒരു രംഗം തന്നെ ആവും അല്ലെ.....

    ReplyDelete
  10. സാബിയുടെ മിക്കവാറും എല്ലാപോസ്റ്റുകളും വായിച്ചു..നല്ല ശൈലി ..
    "ചുവന്ന മാര്‍ക്ക് ചെയ്ത മുറി "എന്ന തലകെട്ട് തന്നെ വായിക്കാന്‍ പ്രേരിപ്പിച്ച ഘടകം. ആരോഗ്യം ആണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് തോന്നുന്നത് ആശുപത്രിയില്‍ കഴിയുമ്പോഴാണ്,എന്റെ മനസ്സില്‍ നീല ഷര്‍ട്ട് ധരിച്ച അയാളുടെ ചിത്രം വരച്ചിടാന്‍ സാബിയ്ക്ക് കഴിഞ്ഞു....
    "എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..."

    ReplyDelete
  11. ചാണ്ടിക്കുഞ്ഞും നിരക്ഷരനും പറഞ്ഞപോലെ സാബിയുടെ കഥകള്‍ കൂടുതല്‍ ഹൃദ്യമാവുന്നുണ്ട്. ഹംസ പറഞ്ഞ പോലെ ഇനിയും പ്രകോപിച്ചാല്‍ ഒരു പക്ഷെ മണിക്കൂറില്‍ തന്നെ പോസ്റ്റുകള്‍ വരുമായിരിക്കും. എനിക്കു തോന്നുന്നത് സാബിയുടെ ഷെല്‍ഫില്‍ എഴുതി വെച്ച ധാരാളം കഥകള്‍ വെളിച്ചം കാണാതെ ഇരിക്കുന്നുവെന്നാണ്. സാബി ഇവിടെ ബ്ലോഗില്‍ കിടന്നു കളിക്കാതെ പുറത്തു ചാടി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നോക്ക്. നെയ്യപ്പം തിന്ന പോലെ എന്നാല്‍ രണ്ടുണ്ട് കാര്യം! അല്പം “ബീരാന്‍ കുട്ടിയും“(ജോര്‍ജ്ജു കുട്ടി) ഒപ്പിക്കാമല്ലോ?

    ReplyDelete
  12. ഹാവൂ ..വല്ലാത്തൊരു കഥ , ആകെക്കൂടി വിഷമമായി താത്താ..

    ReplyDelete
  13. എന്താ പറയുക.

    ചില ദു:ഖങ്ങള്‍ മറക്കേണ്ടതാണെന്ന് അറിയുന്നത് അതിനേക്കാള്‍ വലുത് പലയിടത്തും ഉണ്ടെന്ന് മനസ്സിലാകുമ്പോഴാണ്..

    ആശംസകള്‍.
    പുതുവര്‍ഷത്തില്‍ ഒരുപിടി നല്ല എഴുത്തുകള്‍ വായിച്ചതിലേക്ക് ഒന്നുകൂടി.

    ReplyDelete
  14. നല്ല ഒഴുക്കുള്ള വായന സമ്മാനിച്ചു , ഒരിത്തിരി നൊമ്പരവും ...

    ആശംസകള്‍

    ReplyDelete
  15. വല്ലാത്തൊരു സംഭവം തന്നെ, എങ്ങനെ കഴിയുന്നു ഇങ്ങനെ അടുപിച്ചു പോസ്റ്റാന്‍, ഹും സ്റ്റോക്ക്‌ കൂടുതല്‍ ആണേല്‍ ഒരെണ്ണം കടം തായോ കിട്ടുമ്പോള്‍ തിരിച്ചു തരം...

    ReplyDelete
  16. സാബി എഴുതിയത് എല്ലാമൊന്നും ഞാന്‍ വായിച്ചിട്ടില്ല .പക്ഷേ ഇതുവരെ വായിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ.

    പിടിച്ചിരിത്തുന്ന വാക്കുകള്‍ ...അഭിനന്ദനങ്ങള്‍

    ReplyDelete
  17. വർഷങ്ങൾ ആശുപത്രികളിൽ കിടന്ന ,ഒട്ടനവധി രോഗികളെ കണ്ട ഞാൻ എന്ത് പറയാൻ?
    അവതരണം അസ്സലായി….

