Sunday, March 25, 2012

പാതി വരച്ച ജീവിതം


ഇളം പച്ച നിറത്തില്‍ കാറ്റിലാടുന്ന നെല്‍കതിരുകള്‍ പോലെ എന്റെ കിനാപാടത്തെ കതിരുകളും ആടിയുലഞ്ഞു .പെണ്ണെന്ന വ്യക്തിത്വത്തിന്റെ മുന്നില്‍ തറച്ച മുള്ളുവേലികള്‍ അല്പം പിഴുതെറിഞ്ഞു മുന്നോട്ട്. കരുത്തിന്റെ ആര്‍ജവം അവളുടെ ഡയറിയില്‍ നിന്നും വേണ്ടുവോളം ഒഴുകി. അത് മനസ്സില്‍ നിന്നും ശരീരത്തിലുടെ പ്രവഹിച്ചു തുടങ്ങി. പെണ്ണെന്ന നാണം കുണുങ്ങിയിയില്‍ നിന്നും ഇന്നിന്റെ വിരിമാറിലെ ചുടുകല്ലുകൾ മെതിച്ചു മുന്നോട്ടുള്ള വഴിയിലൂടെ പതറാതെ നടന്നു നീങ്ങാന്‍ സുഹറാ.. നിന്റെയീ ഡയറി എനിക്കുന്മേശം നൽകുന്നു. ഇന്നിന്റെ വിരിമാറ് പിളര്‍ത്തി നോക്കിയാല്‍ നമ്മില്‍ ഇതുപോലെ എത്രയെത്ര സുഹറമാര്‍..
എഴുത്ത് തന്നോട് ലയിച്ച് സര്‍ഗാത്മക സുഖം അനുഭവിച്ചറിയുന്നു താൻ എന്ന എന്റെ അഹങ്കാരം പളുങ്ക് പാത്രം പോലെ വീണുടഞ്ഞ നിമിഷങ്ങളായിരുന്നു അന്ന്. നിഷ്കളങ്കമായ മുഖത്ത് വിടരുന്ന അവളുടെ പുഞ്ചിരികളില്‍ കണ്ണുനീരിന്റെ നനവുകള്‍ പടര്‍ന്നത് ആരും അറിഞ്ഞില്ല .പെണ്ണ് സഹിക്കേണ്ടവളാണ്, പൊറുക്കേണ്ടവളാണ്. അതെ അവള്‍ സഹിച്ചുകാണും, ക്ഷമിച്ചുകാണും. പക്ഷേ എത്രത്തോളം. ഭൂമിയോളം, അതില്‍ പരം കഴിയില്ല.

മനസ്സില്‍ പിടികിട്ടാത്ത ചോദ്യങ്ങള്‍ നിറയും മുന്‍പ് അവളുടെ ഡയറി കയ്യിലെടുത്തു. ചുവന്ന പട്ടുപോലെയുള്ള പുറം ചട്ടയില്‍ സ്വർണ്ണ നിറത്തിലെഴുതി ചേര്‍ത്ത പ്രണയത്തിന്റെ വരികള്‍. ഡയറിയുടെ പുറം താൾ തുറന്ന് ആദ്യ രണ്ടു വരികള്‍ വായിച്ചു തുടങ്ങി.
"പട്ടില്‍ പൊതിയവെ പോട്ട് വീണൊരു മങ്കലം പോലെൻ മനസ്സ്"
എത്ര വായിച്ചിട്ടും ഈ വരികള്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. പിന്നീടുള്ള വരികളില്‍ നിഴലിച്ച വേദനകളാണ് ആദ്യ വരിയുടെ അര്‍ഥം എനിക്കുറപ്പുതന്നത്. പിന്നീട് വിറയ്ക്കുന്ന കൈകളില്‍ കിടന്ന ഡയറിയുടെ താളുകള്‍ ഓരോന്നായി മറിഞ്ഞു തുടങ്ങി.
