Friday, January 28, 2011

തലമുറകളിലെ അന്തരം

എന്റെ മനസ്സാകുന്ന കാനനത്തിലേക്കുള്ള യാത്ര വഴിയിലിതുവരെ സത്രങ്ങള്‍ കണ്ടില്ല. വിശ്രമവും ഉണ്ടായിട്ടില്ല. യാത്രയിലുടനീളം കോറുന്ന കുഞ്ഞ്  മുള്ളുകള്‍. മനസെന്ന ഈ കാനനം അതി ഭയാനകം തന്നെ. തിളച്ചുമറിയുന്ന ലാവയും, പടുത്ത്‌ തീരാത്ത മോഹങ്ങളുടെ മണി മന്ദിരങ്ങളും കൊണ്ട് സമ്പൂര്‍ണ്ണമാണവിടം. എങ്കിലും, അതി വിദൂരമല്ലാതെ  സ്വര്‍ണ്ണ മലരുകള്‍ വിടരുന്ന ബാല്യത്തിന്റെ  ഒരു മലര്‍വാടിയുണ്ട്.  ഞാനതില്‍ വിരിഞ്ഞ മലരുകളില്‍ നോക്കി സന്തോഷിച്ചു. കവിതകളും കഥകളുമെഴുതി നലാള്‍ക്ക് തുറന്ന് വിട്ട് ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.

സമയ ദൈര്‍ഘ്യം എന്റെ മനസ്സിനെ എന്നും നിശ്വാസങ്ങളില്‍ കൊണ്ടെത്തിച്ചിരുന്നു. ജോലി തിരക്കിനിടയില്‍ റിനുവിന്റെ  ചോദ്യം
"ആന്റി...  ഇന്ന് ഏത് കഥയാ എഴുതിയത്”
"എന്റെ  മനസ്”
ഞാന്‍ ഉത്തരം കൊടുത്തു.
കേട്ടപാടെ അവള്‍ ഊറി  ചിരിച്ചു.
"ഹോ വല്ല മഴയോ, കാറ്റോ, പരല്‍മീനോ....  ആന്റീ അതൊക്കെ വിട്ട് ന്യൂ ജനറേഷന് വായിക്കാന്‍ പറ്റിയ വല്ല കാര്യവും എഴുതൂ”
എന്റെ മനസിന്റെ കാനനത്തില്‍ അടിച്ച് വീശിയ കാറ്റും കോളും മഴത്തുള്ളികളും പെട്ടെന്ന് നിലച്ചു. അവള്‍ക്ക് നേരെ മിഴികളെറിഞ്ഞ്  ഞാന്‍ ചോദിച്ചു.
“അല്ലാതെ ഞാന്‍ എന്തെഴുതണം റിനൂ”
അവള്‍ കുസലന്ന്യേ പറഞ്ഞു.
"വല്ല പ്രണയമോ, ഹാസ്യമോ ഒക്കെ ആയികൊട്ടെ. അല്ലാതെ ഇതെന്താ നൊസ്റ്റാള്‍ജിക്ക്‌ മാത്രം”
"എങ്കില്‍ ആയികോട്ടെ റീനൂ.  ഞാന്‍ രണ്ട് തരം കഥകളും എഴുതാം. നീ തീരുമാനിക്ക് ഏതാണ് നല്ലതെന്ന്”
 
പേനയും കടലാസുമെടുത്ത് മേശക്കരികില്‍ ഇരുന്നു. പേന ആദ്യം യാത്രയായത് പരിഷ്കാരത്തിന്റെ നെറുകയില്‍ കുതിച്ചുയരുന്ന നഗരത്തിന്റെ വിരി മാറിലേക്ക്‌. അവിടെ താമസിക്കുന്ന സമ്പന്ന കുടുംബം. ഏക മകള്‍ക്ക് ജന്മം നല്‍കിയ സുന്ദരിയായ അമ്മയുടെ ഉണക്ക സ്രാവ് പോലെ ചുളുങ്ങിയ മോന്തായം വര്‍ണിക്കാന്‍ എടുത്തത് എന്റെ പേനയിലെ പാതി മഷി. മകളുടെ ധീരനായ അച്ചനാരെന്ന് ചോദിക്കാന്‍ അവകാശമില്ല. പരിഷ്കാരത്തിന്റെ   നെറുകയിലുള്ള  നഗരമല്ലേ.. അതും പോരാ ന്യൂ ജനറേഷന്‍. അത് മറക്കാനും വയ്യ.
മകള്‍ സുന്ദരിയാണ്. വര്‍ഷങ്ങള്‍ എന്റെ പേനത്തുമ്പിലൂടെ കിതച്ചോടുമ്പോള്‍ കഥാ നായികക്ക്  ന്യൂ ജനറേഷന്റെ മോഡേണ്‍ മേക്കപ്പുകള്‍ ഞാന്‍ വാരി വിതറി. നായികയുടെ മകളെ കൈപിടിച്ച് നിരത്തിലൂടെ പരസ്യമായി നടക്കാനുള്ള നഗരത്തിന്റെ സ്വാതന്ത്ര്യം ഞാന്‍ വെണ്ടയ്ക്ക അക്ഷരത്തിലിട്ടു. കാമുകനും കാമുകിയും സ്വിമ്മിംഗ് പൂളില്‍ നീന്തി തുടിക്കുന്ന രംഗങ്ങളില്‍ അവളുടെ മാംസ പേശികള്‍ക്ക് കൊഴുപ്പുകള്‍ ചാര്‍ത്തി കൊടുത്തു. നായകന്റെ നെഞ്ചില്‍ വേണ്ടുവോളം മസില്‍ വരച്ച് പിടിപ്പിച്ചു.
എനിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത ന്യൂ ജനറേഷന്റെ കഥ വരഞ്ഞ എന്റെ പേനകള്‍ക്ക് അവസാനം നഗരത്തേയും നായികയേയും വെറുപ്പിക്കേണ്ടി വന്നു. ഭീതി പടര്‍ത്തി, ശ്വാസം പിടിച്ച് കഥ അവസാനിപ്പിക്കുമ്പോള്‍ നായിക പേപ്പര്‍ താളില്‍ മരിച്ചു കിടന്നു. അതെ എന്റെ പേനക്ക് കൊല്ലേണ്ടി വന്നു.
അതോടെ  ന്യൂ ജനറേഷന്റെ കഥ സ്റ്റോപ്പ്‌.


പിന്നീടുള്ള തുടക്കത്തിനായി പേപ്പര്‍ താളുകള്‍ മറിച്ചു. അതൊരു നൊസ്റ്റാള്‍ജിക്ക്‌ പ്രണയത്തിലെത്തി.
മഞ്ഞ് വീണ പുലരിക്ക് നല്ല സ്കോപ്പുണ്ട്. കെട്ടിയിട്ട പശു, പാല്‍ക്കാരി, പച്ച പുല്ല്, ഉദിച്ച്‌ വരുന്ന സുര്യന്‍. ഇളം കാറ്റില്‍ കൊഴിയുന്ന ഇലഞ്ഞി പൂക്കള്‍ക്ക്‌ പതിവിലേറെ സുഗന്ധം. മുടിയില്‍ മുല്ലയും ചൂടി വരുന്ന റംല. തലയിലിട്ട തിളക്കമുള്ള വെളുത്ത മിസരിതട്ടം അവളുടെ ഇക്കാക്ക ദുബായീന്ന് കൊണ്ട് വന്നതാണ്. തട്ടത്തില്‍ കസവും, മുത്തും എഴുതി ചേര്‍ത്തു. അവളുടെ കാതുകളില്‍ ചിറ്റണിയിച്ചു. റംലക്ക് സൌന്ദര്യം ഇനിയും വേണം. സുറുമയും, ഇളക്കത്താലിയും, അരഞ്ഞാണവും അണിയിച്ചു. നൊസ്റ്റാള്‍ജിക്ക്‌ ആക്കാന്‍ അല്‍പ്പം കസ്തൂരി മഞ്ഞളിന്റെ കളറും ചേര്‍ത്ത് എഴുതി. കുപ്പി വളകളില്ലാത്ത റംലയുടെ കൈകള്‍ക്ക് വളയിടാന്‍ വേണ്ടി വളക്കാരനെ വരുത്താന്‍ ഒരു ഘണ്ഢിക നീണ്ടു. വളയണിഞ്ഞ റംലയെ നോക്കി നില്‍ക്കാന്‍ മുണ്ടുടുത്ത്  വേലിക്കരികില്‍ നില്‍ക്കുന്ന നായകനെ കണ്ടെത്തി ആദ്യം പേരിട്ടു യുസഫ്.  പോരാ, പേര്‌ മാറ്റണം. അതും നൊസ്റ്റാള്‍ജിക്ക്‌ തന്നെ വേണം. തലക്ക് നേരെ പേന കുത്തി ഒരു നിമിഷം കണ്ണടച്ചു.
ഹോ.... ആശ്വാസം ബഷീറിന്റെ ബാല്യകാല സഖിയിലെ മജീദിനെ തല്‍ക്കാലം ഇങ്ങോട്ട് പറിച്ച് നട്ടു. ഇപ്പൊ കഥക്കൊരു ലുക്കായി. മജീദും റംലയും. എന്റെ പേനയിലെ മഷികള്‍ ആവേശത്തോടെ പരക്കുന്നതോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നാണം കുണുങ്ങുന്ന റംലയുടെ മിസരി തട്ടം കാറ്റില്‍ പറന്ന് താഴെ വീണു. കുപ്പി വളകള്‍ അണിഞ്ഞ കൈകള്‍ കൊണ്ട് അവള്‍ തന്റെ മാറിടം മറച്ച് പിടിച്ചു. കുനിഞ്ഞു നിന്ന്  ഒരു കൈകൊണ്ട് തട്ടം എടുത്ത്‌ തലയിലിട്ടു.   അവളുടെ സൌന്ദര്യത്തില്‍ മതിമറന്ന് നില്‍ക്കുന്ന മജീദിന്റെ അടുക്കലേക്ക്‌ റംലയുടെ ബാപ്പ പോക്കര്‍ക്ക നൊസ്റ്റാള്‍ജിക്ക്‌ വിളികളോടെ പാഞ്ഞു വന്നു
“എടാ ഹംക്കേ.. നീ എന്ത് കുന്തം നോക്കി നിക്കാ ന്‍റെ വേലിക്കല്”
ശബ്ദം കേട്ടതും റംല അകത്തേക്കോടി. മജീദ്‌ അവിടുന്ന് നടന്നകന്നു.
പിന്നീടുള്ള ദിനങ്ങള്‍ മജീദും റംലയും പ്രണയത്തിന്റെ മാധുര്യം വേണ്ടുവോളം നുകര്‍ന്നു.
മജീദ്  പറഞ്ഞു
"നീ സുന്ദരിയാ റംല. നിന്നെ ഞാന്‍ നിക്കാഹ്  കഴിക്കും. അന്റെ ബാപ്പാനെ കൊന്നിട്ടായാലും”
ഇത് കേട്ട്‌ ഭയന്ന റംല
"വേണ്ട. ന്റെ ബാപ്പ ങ്ങളെ കൊല്ലും. അതാ ണ്ടാവാ..”
ല്ലാ... മ്മക്ക് പേടിയില്ലാ അന്റെ ബാപ്പാനെ”
തന്റെ പ്രാണനാഥന്റെ വാക്കുകള്‍ കേട്ട റംല ആ വിരിഞ്ഞ മാറില്‍ മുഖം അമര്‍ത്തി. ഇത് കണ്ട് കൊണ്ട് ചീറി വരുന്ന റംലയുടെ ബാപ്പാനെ കെട്ടഴിഞ്ഞ്‌ ഓടുന്ന കറവ പശുവിന്റെ കൂടെ ഓടിച്ച് വിട്ട് പ്രണയിനികളുടെ സന്തോഷം പേപ്പറില്‍ വര്‍ണ്ണം കൊടുത്ത് നൊസ്റ്റാള്‍ജിക്കിലൂടെ വീഴ്ത്തി.

