Wednesday, December 22, 2010

എന്റെ ചേറൂര്

എന്റെ ചേറൂര്.
കാടും, തോടും, മാവും, പ്ലാവും, പൂവും, പുല്ലും, വയലും, കുളവും, ഇലഞ്ഞിയും, എല്ലാമെല്ലാം തികഞ്ഞ എന്റെ ചേറൂര്.

അങ്ങാടിയില്‍ നിന്നും ബസ്സിറങ്ങി വലത്തോട്ടുള്ള പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ആദ്യം ചെന്നെത്തുന്ന വളവില്‍ ‘ചെറുവില്‍’ക്കാരുടെ വലിയ നിരതന്നെ കാണാം. മച്ചും, മാളികയും ഉള്ള പഴയ തറവാട്.

വലത് വശത്തെ പുളിമരച്ചുവട്ടില്‍ പഴുത്ത് ഉണങ്ങിയ പുളിയുടെ മനം മയക്കുന്ന വാസന. ഗൈറ്റു തുറന്ന് വേഗം പുളിമരത്തിന്റെ ചുവട്ടിലെത്തി കണ്ണുകള്‍ അങ്ങോട്ടുമിങ്ങോട്ടും പരതി. ഒരുത്തനെയെങ്കിലും കണ്ട് പിടിച്ചു വായില്‍ വെള്ളം വരുത്തിച്ചേ അവിടുന്ന് മടങ്ങുകയുള്ളൂ. പുളിയും പൊളിച്ചുതിന്ന്‍ മടങ്ങുംമ്പോഴാവും അവിടുത്തെ ഉമ്മാമന്റെ ചോദ്യം
“പെണ്ണേ... നീ ഇപ്പൊ വരുന്ന വഴിയാണോ..”
"ഉം..”
“സെക്കിയുണ്ടോ...”
''ഉം... അകത്തുണ്ട് ”
“സക്കീ....... സക്കീ.......”. നീട്ടി വിളിച്ചു
വിളിച്ചതും സെക്കി പുറത്തുവരും.
‘സെക്കി’ ഞാന്‍ അവളെ വിളിക്കുന്ന പേരാണ്. മുഴുവന്‍ പേര്‌ ‘സക്കീന‘
സെക്കിയോടല്‍പ്പം കിന്നാരം പറഞ്ഞ് അവിടുന്ന് മുങ്ങുമ്പോള്‍ വായില്‍ കിടന്ന പഴുപ്പെല്ലാം കഴിഞ്ഞ പുളിങ്കുരു ചവച്ചു പൊട്ടിക്കുന്ന തിരക്കിലാകും ഹാജിയാരുടെ മാമ വാഴത്തോട്ടത്തില്‍ നിന്നും വിളി
“പെണ്ണേ........ നീ ഇപ്പൊ വരുന്നവഴിയാണോ"..?
"അതെ ഹാജിയാര്‍ മാമാ.."

ഹാജിയാര്‍ മാമാന്റെ ഇളയ സന്തതി ആസ്യാമുവും ഞാനും ഉറ്റ സ്നേഹിതര്‍. ഏഴാം ക്ലാസ്സുവരെ പഠിച്ചത് ഉമ്മാന്റെ വീട്ടില്‍. അന്ന് ഉള്ള കൂട്ടുകാരെ എല്ലാം വിട്ട് സ്കുളില്‍ നിന്നും വെട്ടി ഉപ്പാന്റെ നാട്ടിലേക്ക് ചേര്‍ക്കുമ്പോള്‍ ഉമ്മാനോട് പറഞ്ഞതാ... എല്ലാ വ്യാഴാഴ്ചയും ഞാന്‍ ചേറൂര്‍ പോകും എന്ന്. അങ്ങനെ ആഴ്ചയില്‍ ഉമ്മമ്മാന്റെ അടുത്തേക്ക് വരുന്ന വഴിയാ........
ആസിയാമുനെ കണ്ട് ഹാജിയാര്‍ മാമാന്റെ വയലിലെ അരുവിയില്‍ കുളിക്കാനും, നിറഞ്ഞ് നില്‍ക്കുന്ന കിണറ്റില്‍ ചാടാനും കൊതി വെച്ചാണ് ഇവിടെ വരുന്നത്. ഞാന്‍ ഉമ്മമ്മാനെ പോയി കണ്ടിട്ട് കുളിക്കാന്‍ വരാം എന്നും പറഞ്ഞ് നടന്നു.