"പുലര്‍കാലത്ത്‌ വിരിഞ്ഞ വാടാര്‍മല്ലിപൂ പോലെ എന്റെ കവിളിലെ ചുകപ്പിന്റെ ഭംഗി ആസ്വദിച്ചു നീ എന്നിലെ സ്ത്രീയെന്ന വികാരത്തെ ക്ഷമിപ്പിക്കാന്‍ മറന്നതെന്തേ? മധുപാത്രം നിറഞ്ഞൊഴുകുന്ന തേൻ കൂട് നിന്റെ കണ്ണുകളില്‍ പ്രതിഫലിക്കാതെ എത്രയെത്ര ദിനരാത്രങ്ങള്‍, പുഞ്ചിരികളും ലാളനകളും മാത്രമായി ഞാന്‍ നിനക്ക് കിടക്ക വിരിക്കുമ്പോള്‍ നിന്നില്‍ നിന്നൊലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികളെ ഞാന്‍ മോഹിച്ചു. ഇല്ല, കാരണങ്ങളും പ്രാരാബ്ദവും നീ പറയുമ്പോഴും സ്വയം ഞാന്‍ എന്നെ എന്നില്‍ത്തന്നെ അടിച്ചേല്പിച്ചു. മൂകമായ അനേകം രാത്രികള്‍ എന്നെത്തന്നെ കൊഞ്ഞനം കുത്തി. നിന്റെ വഴികളിലെ തടസ്സങ്ങളെന്നെകൊണ്ട് നീ കഴുകി വെടിപ്പാക്കി. നീയോ നിന്റെ മനസ്സോ ലോകത്തെ അറിഞ്ഞിരുന്നില്ലെന്ന് ഞാന്‍ അറിഞ്ഞില്ല. എത്തിപിടിക്കാനുള്ള വ്യഗ്രത, നിന്നെ ചിരിപ്പിക്കാനുള്ള എന്റെ ശ്രമം, ഇവ എന്നില്‍ പടര്‍ന്ന ആദ്യ വിഡ്ഢിത്തം. എങ്കിലും ശരീരവും മനസും ഒരാൺകുട്ടിയെ പോലെ മുന്നോട്ടു നീങ്ങുന്ന വഴിയിലെ തടസങ്ങള്‍ പിഴുതെറിയുമ്പോള്‍ ആത്മ വിശ്വാസം വര്‍ധിച്ചു കൊണ്ടിരുന്നു."

ദീര്‍ഘ നിശ്വാസം വലിച്ച് അടയാളമിട്ട് ഡയറി മടക്കി വെച്ച് ചാരുപടിയില്‍ കിടന്നുറങ്ങുന്ന പൂച്ചകുഞ്ഞിന്റെ കവിളില്‍ മൃദുവായി തലോടി.
"സുഹറേടെ പുച്ചയാ. അവള്‍ മരിച്ചേരെ ഇതിവിടുന്നു പോയിട്ടില്ല"
മുത്തശ്ശി, തെങ്ങുകയറ്റക്കാരനോടാണ് വിശദീകരണം.
"ന്നാലും ന്റെ അയ്ശുമ്മേ, ആ പെണ്ണിന്റെയൊരു മരണം... എന്താണെന്നൊരു ഏത്തും പിടീം കിട്ടുന്നില്ല"

തൊട്ടടുത്ത വീട് വിൽക്കുന്നു എന്നു കേട്ടപ്പോ കിണഞ്ഞു ശ്രമിച്ചാ അച്ഛന്‍ ആ വീട് വാങ്ങിയത്. "അത് പുറത്തേക്കു വിട്ടാല്‍ മ്മക്ക് വഴീണ്ടാകുലല്ലോ രാഘവാ" എന്ന മുത്തശ്ശീടെ പരാതി തീര്‍ക്കാന്‍ എന്റെ കഴുത്തിലെ ഏഴരപവനും പോയി. എന്നാലും വീട് സ്വന്തമായി. താക്കോല്‍ എല്പിച്ചപോഴാണ് അതിന്റെ അകത്തു കയറിയത്. പൊടി കയറിക്കിടന്ന അലമാരിയില്‍ അടുക്കി വെച്ച കുറേ പേപ്പറുകളിൽ പാതി എഴുതി വെച്ച അനേകം കവിതാ ശകലങ്ങള്‍, കഥകള്‍. അതിനിടയില്‍ നിന്നാണ് പഴയൊരു തൂവാലയില് പൊതിഞ്ഞ ഈ ഡയറി എനിക്ക് കിട്ടിയത്. വായിക്കും തോറും ഡയറിയിലെ അടുത്ത താളുകൾ മറിക്കാൻ മനസ് വെമ്പി. ഡയറിയുടെ താളുകളിലേക്ക് വീണ്ടും..
"പണത്തിന്റെ കുറവ് നിന്റെ കണ്പീലികളില്‍ കനം തൂങ്ങിതുടങ്ങി. നിന്റെ മനസിനെ ക്ഷയിപ്പിച്ചു നീ സ്വയം തളര്‍ന്നു പോകുമെന്ന് ഞാന്‍ ഭയന്നു. വഴിയെന്തെന്ന് ആരാഞ്ഞപ്പോള്‍ എനിക്കുതന്നെ ഉത്തരം പറയേണ്ടി വന്നു എനിക്കും കൂടി വേണം ഒരു ജോലി. നമ്മുടെ കുടുംബം മറ്റുള്ളവര്‍ കൊതിയോടെ നോക്കികാണണം. ഹോ, മനസേ... നീയെന്നെ ചതിയിലേക്കാണ് വലിച്ചിഴക്കുന്നതെന്നാരറിഞ്ഞു. എങ്കിലും വലിയ കടമ്പകള്‍ക്കു ചെറിയ ദ്വാരങ്ങളിട്ട് മുന്നോട്ട് നടന്നു. എവിടേയും വിശ്രമം ഇല്ലായിരുന്നു. കടമ്പകള്‍ കടന്നാല്‍ പുഞ്ചിരിയോടെ ചുമലിൽ തട്ടി പ്രിയമോടെ പറയും സുഹറ കുട്ടീ നെയെന്റെ ഭാഗ്യമാണെടീ, നീയാണ് എനിക്കെല്ലാം. സ്നേഹമൂറുന്ന വാക്കുകള്‍ അവളെ മഞ്ഞുതുള്ളിയിലെന്ന പോലെ വീണു പതിച്ചു. എല്ലാ സങ്കടങ്ങളും ആ മഞ്ഞില്‍ ലയിച്ച് മാഞ്ഞു പോകുമായിരുന്നു."

വീണ്ടും വായന മുറിച്ച് സുഹറയുടെ പൂച്ചകുഞ്ഞ് കരഞ്ഞു തുടങ്ങി. അവള്‍ തന്റെ ഇരിപ്പിന് ചുറ്റും വല വെച്ചുകൊണ്ടിരുന്നു. എന്താണ് ഈ പരിഭവം..? ഞാന്‍ ചുറ്റും നോക്കി. ഹോ.., ഡയറി പൊതിഞ്ഞ തുവാല താഴെ വീണിരിക്കുന്നു. പൊടിതട്ടി തുവാല തന്റെ മടിയില്‍ വെച്ച് ചാരുപടിയില്‍ ചാരിയിരുന്നു. അവളും ശാന്തമായി. എന്തോ ആലോചിക്കും പോലെ പതുങ്ങി. അവളിലെ പരിഭവം തീർന്നെന്ന് ഉറപ്പായപോള്‍ വീണ്ടും ഡയറിയുടെ താളുകളിലേക്ക്...