തല്‍ക്കാലം കഥക്ക് വിരാമമിട്ട് ഞാന്‍ എഴുനേല്‍ക്കുമ്പോള്‍ അടുത്ത് കാത്തിരിക്കുന്ന ന്യൂ ജനറേഷന്റെ കയ്യില്‍ കിടന്ന മൊബൈല്‍ റിംഗ് ചെയ്തു. അവള്‍ ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ച് ഒന്നുരണ്ടു തവണ ഓക്കേ പറഞ്ഞ ശേഷം എന്നെ പൊട്ടിയാക്കാന്‍ വീണ്ടും പറഞ്ഞു.  “ജെല്‍ദി  ആവോ, ആജ് മമ്മാ ബഹര്‍ ജാരെഹെ”
അവള്‍ കൊടുത്ത മറുപടിയിലെ ഭാഷ എന്നെ വിഡ്ഡിയാക്കുമെന്ന് അവള്‍ കരുതിക്കാണും. ഇല്ല അല്‍പ്പം ഹിന്ദി അറിയാവുന്നത് കൊണ്ട് ന്യൂ ജനറേഷന്റെ തത്രപ്പാടും ഒളിച്ച് കളിയും ഒരു വിധം തിരിച്ചറിഞ്ഞു.

എല്ലാം കേട്ടപ്പോള്‍ വീണ്ടും എന്റെ പേനകള്‍ക്ക്‌ കിട്ടിയ പുതിയ വിഷയമായിരുന്നു ‘ഇന്റര്‍നെറ്റും കുട്ടികളും’ തലക്കെട്ട് വരച്ച് ഞാന്‍ താഴേക്കിറങ്ങി. വീണ്ടും കഥകളേയും കഥാ പാത്രങ്ങളേയും മെനഞ്ഞു കൊണ്ടിരുന്നു. ഒപ്പം ന്യൂ ജനറേഷനില്‍ വളര്‍ന്നു വരുന്ന നമ്മുടെ മക്കളെ കുറിച്ചുള്ള ആധിയും മനസ്സിന്റെ കാനനത്തില്‍ കരിമേഘങ്ങള്‍ വീഴ്ത്തി.

Saturday, January 22, 2011

വേദനയുടെ വിലാപങ്ങള്‍

നിശബ്ദം നിലാവിനെ പോലും അലട്ടാതെ ഒഴുകുന്ന നദി. രാത്രിയുടെ ഏകാന്തതയില്‍ ഒന്നും ചലിക്കുന്നതായി തോന്നിയില്ല. അലസമായ നിലാവിലും ആഴമാര്‍ന്ന നിശബ്ദതയിലും വേദനയുടെ വിലാപങ്ങള്‍ ഒഴുകി കൊണ്ടിരുന്നു.

പുഞ്ചിരികള്‍ പൂക്കള്‍ പോലെ വിരിഞ്ഞിറങ്ങിയ ആ കുഞ്ഞ് മുഖം മനസ്സില്‍ ഇന്നും വേദന തീര്‍ക്കുകയാണ്. ലോകത്തിന്റെ കപടമായ മുഖം വലിച്ച് കീറാന്‍ പോന്നവന്‍ ദൈവം മാത്രം. ലഹരിയുടെ വീര്യത്തില്‍ കൂത്താടുന്ന മനുഷ്യ മൃഗങ്ങള്‍ ആ വിലാപം കേട്ടിരുന്നെങ്കില്‍. മുലപ്പാലിന്റെ ഐശ്വര്യം വിട്ടു മാറാത്ത പുഞ്ചിരികള്‍ കൊണ്ട് കാപട്യത്തിന്റെ മുഖം മൂടിയെ തകര്‍ക്കാനവില്ലെന്ന് തെളിയിക്കുന്ന ഈ കാലഘട്ടം അതി വിദൂരമല്ലാതെ അവസാനിച്ചെങ്കിലെന്ന് അതി ശക്തമായി ഞാന്‍ പ്രാര്‍ഥിക്കുകയാണ്.

രക്തരക്ഷസിന്റേതു പോലെ വികൃതമായ അവന്റെ പുഞ്ചിരി തിരിച്ചറിയാന്‍ എന്തേ കുഞ്ഞ് പൂവേ കഴിഞ്ഞില്ല നിനക്ക്. എനിക്ക് നിന്നിലൂടെ അദൃശ്യയായ്‌ കയറാന്‍ കഴിഞ്ഞെങ്കില്‍ അവന്റെ സിരകളിലെ രക്തം ഊറ്റി അട്ടഹസിച്ച് ലോകത്തോട്‌ പറയുമായിരുന്നു ‘ലോകമേ നിന്റെ മാറില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞ് മക്കളെ ബലാല്‍കാരം ചെയ്യുന്ന ഒരെണ്ണത്തിനെയെങ്കിലും രക്തം വാര്‍ക്കാന്‍ കഴിഞ്ഞാല്‍ എന്റെ ജന്മം ധന്യമായി’ എന്ന്.

ഒരുമാസത്തെ അവധി കഴിഞ്ഞ് എത്തിയ ദിവസം പുലരിയുടെ നിഷ്കളങ്കതയില്‍ കുഞ്ഞ് കാലിലെ കൊലുസ്സുകള്‍ കിലുങ്ങി. അവള്‍ എന്റെ പടിവാതിലില്‍ എത്തി എന്നോട് പറഞ്ഞു
“റോസ് ആന്റീ, ഇനി ഞാന്‍ അപ്പൂന്റെ സ്കൂളില്‍ പോവൂലാ. നാളെ ഞങ്ങള്‍ എങ്ങോട്ടോ പോവാ.  ഇവിടെ അനുവിന് പേടിയാ”
“അനു എങ്ങോട്ടാ പോകുന്നെ..” പതിയെ ഞാന്‍ ചോദിച്ചു.
“ദൂരെ ഒരു നാട്ടിലേക്ക്..”
“അതെവിടേയാ അനൂ...”
“അറിയില്ല. അമ്മ പറഞ്ഞു പോവാണെന്ന്”
ഞാന്‍ ആ കുഞ്ഞ് പൂവിന്റെ കവിളില്‍ പിടിച്ച് പറഞ്ഞു.
“അനു ഇവിടെ നില്‍ക്ക്. അപ്പൂന്റെ കൂടെ കളിക്കാം അമ്മ പോയ്കോട്ടെ”
“വേണ്ട.... അനൂന്‍റെ  അമ്മ പാവാ റോസാന്റീ..”
അവളുടെ കയ്യില്‍ ഒരു ചോക്ലേറ്റ് സമ്മാനിച്ചു. അവള്‍ സന്തോഷത്തോടെ അതും വാങ്ങി യാത്ര പറഞ്ഞകന്നു. വരാന്തയില്‍ നിന്ന് കണ്ണ് മറയുംവരെ ആ കുഞ്ഞ് രൂപം ഞാന്‍ നോക്കി നിന്നു.

ഇന്നലെ തന്നെ ഓഫീസില്‍  എത്താന്‍ കഴിഞ്ഞില്ല ഒരുമാസത്തെ യാത്രാ ക്ഷീണം ഇല്ലാതില്ല ഇന്നെങ്കിലും നേരത്തെ പോകണം. ഒരുപാട് ജോലി ബാക്കിയുണ്ട്താനും. തിരക്കോടെ തന്നെ അപ്പുവിനെ ഒരുക്കി ബാഗും എടുത്ത്‌ ഇറങ്ങുമ്പോള്‍ അപ്പു ഓര്‍മപ്പെടുത്തി.
“അമ്മ കുടയെടുത്തില്ല. അപ്പുന്റെ കുട അച്ചന്‍ കൊണ്ടോയി അപ്പുനും അമ്മയ്ക്കും ഒന്ന് മതീലോ  അമ്മേ..”
കുട കയ്യിലെടുത്ത് വീടും പൂട്ടി താക്കോല്‍ തൊട്ടപ്പുറത്തെ ചീരൂനെ ഏല്‍പ്പിക്കുമ്പോള്‍ അപ്പു പറഞ്ഞു.
“ഞങ്ങള്‍ എത്തും മുമ്പ്  അച്ഛന്‍ വന്നാല്‍ താക്കോല്‍ കൊടുക്കണേ ചിരുതമ്മേ'..
“കൊടുക്കാലോ അപ്പുട്ടാ..”
ചിരുതയുടെ പുഞ്ചിരിച്ച മറുപടി.