ചെറിയൊരു കയറ്റം കഴിഞ്ഞ് കുന്നിന്‍ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഇരു നിലമാളിക. മുറ്റം നിറയെ ഞാന്‍ വെച്ച്‌ പിടിപ്പിച്ച മല്ലികപൂക്കള്‍, വെയിലില്‍ തിളങ്ങുന്ന ചുവന്ന വാടകാപൂവ് പല നിറത്തിലുള്ള സീസന്‍ ഫ്ലവറുകള്‍, കായ്ച്ചു നില്‍ക്കുന്ന ചുവന്ന ചാമ്പക്ക. എല്ലാമെല്ലാം വെച്ച്‌ പിടിപ്പിച്ചത് ഞാനാണെന്ന് പറയുമ്പോള്‍ അല്‍പം സന്തോഷത്തിന്റെ മാഞ്ഞാളം.

ഞാന്‍ ചെല്ലുന്നതും കാത്ത് പടിവാതിലില്‍ ഇരിക്കുന്ന എന്റെ ഉമ്മാമ്മ എന്നെ കണ്ടതും നറും തേനിന്റെ മധുരമുള്ള പുഞ്ചിരി സമ്മാനിക്കും. ഈ ആയുസ്സ് മൊത്തം ഓര്‍ക്കാന്‍ എനിക്കാ ചിരി മതിയാകും. പിന്നെ എന്റെ വക ചുളിവ് വീണ ആ പൊന്‍ കവിളില്‍ ഒരു ഉമ്മ. ചിരിച്ചു. സന്തോഷത്തോടെയുള്ള ആ ചിരിയില്‍ തന്നേ ഉമ്മുമ്മയെ വീഴ്ത്തും.
“ഉമ്മുമ്മാ... ഞാന്‍ ഹാജിയാര്‍ മാമാന്റെ തോട്ടില്‍ കുളിക്കാന്‍ പോട്ടെ....? ആസിയാമു വരാന്‍ പറഞ്ഞു..” .
“മ്മാടെ കുട്ടി ഇപ്പൊ വന്നിട്ടല്ലേ ള്ളൂ... പിന്നെ പോകാം”
“വേണ്ടാ... ഞാനിപ്പൊ വരാം..”
അയലില്‍ കിടക്കുന്ന മുണ്ടും എടുത്ത്‌ ഹാജിയാര്‍ മാമാന്റെ തോട്ടിലോട്ട് ഓടി.
ആസിയാമുവും ഞാനും ഓടുന്നത് കണ്ടാല്‍ ഹാജിയാര്‍ മാമാന്റെ ചീത്ത കേള്‍ക്കാം.
“ചാടിക്കളിച്ച് ജലദോഷം വന്നാല്‍ രണ്ടിനെയും മൂലക്കല്‍ ഇട്ട് ചവിട്ടും ഞാന്‍”
ഇല്ല ഒച്ചപോലെ ആളത്രയ്ക്ക് ഭയങ്കരി അല്ല. പാവമാ.. ആസിയാമൂന്റെ ചെറുപ്പത്തില്‍ തന്നെ ഉപ്പ ഹാജിയാര്‍ മരിച്ചു. അവളുടെ വീട്ടിലെ വരാന്തയില്‍ നീണ്ട് കിടക്കുന്ന ചാരു കസേര കാണുമ്പോള്‍ അവള്‍ പറയും
"ന്റെ ബാപ്പാന്റെ ചാരു കസേരയാ”
ആസിയാമൂന്റെ ഉമ്മ അതവിടുന്ന് എടുത്ത് മാറ്റാന്‍ സമ്മതിക്കില്ല. പാവം ഹാജിയാര്‍ മാമ നല്ല മനസ്സുള്ളവരാ..

