Saturday, October 29, 2011

മഞ്ഞിൽ വിരിഞ്ഞ നൊമ്പരം

ഇരുട്ടിന്റെ മൂടുപടം മാറ്റിയെത്തുന്ന നനുത്ത പുലരിയുടെ സൌന്ദര്യം നോക്കി കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നു. തണുപ്പുകാലത്ത് ഊട്ടിയിലേക്കുള്ള യാത്ര വീട്ടുകാര്‍ മുടക്കിയതാണ്‌. അതൊന്നും വകവെക്കാതെ പുറപ്പെടുമ്പോള്‍ തണുപ്പിന് ഇത്രക്ക് കാഠിന്യം ഉണ്ടാകുമെന്നത് ഓര്‍ത്തില്ല. പുറത്തെ കാഴ്ചകളെ മറച്ച് വണ്ടിയുടെ ഗ്ലാസ് നിറയെ മഞ്ഞു പൊതിഞ്ഞിരിക്കുന്നു. കണ്ണുകളില്‍ തെളിഞ്ഞ അവന്റെ മുഖവും മഞ്ഞുത്തുള്ളികള്‍ മറച്ചപോലെ. ഒരു നിമിഷം ഓര്‍മ്മകള്‍ അവനില്‍ നിന്നും തെന്നിമാറി മഞ്ഞിന്റെ ഭാവങ്ങളിലേക്ക് നീണ്ടു. മഞ്ഞിന് രതിയുടെ ഭാവം ഉണ്ടെന്നു പറഞ്ഞു തന്ന കവികളെ ഓര്‍ത്തു. ഈ മഞ്ഞിന്റെ തണവും രതിഭാവവും കണ്ടാല്‍ ആര്‍ക്കാണ് കവിത എഴുതാന്‍ കഴിയാതിരിക്കുക. സ്വപ്നങ്ങളുടെ കൊളുത്തുകളഴിഞ്ഞ് മഞ്ഞ് വീണ ചില്ല് ജാലകത്തിനപ്പുറത്തേക്ക് എന്റെ മിഴികള്‍ പാഞ്ഞു, ദൂരെ വളരെ ദൂരേക്ക്.

പുഞ്ചിരിക്കുന്ന ആ മുഖം എന്റെ കൂടെ ഉണ്ടായിട്ടും ഈ മിഴികള്‍ എന്തിനു വെപ്രാളം കാട്ടുന്നു. മനസ്സ് കളിയാക്കി. ഒരിക്കല്‍ അവന്‍ പറഞ്ഞതല്ലേ
"നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോള്‍ പതിയെ ശരീരം തളര്‍ത്തിയിടുക, പിന്നീട് മിഴികളടക്കുക. ഉണ്ടാകും ഞാന്‍ നിന്റെ മിഴി മുന്നില്‍"
അതെ അവനുണ്ട്, എന്റെ മിഴിയില്‍, എന്റെ പുഞ്ചിരിയില്‍, എന്റെ ശരീരത്തിന്റെ ഓരോ അവയവങ്ങളിലും. അവനെയോര്‍ക്കാത്ത നിമിഷങ്ങള്‍ പോലും എന്നിലുണ്ടോ..? ഒറ്റക്കിരിക്കുമ്പോള്‍ നിമിഷങ്ങളോട് ഞാന്‍ പതിയെ പറയുമായിരുന്നു 'നിങ്ങളെന്റെ ഹൃദയത്തെ അവനിലേക്ക്‌ അടുപ്പിക്കാതിരിക്കുമെങ്കില്‍ എനിക്ക് വേദനകളെ പുല്‍കേണ്ടിയിരുന്നില്ല'. കടിച്ചമര്‍ത്തുന്ന വേദനകള്‍ക്ക് പരിധിയില്ലേ..?

കവിത എഴുതാന്‍ മനസ്സ് വെമ്പി. ബാഗ്‌ തുറന്ന് പേന കയ്യിലെടുത്ത് കൂടെ കൊണ്ട് നടക്കുന്ന ഡയറിയുടെ പുതിയ താള്‍ തിരയുമ്പോഴാണ് തലഭാഗം നുരുമ്പി തുടങ്ങിയ പ്രണയ നൈരാശ്യം തന്ന പഴയൊരു കവിത കണ്ണില്‍ പെട്ടത്. എന്റെ പ്രണയം അവനോടു പറയാന്‍ എഴുതിയ കവിത. അതിന്നും ഈ ഡയറിക്കുള്ളില്‍ സുഖമുള്ളൊരു ഓര്‍മയായി പതിഞ്ഞു കിടക്കുന്നു. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് വേദനിക്കുന്ന മനസോടെ അതെടുത്ത് വായിച്ചു.

