ജീവിതം. അമ്മയുടെ ഗര്‍ഭപാത്രം വിട്ട് നശ്വരമായ ഈ ഭുമിയില്‍ പിറന്നുവീഴുന്ന അന്ന് തുടക്കം കുറിക്കയാണ്. ആണായാലും പെണ്ണായാലും അതിന്റേതായ ഭാണ്ഡം പേറാന്‍ അവര്‍ തയ്യാറായെ മാതിയാകൂ..
ചെറുപ്പം തൊട്ടേ പിതാവിന്റെ ഗള്‍ഫു യാത്ര, വീടും ആഗ്രഹങ്ങളും സമ്പാദ്യങ്ങളും ഗള്‍ഫിനോടൊപ്പം വളര്‍ന്നു. കൂടെ ഞാനും. വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ പെണ്‍കുട്ടികള്‍ ആണെങ്കില്‍ മാതാപിതാക്കളുടെ ഉള്ളില്‍ ആധിയാണ്. എങ്ങിനെയെങ്കിലും ഒരുത്തനെ പിടിച്ചു ഏല്പിക്കണം പക്ഷെ.. എന്റെ പിതാവിന്റെ തീരുമാനം അങ്ങിനെയല്ല.
അവള്‍ പഠിക്കട്ടേ.... പഠനം കഴിഞ്ഞു മതി.
പക്ഷെ.. ഉമ്മയുണ്ടോ വിടുന്നു.
ആ ഇടയ്ക്കു വീട്ടില്‍ വരുന്നവരോടും പോകുന്നവരോടും സംസാരം എന്നെ കുറിച്ചായിമാറി. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞു വൊക്കേഷനല്‍ഹൈയര്‍സെകണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി.
ഒരുദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ അപരിചിതരായ രണ്ടു സ്ത്രീകളെ കണ്ടു. ഞാന്‍ വന്നു കയറുമ്പോള്‍ അവര്‍ എന്നെത്തന്നെ ശരിക്കും ശ്രദ്ധിക്കും പോലെ തോന്നി. അല്പം കഴിഞ്ഞു അവര്‍ പോകാനൊരുങ്ങുമ്പോള്‍ ഉമ്മയോട് പറഞ്ഞു
"കുട്ടിയെ ഞങ്ങള്‍ക്കിഷ്ട്ടമായി, ഇനി അവനും കൂടെ ഒന്ന് കാണട്ടെ .."
അപ്പോഴും കാര്യം പിടികിട്ടാതെ ഞാന്‍ ഉമ്മയോട് വിവരം തിരക്കി. ഉമ്മ നിറഞ്ഞ പുഞ്ചിരിയോടെ.. “അതൊക്കെ ഉണ്ട്.!“
വീട്ടില്‍ ഞാന്‍ മുത്ത കുട്ടി ആയതു കാരണം മറ്റൊരു പെണ്ണ് കാണാലോ കല്യാണമോ ഉണ്ടായിട്ടില്ല.
അപ്പോഴേക്കും പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ തുറന്ന് എഴുതാനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍. പഠനവും കോളേജും കുഞ്ഞു പ്രണയങ്ങളും കുസൃതിയും നിറഞ്ഞ കൌമാരം വിലങ്ങിടാന്‍ പോകുന്നത്തിന്റെ ഗൌരവമറിയാതെ പുലര്‍ച്ചെ ക്ലാസില്‍ പോകാനുള്ള ഉടയാടകള്‍ ഇസ്തിരി ഇടാന്‍ തുടങ്ങി.. അപ്പോഴാണ് ഉമ്മ പറയുന്നത്
“നാളെ നീ സ്കൂളില്‍ പോകണ്ടാ ..!!! നാളെ അവര്‍ നിന്നെ പെണ്ണുകാണാന്‍ വരും“.
അത്ഭുതത്തോടെ ഉമ്മാനെ നോക്കി പറഞ്ഞു
“ഇല്ല പറ്റില്ല. അവരോടു വെള്ളിയാഴ്ച വരാന്‍ പറ“.
“പൊട്ടി പ്പെണ്ണ്.. അവര്‍ നിന്റെ ലീവ് കാത്ത് നില്‍ക്കാ..? ഉം കെട്ടിച്ചാല്‍ പിന്നെ നീ പഠിക്കില്ല .!!“
“നാളെ പോകണ്ട!“
ഉമ്മാന്റെ അന്ത്യ തീരുമാനം.
ഉറങ്ങാന്‍ കിടക്കുമ്പോഴും ബാബു മാഷിന്റെ ക്ലാസും കുട്ടുകാരികളുടെ കളി ചിരികളും മനസ്സില്‍ ഓടിയെത്തി. ഓര്‍മകളെ താലോലിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.