ആസിയാമുവിനും എനിക്കും പിന്നീടുള്ള ജോലി മീന്‍ പിടുത്തം. കറുകറുത്ത മീനുകളെ പിടിച്ച് കുപ്പിയിലാക്കുമ്പോള്‍ അവള്‍ അതിന് പേരിടും
“ഇത് മുജ്ജ്, മണ്ട, പരല്‍, കടു”
കുപ്പിയില്‍ നിറയെ പലതരത്തിലുള്ള മീനുകള്‍.
എല്ലാം കഴിഞ്ഞ് പിന്നീട് കുളി.
വെള്ളത്തില്‍ ചാടിച്ചാടി തണുത്ത് വിറച്ച് പല്ലുകള്‍ കൂട്ടിയിടിക്കുമ്പോള്‍ അവിടുന്ന് മടങ്ങും. വീട്ടിലെത്തിയാല്‍ ഉമ്മമ്മാന്റെ വക പരിഭവം, ചീത്ത.
“നിന്നെ ഞാന്‍ കണ്ടോ പെണ്ണേ... നീ അപ്പോഴേക്കും തെണ്ടാന്‍ പോയി. എന്തിനാ ന്റെ കുട്ടി വെള്ളത്തില്‍ ചാടാനാ വരണ്..”
ചോദ്യം കേട്ട ഭാവമില്ല. ഞാന്‍ കൂടുതല്‍ നല്ല കുട്ടിയെ പോലെ അഭിനയിക്കും .
പിന്നെ ചൂടുള്ള ചായയും എള്ളുണ്ടയും. എല്ലാവര്‍ക്കും കിട്ടിയ ഓഹരിക്ക് പുറമേ ആരും കാണാതെ ഉമ്മമ്മാന്റെ വക ഒന്നുകൂടി എനിക്ക് കൂടുതല്‍.

പിന്നെ മാമന്‍ മാരുടെ കുട്ടികളോടൊപ്പം കളിയും ചിരിയും. ഒരാള്‍ കൂടുതല്‍ സംസാരിക്കില്ല. മറ്റൊരാള്‍ എന്നെകാളും മുതിര്‍ന്നവളും. അവളുമായി കൂട്ട് കൂടും. അന്നൊക്കെ ടിവി കാണാനായി അടുത്ത വീട്ടിലെ കുട്ടികളെല്ലാം എത്തുമായിരുന്നു. രാത്രിവരെ ടിവിക്ക് മുന്നില്‍ കുത്തിയിരിക്കുന്നതിന് അമ്മാവന്റെ വക അടിയും വാങ്ങും.
എല്ലാം കഴിഞ്ഞ് രാത്രിയിലെ ചോറിന്റെ കൂടെ അമ്മായിയുടെ സ്പെഷ്യല്‍ ചീനമുളക് ചമ്മന്തി.
“ഹാവൂ...... എരി.... നല്ല എരി.... ഉമ്മമ്മാ..... വെള്ളം വെള്ളം”
ചീത്ത വീണ്ടും റെഡി
“എല്ലാം കൂടി കുത്തി കേറ്റണോ...”
പിന്നെ എരിവ് സഹിക്കാന്‍ വയ്യാതെ വാ പൊളിച്ചു കീഴ്‌പ്പോട്ട് വെക്കും. തുറന്നിരിക്കുന്ന വായിലൂടെ ഉമിനീര് പുറത്ത് ചാടും. കുറെ ചാടി കഴിഞ്ഞാല്‍ എരിവ് പോകും. പിന്നെ വീണ്ടും മുളക് ചമ്മന്തി.

പിന്നെ പേരിനൊരു പല്ലുതേപ്പ് കഴിഞ്ഞ് ഉമ്മമ്മാന്റെ കരിമ്പടത്തിലെ.... ആഹാ... സുഖ നിദ്ര. ഉമ്മമ്മാന്റെ മാര്‍ദ്ദവമായ വയറിനെ ഒട്ടികിടക്കുമ്പോള്‍ വാല്‍സല്യത്തിന്റെ നിഷ്‌കളങ്കമായ ചൂടില്‍ ഞാന്‍ മയങ്ങി. പുറത്ത് മഴ ശക്തിയായി പെയ്‌ത് പെരുമ്പറ മുഴക്കി. ഓടിന്‍ പുറത്ത് വീഴുന്ന മഴത്തുള്ളികള്‍. അരിച്ച് വരുന്ന തണുപ്പില്‍ ഒന്നുകുടെ അണച്ച് കിടത്തുന്ന ഉമ്മുമ്മയുടെ മനസ്സ് നിറയെ സ്നേഹമായിരുന്നു.

എല്ലാം ഇന്ന് ഓര്‍ക്കുമ്പോള്‍ പടിവാതിലില്‍ എന്നെ കാത്തിരിക്കുന്ന ഉമ്മമ്മയും കുന്നിന്‍ പുറത്തെ ഓടിട്ട വീടും അപ്രത്യക്ഷമായിരിക്കുന്നു. പകരം ഇരുനിലയില്‍ കൊട്ടാരം പോലുള്ള വീടും കട്ടപതിച്ച മുറ്റവും ബാക്കി. എങ്കിലും ഓര്‍മ്മക്ക് വേണ്ടി ഹാജിയാര്‍ മാമാന്റെ തോട് ബാക്കിയുണ്ടല്ലോ എന്ന ആശ്വാസം!!