    ReplyDelete
  18. കഥ നന്നായി പറഞ്ഞിരിക്കുന്നു..

    ReplyDelete
  19. കഥ നന്നായിട്ടുണ്ട്, അവതരണം കെങ്കേമം.
    വായനയും, എഴുത്തും തുടർന്നോളൂ.

    ReplyDelete
  20. ഞാന്‍ വായിച്ച സാബിയുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കഥയാണ്‌ ഇത്.
    മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും അസ്വസ്ഥതയുമൊക്കെ വരച്ചുകാട്ടുന്ന നല്ലോരുകഥ.
    ഇനിയും അര്‍ഥവത്തായ സൃഷ്ടികളുമായി വരൂ. ഒപ്പം, ഇതിനു തൊട്ടു മുന്‍പുള്ള പോസ്റ്റുപോലത്തെത് (ചാക്ക് പുരാണം) ഇടരുതെന്നുള്ള സ്നേഹപൂര്‍ണമായ ഒരഭ്യര്‍ത്ഥനയും.

    ReplyDelete
  21. ജിഷാദിന്റെ കമന്റ്‌ കണ്ടപ്പോള്‍ വായിച്ച മൂഡ്‌ പോയി..
    ചിരി വന്നു...
    സാബിയുടെ കഥ വായിച്ചു പിന്നെ കമന്റാം എന്ന് വെച്ചാല്‍ പറ്റില്ല. അപ്പോഴേക്കും അടുത്ത പോസ്റ്റ്‌ വന്നിരിക്കും..സമയവും കഴിവും എല്ലാം ദൈവത്തിന്റെ കയ്യില്‍ അല്ലെ?
    ഈ കഥയുടെ ഇതിവൃത്തം..സാധാരണം.പക്ഷെ അതിന്റെ വാചകങ്ങള്‍ സാബിയുടെ തൂലികയില്‍ ഭദ്രം .ഇനിയെന്ത് പറയാന്‍..നന്മകള്‍
    നേരുന്നു...

    ReplyDelete
  22. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന , മനോഹരമായ കഥ.
    കഴിഞ്ഞ പോസ്റ്റില്‍ ആരോ പ്രകോപിപ്പിച്ചത് നന്നായെന്നു തോന്നുന്നു.

    പിന്നെ പലപ്പോഴും ചുറ്റുപാടുള്ള ജീവിതത്തോടെ അടുത്തു നിന്ന് പറയുന്ന കഥകള്‍
    സാബി യുടെ ബ്ലോഗിലെ ഹൈലൈറ്റ് ആണ്

    ആശംസകള്‍

    ReplyDelete
  23. ചാണ്ടിക്കുഞ്ഞിന്റെ അഭിപ്രായത്തിൽ ഒരൊപ്പ്!!

    ReplyDelete
  24. അപ്പോള്‍ ചുവന്ന മാര്‍ക്കിന്റെ അര്‍ഥം ഇനിയൊരു തിരിച്ചു വരവ് അസാധ്യം എന്ന് തന്നെ, അല്ലെ !
    നീല ഷര്‍ട്ടിനും ഇതുപോലെ എന്തെങ്കിലും ആശയമുണ്ടോ ?
    നല്ല കഥ .
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  25. "കണ്ണുകളില്‍ അറിയാതെ നനവ്‌ പടര്‍ന്നു.
    എങ്കിലും വീണ്ടും പുഞ്ചിരിയോടെ എന്‍റെ മുന്നില്‍ പുസ്തകങ്ങളുമായി വരുന്ന അയാളേയും കാത്ത് ഞാന്‍ കട്ടിലില്‍ കിടന്നു."

    ഹ്രദയഭേദകമായ കഥ. നന്നായി പറഞ്ഞു. നൊമ്പരപ്പെടുത്തുന്നു. അഭിനന്ദനങ്ങൾ!

