Sunday, July 01, 2012

തേങ്ങുന്ന മണിവീണ


രാത്രിയുടെ ഈ ഏകാന്തതയില്‍ മനസ്സ് നീറുകയാണ്. വേദനയുടേയും അനുഭവങ്ങളുടേയും കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും നിന്നില്‍ നിന്നു കിട്ടിയിരുന്ന അല്പാശ്വസവും അന്ന്യമാകുന്നുവോ എന്ന് ഞാന്‍ ഭയക്കുന്നു. എന്റെ മനസ്സിന്ന് നീറി കത്തുന്ന കനലുപോലെയാണ്. ചുറ്റുപാടുകളെ തരണം ചെയ്യാന്‍ നീ ഉണ്ടെന്റെ കൂടെയെന്ന് കരുതി. അത് നിമിഷങ്ങള്‍ കൊണ്ട് ഇടിഞ്ഞു വീഴുന്ന ചീട്ടു കൊട്ടാരം പോലെ ഇടയ്ക്കിടയ്ക്ക് തകര്‍ന്നിടിയുന്നു. എങ്ങനെ ഞാന്‍ വിശ്വസിക്കും, ആരെ ഞാന്‍ മനസിനോട് ചേര്‍ക്കും. വേണ്ട, വേദനകള്‍ എനിക്ക് മാത്രം. എന്നില്‍ ഒതുങ്ങട്ടെ എല്ലാം..!!

എഴുത്തിനെ കീറിമുറിച്ച് അമ്മിണിയമ്മയുടെ വിളി
"മോളേ കണ്ടില്ലേ മാവിന്റെ ചില്ല ഒടിഞ്ഞു നില്‍ക്കുന്നത്. ഒരു കാറ്റ് വീശിയാ അതങ്ങ് താഴെ വീഴും"
അമ്മിണിയമ്മയുടെ വാക്കിന്റെ ഗൌരവം കേട്ടപോഴാണ് മാവിലേക്ക്‌ നോക്കിയത്.
"ഒരുപാട് വയസായില്ലേ, ഇനി ശാഖകള്‍ക്കൊന്നും അത്രയ്ക്ക് ബലം കാണില്ല. അച്ഛന്‍ പോയിട്ടെന്നെ പത്ത് കൊല്ലായില്ലേ അമ്മിണിയമ്മേ.. ഇനിയതിന്റെ മാങ്ങക്കും കാണില്ല പഴയ ആ ഒരു തുടുപ്പ്. അന്ന് എന്തുമാത്രം കച്ചവടക്കാരാ മാമ്പഴം നോക്കി വില പറഞ്ഞിരുന്നത്. ഇന്നുണ്ടോ ഈ വളപ്പില്‍ ഒരുത്തനും. ഇല്ല, മനുഷ്യ ജന്മം പോലെ തന്നെ അമ്മിണിയമ്മേ.. സൌന്ദര്യം പോയാ ആര്‍ക്കാ വേണ്ടത്."
"അതെന്നെ മോളേ..."
തുണിയുടെ മുന്‍ തലപ്പെടുത്ത് അരയില്‍ കുത്തി താഴെ കിടന്ന മാങ്ങകള്‍ പെറുക്കാൻ തുടങ്ങി അമ്മിണിയമ്മ വീണ്ടും
"ഈ ആഴ്ചയും രാഘവന്‍ വന്നില്ലേ മോളേ.."
"അയളിതെവിടെ പോയി.."
കണ്ണുകള്‍ നിറഞ്ഞു. സാരിത്തലപ്പു കൊണ്ട് അമ്മിണിയമ്മ കാണും മുമ്പേ കണ്ണ് തുടച്ചു. സാധാരണ പെണ്ണുങ്ങളെപോലെ ഞാന്‍ കരഞ്ഞൂടാ. സഹിക്കണം പൊറുക്കണം. അതല്ലേ പെണ്ണ്. മലയാളത്തിന്റെ മണമുള്ള, സ്നേഹത്തിന്റെ നനവുള്ള പെണ്ണായിരിക്കണം. പുഞ്ചിരിയോടെ അല്ലാതെ തന്റെ വാക്കുകള്‍ ചുണ്ടുവിട്ടകലരുത്‌.
ഞാന്‍ കരയില്ല. മനസിന്റെ പ്രതിജ്ഞയുടെ നിറവില്‍ ചുണ്ടില്‍ ചിരി പടര്‍ന്നു. അമ്മിണിയമ്മ നിവര്‍ന്നു നിന്നതും ചിരികണ്ടതും ഒന്നിച്ചായത്‌ ഭാഗ്യം.
"ന്റെ മോളേ, ന്നാലും ന്റെ കുട്ടിയെ സമ്മതിക്കണം ഈ നാലുകെട്ടില്‍ രാത്രി ഒറ്റയ്ക്ക്.."
പറഞ്ഞ് തീരും മുമ്പേ അമ്മിണിയമ്മ ചുലെടുത്ത് മുറ്റം തൂക്കാന്‍ തുടങ്ങി.

