
കാമ്പസിലെ ചുള്ളന്മാരുടെ കൂടെ ബൈക്കിലുള്ള സവാരി റീനക്ക് എന്നും ഹരമാണ്.
പുലര്‍ച്ചെതന്നെ ബ്യൂട്ടി പാര്‍ലറില്‍ എത്താമെന്ന് പറഞ്ഞ അനുവിനെ കാണാത്തതിന്റെ അരിശം ആ മുഖത്തുണ്ട്. ഇറുകിയ ജീന്‍സില്‍ അരുമയോടെ കിടക്കുന്ന കുഞ്ഞു മൊബൈല്‍ കയ്യില്‍ എടുത്ത് കാള്‍ ചെയ്തു.
വിളി ചെന്നെത്തിയത് കോളേജിലെ ചുള്ളന് നിസാമിന്റെ ഫോണിലേക്കായിരുന്നു. വായ നിറച്ചും എക്സ്ട്രാ ബാസ് കുത്തി നിറച്ച അവനോട് സംസാരിക്കാന്‍ ധൈര്യമുള്ള ഏക പെണ് കൊടിയും റീന മാത്രം ആയിരുന്നു. റീനയുടെ മനം മയക്കുന്ന ആ കണ്ണുകളിലെ തീക്ഷ്ണത അനുരാഗത്തിന്റേതാണെന്ന് കരുതിയായിരുന്നു നിസാമും അവളുടെ നിഴല്‍ രൂപമായത്. ഒരിക്കല്‍ പോലും നിന്നെ എനിക്കിഷ്ട്ടമാണെന്ന് അവളോട് മുഖത്ത് നോക്കി പറയാന്‍ സാധിക്കാത്ത വിഷമം മാത്രമാണ് നിസാമിന് ഉള്ളത്. അതൊഴിച്ചാല്‍ അവനാണ് കോളേജില്‍ ഏറ്റവുമധികം സന്തോഷവാന്‍.
റീനയുടെ ജീന്‍സിന്റെ പോക്കറ്റില്‍ അനുസരണയില്ലാത്ത കുഞ്ഞിനെ പോലെ കരയുന്ന മൊബൈല്‍, അവളത് കയ്യിലെടുത്ത് ചെവിയില്‍ വെച്ചു.
“നീ എവിടെ പ്രസവിച്ചു കിടക്കുന്നു, ഒന്ന് വേഗം ഇങ്ങെത്ത്”
ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്തു.
കോളേജിന്റെ വരാന്തയിലൂടെ രണ്ടു വരി അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോള്‍ ചീറിപ്പാഞ്ഞു എത്തുന്ന ബൈക്കിന്റെ ശബ്ദം.
“ഹോ എത്തിയല്ലോ ഇനി ആ മണ്ടി പെണ്ണും കൂടി എത്തിയാല്‍ മതി.”
“എന്താ കാര്യം, ഇത്ര രാവിലെ തന്നെ..?”
“അതൊക്കെ പറയാം..”
“വണ്ടിയെടുക്ക് നമുക്ക് അവളെ വഴിയില്‍ നിന്നും കാണാം..”
ബൈക്കിലേക്ക് കയറിയ റീനയോട് വീണ്ടും നിസാം ചോദിച്ചു.
“എങ്ങോട്ട് പോകണം, നീ പറഞ്ഞില്ല..?”
“നീ വണ്ടി വിട് ഞാന്‍ പറയാം”
അടുത്ത ചോദ്യത്തിനു ഇവളുടെ കയ്യില്‍ നിന്നും കിട്ടുന്ന മറുപടി ഏതാകുമെന്ന് ഭയന്ന് നിസാം വായടച്ചു. മനസ്സുകൊണ്ട് അവന് പറഞ്ഞു.
“നിന്റെ സൌന്ദര്യം എന്നെ ആസക്തനാക്കുന്നു പെണ്ണേ നിന്നോടല്ലാതെ ആരോടെങ്കിലും ഈ നിസാം കീഴടങ്ങിയിട്ടില്ല”
നിസാമിന്റെ സ്വപ്നത്തെ പിടിച്ചു നിര്‍ത്തികൊണ്ട് അവള് പറഞ്ഞു.
“നിസാം വണ്ടി നീര്‍ത്തൂ, ദേ.... അവള്”
റോഡിന്റെ അരികിലൂടെ പതിയെ നടന്നു വരുന്ന അനു. അവളുടെ അരികടുപ്പിച്ച് വണ്ടി നിര്‍ത്തി.