മഴയുടെ ലക്ഷമുണ്ട്‌. ചെറിയ ഇരുട്ട് മൂടി  കിടക്കുന്നു. തിങ്ങി വളരുന്ന കവുങ്ങിന്‍ തോപ്പിലൂടെ തിരക്കിട്ട് നടക്കുമ്പോള്‍ വീണു പോകുമോ എന്ന ഭയം. അപ്പു ഇതൊന്നും കൂസലില്ലതെ നടന്നു നീങ്ങുന്നു. അല്‍പം കഴിഞ്ഞ് റോഡിലെത്തുമ്പോള്‍ പാതി ചെരിച്ച് പിടിച്ച കുടയില്‍ സ്ത്രീ രൂപം തൊട്ടടുത്തായി പുഞ്ചിരിച്ചു കൊണ്ട് അനു മോളും. അപ്പു അവളുടെ അടുത്തേക്ക് ഓടിച്ചെന്ന്‍ കുശലം തുടങ്ങി. ഒരു മാസത്തിന് ശേഷം കണ്ടുമുട്ടുന്ന കളി കൂട്ടുകാരുടെ ആവേശങ്ങള്‍. അനുകുട്ടിയെ ഗര്‍ഭാവസ്ഥയില്‍ തന്നെ അവളുടെ അച്ഛന്‍ മരണപ്പെട്ട്  പോയി. ബാക്കിയുള്ളത് ദാരിദ്ര്യം കാര്‍ന്ന് തിന്നുന്ന അമ്മയും പൊളിഞ്ഞു വീഴാറായ വീടും. ഇന്നലെ അനുമോള്‍ പറഞ്ഞ പ്രകാരം ഇവിടം വിട്ട് എങ്ങോട്ടാവും ഇവര്‍ പോകുന്നത്. മടിക്കാതെ തന്നെ ചോദിച്ചു. അവര്‍ മറച്ചു പിടിച്ച കുട അല്‍പം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ദിവസങ്ങള്‍ക്ക്  മുമ്പ് സ്കൂള്‍ വിട്ടു വരുന്ന ആറ് വയസ്സുകാരി അനുവിനെ നോക്കി അങ്ങാടിയിലെ മൂലയിലിരുന്ന് പുഞ്ചിരിക്കുന്ന മുഖം. ആരെന്നറിയാതെ നടക്കുന്നതിനിടെ അനുമോള്‍ വീണ്ടും വീണ്ടും പിന്തിരിഞ്ഞ് നോക്കി. അയാള്‍ ചിരിച്ചു കൊണ്ട് അവളുടെ അരികിലേക്ക് നടന്നു വന്നു. അയാളെ ശ്രദ്ധിച്ചുള്ള നടത്തം ആ കുഞ്ഞ് കാലടികള്‍ തെന്നി അവള്‍ റോഡില്‍ പതുക്കെ വീണു. അയാള്‍ ഓടിവന്ന് അവളെ പിടിച്ചെഴുനേല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു.
“മോള് വാ ഞാന്‍ നിന്റെ അച്ഛന്റെ കൂട്ടുകാരനാ. നിന്റച്ഛന്‍ എന്റെ കൂടെയാ താമസിച്ചിരുന്നത് ഇങ്ങടുത്തു വാ”
അച്ഛനെന്ന് കേട്ടതും അനുവിന് സന്തോഷം  തോന്നി. അവള്‍ അയാളോട് ചോദിച്ചു.
“അപ്പൂന് അച്ഛനുണ്ട്‌  അതുപോലെ അനൂനും അച്ഛനുണ്ടായിരുന്നോ..”
"ഉം.... അനൂനുമുണ്ട് അച്ഛന്‍. അച്ഛനെ കാണണോ? വരൂ കാണിക്കാം”
അച്ഛന്‍ മരിച്ച് പോയതണെന്നും ഇനി കാണന്‍ കഴിയില്ലെന്നും മനസ്സിലാക്കാതെ ആ കുഞ്ഞ് കാല്‍പാദങ്ങള്‍ അച്ഛന്റെ രൂപം കാണാനുള്ള ആവേശത്തോടെ അയാളുടെ കൂടെ നടന്നു. ആളൊഴിഞ്ഞ ഒരു പീടികയുടെ അരികുചേര്‍ന്ന്  പൂട്ടികിടക്കുന്ന ഒരു മുറിയുടെ മുന്നിലെത്തി അയാള്‍ വാതില്‍ തുറക്കാന്‍ ഒരുങ്ങിയതും അനുമോള്‍ ഭയന്നു. ഒറ്റയ്ക്ക് എവിടേക്കും ആരുടെ കൂടെയും പോകരുതെന്ന്  അമ്മ എപ്പോഴും പറയുന്ന വാക്കുകള്‍ ആ കുഞ്ഞ് കാതുകളില്‍ ഓടി എത്തി. അവള്‍ തിരിഞ്ഞ് നടക്കാന്‍ ശ്രമിക്കെ അയാള്‍ കൈകളില്‍ കടന്ന് പിടിച്ചു. ഉറക്കെ കരയാന്‍ തുടങ്ങിയ അനുവിന്റെ വായ പൊത്തി അയാള്‍ പറഞ്ഞു
“ഒച്ച വെക്കല്ലേ അസത്തെ..”

കയ്യിലുള്ള താക്കോല്‍ വാതിലിലെ താഴില്‍ ഇടുന്നതിനിടെ അനു കുതറി ഓടി.
"ഇങ്ങു വാടീ...”
കേള്‍ക്കാന്‍ നില്‍ക്കാതെ ആ കുഞ്ഞ് റോഡിലൂടെ ഓടി അകന്നു. വീട്ടിലെത്തുമ്പോള്‍ അവള്‍ക്കായി കാത്തിരിക്കുന്ന അമ്മയുടെ കാതുകളില്‍ ഇടിമുഴക്കം പോലെ ഈ വാക്കുകള്‍ പതിഞ്ഞു.
ആ അമ്മക്ക് തന്റെ നിറഞ്ഞ കണ്ണുകളെ തടയാന്‍ കഴിയാതെ വന്നു.

പിറ്റേന്ന് വൈകുന്നേരം അയാള്‍ അനുവിന്റെ വീടിന്റെ ഉമ്മറത്തെത്തി. സിഗരറ്റ് വലിച്ച് നില്‍ക്കുന്ന അപരിചിതനായ ആളെ കണ്ട് അനുവിന്റെ അമ്മ ഭയന്നു. അവള്‍ അകത്ത് കയറി കതകടച്ചു. അയാളെ കണ്ട് കരയാന്‍ തുടങ്ങിയ അനുവിനെ മാറോട്‌ ചേര്‍ത്ത് ആ അമ്മ പതുങ്ങി ഇരുന്നു. അയാള്‍ പോകുന്ന ലക്ഷണമില്ലെന്നായപ്പോള്‍ ജനവാതില്‍ തുറന്ന് അപ്പുറത്തേക്ക് നോക്കി വിളിച്ചു.

"അപ്പൂട്ടാ... അപ്പൂട്ടാ..”
ഇല്ല വിളികള്‍ കേട്ട്‌ ഓടിവരാന്‍ ആ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലാ. അവര്‍ ദുരെ എങ്ങോ യാത്രയിലാണ്.  

ആ രാത്രി അവള്‍ ഉറങ്ങിയില്ല. പിന്നീടുള്ള ദിനങ്ങള്‍ അയാള്‍ അനുവിനും അമ്മക്കും നേരെ രാത്രികാലങ്ങളില്‍ പതുങ്ങിയിരുന്നു. അനുവിന്റെ അമ്മ നാട്ടുകാരോട് വിവരം ധരിപ്പിച്ചു. ആദ്യമാദ്യം അവളെ എല്ലാവരും സമാധാനിപ്പിച്ചു. പിന്നീട് ഭര്‍ത്താവ്‌ മരിച്ച സ്ത്രീയുടെ മാനത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവള്‍ നീചനായ ആ മനുഷ്യനെയും നാട്ടുകാരേയും ഭയന്ന് ദിവസങ്ങള്‍ തള്ളിനീക്കി.

“നിഷ്കളങ്കമായ തന്റെ കുഞ്ഞിനെ പോലും വെറുതെ വിടാത്ത ഈ ലോകം. എനിക്ക് ഇവിടെ ജീവിതം മടുത്തു റോസീ. ഞാന്‍ പോകുന്നു”
പറഞ്ഞു തീരും മുമ്പ് ബസ്സ് വന്ന് നിന്നു. കണ്ണുകള്‍ തുടച്ച് അവര്‍ അനുവിന്റെ കൈകള്‍ പിടിച്ച് ബസ്സില്‍ കയറി.

ഒഫീസിലെത്തുമ്പോള്‍ കൂട്ടുകാരി സുജാതയുടെ നിറഞ്ഞ പുഞ്ചിരി.
"ഈ ബാഗൊന്നു പിടിക്ക്. ഞാന്‍ അപ്പുനെ സ്ക്കൂളില്‍ വിട്ടു വരാം. ഇന്ന് അയല്‍പക്കത്തെ അനുമോള്‍ ഇല്ലാത്ത കാരണം അവന്‍ ഒറ്റക്കായി. തനിച്ചു വിടാനും വയ്യ. കുഞ്ഞുങ്ങളല്ലേ..”
“നീ പോയി സ്കൂളില്‍ കൊണ്ടാക്കി വാ”
സുജാതയുടെ മറുപടി.

അവള്‍ അപ്പുവിനെയും കൊണ്ട് സ്കൂളില്‍ എത്തി. ബാഗും വാട്ടര്‍ ബോട്ടിലും അവനെ ഏല്പിച്ച് ഓഫീസിലേക്കു നടന്നു. തിരിച്ചെത്തുമ്പോള്‍ സുജാത തിരക്കിട്ട് ആരോടോ മൊബൈലില്‍ സംസാരിക്കുന്നു. ബാഗ് അവളുടെ കയ്യില്‍ നിന്നും വാങ്ങി തന്റെ മേശക്കരികിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോഴാണ് സുജാത പറഞ്ഞത്.
“നമ്മുടെ ദേവിയാ വിളിച്ചത്.അവള്‍ ഓഫീസിലെത്താന്‍ വൈകുമെന്ന് പറയാന്‍ വിളിച്ചതാ. ഒരു സ്ത്രീയും കുഞ്ഞും ടൌണിലെ പാലത്തില്‍ നിന്ന് പുഴയിലേ ചാടി  മരിച്ചു.  ആരാണെന്നോ എവിടെയുള്ളവരെന്നോ അറിയില്ല അവിടെ തിരക്ക് മൂലം റോഡ്‌ ബ്ലോക്കാണെന്ന്”
വാര്‍ത്ത കേട്ട്‌ ആരാണെന്ന് അറിയാതെ വേദനിക്കുംമ്പോഴാണ് അപ്പുവിന്റെ അച്ഛന്റെ കോള്‍ വന്നത്. മൊബൈല്‍ എടുത്ത്‌ സംസാരിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. തൊണ്ടക്ക് വണ്ണം കൂടിയപോലെ വാക്കുകള്‍ പുറത്ത് വന്നില്ല. ഫോണ്‍ കട്ട് ചെയ്‌ത് സുജാതയോട് പറഞ്ഞു.
"ഞാന്‍ പോവുകയാണ്. നീ സാറിനോട് പറയണം. എന്റെ വീടിന്റെ  അടുത്തുള്ള.................. ”
പറഞ്ഞു മുഴുമിപ്പിക്കാന്‍ കഴിയാതെ അവള്‍ സംഭവ സ്ഥലത്തേക്ക് യാത്രയായി.
നിറഞ്ഞ കണ്ണുകളോടെ അവിടെ ചെല്ലുമ്പോള്‍ തിങ്ങിയ ജനക്കൂട്ടം. അതിനിടയില്‍ അപ്പുന്റെ അച്ഛന്‍ കാര്യങ്ങളെല്ലാം പറഞ്ഞു.

പിടിച്ചു നില്‍ക്കാനായില്ല. വിളിച്ചു കൂവി
“അപ്പുവേട്ടാ...  നമ്മുടെ അനുകുട്ടി”
അപ്പുവിന്റെ അച്ഛന്റെ മാറിലേക്ക്‌ പതിക്കുമ്പോള്‍ മുടി കിടക്കുന്ന രണ്ട് മുഖങ്ങള്‍ മനസ്സില്‍ വിങ്ങി.
നിസ്സഹായതയോടെ പറഞ്ഞു .
“ദൈവം ഈ ലോകം അവസാനിപ്പിച്ചെങ്കില്‍, കാപട്യ ത്തിന്‍റെ മുഖമണിഞ്ഞ ദുഷിച്ച വര്‍ഗത്തെ എന്റെ കൈകള്‍ കൊണ്ടോ മനസുകൊണ്ടോ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍... ഞാന്‍.....”
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നിന്നു.

Monday, January 17, 2011

വാടാ മലരുകള്‍


അന്നൊരു ശനിയാഴ്ചയായിരുന്നു. വരാന്തയിലെ ചാരുകസേരയിലിരുന്ന്‍ മുറ്റത്ത് വീഴുന്ന മഴത്തുള്ളികളിലേക്ക് നോക്കി. നിലത്ത്‌ പതിച്ച മഴത്തുള്ളികള്‍ കുഞ്ഞ് അരുവിയെ പോലെ സിമന്റ് പാകിയ ചാലിലൂടെ ഒലിച്ച് താഴേക്ക്‌ പോകുന്നു. വലതു വശത്തെ നിലത്ത് പടുത്തുണ്ടാക്കിയ ടാങ്കില്‍ നിന്നും തുള്ളി മറിയുന്ന ആഫ്രിക്കന്‍ മത്സ്യങ്ങള്‍. മഴത്തുള്ളിയുടെ ശക്തിയില്‍ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കള്‍. കാഴ്ചകള്‍ മനോഹരം തന്നെയാണ്. പ്രവാസം വിട്ട് നാട്ടിലെത്തിയ തനിക്ക് കിട്ടിയ സന്തോഷമുള്ള കാഴ്ച.