നിമിഷങ്ങള്‍ തരുന്ന ശ്വാസ മിടിപ്പിനേക്കാള്‍ കൂടുതലായിരുന്നു
എന്നുള്ളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍.
നീയായിരുന്നു ഈ ഹൃത്തടം മുറിവേല്‍പ്പിച്ചത്
നിന്നെയായിരുന്നു ഞാന്‍ മോഹിച്ചതും
സുഗന്ധമുള്ള പൂക്കള്‍ക്കിടയില്‍ നിന്നും
നിന്നെ മാത്രം നുള്ളിയെടുക്കാന്‍
എന്റെ ഹൃത്തില്‍ പൂക്കളെക്കാളേറെ പരിമളം നിനക്കായത് കൊണ്ട്..
ഞാന്‍ ആ മനസ്സ് വിലക്കെടുത്തു
എന്നെ നിനക്കായി സമര്‍പ്പിക്കാന്‍ കൊതിച്ചു
നിമിഷങ്ങള്‍ കൊണ്ട് ബാഹ്യ ശരീര കവചങ്ങളെ മറികടന്ന് എന്റെ മനസ്സ് നിന്നരികിലെത്തുന്നു.
പ്രണയം അതൊരു സുഖമാണ്
അനുഭൂതിയുടെ നെറുകയില്‍ നിന്നും ശാന്തമായി താഴോട്ട്‌ പതിക്കുന്ന പനിനീരരുവി പോലെ ....
ദുഖങ്ങള്‍ക്ക്‌ ഔഷധമാണ്.
വയ്യാ എനിക്കതിനെ വർണ്ണിക്കാന്‍ ആവില്ലാ
ഞാനിപ്പോള്‍ എന്റെ ഹൃദയം പറിച്ചെടുത്ത് നിന്റെ ചുണ്ടുകളിലേക്ക്‌ നല്‍കാം
നീയതില്‍ നീയാകുന്ന അമൃത് പകര്‍ന്നു തിരികെ നല്‍കിയാലും ..
ഞാനിതാ കണ്‍കള്‍ നട്ട് കാത്തിരിക്കുന്നു.
എന്റെ ശ്വാസം നിലക്കും മുന്‍പ് എന്നരികിലെത്തുമെന്നു നിനച്ച്
വരുമോ എന്നരികെ.. അതോ
അടര്‍ന്നു വീഴുന്ന കരിയിലകള്‍ പോലെ ഞാന്‍ നിലം പതിക്കുമോ...

വായിച്ച് തീരും മുമ്പേ കണ്മുനകള്‍ നിറഞ്ഞു കവിഞ്ഞു. അന്നൊരു നാള്‍ അവനു നല്‍കാന്‍ വേണ്ടി എഴുതിവെച്ചതായിരുന്നു. കോളേജിലെ ഹീറോയായ അവനെ കണ്ണെറിയാന്‍ പോന്ന സൌന്ദര്യം എനിക്കില്ലായിരുന്നിരിക്കാം... എന്നിട്ടും പിന്നെന്തിനു അവനെന്നെ ചിരിപ്പിച്ചു, കരയാന്‍ അനുവദിക്കാതിരുന്നു, വേദനകളെ അവന്റെ വേദനകള്‍ കൊണ്ട് കഴുകികളഞ്ഞു. മറ്റുള്ള കുട്ടികള്‍ അവനോട് കൊഞ്ചിക്കുഴയുമ്പോള്‍ എന്റെ നെഞ്ചു പിടക്കുന്നത്‌ അവനറിയാമായിരുന്നു. എങ്കിലും കണ്ണന് രാധ പോലെ ആ മനസ്സില്‍ ഞാനുണ്ടെന്ന് വെറുതെ വ്യാമോഹിച്ചു. മോഹങ്ങള്‍ നമുക്ക് സ്വന്തമാണല്ലോ. അതിനു ആരുടെയും അനുവാദം വേണമെന്നില്ലല്ലോ.
ഇല്ല, എന്നാലും കാലങ്ങള്‍ അതിന്റെ പ്രഭയെ ഒതുക്കും, മനസ്സിനെ തളര്‍ത്തും, കാലം തുള്ളിച്ചാടി നീങ്ങും. അങ്ങനെ തന്നെ സംഭവിച്ചു. പഠനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഞാന്‍ അവനെ വിളിച്ചതാ.... ആ സംസാരത്തില്‍ സന്തോഷമോ ദുഖമോ പ്രകടമല്ല. എല്ലാം ഒരു തുടച്ചു നീക്കല്‍ പോലെ...
ഇനി ഈ യാത്രയും അവനിലേക്കെത്തുമ്പോള്‍ എന്നെ കയ്യൊഴിയുമോ? മനസ്സ് വെറുതെ തേങ്ങി. ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായി. പെട്ടെന്നായിരുന്നു വണ്ടി നിന്നത്. കണ്ണട ശരിക്ക് വെച്ച് പുറത്തേക്കു നോക്കി. ഡ്രൈവര്‍ അകത്തേക്ക് തല ചെരിച്ച് പറഞ്ഞു.
"മാഡം, ഇവിടെ ഇറങ്ങി അല്പം ചായ കഴിച്ചു ഫ്രഷ്‌ ആയിട്ട് പോകാം"
അല്‍പ സമയം ചിന്താമണ്ഡലത്തെ വെറുതെ വിട്ടു. ഇന്നിലേക്ക്‌ മനസിനെ കയറിട്ടു പിടിച്ചു.