ഇത് വീട്ടിലെ വേലക്കാരിയെ ഏല്പിക്കണം എന്ന് പറഞ്ഞ് ഒരു കൂട്ടം ചാവിയും അനുവിന്റെ കൈകളില്‍ ഏല്‍പ്പിച്ച് നിസാമിന്റെ ബൈക്ക് റീനയേയും ചുമന്ന് പറന്നു.
റീന വഴികാട്ടിയ ആ വലിയ വീടിന്റെ പടിക്കലെത്തുമ്പോള്‍ ഗൈറ്റ് പൂട്ടി കിടക്കുകയാണ്. വണ്ടിയില്‍ നിന്നിറങ്ങിയ റീന ഗൈറ്റിനടുത്ത് ചെന്ന് ബെല്ലില്‍ വിരലമര്‍ത്തി. അല്പം കഴിഞ്ഞ് വാതില്‍ തുറക്കപെട്ടു.
“യാര്..?”
“ഞാന്‍ റീന. സാര്‍ അകത്തുണ്ടോ..?”
“ഉണ്ട്, ഉങ്കള് യാരെന്ന് സോല്ലണം”
“റീന വന്നു എന്ന് പറഞ്ഞാല്‍ മതി”
“എന്നമ്മാ.. റീണയാ..?”
ഇത് കേട്ട റീനക്ക് ദേഷ്യം വന്നു. അവള് അയാളോട് കയര്‍ത്തു
“ഹേയ്.. ഒന്ന് പോടോ ..”
അവളുടെ ദേഷ്യം ഇരട്ടിച്ചു. ഇതുകണ്ടിട്ടാവാം വാച്ച്മാന് നിസാമിന്റെ മുഖത്ത് നോക്കി പറഞ്ഞു .
“എന്നാമ്മാ.. നീങ്കള് ദേശ്യപ്പെടാത് ഞാന്‍ സാറോട് ശൊല്ലട്ടും”
“ഉം”
വാച്ച്മാന് അകത്തേക്ക് പോയി .
ഒന്നും അറിയാത്ത നിസാം ചോദിച്ചു .
“നീ എന്തിനാണ് ഇയാളെ കാണുന്നത്..? നിന്റെ ആരാ ഇയാള്‍..?”
ഒരേ വായിലുള്ള അനേകം ചോദ്യങ്ങള്‍ കേട്ടപാടെ അവള് രണ്ടു കയ്യും തലയ്ക്കു പിടിച്ച് പറഞ്ഞു.
“നീ ചോദിക്കല്ലേ.... എനിക്ക് വട്ട് പിടിച്ചിരിക്കയാ...”
കൂടുതല്‍ പറയും മുമ്പേ വാച്ച്മാന് എത്തി.
“അമ്മാ ഉള്ളം ചെല്ലുങ്കോ”
റീന നിസാമിനെ വാച്ചുമാന്റെ അടുത്താക്കി ആ വലിയ വീടിന്റെ അകത്തേക്ക് പോയി.
സമയം നീങ്ങി. റീനയെ കാത്ത് മുഷിയാന്‍ തുടങ്ങുമ്പോഴാണ് വാച്ച്മാന് അണ്ണന് കുശലം ചോദിച്ച് വന്നത്. അയാളോട് തിരക്കീട്ട് തന്നേ കാര്യം. നിസാം അയാളോട് ചോദിച്ചു
“ഉങ്കള് പേര്....”
“പേരാ... എന്ന പേര് സെല്വന്”
ഇനിയെന്ത് പറയുമെന്നറിയാതെ നിസാം അടുത്ത ചോദ്യമിട്ടു.
“നിന്റെ സാറ് എവിടുത്ത്കാരനാ..”
“ഹോ... എന്ന സാറ്, പെരിയ ജോലി പൊറത്ത്. ഊര്.. കറക്റ്റായി തെരിയാദ് ”
ഓഹോ.. അപ്പൊ അതാണ് കാര്യം വിദേശത്തുള്ള അമ്മയും അച്ഛനും എന്തെങ്കിലും ഇയാള്‍ വശം കൊടുത്തു വിട്ടു കാണും. എന്നാല്‍ പിന്നെ ഇവളെന്തിന് മറച്ച് വെച്ചു.