ഏകാന്തതയെ തള്ളി തെറിപ്പിച്ച് ഉമ്മാന്റെ വിളി.
"ഇമ്മൂ നീ ഇന്നെവിടേക്കും പോകുന്നില്ലേ... ബന്ധുക്കളുടെ വീട്ടിലൊക്കെ ഒന്ന് പോയി വന്നുടെ മോളെ"..
'പോകാം മഴ തോരട്ടെ ഉമ്മാ.'..
കയ്യിലുള്ള പുസ്തകത്തില്‍ കുത്തിക്കുറിക്കുന്ന അക്ഷരങ്ങളില്‍ മഴയുടെ കുളിര് പടര്‍ന്നു. ഇടക്ക് ശക്തിയോടെ കാറ്റ് വീശുമ്പോള്‍ ഉമ്മ പറഞ്ഞു
“ഇന്നിനി വൈലത്തൂര്‍ പോക്ക് നടക്കില്ല അല്പം ദൂരെയല്ലെ.....”
"ഇല്ല ഉമ്മാ, യാത്രയൊക്കെ നാളെയാവട്ടെ. ഞാന്‍ മഴ ഒന്ന് ആസ്വദിക്കട്ടെ.."
“നിന്റെ ഒരു മഴക്കൊതി. ഇവിടുള്ളോര്‍ക്ക് മഴകണ്ട് മടുത്തു. മഴ ആയതോണ്ട് ഇന്നിനി മീന്‍കാരനും വരൂല്ല”
“ആരാ ഇപ്പൊ മീന്‍കാരന്‍ ഉമ്മാ.... നമ്മുടെ പഴേ അന്ത്രു തന്നെയാണോ..”
"അല്ല. അവനൊക്കെ ഗള്‍ഫിലേക്ക് പോയീലെ. ഇപ്പൊ ഓന്‍ ദുബായിലാ.”
“അയാള്‍ക്കിപ്പോഴും കൊന്ത്രം പല്ലുണ്ടോമ്മാ” പുഞ്ചിരിയോടെ ചോദിച്ചു.
“ല്യാണ്ടേ. പോകുവോളം ണ്ട്. അതിനിപ്പോ ന്താ ഓന്റെ കെട്ട്യോള് നല്ല മൊഞ്ചത്തിയാ. ഓളെ ബപ്പയാ ഓനെ അക്കര കടത്തിയത്. ഇപ്പൊ ഓന്റെ വീടും പത്രാസും നീ കാണണം”
ഉമ്മയുടെ മുഖത്തേക്ക് അതിശയത്തോടെ നോക്കുമ്പോള്‍ കയ്യിലെ പുസ്തകത്താളുകള്‍ മറിഞ്ഞു.

മറിഞ്ഞു കിടന്ന പേജില്‍ ആകാംക്ഷയോടെ കണ്ണുകളോടിച്ചു.
ഇത് കണ്ട ഉമ്മ പറഞ്ഞു.
“കാലം കൊറേ പഴകിയ പുസ്തകല്ലേ അത്. അതിന്റെ പേജോക്കെ ചീത്തയായിക്കാണും”
“അതല്ല ഉമ്മാ.. ഇങ്ങോട്ട് നോക്ക് ഒരു മയില്‍ പീലി പെറ്റ് പെരുകാന്‍ വെച്ചത്”
ഉമ്മയുടെ കണ്ണുകള്‍ മയില്‍ പീലിയെ നോക്കി. ഏഴ് വര്‍ഷം പഴക്കമുണ്ട് അതിന്‌.

സ്കൂളില്‍ പഠിച്ചിരുന്ന കാലം പ്രിയപ്പെട്ട കൂട്ടുകാരന്‍ സമ്മാനിച്ചത്‌. ഓര്‍മകളുടെ പടവുകളില്‍ താഴേക്കുള്ള വഴി കാണിച്ചു അവന്റെ ഓര്‍മ്മകള്‍ നിന്നു.
വൈകുന്നേരം സ്ക്കൂള്‍ കഴിഞ്ഞ് വന്ന് ഉസ്മാനിക്കാന്റെ പറമ്പിലെ ജാതി മരത്തിന് ചുവട്ടില്‍ അവനെ കാത്ത് നില്‍ക്കുമ്പോള്‍ അതിലെ കടന്ന്പോയ അക്കരത്തെ സൈനബതാത്താന്റെ കളിയാക്കല്‍
"ഉം.. പ്രായം പൊട്ടുന്നതാണെന്ന് ഒര്‍മ വേണം. പിന്നേ മയില്‍ പീലിയും കൊടച്ചക്ക്രോം ഒന്നും കൂട്ടിന് ഉണ്ടാകൂല"
ഇത് കേട്ട്‌ നില്‍ക്കാന്‍ കഴിയാതെ സൈനബതാത്താനെ കൊഞ്ഞനം കുത്തുമ്പോള്‍ വഴിയിലൂടെ ‘മീനു മീനേ..’ എന്ന് ഓരിയിടുന്ന അന്ത്രു. കൊന്ത്രം പല്ല് പുറത്ത് കാട്ടി അന്ത്രു ചിരിക്കുമ്പോള്‍ ഞാനെന്റെ പല്ലുകള്‍ ചുണ്ടുകളാല്‍ ആവരണം ചെയ്തു.

ജാതിക്കാ മരം കനികളാല്‍ സമ്പുഷ്ട്ടം. പറിച്ചെടുക്കാന്‍ കഴിയാത്ത പരാതി അവന്‍ തീര്‍ത്തു തരും. നല്ല ഇളയ ഒരെണ്ണം പൊട്ടിച്ചുതന്നത് കടിച്ച് തിന്നുമ്പോള്‍ പേടിച്ച്‌ ചുറ്റും നോക്കി. സൈനബതാത്താന്റെ കെട്ടിയോന്‍ കോയാക്ക ഉസ്മാനിക്കാന്‍ന്റെ പറമ്പിലെ ജോലിക്കാരനാണ്. ജാതിക്ക പൊട്ടിച്ചെടുക്കുന്നത്‌ കണ്ടാല്‍ അയാള്‍ വിളിച്ചു കൂവും.
"ആരാത്"
കോയക്കാന്റെ ശബ്ദം കേള്‍ക്കേണ്ട താമസം നീണ്ട കൂസന്‍ താടി കൈകൊണ്ട് ഉഴിഞ്ഞ്‌ ഉസ്മാനിക്ക എത്തും
“ആരാടാ.. ന്റെ തൊടീല് ജാതിക്ക പൊട്ടിക്കുന്നത്”

കോങ്കണ്ണന്‍ ഉസ്മാനിക്ക വടക്കോട്ട്‌ നോക്കിയാല്‍ തെക്കോട്ടാണ് കണ്ണ്. കാണുന്നിടമെല്ലാം തട്ടം കൊണ്ട് മറച്ചാലും അയാളുടെ കണ്ണിന് ദിശ തെറ്റി എവിടൊക്കയോ എത്തിപ്പെടുന്ന പോലെ. പിന്നെ നില്‍ക്കില്ല, സ്ഥലം വിടും. അവനും അയാളോട് ദേശ്യാ. ‘മൂരാച്ചി തന്ത’ അതാണ്‌ അയാള്‍ക്ക്‌ അവനിട്ട പേര്‌.
“തന്തേടെ കോന്തന്‍ കണ്ണ് കുത്തിപ്പൊട്ടിക്കണം”
അവന്‍ പറയുന്നത് കേട്ടാല്‍ ചിരിക്കാതിരിക്കുമോ.. ഞാന്‍ ചിരിച്ചതും അയാള്‍ക്ക്‌ കലി കയറി. കള്ളിമുണ്ടിന് പുറത്ത് ചാടി കിടക്കുന്ന വരയന്‍ ട്രൌസറും പൊക്കി അയാള്‍ ഓടി വരുന്നത് കണ്ട ഞങ്ങള്‍ മഞ്ഞള്‍ നട്ട വരമ്പുകളിലൂടെ ഓടി റോഡിലെത്തി. കിതക്കുന്ന എന്നെ കളിയാക്കാന്‍ അവന് നൂറ് നാവായിരുന്നു....

ഓര്‍മകളെ കൊന്നൊടുക്കി വീണ്ടും ഉമ്മാന്റെ വിളി
“ഉമ്മൂ, നീയാ ബിജ്ജുട്ടിമ്മാന്റെ അടുത്തൊന്ന് പോയ്ക്കോ അവര് വയ്യാണ്ട് കിടക്കാണ്”
പാവം ബിജ്ജുട്ടിമ്മ. ചെറുപ്പത്തില്‍ പെരുന്നാളിന് മൈലാഞ്ചി അരച്ച് തന്നത് ഓര്‍ത്ത് പോയി.
ഉപ്പാന്റെ ചാരുകസേര വിട്ടെണീറ്റ് ഓട്ടിന്‍ പുറത്ത് നിന്നും വീഴുന്ന മഴ നുലുകള്‍ കൈകള്‍ കൊണ്ട് തടഞ്ഞു.
ഉമ്മ വീണ്ടും വിളിച്ച് പറഞ്ഞു.
"നമ്മള്‍ പോകല്ലേ ഉമ്മൂ .."
“പോകാം ഉമ്മാ മഴ തോരട്ടെ”

പറഞ്ഞ് തീര്‍ന്നപ്പോള്‍ ഗൈറ്റിന് പുറത്ത് ഒരു വെളുത്ത മാരുതി കാര്‍ വന്ന്‍ നിന്നു.
“വിരുന്നുകാര്‍ ആരോ വരുന്നു. ഗൈറ്റ് അടച്ചിട്ടിരിക്കുകയാണല്ലോ ഉമ്മൂ..”
ഉമ്മ കുടയും ചൂടി മുറ്റത്തിറങ്ങി ഗൈറ്റ് തുറന്നു.
പതിയെ കാര്‍ അകത്തേക്ക് കടന്നു. അല്‍പം കഴിഞ്ഞ് മുന്‍ വശത്തെ ഗ്ലാസ് താഴ്ന്നു.
അതെ അവന്‍ തന്നെ. എന്റെ കണ്ണുകളില്‍ ആ രൂപം തിളങ്ങി. വിദേശത്തിരുന്ന് പ്രവാസം നൊമ്പരപ്പെടുത്തുമ്പോള്‍ സ്നേഹത്തിന്റെ ചെറു കുളിരോടെ സൌഹൃദവുമായി പറന്നെത്തുന്ന സ്നേഹിതന്‍. അവന്റെ അടുത്തേക്ക് ഞാന്‍ എത്തും മുമ്പ് അവന്‍ എന്നെ തേടി ഇങ്ങെത്തിയതാണ്. സന്തോഷം കൊണ്ട് ഞാന്‍ കണ്ണുകള്‍ അടക്കാതെ നിന്നു.
മഴ വീണ്ടും ശക്തിയോടെ പെയ്തിറങ്ങി. ടാങ്കിലെ മീനുകള്‍ എന്റെ സന്തോഷത്തിനോപ്പം തുള്ളിക്കൊണ്ടിരുന്നു. വരാന്തയിലേക്ക്‌ കയറുമ്പോള്‍ അവന്‍ ഉമ്മയെ നീട്ടി വിളിച്ചു.
"ഉമ്മാ.... എന്തൊക്കെയാ വിശേഷം”
ഇതുകേട്ട ഉമ്മയുടെ നിറഞ്ഞ പുഞ്ചിരി കണ്ട് ഞാന്‍ അമ്പരന്നു. അപ്പോഴാണ്‌ ഉമ്മ പറഞ്ഞത്
“നീ വരും മുമ്പേ അവന്‍ എന്റെ മകനെ പോലെ ആയിക്കഴിഞ്ഞിരുന്നു ഉമ്മൂ”
ഞാന്‍ സന്തോഷത്തോടെ അവനോട് കുശലങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.
മഴ അതിന്റെ എല്ലാ ശക്തിയോടും പെയ്തു തുടങ്ങി.