കടയിലെ ചാരുബഞ്ചില്‍ തലവെച്ചു പതിയെ ഇരുന്നു. അകത്തു നിന്നും കലപില കൂട്ടുന്ന കുട്ടികള്‍. തലയ്ക്കു പെരുക്കം കൂടുന്ന പോലെ.
"എങ്ങനെ ഇവരെ സഹിക്കുന്നു"
പുഞ്ചിരിച്ചു കൊണ്ട് ചായ കടയിലെ സ്ത്രീ പറഞ്ഞു.
"ഇല്ല അവര്‍ ഇവിടെ ഉണ്ടാകാറില്ല. ഇന്ന് നേരത്തെ മഞ്ഞ് വീഴ്ച കണ്ട് കുന്നു കയറിയതാ. അല്ലെങ്കില്‍ താഴെ തന്നെ. എന്നും തനിച്ചാ അമ്മയെ കിട്ടാറില്ല. ഈ ചായക്കടേല്‍ വല്ലതും കാച്ചി കാശാക്കിയാലെ ഇവര്‍ക്ക് വിശപ്പടക്കാനൊക്കൂ.."
"ഇവിടുത്തെ കുട്ടികളാ മൂന്നും?"
"തന്തയില്ലാത്തത് രണ്ടെണ്ണം. ഒന്നാരോ പെറ്റിട്ടുപേക്ഷിച്ചതും. എന്റെ കാലം കഴിയോളം കൊള്ളാം.. അന്തസുള്ള തറവാട്ടിലേതാ.. കണ്ടാലറിഞ്ഞുടെ.. ഇവിടെ വരുന്നോരോടും പോകുന്നോരോടും ഞാന്‍ ഉത്തരം പറഞ്ഞ് മടുത്തു. കൊടശീല പോലെ കറുത്ത എന്റെ വയറ്റില്‍ ജനിക്കോ ഇങ്ങനൊരു പൊന്നും കുടം".
വാ തോരാതെ സംസാരിക്കുന്ന ഇവരോട് പുഞ്ചിരിച്ച് ചോദിച്ചു,
"മുനിയാണ്ടിയെ അറിയാമോ..?"
ഇല്ലെന്നവര്‍ തലയാട്ടി. അമ്മ പറയുന്നത് കേട്ടാകും കുട്ടികള്‍ മൂന്നു പേരും വാതില്‍ കട്ടിലും ചാരി എന്നെ നോക്കി നിന്നു. രണ്ട് ആണ്‍ കുട്ടികള്‍ക്ക് നടുവിലായി നില്‍കുന്ന പെണ്‍കുട്ടി. ഐശ്വര്യമുള്ള മുഖം കട്ടിയുള്ള കറുത്ത കണ്‍ പീലികള്‍ വെളുത്ത് തുടുത്ത അവളുടെ മുഖത്തിന് സൌന്ദര്യം കൂട്ടിയ പോലെ...
അവളെ തന്നേ നോക്കി നില്‍ക്കുന്നത് കണ്ടാകും അവള്‍ ആണ്‍ കുട്ടികളുടെ പിന്നിലേക്ക്‌ ഒളിച്ച് നിന്നു.
"ഇവളാണോ ഇവരെക്കാളും ചെറുത് ?"
ആ സ്ത്രീ ചിരിച്ചു കൊണ്ട് അതെയെന്നു തലയാട്ടി.