    ReplyDelete
  26. സാബീ..മനസ്സില്‍ തട്ടിയ കഥ ,
    പൂര്‍ണ്ണബോധത്തോടെയിരിക്കുമ്പോള്‍ മരണം കൊണ്ടുപോകുന്ന ഒന്നാണ് കാന്‍സര്‍
    എന്ന് തോന്നിയിട്ടുണ്ട്..

    ReplyDelete
  27. എന്താ പറയുക. ചിലതൊക്കെ വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയില്ല. എല്ലാ കാന്‍സര്‍ രോഗികള്‍ക്കും നന്മകള്‍ നേരുന്നു.

    ReplyDelete
  28. നന്നായിരുന്നു... ഇതുപോലെ എത്ര പേര്‍ ഓരോദിവസവും ചുവന്ന മാര്‍ക്ക്‌ ചെയ്ത മുറിയുടെ പുറത്ത് പോകുന്നു...

    ReplyDelete
  29. നല്ല കഥ. ഇവിടെ വായിച്ചതില്‍ നല്ല കഥ. വായിക്കാന്‍ നല്ല ആകര്‍ഷണീയത ഉണ്ട്.

    ReplyDelete
  30. സങ്കടം തോന്നി......

    ReplyDelete
  31. നന്നായിരിക്കുന്നു...
    ഹൃദയത്തില്‍ തട്ടുന്ന വരികള്‍...

    ReplyDelete
  32. കഥ നന്നായിട്ടുണ്ട്.. രോഗം അത് ആർക്കും വരാതിരിക്കട്ടെ....

    ReplyDelete
  33. എല്ലാരും വന്നുപോയല്ലേ , വര്‍ഷാവസാനമായി തിരക്കിലായിരുന്നു ,
    പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ്‌ ട്രാജഡി ആണല്ലോ ..എന്തായാലും മനസ്സില്‍ തൊട്ട ഒന്നാണ് ..

    ReplyDelete
  34. മനസ്സ് പൊള്ളി .......വല്ലാതെ....

    എഴുത്തിന്റെ ശക്തി കൊണ്ടാണ് ഈ രോഗത്തിന്റെ പിടിയിലമര്‍ന്നവരെ ഒരു നിമിഷം ചിന്തിച്ചത്....
    മരണത്തിന്റെ സൈറണ്‍ മുഴങ്ങുന്ന അവസ്ഥ അവരില്‍ എത്ര വേദന ഉണ്ടാക്കിയിരിക്കും...രോഗത്തിന്റെ വേദനെയെക്കാള്‍ എത്രയോ മടങ്ങായിരിക്കും അത് ...

    ഇനിയും വായിക്കണം അതുകൊണ്ട് ഇനിയും എഴുതൂ ....ഭാവുകങ്ങള്‍ !!!

    ReplyDelete
  35. മനുഷ്യർ തമ്മിൽ വ്യത്യാസങ്ങൾ ഇല്ലാതെ ആകുന്നതു ആശുപത്രി കിടക്കകളിൽ മാത്രമാണ്.പരസ്പരം സ്നേഹിക്കുകയും അന്യനു വേണ്ടി അറിയാതെ എങ്കിലും പ്രാർഥിക്കുകയും ചെയ്യും. കഥ ഇഷ്ട്ടമായി. പുതുവത്സരാശംസകൾ

    ReplyDelete
  36. ഇതെന്താ സാബീ, വീട്ടില്‍ പണിയൊന്നും ഇല്ലാതായോ.. ഹോ, ഫുള്‍ ടൈം പൊസ്റ്റുകള്‍.. ഹംസയും നിരക്ഷരനും പറഞ്ഞത് ശരിയാ. പലപ്പോഴും ഫോളോവര്‍ ലിസ്റ്റില്‍ മിഴിനീരിലെ പോസ്റ്റ് കാണുമ്പോള്‍ ഇത് ഇന്നലെ വായിച്ചതാണല്ലോ എന്ന് കരുതി വിട്ടുകളയുന്നു. അങ്ങിനെ വിട്ടുപോയ ഒരു പോസ്റ്റാ ഇത്. പക്ഷെ, വായിച്ചില്ലായിരുന്നെങ്കില്‍ നഷ്ടമായേനേ. നന്നായി എഴുതിയിട്ടുണ്ട്. പോസ്റ്റിടുമ്പോള്‍ എനിക്ക് മെയില്‍ തരൂ. വായനക്കുള്ള സമയം അപര്യാപ്തമാണെന്ന് അറിയാമല്ലോ