Sunday, January 16, 2011

എന്‍റെ പ്രിയന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ്    ഇവന്‍ എന്‍റെ അഹങ്കാരമായി മാറിയ നാള്‍ മനസ്സില്‍ ഇന്നും തെളിയുകയാണ്.മനസ്സില്‍ പീലി വിടര്‍ത്തിയ കൌമാര സ്വപ്നങ്ങള്‍ക്ക് കൂട്ടായി  എത്തിയ എന്‍റെ കളിത്തോഴന്‍.കൂട്ടു കാരികളുടെ കളിയാക്കല്‍ നിറഞ്ഞ വിവാഹ ദിനം എന്‍റെ കഴുത്തില്‍ ചാര്‍ത്തിയ മഹര്‍ മാലക്കൊപ്പം പെയ്തിറങ്ങിയ സ്നേഹ സമ്മാനങ്ങള്‍.പിന്നീടുള്ള ദിനങ്ങള്‍ അധികം സന്തോഷം ഉള്ളതായിരുന്നു.എഴുത്തിനോടും  വായനയോടും അമിതമായ താല്പര്യമുണ്ട് എന്നറിഞ്ഞുകൊണ്ടു വായിക്കാനുള്ള പുസ്തകങ്ങള്‍ അന്ന് തന്നേ എനിക്ക് കൊണ്ടുതന്നു ആദ്യം കൊണ്ട് തന്ന പുസ്തകമായിരുന്നു പാറപ്പുറത്തിന്‍റെ പണിതീരാത്ത വീട്. ശേഷം മാസത്തിലൊരിക്കല്‍ ഒരു പുസ്തകം കണക്കേ ഞാന്‍ വായിച്ചു കൊണ്ടിരുന്നു.
മാധവികുട്ടിയുടെ കഥകള്‍,മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങള്‍,ചുള്ളിക്കാടിന്റെ കവിതകള്‍,ജി  ശങ്കരകുരുപ്പിന്റെ ഓടക്കുഴല്‍,പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍,  ഒ എന്‍ വി യുടെ,ഉജ്ജയിനി,എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റു ചിലരും. ഇങ്ങനേ നീണ്ടു പോകുന്നു.

പിന്നീട് പ്രവാസത്തിന്റെ വിരസതകളിലേക്ക് ചേക്കേറുമ്പോള്‍ എന്നെയും ആ ചിറകില്‍ കൊത്തിയെടുത്ത്  സൌദി അറേബ്യയുടെ  വിരിമാറിലെത്തുമ്പോഴും കൂട്ടായി അനേകം പുസ്തകങ്ങള്‍.പിന്നീട് നാട്ടില്‍ നിന്നും വരുന്നവരുടെ കൈവശം ഉമ്മച്ചിയും കൊടുത്തു വിടാന്‍ സന്നദ്ധയായി.എല്ലാം എന്‍റെ പ്രിയപെട്ടവന്‍ നേടി തന്ന സൌഭാഗ്യങ്ങള്‍ ഇനിയും ഇനിയും ഞാനാ സ്നേഹപ്പുഴയില്‍ നീരാടി രസിക്കുമ്പോള്‍ എന്‍റെ വായനയും,എഴുത്തും കുട്ടിനുണ്ടാകുമെന്ന പ്രതീക്ഷയോടെ...

എന്‍റെ പ്രിയനായും,കൂട്ടുകാരനായും,കാമുകനായും,പിതാവായും,എന്തെല്ലാമോ എല്ലാം ആയും നീയും എന്‍റെ കു‌ടെ ഉണ്ട്‌ എന്നുള്ള സന്തോഷത്തോടെ ഈ വിവാഹ വാര്‍ഷിക ദിനം നിനക്ക് വേണ്ടി അല്‍പം വരികളില്‍ കുത്തികുറിച്ചൊരു സമ്മാനമായ്‌ നിന്‍റെ സ്വന്തം സാബി...

Wednesday, January 12, 2011

കനല്‍ കൂടുകള്‍

ശീതക്കാറ്റ് വീശുന്ന വിറങ്ങലിച്ച രാത്രി. ഉമ്മറത്തെ ചിമ്മിനി വിളക്കിന്റെ വെട്ടം അകത്തെ മുറിയിലേക്ക് എത്തിനോക്കുന്നു.
“അവളെ കയ്യില്‍ കിട്ടിയാല്‍ അരിഞ്ഞ് തള്ളുകയാ വേണ്ടത്” അച്ഛന്‍ പുലമ്പി കൊണ്ടിരിക്കുന്നു. അമ്മയുടെ കണ്‍പോളകള്‍ കരഞ്ഞ് കനം വീണിരിക്കുന്നു. ഇന്നിവിടെ ഒന്നും വെച്ച് വിളമ്പിയിട്ടില്ല. അച്ഛന്റെ ശബ്ദമൊഴിച്ചാല്‍ മരിച്ച വീടുപോലെ..
അഴിഞ്ഞ് കിടന്ന മുടി കൈകൊണ്ട് മേല്പോട്ട് കെട്ടി  വെച്ച് പതിയെ തറയില്‍ കിടന്നു. കൈകാലുകള്‍ക്ക് അസഹ്യമായ വേദന. അയാളുടെ കറുത്ത മുഖം അവളുടെ കണ്ണില്‍ ഭയം പടര്‍ത്തി.

നേരം പുലര്‍ന്നതേ ഉള്ളൂ. പറമ്പിന്റെ അങ്ങേ തലക്കല്‍ നിന്നും മേയാന്‍ വിട്ട കാലികളുടെ കരച്ചില്‍.
“പുലര്‍ച്ചെ തന്നെ അവറ്റയെ കെട്ടഴിച്ചു വിട്ടേക്കുന്നു” അമ്മയുടെ അരിശം നിറഞ്ഞ വാക്കുകള്‍. മുന്‍വശത്തെ ശാരദയുടെ വീട്ട് മുറ്റത്ത് വന്ന് നിന്ന വെളുത്ത അംമ്പാസിഡര്‍ കാറില്‍ നിന്നും സ്ത്രീകള്‍ ഇറങ്ങുന്നു.
“അവള്‍ടെ കെട്ടിയോന്റെ വീട്ടിന്നാവും”
“അയാളിപ്പോ ദുബായിലല്ലേ.. അമ്മേ, അവിടുന്ന് വന്ന ആരെങ്കിലും ആവും”
“അവിടെ എപ്പോഴും വിരുന്നുകാരാ. ഇവറ്റകള്‍ക്കൊക്കെ ചായേം വെള്ളോം കൊടുക്കാന്‍ തന്നെ അയാള്‍ അധ്വാനിച്ചാ തെകയോ..” അമ്മക്ക് ഇടക്കുള്ള സംശയം.
കരിപിടിച്ച അലൂമിനിയം കലം തേച്ച് വെളുപ്പിക്കുമ്പോള്‍ അമ്മ പറഞ്ഞു.
“നീയാ കുഞ്ഞിപ്ലാവിന്റെ മുരട്ടില്‍ കൊണ്ടോയി കലം കഴുക്. അച്ഛന്‍ പണ്ട് വടകരേന്ന് കൊണ്ടോന്ന ചക്കേടെ കുരുവാ. കായ്കാനുള്ള പ്രായൊക്കെ ആയി. ന്നട്ടും കായ്ച്ചോ. വെള്ളത്തിന്റെ കൊറവാ.”


അമ്മ കുഞ്ഞി പ്ലാവിന്റെ തടം ഒരു ഉണക്ക കൊള്ളികൊണ്ട് കിളച്ച്  ഉണങ്ങിയ ഇലകള്‍ വാരി അതിന്റെ തടത്തിലിട്ട് മൂടി. കുഞ്ഞിപ്ലാവ് സുന്ദരിയാ. കുഞ്ഞി ചില്ലകളുമായി അവള്‍ പന്തലിച്ചിരിക്കുന്നു.
ശാരദയുടെ വീട്ടില്‍ നിന്ന് അംമ്പാസിഡര്‍ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ട്‌ തിരിഞ്ഞ് നോക്കി. ശാരദ ചേച്ചി ഒരുങ്ങി വീടും പൂട്ടി അവരോടൊപ്പം പുറപ്പെടുന്നു. പശുവിനുള്ള കാടി വെള്ളം ശാരദേടെ വീട്ടീന്നാണ് എടുക്കാറ്. ഇന്നിനി പശുവിനും പട്ടിണി.

അച്ഛനിന്ന് ഉസ്മാന്‍ ഹാജീടെ പറമ്പിലാ ജോലി. വൈകീട്ട് വീട്ടിലെത്തുമ്പോഴേക്കും നന്നേ ക്ഷീണിക്കും. ഒരു ആണ്‍ തരിയില്ലാത്ത സങ്കടം അച്ഛന് ഒരുപാടുണ്ട്‌.
കൂട്ടില്ലാത്ത എനിക്കും ചിലപ്പോ സങ്കടാവാറുണ്ട്. അകേയുള്ളത് കേശു ആശാരീടെ മകള്‍ മാളു. അങ്ങോട്ടാണെങ്കീ അമ്മ കൂടുതല്‍ വിടുകേം ഇല്ല. മാളൂന്റമ്മ ദേവയാനിക്ക് കരിനാക്കാണെത്രെ. അവളെക്കാളും ഒരു പൊടി സൌന്ദര്യം ന്‍റെ കുട്ടിക്കാന്നാ അമ്മേടെ ഭാഗം. അതോണ്ട് തന്നെ അങ്ങോട്ടുള്ള പോക്ക് അമ്മക്ക് അത്രക്ക് ഇഷ്‌ട്ടല്ല. പിന്നെ ശാരദ ചേച്ചി. അവരോട് കൂടുതല്‍ കൂട്ടൊന്നുമില്ലാ. വല്ലപ്പോഴും ഞാറാഴ്ച സിനിമ കാണാന്‍ അവരുടെ വീട്ടീ പോകും.

അന്നും ഒരു ഞാറാഴ്ചയായിരുന്നു. വൈകുന്നേരം മുടിയും ചീകി സിനിമ കാണാന്‍ ഇറങ്ങുമ്പോഴാണ് അമ്മ വിളിച്ചത്.
“നന്ദുട്ട്യെ ... മ്മളെ കുഞ്ഞി പ്ലാവില്‍ ചക്ക വിരിഞ്ഞു”
സന്തോഷം തന്നേ.. ചക്ക വിരിഞ്ഞത് കണാന്‍ വീടിന്റെ പിന്നിലേക്കോടി. അമ്മ പഴകിയ ഒരു തുണിക്കഷ്ണം എടുത്ത്‌ പ്ലാവിന്റെ കടക്കല്‍ ചുറ്റി വെക്കുന്നു.
“എന്തിനാമ്മേ അത്”
“അത്, അവള്‍ക്കും പ്രായായി. നിന്നെ പോലെ വയസ്സറിയിച്ചു. ഇവള്‍ക്കും ഒരു കോടി വേണ്ടേ നന്ദൂട്ടീ..”
അമ്മ പറഞ്ഞത് കേട്ടപ്പോ നിക്ക് ചിരിവന്നു. ഈ അമ്മേടെ ഒരു കാര്യം.
കുഞ്ഞിപ്ലാവ്, അവളിപ്പോ പുള്ളിയുള്ള നാടന്‍ മുണ്ടും ചുറ്റി നില്‍ക്കുന്ന ഒരു സുന്ദരിയെ പോലെ തോന്നി. താഴത്തെ കൊമ്പിന് മുകളിലായി ഒത്തിരി കുഞ്ഞി ചക്കകള്‍ വിരിഞ്ഞ് തുടങ്ങുന്ന അവര്‍ക്ക് നല്ല ഭംഗി. തലോടാന്‍ തോന്നി, അമ്മയെ പേടിച്ച് പിന്തിരിഞ്ഞു.