ചിന്തകള്‍ അകറ്റി റീന തിരിച്ചെത്തി. പ്രസന്ന ഭാവത്തില്‍ അവള് പറഞ്ഞു. “പോവാം നിസാം”
ഇനിയൊന്നും ചോദിച്ച് റീനക്ക് ദേഷ്യം വരണ്ട എന്ന് കരുതി നിസാം ഒന്നും മിണ്ടിയില്ല.
വീണ്ടും വണ്ടിയില്‍ കയറി മടക്കയാത്ര തുടര്‍ന്നു. വഴിക്കരികില്‍ വണ്ടി നിര്‍ത്തി അവള് മരുന്ന് ഷോപ്പില്‍ നിന്നും തുണിക്കടയില്‍ നിന്നും എന്തൊക്കയോ വാങ്ങിച്ചു. എല്ലാം കൂടി കൈ നിറയെ സാധനങ്ങള്‍.
ഇനിയും ചോദിക്കാതെ പിടിച്ച് നില്ക്കാന് നിസാമിന് കഴിഞ്ഞില്ല. അവന് റീനയോട് ചോദിച്ചു.
“എന്തൊക്കെയാ നീ വാങ്ങികൂട്ടിയത്. നിന്റെ പാരന്‍സിന് കൊടുത്തു വിടാനുള്ളതാണോ...”
ചോദ്യവും ഉത്തരവും നിസാമില്‍ നിന്ന് വന്നപോലെ തോന്നിയ അവള് അതെ എന്ന് തലയാട്ടി.
വീണ്ടും നിസാമിന്റെ മനസ്സില്‍ ചോദ്യങ്ങള്‍ വന്നു.
“ആരെ കാണാനാ അവിടെ പോയത്? മുന്‍പ് അവിടെ പോയിട്ടുണ്ടോ..?”
“ഉം..”
ചോദ്യങ്ങള്‍ക്കെല്ലാം മൂളല്‍ മാത്രം മറുപടിയായി കേട്ടതും നിസാമിന്റെ മനസ്സ് തളര്‍ന്നു. ഞാന്‍ പ്രണയം പിടിച്ച് പിന്നാലെ നടന്നിട്ടും ഇവള്.......
ഹും എല്ലാം ഒന്ന് അറിയണം. അവന്റെ മനസ്സ് പറഞ്ഞു.
വണ്ടി നേരെ റീനയുടെ വീട് ലക്ഷ്യമിട്ട് നീങ്ങി .
വീട്ടിലെത്തുമ്പോള്‍ പടിയില്‍ തന്നെ അവളുടെ വേലക്കാരി കാത്തു നില്‍പ്പുണ്ട്. ജോലിക്കാരായ മാതാപിതാക്കള്‍ വല്ലപ്പോഴുമാണ് അവളെ കാണാന്‍ എത്താറുള്ളത്. അച്ഛനോടും അമ്മയോടും അവള്‍ക്ക് എന്നും പുഛമാണ് . തന്നെ ഒറ്റപെടുത്തുന്നു എന്നാണ് റീനടെ പരാതി. അവള് ഈ വീട്ടില്‍ വേലക്കാരിയുമൊത്ത് തനിച്ച്. അവള്‍ക്കു ഭ്രാന്തു വരാത്തത് ഭാഗ്യം . റീനയെ പടിക്കല്‍ ഇറക്കി നിസാം മടങ്ങി.
സമയം ഉച്ചയോടടുത്ത്,
കോളേജിലെത്താത്ത ദിവസം എന്നും ബോറടിയാണ്. ബോറടി ചിന്തിച്ചപ്പോഴാണ് വീണ്ടും റീനയെ ഓര്‍ത്തത്. ഒറ്റപ്പെടലിന്റെ അപാര തീരം പുല്കിയവള്. എപ്പോഴെങ്കിലും ഒരാഴ്ചക്ക് വന്ന് പോകുന്ന മാതാപിതാക്കള്‍. അവളെങ്ങിനെ സഹിക്കുന്നു .എന്തെല്ലാം ആയാലും ഓര്‍മയില്‍ വീണ്ടും അവള് ആ വലിയ വീട്ടിലേക്ക് എന്തിന് പോയി എന്ന ചിത്രം നിസാമിന്റെ മനസ്സില്‍ മായാതെ കിടന്നു.
കൂട്ടുകാരികളും, കോളേജും, കുശുമ്പും പോരാട്ടവുമായി ദിനങ്ങള്‍ നീങ്ങികൊണ്ടിരുന്നു.