പുലര്‍ച്ചെ തന്നെ ഉമ്മ തിരക്കിലാണ്. പത്തുമണിക്ക് ചെക്കന്‍ വരും.
“നീവേഗം റെഡിയാക് മോളെ...“
ഉമ്മയുടെ സ്നേഹം അല്പം വര്‍ധിച്ചപോലെ..
ഇത് കേട്ട് ഞാന്‍ ഉമ്മയോട്പറഞ്ഞു.
“ഉമ്മാ.. എനിക്ക് ക്ലാസില്‍ പോണം, കുട്ടുകാര്‍ ഇപ്പൊ എത്തും.“
അല്പം ദേഷ്യത്തോടെ ഉമ്മ
“നിന്നോടല്ലേ പറഞ്ഞത്. മലയാളം തിരിയില്ലേ നിനക്ക് ..?“
അതോടെ ആ വിഷയം സ്റ്റോപ്പ്....!
കുട്ടുകാരെല്ലാം പോയി കഴിഞ്ഞു. അപ്പോഴാണ് മനസ്സിനെ ആലോസരപെടുത്തുന്ന ബാബു മാഷിന്റെ കുഞ്ഞു പ്രണയം കടന്നു വന്നത്.
ഉമ്മാന്റെ അടുത്ത് ചെന്നു
“ഉമ്മാ .. എനിക്ക് ബാബു മാഷിനെ ഇഷ്ട്ടാ .. ഞാന്‍ അയാളെയേ കെട്ടൂ...”
ഇത് കേട്ട ഉമ്മപൊട്ടിച്ചിരിച്ചു പറഞ്ഞു
“പൊട്ടിപെണ്ണ് മിണ്ടാതെ ഇരിക്ക് നീ. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്ക്.“
ഞാന്‍ ആലോചിച്ചു. ശരിയാ.. എന്നെകാണാന്‍ ആളുവരുന്നു. ഇഷ്ട്ടമായാല്‍ അവനാണ് എന്റെ വരന്‍. മനസ്സില്‍ പേടിപ്പെടുത്തുന്ന മിന്നലുകള്‍ പാറി.
സമയംനീങ്ങി,
പുതിയ ഉടയാടകള്‍ അണിഞ്ഞു. വീട്ടില്‍എല്ലാവരുമുണ്ട്. ബന്ധുക്കള്‍, അയല്‍വാസികള്‍. എല്ലാം കാത്തിരിപ്പിന്റെ നിമിഷങ്ങള്‍!!
എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞാന്‍ എന്റെ കട്ടിലില്‍ കയറി കിടന്നു. അല്പം ഉറങ്ങിപ്പോയി.
പിന്നീട് ഉമ്മയുടെ വിളികേട്ടാണ് ഉണര്‍ന്നത്
“എണീക്കൂ.. മോളെ, അവരെത്തി“
ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി ഉമ്മ കയ്യില്‍ തന്ന ചായപാത്രം പിടിച്ചു ബന്ധുക്കള്‍ പറഞ്ഞപോലെ അവന്റെ മുന്നിലെത്തി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ചായ ടേബിളില്‍ വെച്ച് പതിയെ നിന്നു. മിഴിനീരു നിറഞ്ഞ കണ്ണില്‍ ഒന്നും തെളിഞ്ഞില്ല. ആരെയും നോക്കിയതുമില്ല.
അല്പം കഴിഞ്ഞ് ഒരാള്‍ എന്റെ കയ്യില്‍ ഒരു ചോക്ലേറ്റു ബോക്സ് സമ്മാനിച്ചു. “എനിക്ക് നിന്നെ ഇഷ്ട്ടമായി“ എന്നും..!
ഞാന്‍ തരിച്ചു വന്നപ്പോള്‍ എല്ലാവരും കളിയാക്കി പറഞ്ഞു
“ഉം... ഉം..... ചെക്കന്‍ അതി സുന്ദരനാ മോളെ.. നിനക്ക് ഒത്ത പയ്യന്‍”
അയ്യോ.. അപ്പോഴാണ് ഓര്‍ത്തത്, ഞാന്‍ അയാളെ മുഖംകണ്ടില്ല. ഇനി എങ്ങനെ കാണും..? കുട്ടുകാര്‍ ചോദിച്ചാല്‍ എന്ത് പറയും? ചെറിയൊരു സങ്കടബോധം വന്നു.