ഈ കുഞ്ഞിന്റെ അമ്മ ആരായിരിക്കും..? എന്തിനായിരിക്കും അവരതിനെ ഉപേക്ഷിച്ചത്..? എന്റെ മനസ്സില്‍ വരുന്ന പൊട്ടത്തരങ്ങള്‍ക്ക് പണ്ടേ പരിധിയില്ലാത്തതാണ്. പണ്ട് ഇതുപോലെ ഒരു സംഭവമുണ്ടായത് ഓര്‍മവന്നു.
ഊട്ടിയിലെ സ്കൂളില്‍ പഠിച്ചിരുന്ന കാലം. ഒരു വൈകുന്നേരം അച്ഛനുമൊത്ത് മടങ്ങുമ്പോഴാണ് ആ കാഴ്ച കണ്ണില്‍ പെട്ടത്. റോഡരികില്‍ ഒരു മധ്യ വയസ്ക ഒരു ബാഗ്‌ ഉപേക്ഷിച്ചു ധൃതിയോടെ വാഹനത്തില്‍ കയറി പോകുന്നു. ബാഗില്‍ നിന്നുള്ള കരച്ചില്‍ കേട്ട്‌ ഞങ്ങള്‍ വണ്ടി നിര്‍ത്തി. അങ്കലാപ്പോടെയാണെങ്കിലും അച്ചന്‍ ബാഗ്‌ തുറന്നു. അത്ഭുതം തോന്നാതിരിക്കുമോ കൈകലുകളിട്ടടിക്കുന്ന മുന്ന് മാസം പ്രായം തോന്നിക്കുന്ന സുമുഖനായൊരു കുഞ്ഞ്. കുഞ്ഞിനെ വാരിയെടുത്ത് അമ്മയുടെ കൈകളില്‍ കൊടുത്തു. നോക്കിയിരിക്കാന്‍ പോന്ന സൌന്ദര്യം ഉണ്ട് എങ്കിലും അമ്മക്കതിന്റെ കരച്ചില്‍ ഒതുക്കാന്‍ പാടുപെടേണ്ടി വന്നു. പിന്നീട് വണ്ടിയില്‍ കുഞ്ഞുമായി അല്‍പം ദുരെ യാത്ര ചെയ്ത ശേഷമാണ് ചായകടക്കാരന്‍ മുനിയാണ്ടിയെ കണ്ടെത്തിയത്. അയാളോട് കാര്യം വിവരിച്ച് തല്‍ക്കാലം കുഞ്ഞിനെ അയാളെ ഏല്പിച്ചു നാട്ടിലേക്ക് മടങ്ങി. പിന്നെ ഈ വഴിക്ക് പോകുമ്പോഴെല്ലാം മുനിയാണ്ടിയെ ആന്വേഷിചെങ്കിലും കണ്ടെത്തിയില്ല. അവനും ഇപ്പൊ വലിയ കുട്ടിയായി ഈ പ്രദേശത്ത് വളരുന്നുണ്ടാകും. കണ്ണില്‍ ഇപ്പോഴും ആ കുഞ്ഞ് രൂപം ഓര്‍മ വന്നു. "എന്താണ് ആലോചിക്കുന്നത്. ചായ തണുക്കും"
ആ സ്ത്രീയാണ് പറഞ്ഞത്. ചായ ഗ്ലാസ് പതിയെ ചുണ്ടോടു ചേര്‍ത്തു ഒരു കവിള്‍ കുടിച്ചു. ചുടുള്ള ചായക്ക് ശരീരത്തെ ഉണര്‍ത്താനുള്ള കഴിവുണ്ട്.എനിക്കും ഉന്മേഷം കിട്ടി. കുഞ്ഞ് സുന്ദരിയുടെ കയ്യില്‍ ഒരു പത്ത് രൂപയുടെ നോട്ട് വെച്ച് കൊണ്ട് അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി.

ഡ്രൈവര്‍ വണ്ടിയില്‍ കയറി. തണുപ്പ് കൂടി വരുന്നു. വണ്ടി വീണ്ടും മുന്നോട്ട് പാഞ്ഞു. തേയില തോട്ടങ്ങളുടെ ഹരിത മനോഹാരിത കണ്ണുകളെ സന്തോഷതിലാഴ്ത്തി. മനസ്സിപ്പോഴും ചെറു ചൂടുള്ള വറ ചട്ടിപോലെ.. ഏകാന്തതയിലേക്കെപ്പോഴും പാഞ്ഞെത്തുന്ന അവന്റെ മുഖം വീണ്ടും തെളിഞ്ഞു. ഇനി ഞാന്‍ അവിടെ എത്തുമ്പോള്‍ എന്താവും അവന്റെ പ്രതികരണം. അറിയില്ല, എന്നെ അവഗണനയോടെ തള്ളിപ്പറയാതിരുന്നാല്‍ മതിയായിരുന്നു. ഒരു പ്രദേശത്തിന്റെ കൊടും വരള്‍ച്ചയിലേക്ക് ഉറ്റി വീഴുന്ന ജലത്തുള്ളി പോലെയാണെന്റെ മനസ്സില്‍ അവനു സ്ഥാനം. ആ നീരുറവ അടച്ചു വെച്ചാല്‍ ജലം കിട്ടാതെ മരിക്കുന്ന അനേകായിരം ജനങ്ങളുടെ മനോവിഷമം ഒന്നിച്ചനുഭവിക്കേണ്ടി വരുന്നതെത്രയോ അത്രയും വേദനയായിരിക്കും അവനില്‍ നിന്നുള്ള അവഗണന. ക്ഷമ നല്ലവണ്ണം വേണം. മനസ്സിനെ പിടിച്ചു നിര്‍ത്തണം.
എന്നില്‍ കാണാത്ത ഗുണങ്ങള്‍ മറ്റൊന്നില്‍ കണ്ടിട്ടാകണം അവൻ... അറിയില്ല ഞാനവനോട് മനസ്സല്ലാതെ മറ്റൊന്നും ഒരിക്കലും ആവശ്യപ്പെട്ടില്ല. നിഷ്കളങ്കമായ ആ മനസ് അതിലുടെ ഞാനെന്റെ സന്തോഷം കാണുന്നു. സങ്കടങ്ങളെ മറക്കുന്നു. ഇനി എല്ലാം തന്റേടത്തോടെ നേരിടണം. അവന്‍ എന്നെ കൈവെടിഞ്ഞാലും ഞാന്‍ കരയില്ല. പക്ഷെ.. എന്റെ അവസാന ആഗ്രഹമായി ആ കണ്ണുകളില്‍ നോക്കി ഇരിക്കാന്‍ എനിക്ക് മാത്രമായി ഒരു അര മണിക്കൂര്‍ സമയം അനുവദിച്ചു തന്നെങ്കില്‍ ... എന്റെ ഈ മനസ്സ് പൊഴിഞ്ഞു കൊണ്ടിരിക്കുന്ന മഞ്ഞു കണങ്ങളെക്കാളും തണുത്തുറഞ്ഞു പോകും. അതെന്റെ ശ്വാസമിടിപ്പ് നോര്‍മലാക്കും. ചിന്തകളെ വിദൂരതയിലേക്ക് തളളും. ഞാന്‍ എനിക്കായി മാത്രം കിട്ടിയ നിമിഷങ്ങളെയോര്‍ത്തു കാലം തള്ളി നീക്കും.
എല്ലാം ഉള്ളിലൊതുക്കി സംഭവിക്കുന്നതെന്താകുമെന്നറിയാതെ.. എന്റെ ശരീരം വഹിച്ചു വണ്ടി നീങ്ങി കൊണ്ടിരുന്നു....