    ReplyDelete
  37. എത്താൻ വൈകി.. ഇവിടെ എല്ലാരും പറഞ്ഞ പോലെ വളരെ നല്ലൊരു കഥ അവതരണത്തിലും മികവു പുലർത്തി.. ഹൃദയത്തിൽ തട്ടി വരികൾ... ആശുപത്രിയിൽ പോയാൽ അവിടെ അഡ്മിറ്റായാൽ ഇങ്ങനെയുള്ള ധാരാളം സംഭവങ്ങൾ നമുക്ക് കണാം.. അതു ഭാവനയുടെ മേമ്പൊടി ചേർത്ത് വായനക്കാരുടെ മനസ്സുകളിൽ മായാതെ നിർത്താൻ കഴിയുക എന്നത് വളരെ വലിയൊരു കാര്യമാകുന്നു.. അത് സാബിക്ക് വേണ്ടുവോളം കിട്ടിയിട്ടുണ്ട്... തൊട്ടുമുമ്പത്തെ പോസ്റ്റു പോലുള്ള പോസ്റ്റിനു സമയം പാഴാക്കാതെ ഇത്തരത്തിലുള്ള നല്ല നല്ല കഥകൾ വായനക്കാരിൽ എത്തിക്കാൻ സാബിക്ക് ഇനിയും കഴിയട്ടെ...ദൈവം അനുഗഹിക്കട്ടെ.. പ്രാർഥനയോടെ...

    ReplyDelete
  38. സാബിബാവ- കഥവായിച്ചു തോന്നിയത് അതുപോലെ പറയാം. കഥയുടെ പ്രമേയവും ആഖ്യാനവും വളരെ മികവു പുലര്‍ത്തി. ഈ കഥയില്‍ തന്‍റെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിലേക്ക് കൊണ്ടുവരാനും അവരുടെ സുഖ ദുഃഖങ്ങള്‍, വികാര വിചാരങ്ങള്‍ എല്ലാം വായനയുടെ ഓരോ ഘട്ടത്തിലും വയാനക്കാരുടെ മനസ്സില്‍ പ്രതിഫലിപ്പിക്കാനും കഥാകാരിക്ക് കഴിഞ്ഞു. . കഥ ദുഃഖ പര്യവസായി ആയപ്പോള്‍ ആ വേദന വായനാക്കാരുടെ മനസ്സിനെയും മുറിപ്പെടുത്തി.

    ക്യാന്‍സര്‍ രോഗിയായ പെണ്‍കുട്ടിയിലൂടെ പറഞ്ഞ കഥയില്‍ മരണത്തിന്റെ കാലൊച്ചക്ക് ചെവിയോര്‍ത്തു കഴിയുമ്പോഴും വായനയുടെ ലോകത്തിലൂടെ സഞ്ചരിച്ചു വേദനകള്‍ മറക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ വിട പറയാന്‍ സമയമായെന്ന് ബോധ്യമായപ്പോള്‍ ഇഷ്ടപുസ്തകങ്ങളെ അര്‍ഹയായവളുടെ കൈകളില്‍ ഏല്‍പിച്ചു യാത്രപോലും പറയാതെ മരണത്തിന്റെ ഇരുട്ടില്‍ മറഞ്ഞ യുവാവ് ഒരു വേദനയായി മനസ്സില്‍ ബാക്കി നില്‍ക്കുന്നു. തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഒരു ചെറു പുഞ്ചിരിയോടെ അയാള്‍ തന്‍റെ മുന്നില്‍ ഒരിക്കല്‍ കൂടി വാരാന്‍ ആഗ്രഹിക്കുന്ന അവളും മനസ്സില്‍ നനവ്‌ പടര്‍ത്തുന്ന ദുഖമായി അവശേഷിക്കുന്നു. അത് തന്നെയാണ് ഈ കഥയുടെ ആഖ്യാന മികവും. ഒട്ടും നാടകീയത വരുത്താതെ കഥ പറഞ്ഞു. അഭിനന്ദനങ്ങള്‍.