അവര്‍ പോയികഴിഞ്ഞപ്പോള്‍ ഉമ്മ അവന്റെ വീട്ടുകാരെ കുറിച്ച് പറയാന്‍ തുടങ്ങി. അപ്പോഴും കാണാന്‍ പറ്റാത്ത ആ മുഖം എന്റെ മനസ്സില്‍ നൊമ്പരപെടുത്തി. കാണാന്‍ കഴിയാത്ത മുഖം മനസ്സില്‍ ഓര്‍ത്തു.. നീല കണ്ണുകളുള്ള സുന്ദരന്‍, സുമുഖന്‍.... ഇതാണ് എല്ലാവരും പറയുന്നത്.
ഞാന്‍ ക്ലാസില്‍ പോക്ക് നിര്‍ത്തിയതറിഞ്ഞ് ബാബു മാഷ് വിശമം പ്രകടിപ്പിച്ചു എന്ന് കുട്ടുകാരികള്‍ പറഞ്ഞു. എനിക്ക് സങ്കടം തോന്നിയില്ല.
ഞാനിപ്പോള്‍ എന്റെ നീല കണ്ണുള്ള സുന്ദരനെ സ്വപ്നം കാണുവാന്‍ തുടങ്ങി.. അവന്റെ വീടും വീട്ടുകാരും എന്റെ ചിന്തയെ കവര്‍ന്നു.
ദിനങ്ങള്‍ നീങ്ങി.. ഉപ്പ ഗള്‍ഫില്‍ നിന്നെത്തി. നല്ല നിലയിലുള്ള വിവാഹം.
കണ്ണീരോടെ മാതാപിതാക്കളോട് യാത്ര പറഞ്ഞു .
മാസങ്ങള്‍ കടന്നു.. അപ്പോഴാണ് അറിയുന്നത് എന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ ഉടലെടുക്കുന്നു എന്ന്..!
വീട്ടില്‍ സന്തോഷത്തിന്റെ തിരമാലകള്‍ ആഞ്ഞടിച്ചു. എങ്കിലും ഞാന്‍ വല്ലാതെ ഭയന്നു. പിന്നീട് അസുഖങ്ങളുടെ കൂമ്പാരം. ഒരമ്മയാകാനുള്ള തയ്യാറെടുപ്പുകള്‍.
ആ കുഞ്ഞു രൂപം എന്റെ ഉദരത്തില്‍ വളര്‍ന്നു. മാസങ്ങള്‍ കടന്നു. കുഴപ്പങ്ങളൊന്നുമില്ലാതെ ഞാന്‍ ആദ്യ കണ്മണിക്ക് ജന്മം നല്‍കി. സുന്ദരിയായ എന്റെ മകളുടെ കളി ചിരികളുമായി നീങ്ങിയ ദിനങ്ങള്‍.
അതിനിടയിലാണ് എന്റെ സ്നേഹ നിധിയായ പ്രിയന് വിദേശ യാത്രക്കുള്ള അനുമതി പത്രം ലഭിച്ചത്. എന്റേയോ കുഞ്ഞിന്റെയോ അവശ്യ പ്രകാരമല്ല പ്രാരാബ്ദങ്ങള്‍ക്ക് ബലികൊടുക്കുന്നത്.
എന്റെ സംഗീത സാന്ദ്രമായ് ഒഴുകുന്ന ജീവിതം.
നെടുവീര്‍പ്പുകളുടെ ആ ദിനം വന്നു. കണ്ണിരോടെ യാത്ര അയച്ചു. പ്രവാസ മണ്ണിലേക്കുള്ള ആദ്യ യാത്ര കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ചു കവിളില്‍ ഒരു നനുത്ത ചുംബനം തന്നു എന്റെ നീല കണ്ണുള്ള പ്രിയന്‍ പറന്നകന്നു. പിന്നീട് മോഹങ്ങള്‍ അടച്ചു പൂട്ടിയ കവറുകളും അപൂര്‍വമായുള്ള ഫോണ്‍ കോളുകളുമായി ഞാന്‍ ദിനങ്ങള്‍ നീക്കി. തേങ്ങലും വിങ്ങലുമായി നീങ്ങുന്ന നാളുകളില്‍ അദ്ദേഹം എനിക്കയച്ച് തന്ന ഒരു സിനിമാ ഗാനം
ഞാന്‍ ഇവിടെ പോസ്റ്റുന്നു.
ഇതൊന്നു കേട്ട് നോക്കാം..
ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ എനിക്ക് നീയും നിനക്ക് ഞാനും...!!!
''അടുത്ത ജന്മത്തിലും നീ തന്നെ എന്റെ പ്രിയനായെങ്കില്‍ "