Sunday, October 09, 2011

എന്റെ പൊന്നമ്പിളി

ഭൂമിയിലെ ജീവ ജാലങ്ങളെ കുളിരണിയിക്കാന്‍ നീ വരുമെന്ന സന്ദേശത്തോടെ... സപ്തവർണ്ണങ്ങളണിഞ്ഞ് അംബരം ചുംബിച്ച് മിഴികളില്‍ വര്‍ണ്ണ രാജി തീര്‍ക്കുന്ന രൂപവുമായി വന്നെത്തിയ മഴവില്ല്. നിനക്ക് അകമ്പടിയായി വന്നെത്തുന്ന കാറ്റിന്റെ ശീല്‍ക്കാരങ്ങള്‍. നിന്റെ വരവിന്റെ ശക്തിയും ദൃഡതയും അറിയിച്ചെത്തുന്ന മിന്നല്‍ പിണരുകള്‍, ഇടി മുഴക്കങ്ങള്‍ .
മന്ദഹാസ ചിരി തൂകി മണ്ണിന്‍ മാറിലേക്ക്‌ സാന്ദ്രചുംബനമേകാനണയുന്ന നിന്നെ വരവേല്‍ക്കാന്‍ വികാര തരളിതയായ് വാതില്‍ കോണിലൊളിക്കുന്ന കാമുകിയെ പോലെ കുഞ്ഞ് പൂക്കളും, മരങ്ങളും. നിന്റെ സന്ദേശ വാഹകന്റെ സൌന്ദര്യത്തില്‍ മനം കുളിര്‍ന്ന ആകാശത്തിലെ മേഘപാളികള്‍ കറുത്ത തട്ടം കൊണ്ട് മുഖം മറച്ച് ഒളിഞ്ഞ് നോക്കുന്നു. വറ്റി വരണ്ട പുഴ മാറ് പിളര്‍ത്തി നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കാണിക്കുന്നു. ഇനിയും കാത്ത് നില്‍ക്കാതെ വിഹായസ്സിന്റെ വിരിമാറ് വിട്ട് നീ വരിക. തണുത്തുറയുന്ന നിന്റെ കരവലയങ്ങള്‍ നീട്ടി സംഗീത മൊരുക്കി താള ലയ ശ്രുതിയോടെ, ജീവജാലങ്ങളുടെ ശരീരത്തിലൂടെ ഭൂമിയുടെ സുന്ദരമായ മാറിടത്തിലേക്ക് നീ പതിക്കുക. നിന്റെ സ്പര്‍ശനമേറ്റ് ഉയിര്‍ത്തെഴുനേല്‍ക്കുന്ന കുഞ്ഞ് സസ്യങ്ങള്‍, അവരുടെ പുഞ്ചിരികള്‍ കാണാന്‍ എത്ര സുന്ദരമാണ്‌. ജല മുത്തുകള്‍ തന്റെ മെയ്യിലണിഞ്ഞു അഹങ്കാരത്തോടെ നില്‍ക്കുന്നത് കാണുമ്പോള്‍ മനുഷ്യ മനസ്സുകളും സന്തോഷാധിക്യത്താല്‍ പുളകിതമാവുന്നു. നീയെന്ന സംഭരണി കനിഞ്ഞരുളിയാല്‍ നിറഞ്ഞ മനസോടെ കൊലുസ്സ് കിലുക്കിയൊഴുകുന്ന അരുവികള്‍, ശാന്തതയോടെ ഒഴുകുന്ന പുഴകള്‍, കിണറുകള്‍. എല്ലാം നിന്നിലൂടെ സമ്പൂർണ്ണരാകുന്നു. ഹോ..! നാടും വീടും തൃപ്തിയാക്കി കുളിരണിയിച്ച് നീ യാത്രയാകുമ്പോള്‍ വിരഹാകുലയായ കാമുകിയെ പോലെ ഭൂമീദേവി കുളിച്ചീറന്‍ മാറി നിന്നെ യാത്രയാക്കുന്നു. അവളുടെ മുഖം നനുത്ത പനനീര്‍ മലർ പോലെ തുടുത്തു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. കുളിരണിഞ്ഞ ഭൂമിയെ നോക്കി രചിക്കുന്ന കഥകളും കവിതകളും നിന്റെ നൈർമല്ല്യത്തിന്റെ സുഖമറിയിക്കുന്നതാകുന്നു. ദേഷ്യം വിട്ട് മാറിയ അംബരം, കറുത്ത പുടവ മാറി അവള്‍ പ്രകാശത്തെ തുറന്നു വിടുന്നു. പ്രകാശത്തിന്റെ ആഗമനം ജീവ ജാലങ്ങള്‍ ഭൂമിയോട് സങ്കടമുണര്‍ത്തും മുമ്പേ ഇനിയും നീ വന്നണയുക. പച്ചിലകള്‍ വാടും മുമ്പേ..പുഴ വരളും മുമ്പേ.. മനുഷ്യന്‍ ഉഷ്ണം കൊണ്ട് വാടിത്തളരും മുമ്പേ...