അമ്മയോട് പോവാന്ന് പറഞ്ഞ് ശാരദേച്ചീടെ വീട്ടിലെത്തി. ടീവീടെ ശബ്ദം പുറത്ത് കേള്‍ക്കാം. നീട്ടി വിളിച്ചു. “ശാരദേച്ചീ..”
ഒറ്റ വിളിക്ക് തന്നെ വാതില്‍ തുറന്നു. കറുത്ത് തടിച്ച ഒരാള്‍ ടേബിളില്‍ ഇരുന്ന്‍ ചായ കുടിക്കുന്നു. പേടിച്ച് ഞാന്‍  പിന്നിലേക്ക്‌ വലിഞ്ഞു. എന്റെ പരുങ്ങല്‍ കണ്ട ശാരദേച്ചി അകത്ത് നിന്ന് വിളിച്ച് പറഞ്ഞു.
“നന്ദൂട്ടി  വരൂ. അദ്ദേഹം എന്റെ ബന്ധുവാ. പേടിക്കണ്ടാ..”

പിന്നീട് നടന്ന സംഭവങ്ങള്‍ ഓര്‍ക്കാന്‍ പോലും നന്ദൂട്ടിക്ക് ശേഷിയില്ലാതായി.
സിനിമയോടുള്ള കൊതി കാരണം മറ്റൊന്നും നോക്കതെ നന്ദൂട്ടി അകത്തേക്ക് കയറി. സ്ക്രീനില്‍ ‘പത്രം‘ എന്ന പടം. മഞ്ജുവാര്യര്‍ തകര്‍ക്കുന്നു. അവള്‍ സന്തോഷത്തോടെ മാര്‍ബിള്‍ തറയില്‍ ഇരുന്നു. സ്ക്രീനില്‍ മാറിവരുന്ന സീനുകള്‍ നന്ദു ഇമവെട്ടാതെ നോക്കികൊണ്ടിരുന്നു. പെട്ടന്നായിരുന്നു വാതില്‍ അടഞ്ഞത്. പിന്നില്‍ കറുത്ത് തടിച്ച അയാള്‍.
പേടിച്ച നന്ദു വിളിച്ചു കൂവി
“ശാരദേച്ചീ.. ചേച്ചീ...“
അവളുടെ വിളികള്‍ അടഞ്ഞ് കിടന്ന കോണ്‍ക്രീറ്റ് ഭിത്തികള്‍ തടഞ്ഞ് നിര്‍ത്തി. ഭയന്നു വിറച്ച നന്ദു പിന്നിലേക്ക്‌ പിന്നിലേക്ക്‌ നീങ്ങി. അയാള്‍ ചിരിച്ച് കൊണ്ട് അവളോട് പറഞ്ഞു.
“നന്ദൂട്ടി ഭയക്കണ്ടാ.. ഇപ്പൊ പതിനേഴായില്ലേ എന്നിട്ടും ഭയമോ..“
“വേണ്ട, എന്റെ അരികിലേക്ക് വരണ്ട. ഞാന്‍... ഞാന്‍...“
അവള്‍ ചുറ്റും നോക്കി. പേടിച്ചരണ്ട അവള്‍ അലറിക്കരഞ്ഞു. സ്ക്രീനില്‍ മഞ്ജു വിന്റെ പടം മിന്നി മറയുന്നു. അവള്‍ ഒരു നിമിഷം ധൈര്യം വീണ്ടെടുത്ത് മേശപ്പുറത്തിരിക്കുന്ന ഫ്ലവര്‍വേയ്സ് കയ്യിലെടുത്ത് അയാള്‍ക്ക്‌ നേരെ നീട്ടി.
“കൊല്ലും ഞാന്‍. മാറി നില്‍ക്കൂ...”
മാറി നില്‍ക്കാന്‍ അവള്‍ അക്രോശിച്ചെങ്കിലും അയാള്‍ ചിരിച്ചു. അവള്‍ കയ്യിലിരിക്കുന്ന ഫ്ലവര്‍വേയ്സ് ജനാലക്ക് നേരെ ശക്തിയായി എറിഞ്ഞു. ചില്ല് തകര്‍ന്ന ജാലകത്തിനുള്ളിലൂടെ അവളുടെ ശബ്ദവീചികളും മുറി വിട്ട് പുറത്ത് ചാടി. നിരത്തിലൂടെ പോകുന്നവര്‍ കേള്‍ക്കും എന്ന ഭയത്താല്‍ അയാള്‍ നന്ദുവിന്റെ വായ പൊത്തി. അവള്‍ ആ കൈകള്‍ കടിച്ച് മുറിച്ച് വീണ്ടും അലറി. അലര്‍ച്ചകേട്ട് പൊട്ടിയ ജാലകത്തിലൂടെ ആളുകള്‍ എത്തി നോക്കി. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തെത്തിയ ആളുകള്‍ അയാളെ ശരിക്കും പെരുമാറി. ശാരദ അപ്പോഴേക്കും പിന്‍ വാതിലിലൂടെ സ്ഥലം വിട്ടിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നന്ദുവിന്റെ അമ്മ സംഭവിച്ചത് എന്തെന്നെറിയാതെ അന്ധാളിച്ച് മകളെ നോക്കി. മേശപ്പുറത്തെ തുറന്ന് വെച്ച ആല്‍ബം കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുന്ന നന്ദുവിനെ അമ്മ സമാധാനിപ്പിച്ചു.
ശാരദേച്ചി കഴിഞ്ഞ ആഴ്ച തന്നെ കൂടെ നിര്‍ത്തി എടുത്ത ഫോട്ടോകള്‍ അയാള്‍ക്ക്‌ കാണിക്കാന്‍ ആയിരുന്നെന്ന് അപ്പോഴാണ് അവള്‍ക്ക് മനസ്സിലായത്.

നന്നായി പെരുമാറി ഒരു പരുവമാക്കിയ അയാളെ നാട്ടുകാര്‍ പോലീനെ ഏല്‍പ്പിച്ചു. കരഞ്ഞ് വീര്‍ത്ത നന്ദുവിന്റെ മുഖത്ത് നോക്കി അമ്മ പറഞ്ഞു.
“അച്ഛന്‍ അറിഞ്ഞാല്‍.......” അമ്മയുടെ ചുണ്ടുകള്‍ വിതുമ്പി.
ദേഷ്യം മൂക്കത്താണ് നാരായണന്. നാട്ടിലെ അറിയപ്പെടുന്ന പോക്കിരി.

ജോലി കഴിഞ്ഞെത്തുമ്പോള്‍ ഏതായാലും അച്ഛനറിയും. അമ്മയുടെ ഉള്ളം പിടഞ്ഞു. വളര്‍ത്ത് ദോഷം അതാവും എല്ലാത്തിനും ഒടുവില്‍ ...

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി വീട്ടിലെത്തുമ്പോള്‍ കുഞ്ഞി പ്ലാവിന്റെ ചുവട്ടില്‍ വീണു കിടക്കുന്ന കുഞ്ഞു ചക്കകള്‍.
അമ്മ പറഞ്ഞു
“വേണ്ട. ഇനി ഈ പടികടന്ന് പുറത്ത് പോകണ്ടാ. ശാരദ, അവള്‍ ഭയങ്കരിയാ.. ന്റെ മോളേ ദൈവം കാത്തു”
പറഞ്ഞു തീര്‍ന്നില്ല, പടി കടന്ന് വന്ന നാരായണന്‍ ദേഷ്യത്തോടെ ഉമ്മറത്തേക്ക് കയറി. കയ്യില്‍ നീണ്ട ചൂരല്‍. മുഖം ചുവന്നിരിക്കുന്നു.
“അസത്ത് എവിടെ അവള്‍”
നന്ദുവിന്റെ അമ്മ ഭയന്ന് വിറച്ചു. ഇറയില്‍ നിന്നും വാകത്തിയെടുത്ത് അരയില്‍ തിരുകി അയാള്‍ ശാരദയുടെ വീട് ലക്ഷ്യമാക്കി നടന്നു.

Friday, January 07, 2011

മണിമാല

മഴ പെയ്തു തോര്‍ന്ന ഒരു പുലരി. മുറ്റത്തെ കുഞ്ഞു കുഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുഞ്ഞനിയന്മാര്‍. ഇറയത്ത്‌ പതുങ്ങി നില്‍ക്കുന്ന കോഴികുഞ്ഞുങ്ങള്‍. ചേമ്പിലയില്‍ വീണ വെള്ളം നോക്കി നില്‍ക്കുന്ന അനിയത്തി. മുറ്റത്തിന്റെ ഇരുവശത്തും മഴ നനഞ്ഞ മഞ്ഞയും ചുകപ്പും മല്ലികപൂക്കള്‍. കാഞ്ഞിര മരത്തിലെ വയലറ്റ് കോളാമ്പി മഴത്തുള്ളികള്‍ വീണ് തളര്‍ന്നിരിക്കുന്നു. വരാന്തയിലെ ചാരുപടിയില്‍ അനുസരണയോടെ ഇരിക്കുമ്പോള്‍ ഉമ്മാന്റെ വിളി.
“ഉമ്മൂ... മഴ വീണ്ടും വരുന്നെന്ന് തോന്നുന്നു മോളെ.. നീ ആ തട്ടാന്റെ കിണറിനരികില്‍ പോയി നോക്ക് തിക്കും തിരക്കും കഴിഞ്ഞോന്ന്”
“ദേ.. വരാം”

കാഞ്ഞിര മരത്തിന് അരികിലൂടെ നടക്കുമ്പോള്‍ കാറ്റിലാടുന്ന മുളം കൂട്ടത്തില്‍ നിന്നും അപശബ്ദങ്ങള്‍ പുറത്ത് വന്നു. ഒരുമയോടെ ഒട്ടിനില്‍ക്കുന്ന മുളംകൂട്ടങ്ങള്‍. മുളകളില്‍ ഏറ്റവും കുഞ്ഞു മുളയുടെ മുകള്‍ ഭാഗം പൊട്ടിച്ചെടുത്ത് മഷിതണ്ടും കൂട്ടി സ്ലൈറ്റ് മായ്ക്കാന്‍ സൂക്ഷിച്ചു വെക്കും.
മുളം കൂട്ടത്തിനരികിലൂടെ കടന് പോകുന്ന വേലിക്കരികില്‍ നിന്നും തട്ടാന്റെ കിണറ്റിന്‍ കരയിലേക്ക് എത്തി നോക്കി. ഇന്ന് നാലാം തവണയാണ് ഇവിടെ വന്ന്‍ എത്തി നോക്കുന്നത്.
ഇല്ല...! രാജന്‍ തട്ടാന്‍ ദുഷ്ട്ടനാ ഇന്നും അയാളെന്റെ മാല കൊണ്ട് തന്നില്ല. ശനിയാഴ്ച എന്തായാലും തരാമെന്നു പറഞ്ഞതാണ്.... മ്ഹും
ദേഷ്യം വന്നു എങ്കിലും കടിച്ചമര്‍ത്തി കിണറ്റിന്‍ കരയിലേക്ക് നോക്കി. വീണയുടെ അമ്മ മാനത്തെ അമ്പിളി പോലെ തിളങ്ങി നില്‍ക്കുന്നുണ്ട്. അവരത്രക്ക് സുന്ദരിയാണ്. ദൂരേ ജോലിക്ക് പോയ രാജന്‍ തട്ടാന്‍ സ്നേഹം കാട്ടി വളച്ചെടുത്തെന്നാണ് എല്ലാരും പറയാറ്. കിണറ്റിന്‍ കരയില്‍ എത്തി നോക്കുമ്പോഴാണ് അപ്പുറത്തെ ഇടവഴിയിലൂടെ കറുത്ത ഇരുമ്പ് കട്ട പോലെ നടന്നു വരുന്ന രാജന്‍ തട്ടാനെ കണ്ടത്. അയാളുടെ കയ്യിലേക്ക് സൂക്ഷിച്ച് നോക്കി. ചുവന്ന വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ എന്തോ കൈകളില്‍ ഉണ്ട്‌. ഒന്നും ഓര്‍ത്തില്ല, അതെന്റെ മാലതന്നെ.