    ReplyDelete
  39. വല്ലാതെ നൊന്തു; ഈ വായനയിലൂടെ...

    ReplyDelete
  40. സാബീ, കഥ വായിച്ചു മനസ്സിന്‍റെ വേദന കണ്ണില്‍ അശ്രു പടര്‍ത്തി....നന്മകള്‍ നേരുന്നു. വല്ലാതെ വേദനിച്ചു...എന്ന് പറയാതെ വയ്യ.

    ReplyDelete
  41. ഒരു നൊമ്പരമായി പടര്‍ന്നിറങ്ങിയ കഥ. കഥ നന്നായിരിക്കുന്നു.
    സ്വന്തം പ്രയാസങ്ങളെ വിസ്മരിച്ച് പുസ്തകളെ സ്നേഹിച്ച് അതില്‍ ഇഴുകി മനസ്സിന് ആശ്വാസം കണ്ടെത്തുന്ന അവതരണം ഇഷാപ്പെട്ട്.

    ReplyDelete
  42. ഇങ്ങനെയുള്ള അവസ്ഥയിലും തളരരുത് , നല്ല മാതൃക ആണ് ആ കഥാപാത്രം

    ReplyDelete
  43. പുസ്തകത്തെ പ്രാണനു തുല്യം സ്നേഹിച്ച
    ഈ രോഗത്തോടു പൊരുതി മികച്ച
    കഥകള്‍ സമ്മാനിച്ച ഗീതാ ഹിരണ്യനെയും
    ഡോ. പിന്റോയെയും ഓര്‍ത്തുപോയി
    മനസ്സിന്റെ കണ്ണു നനയിപ്പിച്ച ഈ കഥ
    വായിച്ചപ്പോള്‍

    ReplyDelete
  44. Really amazing, Sabi. Good, simple style,very touching. Congrats. Waiting to read more.

    ReplyDelete
  45. മിടുക്കിയാണല്ലോ.
    വളരെ കുറഞ്ഞ വാക്കുകളിൽ എല്ലാം പറഞ്ഞു.
    അഭിനന്ദനങ്ങൾ.

    ReplyDelete
  46. സാബീ ഇപ്പോഴാ ഇവിടെ വരാന്‍ പറ്റിയത്..ആന്‍ ഫ്രാങ്കിനെ കുറിച്ചു തുടങ്ങിയത് കൊണ്ടു അല്പം ആശ്ച്ചര്യതോടെയാണ് ഞാന്‍ വായിച്ചത്,കഥ എഴുത്തിന്റെ നല്ല തലത്തിലേക്ക് സാബി എത്തിയിരിക്കുന്നു...അഭിനന്ദനങ്ങള്‍...

    ReplyDelete
  47. പഴയ പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുകയാ.എനിക്കും തോന്നി. എനിക്ക് വന്ന മെയിലുകളില്‍ ഏറ്റവും അധികം സാബിയുടെ പോസ്റ്റുകളാണ്.
    എങ്ങിനെ ഇങ്ങിനെ സാധിക്കുന്നു.
    ഹൃദ്യമായി എഴുതി.
    രോഗികള്‍ എല്ലാം വായനയുടെ കൂട്ടുകാരായിരിക്കും അല്ലേ.

    ReplyDelete
  48. മാധവികുട്ടിയെ പറ്റിയുള്ള തിരച്ചില്‍ എന്നെ യാദൃശ്ചികമായി ഈ ബ്ലോഗില്‍ എത്തിച്ചു...എഴുത്ത് വളരെ ഏറെ ഇഷ്ടമായി...ഹൃദയസ്പര്‍ശി ആണ് വരികള്‍....എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete