ടെലഫോണിന്റെ നിര്‍ത്താതെയുള്ള തേങ്ങല്‍.
ജാനുവേട്ടത്തിക്ക് മനസ്സമാധാനം കിട്ടുന്നില്ല. സുഹറ, അവള്‍ ഉറക്കത്തിലായിരിക്കും. ഉറങ്ങി കൊതി തീരാത്തൊരു പെണ്ണ്.
"അക്കരെന്നു വിളിക്കുന്ന കെട്ടിയോന്‍മാരുടെ ശബ്ദം കേള്‍ക്കാന്‍ കൊതി കാണില്ലേ ഈ പെണ്ണുങ്ങള്‍ക്ക്" ജാനുവേട്ടത്തി ഒറ്റയ്ക്ക് പറഞ്ഞു.
"മുറ്റം അടിക്കുന്നതിനിടെ തെങ്ങിലെ ഓല വീഴുന്നത് ശ്രദ്ധിക്കണേ അമ്മേ..”
മകനാണ് വിളിച്ചു പറയുന്നത്.
"തെങ്ങ് ചതിക്കില്ലാന്നൊക്കെ പറയാം.., പിന്നെങ്ങനെയാ കോരന്‍ ചത്തത്..”
ജാനുവമ്മയുടെ ചോദ്യം കേട്ട മകന്‍ വെറുതെയൊന്ന് പുഞ്ചിരിച്ചു.
കോരന്‍, ജാനുവമ്മയുടെ അനുജത്തിയുടെ കെട്ടിയോന്‍. തെങ്ങിന്റെ തടം തുറന്ന് തോല് നിറച്ച് മൂടുന്ന ജോലിയായിരുന്നു കോരന്. അപ്രതീക്ഷിതമായി തെങ്ങില്‍ നിന്നും മണ്ടരി ബാധിച്ച് വീണ ഒരു തേങ്ങയായിരുന്നു കോരന്റെ തലയ്ക്കു ക്ഷതമേല്പ്പിച്ചത്. പിന്നീട്....
ഓര്‍മ്മകള്‍ ജാനുവമ്മയുടെ കണ്ണുകള്‍ നിറച്ചു. നരച്ച് തുടങ്ങിയ ഉടുമുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചു.
ജാനുവമ്മയുടെ മകന്‍ അങ്ങാടിയിലെ ചെറിയൊരു ടൈലര്‍ ഷോപ്പ് ഉടമയാണ്. അത് കൊണ്ട് കുടുംബം പുലര്‍ത്തുന്നു. ഇന്ന് നാട്ടിലെ പണക്കാരന്‍ വഹാബ് മുതലാളിയുടെ ഏക മകളുടെ വിവാഹമാണ്. അത് കൊണ്ട് തന്നെ ഷോപ്പില്‍ ഇന്ന് കൊടുക്കേണ്ട ചുരിദാറുകള്‍ വാങ്ങാന്‍ വരുന്നവരുടെ തിരക്കും കൂടുതലാകും. അയാള്‍ പുറപ്പെടാനായി മുറ്റത്തിറങ്ങി. അപ്പോഴാണ് ജാനുവമ്മ മകനെ വീണ്ടും വിളിച്ചത്.
"മോനെ ദിവാകരാ..”
"നീ പോണ വഴി സുഹറാന്റെ ജനാലക്ക് ഒരു തട്ട് കൊടുക്ക്. ആ പെണ്ണ് ഇനിയും എണീറ്റില്ലാന്ന് തോന്നുന്നു”
'ഇതെന്തൊരു കെടപ്പാ വെയില്‍ ഉച്ചീല് എത്തിയാലും പെണ്ണുങ്ങള്‍ കിടക്കേല്‍ തന്നേ കെട്ടിയോനും കുട്ട്യോളും ഒന്നും വേണ്ട. അക്കരെ കഷ്ട്ടപെടുന്ന ആണ്ങ്ങളുണ്ടോ ഇതറിയുന്നു’ ഒറ്റക്കുള്ള സംസാരം ജാനുവേട്ടത്തിക്ക് ശീലമായതാ...
ദിവാകരന്‍ സുഹറയുടെ ജാലകത്തിന് തട്ടി വിളിച്ചു.
അടഞ്ഞു കിടന്ന മുന്‍ വാതിലിനരികില്‍ കൊണ്ട് വെച്ച പാല്‍പാത്രം ഉറുമ്പരിച്ച് തുടങ്ങി. ദിവാകരന്‍ ആഞ്ഞ് മുട്ടി വിളിച്ചെങ്കിലും പ്രതികരണം കണ്ടില്ല. കടയില്‍ എത്താന്‍ വൈകുന്നതിലുള്ള പരിഭവം ജാനുവമ്മയോട് പറഞ്ഞ് ദിവാകരന്‍ അങ്ങാടിയിലേക്ക് നടന്നു. അരയോളം മുണ്ട് കയറ്റികുത്തി കുഞ്ഞ് മതില്‍ ചാടിക്കടന്ന് ജാനുവമ്മ സുഹറയുടെ വീട്ടിലെത്തി. ജനലില്‍ തട്ടി വിളിക്കുന്നതിനിടെ അകത്ത് നിന്നും കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് വന്നു അല്‍പം ആശ്വാസം പോലെ ജാനുവമ്മ പറഞ്ഞു.
"ആ കൊച്ചു ഉണര്‍ന്നാലും സുഹറ എഴുനേല്‍ക്കില്ല”
അകത്ത് നിന്നും കേള്‍ക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ നില്‍ക്കാതെ വന്നപ്പോള്‍ ജാനുവേട്ടത്തി മുന്‍വശത്തെ വാതില്‍ക്കലെത്തി. അപ്പോഴും ടെലിഫോണ്‍ നിര്‍ത്താതെ കരഞ്ഞു. വീടിന് ചുറ്റും നടന്ന് സുഹറയെ വിളിക്കുന്ന ജാനുവമ്മയെ കണ്ട് മേലെ പറമ്പിലെ ബഷീര്‍ ഇറങ്ങിവന്നു.
"ന്ത്യെ.. ജാനുവമ്മേ കുട്ടി കരയുന്നുണ്ടല്ലോ സുഹറ അവിടില്ലേ...”
"ല്ല്യ.. ന്‍റെ ബഷീര്‍ മാപ്ലേ.... ഓള് എണീറ്റില്ലെന്നാ തോന്നുന്നെ”
ആ വലിയ വീട്ടില്‍ സുഹറയും ചെറിയ കുഞ്ഞും മാത്രം. ഭര്‍ത്താവ് ഹക്കീം ദുബായിലാണ്. തന്റെ ഭാര്യ സുഖമായി കഴിയണം എന്ന് കരുതി തറവാട്ടില്‍ നിന്നും മാറിതാമസിപ്പിച്ചിട്ട് അധികമായില്ല. സുഹറക്ക് ഒറ്റയ്ക്ക് താമസിക്കുന്നതില്‍ ഭയമില്ല എന്നാണ് ഹക്കീമിനുള്ള മേന്മപറച്ചില്‍.
ഹക്കീം നാട്ടില്‍ വന്നു നില്‍ക്കുന്നത് രണ്ട് മാസങ്ങള്‍ മാത്രം. സുഹറാക്ക് എന്നും പരാതിയാണ്. തന്റെ സുഖ സൌകര്യങ്ങളെല്ലാം അവന്‍ നേടികൊടുക്കുമ്പോഴും സുഹറയുടെ പരാതി രണ്ടുമാസത്തെ ചുരുങ്ങിയ ലീവിനെ കുറിച്ചായിരുന്നു. ജീവിതത്തിന്റെ മധുരമുള്ള നിമിഷങ്ങളേക്കാളും ഒന്നിന് പിറകെ ഓരോന്നായി എത്തി പിടിക്കാനുള്ള വ്യഗ്രതകള്‍. കാശിനോട് ആര്‍ത്തി പൂണ്ട്, തറവാടിന്റെ പെരുമ പറഞ്ഞ് അഹങ്കരിക്കുന്ന ഹക്കീമിനെ കൂട്ടുകാര്‍ വിളിച്ചിരുന്ന പേരുതന്നെ ‘വല്ല്യോന്‍‘ എന്നായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ജാനുവമ്മ ധൃതിയോടെ ചെന്ന് വാതില്‍ പിടിച്ച് കുലുക്കുമ്പോഴാണ് അറിഞ്ഞത്, വാതില്‍ പൂട്ടിയിട്ടില്ലാ. ഭയന്ന്‍ കൊണ്ടാണെങ്കിലും ജാനുവമ്മ വാതില്‍ തുറന്ന്‍ അകത്ത് കയറി. കിടപ്പറയില്‍ കിടന്ന്‍ കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് ജാനുവമ്മ സുഹറയെ തട്ടി വിളിച്ചു.