ഒരു ഞായറാഴ്ച നിസാമിന്റെ മൊബൈല്‍ തുടരെ തുടരെ ചിലച്ചു. അവന് ഫോണ്‍ കയ്യിലെടുത്തു.
“ഹെലോ റീനാ, പറയൂ”
“എസ് നിസാം, നീ ഇന്ന് വീട്ടിലൊന്ന് വരണം. എന്തിനാണെന്ന് വന്നിട്ട് പറയാം..”
“മ്മ്... വരാം”
നിസാം വേഗം റെഡിയായി ബൈക്കില്‍ കയറി ഓടിച്ചു പോയി. റീനയുടെ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത് ആരേയും കണ്ടില്ല. ഗയിറ്റ് കടന്നിട്ടും പരുങ്ങുന്ന അവനെ കണ്ട് അവള് മുകളില്‍ നിന്ന് നീട്ടി വിളിച്ചു.
“നിസാം.. അകത്തോട്ട് കയറിവാ ഇവിടെ ആരും ഇല്ല”
ചെറിയ അങ്കലാപ്പ് ഇല്ലാതില്ല എങ്കിലും നടന്നു. ഒരു പുരുഷന് എന്തിന് ഭയക്കണം. മനസ്സിന് ധൈര്യം കൊടുത്ത് നിസാം മുന്നോട്ട് നടന്നു.
റീന വിളിച്ച് പറഞ്ഞു
“ഭയക്കണ്ടാ വേലക്കാരിയെ ഞാന്‍ ഇന്ന് പറഞ്ഞ് വിട്ടു”

പുതിയ ഡ്രെസ്സും കൈ നിറയെ പൂക്കളുമായി റീന മണവാട്ടിയെ പോലെ ചമഞ്ഞു നില്ക്കുന്നു.
“റീനാ ഇന്നെന്താണ് വിശേഷം..”
ഒരു ചെറു പുഞ്ചിരിയോടെ നിസാമിന്റെ മുഖത്ത് നോക്കി റീന പറഞ്ഞു
“ഉം... നീ വാ... അതൊക്കെയുണ്ട്”.
അവള് നിസാമിന്റെ കൈകളില്‍ പിടിച്ച് കിടപ്പുമുറിയുടെ നീണ്ട കണ്ണാടിക്ക് അരികിലെത്തി. അവനെ കണ്ണാടിക്കു അഭിമുഖമായി നിര്‍ത്തി, കൂടെ ഒരു മണവാട്ടിയെ പോലെ അവളും അടുത്ത് നിന്ന് കണ്ണാടിയിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു.
“നോക്ക്, ഞാനും നീയും ഈ കണ്ണാടിയുടെ മുമ്പില്‍ വധൂ വരന്മാരാര്‍ ആണല്ലോ... നാം എന്ത് കൊടുത്തുവോ അത് തിരിച്ചു നല്കാന് ഒരുപക്ഷെ കണ്ണാടിക്കു മാത്രമേ കഴിയൂ. മറ്റൊരാള്‍ക്കും കഴിയില്ല. എനിക്ക് പോലും..”
പറഞ്ഞു തീര്‍ന്ന അവള് പൊട്ടിച്ചിരിച്ചു. ഇതുകണ്ട് ഭയന്ന നിസാമിനെ നോക്കി വീണ്ടും അവള് പറഞ്ഞു
“നിസാം, നോക്കൂ... ഈ വലിയ വീടിന്റെ ശൂന്യതയിലേക്ക് നോക്കൂ. ഇവിടെ ഒരു താരാട്ടിന്റേയോ തലോടലിന്റേയോ വാത്സല്യത്തിന്റേയോ അലയൊലികളൊന്നും കാണില്ല. എന്റെ കുഞ്ഞു ബാല്യം തൊട്ടേ അമ്മ തിരക്കുള്ള ജോലിക്കാരിയാണ്. കുഞ്ഞുകാലത്തിന്റെ ഓര്‍മ്മകള്‍ പറയാന്‍ എനിക്കായി ഒന്നും ഇല്ല. വേലക്കാരി ശാരദയുടെ കൈകള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ സ്വാദ് മാത്രമേ എനിക്കറിയൂ. വല്ലപ്പോഴും തിരക്കിനിടയില്‍ വന്നു പോകുന്ന അമ്മയുടേയും അച്ഛന്റേയും സ്നേഹം എനിക്ക് ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയാത്തതായിരുന്നു. ഞാന്‍ അവരെ ഒരുപാട് സ്നേഹിച്ചു. ബട്ട് എനിക്ക് തിരിച്ച് അവര്‍ നല്‍കിയത് കുറേ പണവും ഏകാന്തതയും മാത്രം. ആ ഏകാന്തതയില്‍ ഞാന്‍ ഇല്ലാതായി തുടങ്ങുന്നു”.