മഴ...!
എത്ര വര്‍ണിച്ചാലും തീരാത്ത സൌന്ദര്യമാണതിന്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ് തന്റെ നാട്ടിലെത്തിയതിന്റെ സന്തോഷം. മഴക്കാലത്തിന്റെ കുളിരണിഞ്ഞ ഭുമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞ ഭാഗ്യവതിയായ് മുറ്റത്തേക്കിറങ്ങി മഴയില്‍ കൊതി തീരുവോളം നടന്നു. മുറ്റത്ത് ചിതറിയിട്ട മെറ്റല്‍ തരികള്‍ മഴത്തുള്ളികളില്‍ തട്ടി ചിതറുന്നു. തന്റെ ശരീരത്തെ കുളിരണിയിച്ചു താഴേക്ക്‌ പതിക്കുന്ന മഴയുടെ വികാരം ഞാനറിഞ്ഞു. മഴ മനസ്സിന്റെ വേദനയെ കഴുകി കളഞ്ഞുവോ? മനസ്സ് വേദനിക്കുംമ്പോഴാണല്ലോ ഈ പെരുമഴ വന്നത്. തന്നെ കുളിരണിയിക്കാന്‍ വന്ന മഴയോടെനിക്ക് പ്രണയം. മഴ ഒരു കാമുകനെ പോലെ കെട്ടി പുണരുന്നില്ലേ? സംഗീതം ആലപിക്കുന്നില്ലേ? സന്തോഷം തരുന്നില്ലേ? പിന്നെന്തിനു താമസിക്കണം. അതെ മഴയോടെനിക്ക് കടുത്ത പ്രണയം. ഈ തളിരണിഞ്ഞു നില്‍ക്കുന്ന ഭൂമിയോടും. കിളികളും പൂക്കളും കിണറും കുഴിയും ചാടി നടന്ന് പുല്‍നാമ്പുകള്‍ തലോടി പറമ്പിലൂടെ ഓടി കളിക്കാന്‍ പ്രായം ഒരു പ്രശ്നമത്രേ. കുട്ടിത്തം, അതെന്റെ നഷ്ട്ടങ്ങളില്‍ ഒന്ന്.
"ഹേയ്.. കുഞ്ഞാന്നാ വിചാരം. ഇപ്പോഴുമൊരു കളി"
"വേണ്ട അയിശുമ്മാ.. നാടിന്റെ മനോഹാരിത ഞാനൊന്നു ആനന്ദിച്ചോട്ടെ. ആര്‍ക്കും ഒരു നഷ്ട്ടോം ഇല്ലല്ലോ.."
"ന്നാലും ന്റെ കുട്ട്യേ... തല നനഞ്ഞാല്‍ പനി വരും. പിന്നെ അതൊരു പുലിവാലാകും. അപ്പണ്ടാകൂല ഈ മഴക്കിന്നാരം"
അയിശുമ്മ മുറുക്കിമൂളി പാത്രം കഴുകാന്‍ തുടങ്ങി.

പതിയെ പതിയെ മഴ മാറിത്തുടങ്ങി. മക്കളെല്ലാം അകത്തു കളിയിലാണ്. അവര്‍ക്ക് മഴയോടെന്നും വെറുപ്പ്‌. ചെളിയാകും, ഡ്രസ്സ്‌ നനയും എന്നിങ്ങനെ പരിഭവങ്ങള്‍. ഫ്ലാറ്റ് ജീവിതം മാത്രമറിഞ്ഞ കുഞ്ഞുങ്ങള്‍ മുക്കുറ്റിയും തുമ്പയും കണ്ടാല്‍ "ഒരു രസോല്ല്യ, തൊക്കെ നോക്കാൻ ഉമ്മാക്ക് വട്ടാ" എന്ന് പറയുന്ന ഈ കാലം. ഞാനെതിര്‍ക്കാന്‍ പോയില്ല. ചെറിയവള്‍ക്കല്പം നാട്ടു പ്രേമം ഉണ്ട്. കിട്ടിയതും കണ്ടതുമെല്ലാം ചോദിക്കും. അവള്‍ക്കു കാണേണ്ടത് ഉമ്മ കുഞ്ഞില്‍ ചോറ് തിന്നാന്‍ ഉമ്മാമ്മ കാട്ടിതന്ന അമ്പിളിയെയാണ്.
"ഹും കാണിക്കാം രാത്രിയാവട്ടെ ട്ടാ" സമാധാന വാക്ക് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു
"സമയം അന്തിയാമ്പോഴേക്ക് ഈ പെണ്ണ് ഉറങ്ങുലെ" ആയിശുമ്മ യുടെ ഓര്‍മപ്പെടുത്തല്‍.
അതെ മുവന്തിക്ക് ഉറക്കം നല്ലതല്ല. എത്ര പറഞ്ഞാലും അതുറങ്ങും. പിന്നെങ്ങനെയാ അമ്പിളി കാണുന്നെ.
"ഉമ്മാക്ക് ചോറ് തിന്നാന്‍ ഉമ്മാമ്മ എത്രോട്ടം അമ്പിളിയെ കൊണ്ടു തന്നു. നിക്കെന്താ അമ്പിളിയെ തരാത്തെ"
"തരാലോ, മൂവന്തിയാകട്ടെ"

എന്നെ താരാട്ടിയ കൈകളും ചോറുതന്ന അമ്പിളിയും നിറസനിധ്യമായ എന്റെ നാട്. സന്തോഷം കളിയാടുന്ന എന്റെ വീട്. എല്ലാം ഒരു സൌഭാഗ്യം പോലെ ആസ്വദിച്ച് കഴിയാനുള്ള ദിനങ്ങള്‍ അപൂര്‍വ്വം. അതില്‍ കൂടുതല്‍ നിറ സ്നേഹമായ എന്റുമ്മയെ കണ്ണ് നിറച്ചു കാണാനുള്ള അവസരങ്ങള്‍. അയലത്തെ വീട്ടിലെ ശാരദ ചേച്ചീടെ വീട്ടിലെ പശുന്റെ പാലുകറക്കാനും ആഗ്രഹം. അകിട് കഴുകി സ്നേഹത്തോടെ പശുനെ തലോടി അവളുടെ പാല്‍ കറക്കുമ്പോള്‍ പിറന്ന നാടിന്റെ ഒരു സുഗന്ധം. വയ്യ എനിക്കിനി വര്‍ണ്ണിക്കാന്‍. എഴുതാനുള്ള ത്വര മനസ്സിനെ വട്ടാക്കും. എനിക്കിനി ആസ്വദിക്കാനല്ലാതെ ഭാവനയില്‍ മോഹങ്ങള്‍ പടുത്തുയര്‍ക്കാന്‍ കഴിയുമോ.