വേലിയുടെ പടികള്‍ പതുക്കെ എടുത്ത്‌ മാറ്റി തട്ടാന്‍ വീട്ടിലേക്ക് നടന്നു. വരാന്തയില്‍ ട്രൌസറുരിഞ്ഞ നിലയില്‍ രാജന്‍ തട്ടാന്റെ കുഞ്ഞു മകന്‍ ധനുസ്സ്. അച്ഛന്റെ കയ്യില്‍ തൂങ്ങുമ്പോള്‍ ധനുസ്സിന് വല്ലാത്ത കൊഞ്ചല്‍. ഞാന്‍ ഓടി രാജന്‍ തട്ടാന്റെ അരികിലെത്തി ചോദിച്ചു
“ന്റെ മാലയല്ലേ അത് .. ”
“ഏതാ ഇമ്മുട്ട്യെ...”
“തട്ടാന്റെ കയ്യിലുള്ള ചുവന്ന കടലാസില്‍ പൊതിഞ്ഞ മാല ന്റേതല്ലേ....”
"അയ്യോ... അല്ലല്ലോ ഇമ്മുട്ട്യെ”
"ഹും... നിക്കറ്യാ ന്നേ പറ്റിക്കാന്നു, പിന്നെ ന്റേതല്ലാതെ ആര്‍ക്കാ..  വീണക്കും അമ്മയ്ക്കും സ്വര്‍ണമാലയുണ്ട്. പിന്നെ ആര്‍ക്കാ..”
“ഇത് വീണയുടെതാ ഇമ്മൂ.. നിന്റേത് നാളെ ഉറപ്പായും കൊണ്ട് വരാം”
തന്റേതല്ലെന്ന് കേട്ടപ്പോ പെട്ടന്നു വന്ന സന്തോഷങ്ങളെല്ലാം പോയി. ഇതു കണ്ട് ഉള്ളില്‍ ചിരിക്കുന്ന രാജന്‍ തട്ടാന്‍ ചുവന്ന കടലാസില്‍ പൊതിഞ്ഞ മാല വീണക്കു നേരെ നീട്ടി .
സന്തോഷത്തോടെ പൊതി നിവര്‍ത്തിയ വീണ വിളിച്ചു
“ഉമ്മൂ നോക്ക് എന്റെ മാല, മുന്തിരിവള്ളിയാ ഡിസൈന്‍. ഉമ്മുവിന്റെത് ഏതാ പണിയാന്‍ പറഞ്ഞ ഡിസൈന്‍”
"മണിമാല”
"ഉം..”
ദേഷ്യം വന്ന മുഖം കണ്ട് രാജന്‍ തട്ടാന്‍ ചിരിച്ചു. വീണയുടെ മാല പിടിച്ച് നോക്കുന്ന അവളുടെ അമ്മ പറഞ്ഞു.
“ഉമ്മുന്റെ മണിമാല നാളെ പോരെ.. ഇന്ന് തട്ടാന്‍ മറന്നൂന്ന്‍”
"ഉം....”

പറഞ്ഞ് തീര്‍ന്ന് സന്തോഷമില്ലാതെ വാടിയ മുഖവുമായി അവിടുന്ന് മടങ്ങി. വേലിക്കപ്പുറത്ത് നിന്ന് ഉമ്മാ നീട്ടി വിളിക്കുന്നു
“മോളെ... ഇങ്ങോട്ടുവാ. മഴ വരും മുമ്പ് ഉമ്മ അല്പം വെള്ളം കോരി അകത്ത് വെക്കട്ടെ. നീയൊന്ന് ഇങ്ങോട്ട് വാ. ആല്ലാഞ്ഞാല്‍ കുറിഞ്ഞി പൂച്ച എല്ലാം നശിപ്പിക്കും”
ഉമ്മ വൃത്തിയായി മുറിച്ചു വെച്ച മീന്‍ കഷ്ണങ്ങള്‍ കുറിഞ്ഞി പൂച്ച കട്ടുതിന്നുമോ എന്നാണ് പേടി. ഉമ്മയുടെ അരികിലെത്തി കുറിഞ്ഞിക്ക് കാവലിരുന്നു. മഴ വീണ്ടും വരുന്നെന്ന് തോന്നുന്നു. ആകാശം വീണ്ടും ഇരുട്ടി തുടങ്ങി. ഉമ്മ വെള്ളവുമായി അകത്തെത്തി കുറിഞ്ഞിക്ക് കാവലിരിക്കുന്ന ഉമ്മൂന് നേരെ കൈ നീട്ടി പറഞ്ഞു
“ന്നാ നിന്റെ മണിമാല”
കണ്ണുകള്‍ ഉമ്മാന്റെ കൈകുമ്പിളിലേക്ക് നീണ്ടു. വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ മണിമാല. സന്തോഷം കൊണ്ട് തുള്ളിച്ചാടി. ധൃതിയില്‍ പൊതിയഴിച്ച് മാറില്‍ അണിഞ്ഞു. വീണ്ടും തട്ടാന്‍ വീട്ടിലേക്ക് ഓടാന്‍ ശ്രമിക്കും മുമ്പ് മഴ ശക്തിയായി പെയ്ത് തുടങ്ങി. മഴയുടെ തണുപ്പില്‍ അസുഖം വരുമെന്ന് പറഞ്ഞ് ഉമ്മ കുപ്പായം ഇടിപ്പിക്കുമ്പോള്‍ ഷര്‍ട്ടിന് മേലേക്ക് മണിമാല കയറ്റിയിട്ടു.

മഴ അതിന്റെ പൂര്‍വാധികം ശക്തിയോടെ പെയ്തിറങ്ങി.

Sunday, January 02, 2011

ചുവന്ന മാര്‍ക്ക് ചെയ്ത മുറി


ആശുപത്രി വരാന്തയിലേ ചാരുബെഞ്ചില്‍ കിടന്ന് ‘ആന്‍ഫ്രാങ്കിന്‍റെ ഡയറി‘ എന്ന പുസ്തകത്തിലെ താളുകളിലേക്ക് കണ്ണോടിച്ചു. എന്ത് സുന്ദരമാണ് ഈ
വരികള്‍ക്ക്. ജീവിതത്തിന്‍റെ ഉള്‍തുടിപ്പുകള്‍ എഴുതി ചേര്‍ക്കാന്‍ കഴിയുക വലിയ കാര്യം തന്നേ.
കിടന്നുള്ള വായനയാണ് ഇഷ്‌ടം . ഇടക്കിടക്ക് ആശുപത്രി വരാന്തയിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്. അമ്മ എപ്പോഴും പറയും നീയൊരു പുസ്തക പ്പുഴുവാണെന്ന്. സ്കൂളില്‍ എന്നെ പഠിപ്പിച്ച നരേന്ദ്രന്‍ മാഷിനും അത് പറയാനേ നേരം ഉണ്ടായിരുന്നുള്ളൂ.

നേരത്തെ വീല്‍ ചെയറില്‍ തള്ളികൊണ്ട് പോയ ആളാണ് ഇപ്പോള്‍ മുന്നിലൂടെ നടന്ന് വരുന്നത്. അല്‍പ്പം മുമ്പ് എന്തായിരുന്നു അയാള്‍ക്ക്‌ സംഭവിച്ചത്.!
വായിച്ച് കഴിഞ്ഞിടത്ത് അടയാളം വെച്ച് പുസ്തകം മടക്കി.
അയാള്‍ ഇങ്ങോട്ടാണ്‌ വരുന്നത്.
അപരിചിതനാണെങ്കിലും ആ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ട്. നടന്ന് വന്ന് അടുത്തെത്തിയപ്പോള്‍ അയാളുടെ ചോദ്യം.
"വായന ഇഷ്‌ടമാണല്ലേ..”
“അതെ”
“വായിച്ചോളൂ.... വായന തടസ്സമാവുമ്പോള്‍ മനസ്സ് നമ്മിലേക്ക്‌ തിരിച്ചെടുക്കാന്‍ കഴിയില്ല. വായന നല്ല ശീലമാണ്. എനിക്കും വായന ഒരുപാട് ഇഷ്ട്ടമാണ്”
അയാളുടെ വാക്കുകള്‍ കേട്ട്‌ അവളുടെ മനസ്സും അയാളിലെ വായനയെ മനസ്സുകൊണ്ട് അഭിനന്ദിച്ചു. ചുളിവ് വീഴാത്ത ഷര്‍ട്ടിന്‍റെ കൈതലപ്പുകള്‍ മടക്കികൊണ്ട്‌ അയാള്‍ മുന്നോട്ടു നടന്നു.

മടക്കിയ പുസ്തകം കയ്യിലെടുത്ത് അവിടുന്ന് എണീറ്റ്‌ മുകളിലേക്ക് നടന്നു. കോണിപ്പടികള്‍ കയറുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ട് പായുന്ന നേഴ്സുമാര്‍. വാതില്‍ പടിയില്‍ നിന്നും ആശുപത്രി വരാന്തയുടെ മറുതലക്കലേക്ക് കണ്ണുകള്‍ ഓടിച്ചപ്പോള്‍ നേരത്തെ കണ്ട നീല ഷര്‍ട്ടിട്ട അയാള്‍..വീണ്ടും.
"അപ്പൊ ഇവിടെയാണോ മുറി...”
അതെയെന്നു തലയാട്ടി. അയാള്‍ വീണ്ടും അടുത്ത് വന്നു.
"എന്റെ മുറി ഇവിടെതന്നെയാ. ദാ.. ആ വലത്ത് വശത്തെ ചുവന്ന മാര്‍ക്ക് ചെയ്ത മുറി”
അയാള്‍ വീണ്ടും ചോദിച്ചു.
"കു‌ടെ ആരും ഇല്ലേ..”
"ഉണ്ട്‌ അമ്മയുണ്ട്. വീട്ടിലൊന്ന് പോയതാ. ഇപ്പൊ എത്തും”
“വായിക്കാന്‍ പുസ്തകം വേണോ..? ഞാനും വായന ഉള്ളവനാ. കുട്ടി എതെല്ലാം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്”
"ഞാന്‍ ഒരുപാടൊന്നും ഇല്ല. എങ്കിലും എനികേറ്റവും ഇഷ്ട്ടം മാധവികുട്ടിയുടെ കഥകള്‍"
“എങ്കില്‍ വായന മുടക്കണ്ട. പൊയ്‌ക്കോളൂ, വല്ല ആവശ്യവും വേണമെന്നുണ്ടെങ്കില്‍ ഞാന്‍ ദേ അവിടെയുണ്ടാകും. എന്റെ മുറിയിലേക്ക് സ്വാഗതം”
പുഞ്ചിരിച് അയാള്‍ നടന്നകന്നു.