മറുപടിയൊന്നും ഇല്ലാതെ നിശബ്ദതയോടെ എല്ലാം കേട്ട് നിന്ന നിസാമിന്റെ മുഖം കണ്ട് അവള് ചിരിച്ചു കൊണ്ട് വീണ്ടും തുടര്‍ന്നു
“നിസാം, നീ എന്നെ അതിരറ്റു സ്നേഹിക്കുന്നു എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ ഇതെല്ലാം പറഞ്ഞ് വരുന്നത്. എനിക്കൊരിക്കലും നിന്റെ ജീവിതത്തിലേക്ക് വരാന്‍ കഴിയില്ല”
ഇത് കേട്ടപ്പോള്‍ നിസാമിന്റെ മുഖം വല്ലാതായി അവന് തിരിഞ്ഞു നിന്നു.
“മ്മ്ഹ്, നിനക്ക് പറയാന്‍ വേറെ ഒന്നും ഇല്ലേ.. നിനക്ക് അയാളെ ഇഷ്ട്ടമാണെന്ന് പറയാനാണോ ഈ വലിയ മുഖവുര. വെറുതെ മെനക്കെടുത്താന്‍...”
മനസ്സിലെ സങ്കടം ദേഷ്യമായി പുറത്ത് വന്ന് നിസാം തിരിച്ചു നടക്കാന്‍ ഒരുങ്ങി. ദേഷ്യം കൊണ്ട് ചുവന്ന അവന്റെ കണ്ണിലേക്കു നോക്കി അവള് പറഞ്ഞു.
“ഇല്ല.. നിസാം. ഇല്ല. ഞാന്‍ ആരെയും സ്നേഹിച്ചിട്ടില്ല, എനിക്കതിനു കഴിയില്ല..!”
“പിന്നെ എന്തിനവിടെ പോയി. പറ നീ..”
ഇതുകേട്ട റീന മറുപടി പറയും മുന്‍പ് അലമാരിയുടെ അടുത്ത് ചെന്ന് ഭദ്രമായി സൂക്ഷിച്ച ഒരു ഫയല്‍ അവനു നേരെ നീട്ടി.
“നോക്ക്, മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അറിഞ്ഞത്. അന്ന് തൊട്ട് ഞാന്‍ ഡോക്റെരുടെ നിര്‍ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുന്നു. അത് നിന്നോടും അനുവിനോട് പോലും ഞാന്‍ മറച്ചു വെച്ചു. എന്തിന് എന്റെ രക്ഷിതാക്കളോട് പോലും”
ഫയലുകളിലെ താളുകള്‍ മറിച്ച് നിസാം ഒരു നിമിഷം അവളിലെക്ക് സങ്കടത്തോടെ നോക്കി.
അവള് തുടര്‍ന്നു.
“പണത്തിന്റെ പിറകില്‍ ഓടുന്ന അവര്‍ക്ക് മകളെ പരിചരിക്കാന്‍ ഒരു ഹോം നേഴ്സിനെ വെക്കാനല്ലാതെ എന്തിന് കഴിയും. അതുകൊണ്ട് ഞാന്‍ എന്നില്‍ തന്നെ അടക്കി വെക്കുന്ന വേദനകളാണ് ഇതെല്ലാം. ഇനി ഇവിടം പിരിയാനുള്ള ദൂരം അല്‍പ്പം മാത്രം. അവന് അതിനു മാത്രം എന്നെ കീഴടക്കി കഴിഞ്ഞു”
എല്ലാം കേട്ട് കഴിഞ്ഞ് നിസ്സഹായനായി നില്ക്കുന്ന നിസാമിന്റെ കണ്ണുകളില്‍ നനവ് പടര്‍ന്നു. ഭീകരനായ മരണത്തെ പുല്‍കാനിരിക്കുന്ന റീനയെ അവന് മാറിലേക്ക് ചാര്‍ത്തി ആശ്വസിപ്പിച്ചു.
“ഇല്ല, നിനക്കൊന്നും ഇല്ല. ഒരു കുഴപ്പവും വരില്ല”
വരാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ അവളും ആ ആശ്വാസ വാക്കുകളില്‍ ലയിച്ചു നിന്നു.