അവള്‍ ഒന്നും അറിയാതെ ഉറക്കത്തിലാണ്. അഴിഞ്ഞു കിടന്ന അവളുടെ ഉടയാടകള്‍ക്ക് മേലെ പുതപ്പു എടുത്തിട്ട് വീണ്ടും കുലുക്കി വിളിച്ചു. ഉണരുന്നില്ലെന്ന് കണ്ട ജാനുവമ്മ ഭയന്ന് ബഷീറിനെ അകത്തേക്ക് വിളിച്ചു.
"ബഷീര്‍ മാപ്ലേ... ഒന്നിങ്ങ് വരൂ...
സുഹറ ഉണരുന്നില്ലല്ലോ... എന്ത് പറ്റി ഈ പെണ്ണിന്..”
വിളി കേട്ട ബഷീര്‍ ഓടി മുറിയില്‍ കടന്നു.
“സുഹറക്ക് എന്ത് പറ്റി വേഗം ഹോസ്പിറ്റലില്‍ എത്തിക്കാം”
ബഷീറിനെ കണ്ടതും ജാനുവെട്ടത്തി സുഹറയുടെ വസ്ത്രങ്ങള്‍ ഒന്നുകൂടി ഒതിക്കിയിട്ടു. ബഷീര്‍ വീട്ടിലേക്ക് ഓടി അവന്റെ ഉമ്മയെ വിവരം ധരിപ്പിച്ചു. കുന്നിറങ്ങാന്‍ വയ്യാത്ത നബീസുതാത്ത താഴേക്ക് എത്തി നോക്കി. ബഷീറും ജാനുവമ്മയും സുഹറയെ ഹോസ്പിറ്റലില്‍ എത്തിച്ചു. ശേഷം സുഹറയുടെ തറവാട്ടില്‍ ബഷീര്‍ വിവരം വിളിച്ചു പറഞ്ഞു. സുഹറയുടെ കുഞ്ഞ് ജാനുവമ്മയുടെ ചുമലില്‍ തളര്‍ന്നുറങ്ങി. അല്‍പ സമയത്തിനകം സുഹറയുടെ വീട്ടുകാരും എത്തി.
എല്ലാവരും അങ്കലാപ്പിലാണ്.
ഡോക്ടര്‍ പുറത്ത് വന്നു .
"എന്താ സാര്‍ അവള്‍ക്ക് പറ്റിയെ”
ഹക്കീമിന്റെ ജ്യേഷ്ട്ടനായിരുന്നു ചോദിച്ചത്.
“കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും റൂമിലോട്ട് വരൂ”
ഡോക്ടര്‍ക്ക് പിറകിലായി ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ റൂമിലേക്ക് കടന്നു.
“കുട്ടിയുടെ ഭര്‍ത്തവ് എവിടേയാണ് ”
ഡോക്ടറുടെ ചോദ്യങ്ങള്‍ക്കെല്ലാം ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ ഉത്തരം നല്‍കി.
“പേഷ്യന്റിന്റെ ശരീരത്തില്‍ മയക്കു മരുന്നിന്റെ അംശം ഒരുപാട് പടര്‍ന്നിരിക്കുന്നു. പിന്നെ അവള്‍ ശക്തമായ ലൈഗീകതക്ക് ഇരയായിട്ടുണ്ട്. മയക്കു മരുന്നിന്റെ അളവ് കൂടുതലായതിനാല്‍ ഇപ്പോള്‍ ഒന്നും എനിക്ക് പറയാന്‍ പറ്റുന്ന സ്റ്റേജല്ല. നിങ്ങള്‍ ഉടന്‍ തന്നേ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാകും നല്ലത്. ഇവിടുത്തെ ഫെസിലിറ്റീസ് വെച്ച് എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല”
പറഞ്ഞ് തീര്‍ന്ന് ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അവരുടെ കയ്യില്‍ ഏല്‍പ്പിച്ചു.
സുഹറയെ ടൌണിലെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. ജാനുവേട്ടത്തിയും ബഷീറും വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂടെ ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ നടന്നു വന്ന് ബഷീറിന്റെ ചെവിയില്‍ മന്ത്രിച്ചു.
“പുറത്ത് ആരും അറിയണ്ടാ. സുഹറക്ക് അസുഖമാണെന്ന് മാത്രം പറഞ്ഞാല്‍ മതി”
ഇതും പറഞ്ഞു അവന്‍ നടന്നു നീങ്ങി.
തിരക്കിനിടെ തുറന്നിട്ട് പോയ സുഹറയുടെ വീട്ടിലെത്തി വാതില്‍ പൂട്ടുമ്പോള്‍ താഴെ നിലത്ത് നിന്നും നിര്‍ത്താതെ കരയുന്ന മൊബൈല്‍. ജാനുവേട്ടത്തി അതെടുത്ത് ബഷീറിന്റെ കയ്യില്‍ കൊടുത്തു.