മനസ്സ് വീണ്ടും ഏകാന്തതയിലേക്ക് യാത്രയാക്കുകയാണ്.
ആളൊഴിഞ്ഞ പറമ്പിലെ കുഞ്ഞ് അമ്പലം പോലെ. ചുറ്റുമതിലിനപ്പുറത്ത് ചീട്ടുകളിയും കൊള്ളയും കൊലയും കുശുമ്പും ബഹളങ്ങളും എല്ലാം മറച്ച് പിടിക്കുന്ന മതില്‍കെട്ടുപോലെ എന്‍റെ ക്ഷമയുടെ വലയം ഹൃദയത്തെ കവചം ചെയ്തിരിക്കുന്നു. കാറ്റില്‍ വീഴുന്ന ഇലകൾക്ക് പോലും വേദനയുടെ നിഴലിപ്പ്. മരങ്ങളുടെ തണൽ പോലെ ഇടയ്ക്കു വന്നു പോകുന്ന സാന്ത്വനങ്ങള്‍. കടുത്ത ചൂടില്‍ വീശുന്ന കുഞ്ഞിളം കാറ്റുകളാകാം എന്നെ മാനസിക വൈകല്യത്തിന് വിട്ട് കൊടുക്കാതെ പിടിച്ചു നിർത്തുന്നത്.

കണ്ണുകളടച്ച് ഇരുളില്‍ തെളിയുന്ന വെളിച്ചംപോലെ മനസിന്റെ ഉള്ളറകളിലേക്ക്...
ഓര്‍മയുടെ നനുത്ത ചിന്തകള്‍. ചുവപ്പില്‍ നീല പുള്ളിയുള്ള പാവാട ചെളിയില്‍ ഇഴയാതിരിക്കാന്‍ കൂട്ടി പിടിച്ചപോള്‍ അമ്മ പറഞ്ഞു
"മാളു വീഴാതെ നോകണേ.."
കയ്യില്‍ കിടന്ന കറുത്ത കുപ്പിവളകള്‍ ചിരിച്ചുകൊണ്ടിരുന്നു. പുസ്തകം മാറോടു ചേര്‍ത്തു. കഥനങ്ങള്‍ പറയാനില്ലാത്ത നെടുവീര്‍പ്പുകളില്ലാത്ത മനസിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുസ്തകങ്ങള്‍ക്കും അന്ന് എന്നോട് സന്തോഷം തോന്നിക്കാണും.
ഇന്ന് ഈ മാറോടു ചേര്‍ന്ന് കിടക്കുന്ന കരിമണി മാലപോലും ഒരുപക്ഷെ എന്നെപോലെ വേദനിക്കുന്നുണ്ടാകും. മനസ്സാകുന്ന ഈ അമ്പല നടയില്‍ വല്ലപ്പോഴും പൂജക്കെത്തുന്ന രാഘവേട്ടനുപോലും സ്നേഹിക്കാനെ കഴിയുന്നുള്ളൂ സഹായിക്കാന്‍ കഴിയുന്നില്ല. എന്നെപോലെ എന്നെയറിഞ്ഞ് ഈ അമ്പല നടയില്‍ ഇനി വന്നടുക്കാന്‍ ആരും ജനിക്കില്ല. വേദനയുടെ ചില്ലകളില്‍ പാറുന്ന പക്ഷികള്‍ പാറിപാറി തളരുമ്പോള്‍ കൂട്ടില്‍ അമര്‍ന്നു എന്നോടൊപ്പം വിഹാരിക്കുമായിരിക്കും. പ്രതീക്ഷകള്‍ ആണല്ലോ എല്ലാത്തിനും മുന്‍കൈ എടുപ്പുകാരന്‍.
അതെ, ഈ ആളൊഴിഞ്ഞ പറമ്പിലെ അമ്പലത്തിലും ഒരു നാള്‍ അരങ്ങേറുന്ന ഉത്സവത്തേയും കാതോര്‍ത്ത് ഞാന്‍ ഇവിടെ ഈ ചാരുപടിയില്‍...