വര്‍ഷങ്ങള്‍ ഒരുപാട് മുമ്പേ ഞാന്‍ നാട്ടില്‍ ഉണ്ടായെങ്കിലും യാത്രകള്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം അതും സാധിച്ചെടുത്തു. മഴയും., യാത്രയും.. ഹോ..! അനുഭൂതികളുടെ നെറുകയിലായിരുന്നു ഞാന്‍. എന്റെ നാട്ടിലെ നയന മനോഹരമായ കാഴ്ചകളെല്ലാം ഒപ്പിയെടുത്തെന്റെ മനസ്സിപ്പോള്‍ കൌമാരത്തിന്റെ എടുകളിലേക്ക് എടുത്തു ചാടുകയാണ്. മുറ്റത്ത് മഴ നനഞ്ഞ വിറകു കൊള്ളികള്‍ ഇറയത്ത്‌ ചാരി വെക്കുമ്പോള്‍ ആയിശുമ്മ പറഞ്ഞു
"ദേ മോളെ, അമ്പിളിമാമന്‍ വരുമ്പോഴേക്കും പെണ്ണുണ്ണിയെ ഉണർത്ത്. ഒരു പാത്രം ചോറും എടുത്തോ. എന്നിട്ടൊരു പാട്ടും പടി അതിനങ്ങ് കൊടുക്ക്"
ശരിയാണല്ലോ, നേരം മുവന്തിയകുന്നു. അമ്പിളി അമ്പരത്തില്‍ തേങ്ങാ പൂള് പോലെ നിറഞ്ഞു നില്‍ക്കുന്നു. എന്റെ കൊതിയൂറും നോട്ടം കണ്ടിട്ടാകാം അവള്‍ മേഘക്കീറിനുള്ളില്‍ മറഞ്ഞു. കണ്ണ് മിഴിച്ചു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ താഴെ നില്‍ക്കുന്ന ഞാന്‍ എത്രയോ കുഞ്ഞായപോലെ. മനസ്സ് വെറുതെ കൊഞ്ചി, കുഞ്ഞിലെ ഉമ്മ പാടിയ പാട്ട് ഓര്‍ത്തു പോയി
"അമ്പിളിമാമാ കുമ്പളം കുത്തി മാമു ട്ടൂടെ..
മാമു തിന്നാത്ത കുട്ട്യോളെ കാട്ടാന്‍ കത്തി ട്ടൂടെ..."
ഹാവൂ.., ഇത് കേട്ട് പെടിച്ചെത്ര ഉരുള മാമു തിന്നതാ. പണ്ട് ഉമ്മാന്റെ കയ്യിലെ ഉരുളക്ക് വലിപ്പം കുടുതലായിട്ടു കരഞ്ഞപ്പോള്‍ കുഞ്ഞുരുള തരാന്ന് സമാധനപ്പെടുത്തിയതും ഓർമ വന്നു.

ഇല്ല ഇപ്പോഴില്ല, അമ്പിളിയുടെ പാട്ടും കൂത്തുമൊന്നും ഇല്ല. കാലത്തിനൊത്ത് കോലം കെട്ടുന്ന നമ്മള്‍ പണ്ട് പാടിയ പാട്ട് വരെ പാടാന്‍ മടിച്ചു. മഴയെ ആസ്വദിക്കാന്‍ മറന്നു. മഴയില്‍ കളറൊലിച്ച് പോകുന്ന സാരിയെ ഭയന്നു. മഴ കൊണ്ടാല്‍ പനിവരുമെന്നു പഴിചാരി. പാവം മഴയെ വെറുത്തു. കുഞ്ഞു പൂക്കളെ മറന്നു. മുക്കുറ്റിയും, തുമ്പയും, തൊട്ടാവാടിയും, പൂവാന്‍കുറുന്നലും, തുളസിയും പാടെ മറന്നു. വേണ്ട എനിക്ക് അവരെയൊന്നും മറക്കണ്ടാ ഞാനതിലെല്ലാം ആനന്ദം കാണുന്നു. മുറ്റത്തെ കമ്മ്യൂനിസ്റ്റ്‌-അപ്പയിലെ ഇലകള്‍ കാറ്റില്‍ സല്ലപിക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ കാണിക്കുമ്പോള്‍ അവരെന്നെ നോക്കി ചിരിച്ചു പറഞ്ഞു.
"ഉമ്മച്ചീ... ഇതെന്താ സൌദിയില്‍ ണ്ടാവാത്തെ.."
ഹോ എനിക്കഹങ്കാരം വന്നു.
"ഇല്ല മക്കളെ... അത് നമ്മുടെ നാട്ടില്‍ മാത്രാ. നമ്മുടെ മഴ. എല്ലാം നമ്മുടെ അഹങ്കാരാ. നമ്മുടേത്‌ മാത്രം"
പറഞ്ഞു തീര്‍ന്നില്ല ആയിശുമ്മാടെ വിളി
"ദേ മോളെ മാനത്ത് അമ്പിളി. ആ ചെറുതിനെ കാണിക്ക്‌"
പെണ്ണുണ്ണി ഉണര്‍ന്നു കണ്ണ് തിരുമി. അവളെയും കൂട്ടി പുറത്ത് മുറ്റത്തെത്തി അകാശത്തിലോട്ടു കൈ നീട്ടി കാണിച്ചു പറഞ്ഞു
"നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പൊന്നമ്പിളി"
അവള്‍ കണ്ണിറുക്കി പിടിച്ചു ആകാശത്തിലേക്ക് നോക്കി. കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിച്ചു. വാനില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്പിളിയെ പോലെ.