"രാത്രിയുടെ യാമങ്ങളില്‍ ചിന്തയുടെ മനോമുകുരങ്ങള്‍ കീഴടക്കിയ മനസുമായി പ്രിയനോടൊപ്പം അടയാത്ത എന്റെ കൺപീലികളിൽ കിനാവുകളുടെ മിന്നല്‍ പിണരുകള്‍. മനസ്സ് വീണ്ടും വെമ്പല്‍ കൊള്ളുകയാണ്. ആയിരങ്ങളോടും പതിനായിരങ്ങളോടും മല്ലടിക്കാന്‍ തികയാത്ത പരിഭവങ്ങള്‍ എന്നിരുന്നാലും ബാക്കി തന്നെ. ദിവസങ്ങളേയും രാത്രികളേയും മറന്നു പോകുന്നുവോ? അതെ..! കണക്കിന്റെ കൂടാരങ്ങള്‍ സിരയില്‍ വള്ളികൾ പോലെ പടര്‍ന്ന് ലോകം പിടിച്ചടക്കാന്‍ പോലും പെണ്ണിന് കഴിയുമെന്ന് അഹങ്കരിച്ചു. തന്നിലേക്ക് നോക്കികാണുന്ന പുറംലോകത്തെ കണ്ണുകളെ മറക്കാന്‍ ഒരുപാട് ശ്രമിച്ചു. ചിലര്‍ വിലപറഞ്ഞു. പെണ്ണായാൽ അങ്ങിനെ വേണം. ഹോ.. വല്ലാത്തൊരു പെണ്ണ്. മ്ഹും, നടക്കട്ടെ. വിലകൊടുക്കാതെ തന്നെ കമന്റുകള്‍ ധാരാളം. സ്വന്തത്തെ മറ്റുള്ളവന്റെ വായില്‍ നിന്നും നല്ലതെന്ന് ബോധിപ്പിക്കുമ്പോള്‍ സഹിക്കാനുള്ള തൊലികട്ടി എന്തെ നിനക്ക് നഷ്ട്ടമായി? പാടില്ല, നീ, നീ.. മാത്രമാണ് ഉത്തരവാദി. എല്ലാം കേള്‍ക്കുക തന്നെ വേണം. നിസഹായയായ എന്നിലെ എന്നെ നീ തന്നെയാണ് ഇവ്വിതമാക്കിയത്. അതില്‍ ഇനിയെന്തിന് ഖേദിക്കണം. ഇല്ല ഞാന്‍ ഇന്നും നിന്റേതാണ്. മനസ്, അതുമാത്രമേ പൊട്ട് വീഴാന്‍ തുടങ്ങിയുള്ളൂ. അതും നിന്റെ കൈപിടി വിട്ടകന്നില്ല. നീ സൂക്ഷിക്കണം, എന്നെ നീ സൂക്ഷിക്കണം.
നീ എന്റെതാ. അതൊന്നും സംഭവിക്കില്ല. അതെ ഞാനും ശ്രമിക്കുന്നു. പക്ഷേ... എന്നില്‍ പക്ഷേയുടെ വാക്കുകള്‍ക്കു നിർബദ്ധിത വിരാമം ഇടാന്‍ നീ എനിക്ക് നിന്റെ മനസിനെ എന്റെ മനസോടു ചേര്‍ക്കണം.
