പ്രവാസ മണ്ണിന്റെ ചൂടറിഞ്ഞ് വിരഹത്തിന്റെ നീര്‍ചൂളയില്‍ ഉരുകുന്ന പ്രവാസികള്‍, അവരുടെ കൈകളില്‍ നിന്നും ഉരുത്തിരിഞ്ഞ എഴുത്തുകള്‍. മലയാളം ബ്ലോഗ് ലോകത്തേക്ക് കാലെടുത്ത് വെച്ചിട്ട് ഒന്നര വര്‍ഷക്കാലമായ ഒരു എളിയ ബ്ലോഗറാണ് ഞാനും. അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷങ്ങളായിരുന്നു വ്യഴായ്ച്ച രാത്രി. ജിദ്ധയിലെ ശറഫിയ്യയുടെ ഹൃദയ ഭാഗത്ത് ലക്കി ദര്‍ബാറിനടുത്ത് വണ്ടി നിര്‍ത്തുമ്പോള്‍ മനസ്സില്‍ അല്പം ഭയം ഉണ്ടായി. വലിയ വലിയ ബ്ലോഗേര്‍സിന്റെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ഭയന്നിരുന്നു. വളരെ വൈകിയാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത് . എന്തായാലും വണ്ടിയില്‍ നിന്നിറങ്ങി ചുവന്ന ലൈറ്റിട്ട് തെളിഞ്ഞ് സുന്ദരിയെ പോലെ ഹോട്ടലിന്റെ അകം വശം.
ആത്മ ധൈര്യം സംഭരിച്ച് പ്രിയപെട്ടവന്റെ കൂടെ സ്റ്റെപ്പുകള്‍ കയറി മുകളിലെത്തി. പ്രധാനികളായ വ്യക്തികളുടെയെല്ലാം പ്രസംഗം കഴിഞ്ഞിരുന്നു. എങ്കിലും ഉള്ളിലേക്ക് ചെന്നതും അതീവ സന്തോഷകരമായ ‘കിളിവാതില്‍ കാഴ്ച’. ജിദ്ധയിലെ പ്രശസ്തരായ എല്ലാ എഴുത്തുകാരെയും അവരുടെ ബ്ലോഗിനെയും വിവിധ നാമങ്ങളും നിറങ്ങളുമായി സ്ക്രീനില്‍ മിന്നിമറയുമ്പോള്‍ ഓരോരുത്തരായി സ്റ്റേജില്‍ വന്നു ഹായ് പറഞ്ഞു പോകുന്നു. ഈ ഒരു സംരംഭം ഓരോ ബ്ലോഗരേയും ബ്ലോഗ് ഉള്‍പെടെ മറ്റു ബ്ലോഗര്‍മാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. അതിനിടയിലായിരുന്നു എന്റെ മിഴിനീരും വന്നത്. എനിക്കും സ്റ്റേജില്‍ കയറി ഒരു ഹായ് പറയാന്‍ കൊതി തോന്നി സൈഡ് ഭാഗത്ത് നിന്ന് ഞാനും ഹായ് പറഞ്ഞു. പക്ഷെ ആരും കണ്ടില്ലെന്നു മാത്രം.
പിന്നീട് ബഷീര്‍ വള്ളിക്കുന്നിന്റെ അതീവ രസകരവും ചിന്താധീനവുമായ പ്രസംഗം. നല്ലൊരു കൂട്ടയ്മക്കു വഴിയൊരുക്കിയ ബ്ലോഗ് മീറ്റില്‍ വള്ളിക്കുന്നിന് ശേഷം ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഇളം പുഞ്ചിരിയുമായുള്ള കുഞ്ഞു പ്രസംഗം. തുടര്‍ന്ന് സംസാരിച്ചത് എനിക്കറിയുന്നവരും അറിയാത്തവരുമായി ഒത്തിരി ബ്ലോഗേര്‍സ്.
ഹാളില്‍ എനിക്ക് കൂട്ടായി രണ്ട് മൂന് ബ്ലോഗര്‍മാരുടെ സഹാധര്‍മിണികള്‍. അവരുമായി സല്ലപിക്കുന്നതിനിടയില്‍ നമ്മുടെ അവാര്‍ഡ് ജേതാവായ വള്ളിക്കുന്ന്‍ പരിചയം പുതുക്കി.
“ഞാന്‍ ചോദിക്കാന്‍ വിട്ടു, അവാര്‍ഡ് കിട്ടിയ വകയില്‍ ഒരു സ്നിക്കെര്‍ ചോക്ലറ്റ് പാക്കറ്റെങ്കിലും ഞാന്‍ പ്രതീക്ഷിച്ചു. ഇല്ല ഇനി പറഞ്ഞശേഷമെങ്കിലും തരുമോ ആവോ..”