“ഹക്കീമായിരിക്കും നീ ഒന്ന് സംസാരിക്ക്”
കുറെ നേരമായി റിങ്ങ് ചെയ്തതിനാലാവാം ആ കോള്‍ കട്ടായി. ആരാണെന്നറിയാന്‍ ബഷീര്‍ അതെടുത്ത് നോക്കി. വിലപിടിപ്പുള്ള മൊബൈലിലില്‍ സ്ക്രീന്‍സേവറില്‍ ഹക്കീമിന്റെ പുഞ്ചിരിക്കുന്ന മുഖം.
മൊബൈല്‍ പരിശോധിച്ച് നോക്കിയ ബഷീര്‍ ജാനുവേട്ടത്തിയോട് പറഞ്ഞു.
ഇത് നാട്ടിലെ നമ്പറാ, ഹക്കീമല്ലാ. ഈ നമ്പറീന്ന് ഇന്നലെ രാത്രി പന്ത്രണ്ടു മണിവരേ ഇതിലേക്ക് വന്ന അനേകം കാളുകള്‍ സുഹറ അറ്റന്റും ചെയ്തിട്ടുണ്ട്.
"എന്താ ബഷീര്‍ മാപ്ലേ സുഹറക്ക് പറ്റീത്..”
ബഷീര്‍ ഒന്നും പറയാതെ തല കീഴോട്ട് പിടിച്ച് നിന്നു.
അപ്പോഴാണ് സുഹറയുടെ മൊബൈല്‍ വീണ്ടും ശബ്ദിച്ചത്. ബഷീര്‍ സ്വിച് ഓണ്‍ ചെയ്ത് ചെവിയില്‍ വെച്ചു
"ഹെലോ മൈ ഡിയര്‍, എണീറ്റില്ലേ. തകര്‍ത്തല്ലോ മോളേ ഇന്നലെ. മൂന്നാലെണ്ണത്തിനെ അല്ലേ സഹിച്ചത്. നീ മിടുക്കിയാ..”
മറുതലക്കല്‍ നിന്നും ഒന്നും കേള്‍ക്കാത്തതിനാല്‍ ആവാം ഫോണ്‍ ഡിസ്കണക്റ്റ് ആയി.
ബഷീറിന്റെ ഹൃദയം പെരുമ്പറ കൊട്ടി.
അവന്‍ ധൈര്യം വിടാതെ പെട്ടന്ന് തന്നെ ഹക്കീമിന്റെ ജ്യേഷ്ട്ടനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.
സുഹറയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹക്കീമിന്റെ ഉമ്മയുടെ കൈകളില്‍ കിടന്ന് കരയുന്ന കുഞ്ഞിനെ നോക്കി മറ്റുള്ളവര്‍ സഹതപിച്ചു. സുഹറയുടെ നിശ്ചലമായ ശരീരം വീട്ടിലെത്തിക്കുമ്പോള്‍ വീണ്ടും ബഷീറിന്റെ കയ്യിലുള്ള അവളുടെ മൊബൈല്‍ തേങ്ങി കൊണ്ടിരുന്നു. മാദക ലഹരി പടര്‍ത്തുന്ന അവളുടെ ശരീരം നിശ്ചലമായാത് കാമവെറിയന്‍മാര്‍ അറിഞ്ഞില്ലെന്ന് മൊബൈല്‍ഫോണ്‍ പറഞ്ഞ് കൊണ്ടിരുന്നു.
മരണ വീട്ടിലെ ആളുകളുടെ ബഹളത്തിനിടയിലും ജാനുവമ്മ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്തിനാണ് ഇത്രൊക്കേ പൌറും പത്രാസും. പോരാഞ്ഞ് ദുബായി പണം ഒഴുകുമ്പോ മൊബൈലും വീടും ഒരുക്കി ഒറ്റക്കാക്കി പാര്‍പ്പിക്കുമ്പോ കെട്ട്യോന്‍മാരും ഓര്‍ക്കണം. വയസ്സിന് മൂത്ത ആരേലും പോരേല് ല്ല്യഞ്ഞാല്‍ ഇങ്ങനൊക്കെ വരും. പ്പൊ കെട്ട്യാ.. കുട്ടി. കുട്ടി ആയാലോ പൊര.
പിന്നെ പറയണോ എന്തൊക്കെ കാണണം ന്‍റെ ദൈവങ്ങളെ...”