വരന്തയില്‍ നിന്ന് തന്റെ മുറിയിലേക്ക് കയറി കതകടച്ചു. ഇപ്പോള്‍ ഈ മുറി ഒരു കൊച്ച് സ്വര്‍ഗ്ഗം പോലെ തോന്നി. മേശക്ക് മുകളില്‍ കിടക്കുന്ന സിറിഞ്ചുകള്‍. വെളുത്ത പ്ലാസ്റ്റിക്ക് കവറുകളില്‍ ഭദ്രതയോടെ അവ തന്നിലേക്ക് ആഴ്ന്നിറങ്ങാന്‍ കാത്ത് കിടക്കുന്നു.
മേശയുടെ മൂലയില്‍ നിറച്ച് വെച്ച വെള്ളകുപ്പിയില്‍ നിന്നും ഒരുകവിള്‍ കുടിച്ച് ജാലകത്തിനടുത്തേക്ക് നീങ്ങി. കണ്ണുകള്‍ പുറത്തെ തിരക്കുള്ള അങ്ങാടിയിലേക്ക് നീണ്ടു. റോഡരികില്‍ വില്‍ക്കുന്ന പച്ചക്കറികള്‍ വാങ്ങാനുള്ള തിക്കും തിരക്കും. പാതയോരത്തിലൂടെ കുഞ്ഞുങ്ങളെയും ഒക്കത്തെടുത്ത്‌ നീങ്ങുന്ന അമ്മമാര്‍. ആകാഴ്ച മുമ്പ് കഴിഞ്ഞു പോയ ഓര്‍മകളിലേക്ക് വലിച്ചിഴച്ചു .

വിവാഹം കഴിഞ്ഞ് വര്‍ഷം ഒന്ന് നീങ്ങിയപ്പോള്‍ തന്നെ മുറുമുറുപ്പ് തുടങ്ങി. കുട്ടികള്‍ ഓടിക്കളിക്കാനില്ലാത്ത മുറ്റത്ത് കാറ്റില്‍ വീഴുന്ന പഴുത്ത ഇലകള്‍ നോക്കി രാജേട്ടന്‍ പറഞ്ഞു.
“ദേ.. ഇതുപോലെ ഞാനും നീയും ഒരിക്കല്‍ വീഴുമ്പോള്‍...”
പറഞ്ഞ് തീരും മുമ്പ് ഞാന്‍ അദ്ധേഹത്തിന്റെ വായ പൊത്തുമായിരുന്നു. ചുംബനങ്ങളും സന്തോഷങ്ങളും വര്‍ഷിച്ച് നടന്നാല്‍ എന്ത് നേട്ടം. എന്നായിരുന്നു രാജേട്ടന്റെ രണ്ടാം വര്‍ഷത്തെ ചോദ്യം. പിന്നീട് ആറുമാസം കഴിഞ്ഞാണ് അമ്മയാകാനുള്ള സ്ഥാനം രോഗം കീഴടക്കിയത്.
ഡോക്ടര്‍ അരുമയോടെ അതിന് പേര്‌ പറഞ്ഞു.
"കാന്‍സര്‍”
എനിക്ക് പിറക്കേണ്ട കുഞ്ഞുമോന്‍റെ സ്ഥാനത്തിരുന്ന മഹാ വ്യാധി വേരോടെ പിഴുതെറിയുമ്പോള്‍ അമ്മയാകാനുള്ള എന്റെ ഗര്‍ഭപാത്രവും ഓര്‍മകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. കരഞ്ഞ് കലങ്ങിയ മിഴികള്‍ കണ്ട് നിന്നവര്‍ ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു. പിന്നീട് കാലം എനിക്ക് നഷ്ട്ടമാക്കിയത് രാജേട്ടനെ ആയിരുന്നു. കണ്ണുകള്‍ ഇപ്പോള്‍ നിറഞ്ഞ് ഒഴുകാറില്ല. ഞാന്‍ പുസ്തകങ്ങളുടെ കൂട്ടുകാരിയായി മാറി കഴിഞ്ഞു.

ഓര്‍മകളെ തള്ളിവിട്ടുകൊണ്ട് ആരോ വാതിലില്‍ മുട്ടി.
പതിയെ ജാലക കാഴ്ച്ചകള്‍ക്ക് വിട പറഞ്ഞ് വാതിലിന്റെ അടുത്തേക്ക് നടന്ന് താഴ് തുറന്നു.
അയാള്‍ തന്നെ..
നീല ഷര്‍ട്ടിട്ട, ചുവന്ന മാര്‍ക്ക് ചെയ്ത മുറിയിലേ അദ്ദേഹം.
"ദേ.. കുറച്ചു പുസ്തകങ്ങളാ. വായിച്ചിട്ട് തന്നാല്‍ മതി. വായന മരിക്കരുതല്ലോ..! ഞാന്‍ വായിച്ച് തീര്‍ന്ന പുസ്തകങ്ങളാ”
നിറഞ്ഞ പുഞ്ചിരിയോടെ പുസ്തകങ്ങള്‍ കയ്യില്‍ വാങ്ങി.
"ഇനി വല്ല ആവശ്യവും ഉണ്ടെങ്കില്‍ എന്റെ മുറി ഇവിടെ തന്നേയാ. ദാ.. ആ വലത്ത് വശത്തെ ചുവന്ന മാര്‍ക്ക് ചെയ്ത മുറി. അങ്ങോട്ട് വന്നാല്‍ മതി. ഞാന്‍ അവിടെയുണ്ട്”
അതും പറഞ്ഞ് അയാള്‍ നടന്ന് നീങ്ങി.
“ചുവന്ന മാര്‍ക്ക് ചെയ്ത മുറി” മനസ്സില്‍ തട്ടിയ വാക്കുകള്‍. എന്താണ് അയാള്‍ക്ക്‌ അസുഖം എന്ന് ചോദിച്ചില്ല അമ്മയുണ്ടെങ്കില്‍ എല്ലാം ചോദിച്ചറിയും എനിക്ക് അതിഷ്ട്ടമല്ലതാനും. എന്തായാലും അയാള്‍ക്ക്‌ വലിയ അസുഖങ്ങളൊന്നും ഇല്ലെന്ന്‌ തോന്നുന്നു. മനസ്സിനെ അങ്ങിനെ ധരിപ്പിച്ച് തിരിഞ്ഞ് കട്ടിലില്‍ ഇരുന്നു. സമയം നീങ്ങി. പുറത്ത് പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നു. ഇപ്പോള്‍ ജാലകത്തിലൂടെ ചുവന്ന കവിളുള്ള ആകാശത്തെ കാണാം. നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍.

ഒരാഴ്ചത്തെ ഇന്‍ക്ഷന്‍ കഴിഞ്ഞാല്‍ ഇവിടം വിടണം. ഇനിയുള്ള ആറുമാസം സ്വസ്ഥമാണ്.
മുമ്പ് ഓപറേഷന്‍ ചെയ്‌ത് നീക്കിയ രോഗം വീണ്ടും വരാതിരിക്കാനുള്ള മുന്‍കരുതലാണ് ഇതെല്ലാം.
എന്തിന്.. ആര്‍ക്കു വേണ്ടി.. എന്ന് അമ്മയോട് പല തവണ ചോദിച്ചതാണ്..  നിറയുന്ന അമ്മയുടെ കണ്ണുകള്‍ കാണാന്‍ വയ്യ. അതുകൊണ്ട് മാത്രം എല്ലാം സമ്മതിക്കുന്നു ..

ഓര്‍മ്മകള്‍ക്ക് വീണ്ടും വിരാമമിട്ട് വാതിലില്‍ വീണ്ടും മുട്ട്.
അമ്മ.
“കിടന്നില്ലേ നീ...”
“ഇല്ല.. അമ്മ എന്തെ ഇത്ര വൈകിയെ”
“ഞാന്‍ വന്നിട്ട് കുറച്ച് നേരമായി മോളെ. ദാ.. ആ വലത്ത് വശത്തെ ആ ചുവന്ന മാര്‍ക്ക് ചെയ്ത മുറി, അവിടെ ഒരാള്‍ക്ക്‌ എന്തോ അസുഖം കൂടിയെന്ന് തോന്നുന്നു. പെട്ടന്നു സ്‌ട്രെച്ചറില്‍ കൊണ്ട് പോകുന്നത് കണ്ട് നോക്കി നിന്നതാ..”
"ചുവന്ന മാര്‍ക്ക് ചെയ്ത മുറി" കേട്ടതും മനസ്സില്‍ നീല ഷര്‍ട്ട് ധരിച്ച അയാളുടെ മുഖം തെളിഞ്ഞു.
അപ്പോഴാണ്‌ അമ്മയുടെ വാക്കുകള്‍ വീണ്ടും വന്നത് .
“ജീവിതത്തിലേക്ക് അയാള്‍ക്ക് ഇനി തിരിച്ച് വരാന്‍ കഴിയില്ലത്രേ.!  മൂന്നുമാസമായി ചികിത്സ. ഇന്ന് ഡോക്ടര്‍ അയാളോട് പറഞ്ഞതാ ഇഷ്ട്ടംപോലെ പുറത്തൊക്കെയോന്ന്‍ നടന്ന് വരാന്‍”
അയാള്‍ക്കെന്താമ്മേ രോഗം....?”
"രക്തത്തില്‍ ക്യാന്‍സര്‍..!”

അമ്മയുടെ ചുണ്ടുകളില്‍ നിന്നുതിര്‍ന്ന വലിയ വാക്ക് ഹൃദയത്തെ കുത്തി കീറി. ധൃതിയില്‍ വാതിലിനടുത്ത് ചെന്ന് പുറത്തേക്ക് എത്തിനോക്കി. വരാന്തയുടെ അങ്ങേ അറ്റത്തേക്ക് നോക്കുമ്പോള്‍ ചുവന്ന മാര്‍ക്ക് ചെയ്ത മുറിയുടെ വാതില്‍ തുറന്ന് കിടന്നു.
തിരിച്ചു കട്ടിലില്‍ വന്നിരിക്കുമ്പോള്‍ അയാള്‍ തന്ന പുസ്തകത്തിലേക്ക് കണ്ണോടിച്ചു. നാല് പുസ്തകത്തില്‍ ഒന്നില്‍ ചുവന്ന വലിയ അക്ഷരത്തില്‍ എഴുതിയത് വായിച്ചു.
‘ക്യാന്‍സര്‍ രോഗവും പ്രധിവിധികളും‘
കണ്ണുകളില്‍ അറിയാതെ നനവ്‌ പടര്‍ന്നു.
എങ്കിലും വീണ്ടും പുഞ്ചിരിയോടെ എന്‍റെ മുന്നില്‍ പുസ്തകങ്ങളുമായി വരുന്ന അയാളേയും കാത്ത് ഞാന്‍ കട്ടിലില്‍ കിടന്നു.