മറുപടി ചിരിയില്‍ ഒതുക്കി വള്ളികുന്ന് ബ്ലോഗര്‍.
പിന്നെ എത്തിയത് നൌഷാദ് അകമ്പാടം. എന്റെ വര. മദീനയില്‍ നിന്നും മണിക്കൂറുകള്‍ യാത്ര കഴിഞ്ഞ് വന്നെത്തിയ ബൂലോകത്തെ സജീവ ബ്ലോഗര്‍. അദ്ദേഹം ഓരോ ബ്ലോഗേര്‍സിനും മദീനയുടെ മനം കവരുന്ന തന്റെ ഫ്ലിക്കെര്‍ ഫോട്ടോയുടെ സിഡി സമ്മാനിച്ചു.
പിന്നീട് ഞാന്‍ കണ്ട ബ്ലോഗറില്‍ ഒരാളായിരുന്നു ചാലിയാര്‍ അക്ബര്‍ക്ക വളരെ ലളിതമായ ഭാഷയില്‍ കഥകള്‍ പറഞ്ഞ് നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റ്കളുമായി നമ്മുടെ ഭൂലോകത്തെ നല്ലൊരു ബ്ലോഗര്‍. അദ്ദേഹവും യാംമ്പൂ എന്ന സ്ഥലത്ത് നിന്ന് ദീര്‍ഘ ദൂരം സഞ്ചരിച്ച് ബ്ലോഗ് മീറ്റിന് എത്തിയതാണ്. കാണാനും പരിചയപ്പെടാനും സാധിച്ചതിലും സന്തോഷം.
പിന്നെയാണ് വിനീതനായ തെച്ചിക്കോടന്റെ രംഗ പ്രവേശം നിര്‍മലമായ പുഞ്ചിരി കൂട്ടിനുണ്ട്. നമുക്കിടുന്ന കമന്റുകള്‍ പോലെതന്നെ ആര്‍ക്കും പരിഭവം തോന്നില്ല അങ്ങേരോട്. അദ്ദേഹം കുടുംബ സഹിതം എത്തി. സഹാധര്‍മിണിയുമായി സംസാരിച്ചു. ഒരുപാട് സന്തോഷം.
ശേഷം സുറാബിയെ തഴഞ്ഞു പോസ്റ്റിറക്കിയ ഷാനവാസ് ഇളയോടെന്‍ സൌഹൃദം പങ്കിട്ടു.
ഇതിനിടയില്‍ ബ്ലോഗ് ലിങ്കുകള്‍ ചേര്‍ക്കാന്‍ പറഞ്ഞ് ബുക്കുമായി എത്തിയ കൊമ്പന്‍ മൂസ. അയ്യോ പാവം. കണ്ടപ്പോള്‍ പാവമാണെന്ന് തോന്നിപ്പിക്കുന്ന ചിരി കൈവശം ഉണ്ട്.
പിന്നീടു മുഹമ്മദ് കുഞ്ഞി. കടലാസ്.
നൌഷാദ് കുടരഞ്ഞി. കൂടരഞ്ഞീയന്‍.
ഇങ്ങനെ ഒരുപാട് ബ്ലോഗേര്‍സിനെ കണ്ടു. പിന്നെയാണ് ഭക്ഷണ പരിപാടി. അതും വളരെ നല്ല നിലയില്‍ ഒരുക്കിയിരുന്നു. എന്തായാലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിമാനിക്കാം. അത്രയും സന്തോഷമുള്ളതായിരുന്നു അവിടം.
ബ്ലോഗ് ലോകം ഇത്രയും സന്തോഷകരമാണെന്നറിഞ്ഞ ദിവസത്തോടും സന്ദര്‍ഭത്തോടും യാത്ര പറഞ്ഞ് പ്രിയനോടൊത്ത് അവിടുന്ന് പിരിഞ്ഞു. വണ്ടി നീങ്ങുമ്പോഴും ഓരോരുത്തരെ കുറിച്ചും ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരുന്നു.
പിന്നെ ഒരു കാര്യം ഇതില്‍ ഞാന്‍ എഴുതാത്തവരെ പേരും വിവരവും തപ്പിയെടുക്കാന്‍ എനിക്ക് ജോലിക്കിടയില്‍ സമയമില്ല. സോറി. ക്ഷമിക്കുക. ബാക്കി എല്ലാ വിവരങ്ങളും മറ്റ് മീറ്റ് പോസ്റ്റുകളില്‍ നിന്നും നൌഷാദ് അകംമ്പാടത്തിന്റെ പോസ്റ്റില്‍ ഫോട്ടോ സഹിതവും കാണാം.
ഇനിയും വരുന്ന വര്‍ഷത്തെ നല്ല ബ്ലോഗ് മീറ്റിനായി കാത്തിരിപ്പോടെ.....