പറഞ്ഞു പറഞ്ഞു പുലരുന്നതല്ലാതെ, ഇല്ല.. ഈ വഴി വെട്ടം കത്തുന്നതായി ഞാന്‍ കാണുന്നില്ല. നിന്റെ കൂടെ കൊതി തീരാതെ ഞാന്‍ മരണത്തിലേക്ക് പോയാല്‍ ...! നിന്റെ മക്കളെ താലോലിച്ച് മതിയായില്ലെനിക്ക്. എന്നെ നീ അറിയണം, നിന്നില്‍ സൌഭാഗ്യങ്ങള്‍ തന്നത് ഞാനല്ലേ...? എന്നിലൂടെയല്ലേ നീ പുഞ്ചിരിച്ചത്. നിനക്ക് വേണ്ടിയല്ലേ എല്ലാം. ഞാന്‍ വഞ്ചിക്കപ്പെട്ടുപോകും. ഇനിയെന്നെ പിടിച്ച് നിര്‍ത്തുക. നീ ശ്രമിക്കുക. എന്നെ ശ്രദ്ധിക്കുക. എല്ലാം കരഞ്ഞു പറഞ്ഞെങ്കിലും നിസഹായതയുടെ കരങ്ങളാണ് നീ എന്നിലേക്ക് നീട്ടിയത്. അതെ, എന്നിലൂടെ സ്വയം നീ അറിഞ്ഞു. അലസതയെ നീ പഠിച്ചു. എന്നാലും തിരിഞ്ഞൊന്നു നോക്കാന്‍ ശ്രമിക്കൂ. ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കൂ. ഒരു പക്ഷെ സഹിക്കവയ്യാതെ ഹൃദയം പൊട്ടി ഞാന്‍ മരണമടഞ്ഞാല്‍ എന്റെ കണ്ണുകള്‍ നിന്റെ മുഖത്തേക്കായിരിക്കും തുറിച്ചു നോക്കുക. മതിയായില്ല എനിക്ക് നിന്റെ കൂടെ. എല്ലാം ഞാന്‍ സഹിച്ചാലും എനിക്ക് ഇനിയും വേണം ഒരായുസ്സ് മുഴുവന്‍ നിന്നോടൊപ്പം. നിന്നെ ചിരിപ്പിക്കാനായി, സന്തോഷിപ്പിക്കാനായി നിന്നെ എന്റേത് മാത്രമായി താലോലിക്കാനായി. ഇനിയും നീയെന്നെ അറിയാതിരിക്കല്ലേ..
ഹൃദയം വല്ലാതെ വിങ്ങുന്നു. ശ്വാസം നിലക്കുന്നപോലെ. നിന്റെ മുഖം ഓര്‍ക്കുമ്പോള്‍ ഞാന്‍ മരണത്തെ വെറുക്കുന്നു. നിന്നില്‍ മതിവരാതെ ഞാന്‍ ഇവിടം വിടാന്‍ ആഗ്രഹിക്കുന്നില്ല..."

എന്നിലെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. അടുത്തിരുന്ന സുഹറയുടെ പുച്ചകുഞ്ഞിന്റെ കണ്ണുകളില്‍ നിഴലിച്ച സങ്കടം ഞാന്‍ വായിച്ചെടുത്തു. എന്നിരുന്നാലും പിന്നീടെന്താകും സംഭവിച്ചത്? എഴുതി മുഴുമിപ്പിക്കാത്ത ഈ ഡയറിയുടെ താളുകളില്‍ അവള്‍ക്കു ലഭിക്കാത്ത ഒന്ന് എന്താകുമെന്ന മനസ്സിന്റെ ചോദ്യം വലിയൊരു ചോദ്യ ചിഹ്നമായി കിടന്നു. പഴയ പട്ടു തൂവാലയിൽ പൊതിഞ്ഞ ചുവന്ന ഡയറി അതെ പോലെ പൊതിഞ്ഞ് അലമാരയുടെ മുകളില്‍ വെച്ച് മടങ്ങുമ്പോള്‍ മുത്തശ്ശി വന്നു പറഞ്ഞു
"മോളെ സുഹറേടെ പുച്ചയെ ആ പെറുക്കി പിള്ളേര്‍ പിടിച്ചോണ്ട് പോയി"
"അയ്യോ മുത്തശ്ശീ..."
"എന്താ മോളെ, ആര്‍ക്കാ അതിനെ തീറ്റി പോറ്റാന്‍ നേരം. അവറ്റ കൊണ്ടോയ്കോട്ടെ.."
മുത്തശ്ശീ ആ പൂച്ചയെ കളയേണ്ടായിരുന്നു.."
പെറുക്കി പിള്ളേര്‍ ദൂരേക്ക് നടന്നു നീങ്ങുന്നത് ജനൽ വഴി റോഡിലേക്ക് എത്തിനോക്കി. മുറ്റത്ത് കിടക്കുന്ന കാറ് നോക്കി നിസഹായതയോടെ നിന്നു വിളിച്ചു
"സുഹറാ........ എന്തായിരുന്നു നിന്നിൽ സംഭവിച്ചത്"
ആ ചോദ്യം വീണ്ടും മനസ്സില്‍ ബാക്കി നിന്നു.