65 comments:

  1. സുഗന്ധം പരത്തുന്ന ഓർമകൾ!

    ReplyDelete
  2. Hashimܓ to me
    show details 6:57 am
    എന്റെ പൂക്കാട്ടിരി...!!

    ReplyDelete
  3. നല്ല ഒര്‍മ്മകള്‍.ഭാവുകങ്ങള്‍

    ReplyDelete
  4. ഓര്‍മകള്‍ .. മരിക്കാത്ത ഓര്‍മ്മകള്‍.. ഭക്ഷണശേഷമാണോ പല്ലു തേപ്പ്. അതോ എരിവ് പോകാനുള്ള പല്ല് തേപ്പാണോ :)

    ReplyDelete
  5. സബിയുടെ ഈ എഴുത്ത്ആണ് എനിക്കിഷ്ട്ടം ...ഈ നിഷ്ക്കളങ്കത..പിന്നെ കുറെ ഒക്കെ ഇത് പോലെ തന്നെ ഉണ്ട് എന്റെ നാട്ടില്‍ ഇപ്പോഴും ....

    ReplyDelete
  6. ഫോട്ടോസ് ഗംഭീരം

    ReplyDelete
  7. പിന്നെ എരിവ് സഹിക്കാന്‍ വയ്യാതെ വാ പൊളിച്ചു കീഴ്‌പ്പോട്ട് വെക്കും. തുറന്നിരിക്കുന്ന വായിലൂടെ ഉമിനീര് പുറത്ത് ചാടും. കുറെ ചാടി കഴിഞ്ഞാല്‍ എരിവ് പോകും.

    Kollam nannayitundu ...jeevanulla ormakal...

    ReplyDelete
  8. നല്ല ഓര്‍മ്മകള്‍ നല്ല ഫോട്ടോകള്‍

    ReplyDelete
  9. ബാല്യത്തിന്‍റെ മനോഹര വര്‍ണ്ണങ്ങള്‍ നന്നായി ചാലിച്ചെഴുതിയിട്ടുണ്ട്..
    ജീവിതത്തില്‍ ഒരിക്കലും മടങ്ങിപ്പോകാനാവാത്ത ബാല്യം വീണ്ടും ഓര്‍മ്മകളിലേക്ക് വന്നു.
    നിഷ്കളങ്ക ബാല്യത്തിന്‍റെ മധുരമായ ഓര്‍മ്മകള്‍ പങ്കു വെച്ചതിനു നന്ദി!
    ചീന മുളക്ചമ്മന്തി ഹോ..വായിച്ചപ്പോള്‍ വായില്‍ ടൈറ്റാനിക് ഓട്ടിക്കാമെന്നായി :)

    ReplyDelete
  10. തൃശ്ശൂര്‍ ജില്ലയിലെ ചേറൂരിന്റെ കാര്യമാണോ സാബീ, ഈ പറയുന്നേ....നമ്മള് പഠിച്ച എഞ്ചിനീയറിംഗ് കോളേജ് അവിടെയായിരുന്നു....
    അവിടെ ഇത്രയും ഭംഗിയുള്ള സ്ഥലങ്ങളൊന്നും കണ്ടിട്ടില്ലല്ലോ....

    ReplyDelete
  11. ഓർമകൾക്കെന്തു സുഗന്ധം എന്നാൽമാവിൽ...!

    ലാളിത്യമാർന്ന എഴുത്ത്.(ഒരു ചെറിയ സംശയം,അന്നൊക്കെ നാട്ടിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധിയുണ്ടായിരുന്നൊ? വ്യാഴാഴ്ച വൈകിട്ടു ഉമ്മാമ്മയുടെ വീട്ടിലേക്കുള്ള യാത്ര എന്നെഴുതി കണ്ടതുകൊണ്ടു ചോദിച്ചതാണ്...)

    ReplyDelete
  12. കമന്റിയ എല്ലാര്‍ക്കും കൂട്ടുകാര്‍ക്കും നന്ദി,

    ചാണ്ടിക്കുഞ്ഞ്, ഇത് മലപ്പുറം ജില്ലയിലെ ചേറൂര്‍ ആണ്. ഇപ്പളും എന്റെ ചേറൂര്‍ ഏറെക്കുറേ ഇതു പോലെ ഒക്കെ തന്നെയാണ്.

    അനില്‍കുമാര്‍, ഞങ്ങളുടെ സ്കൂളിന് വെള്ളിയും ഞായറും ആയിരുന്നു അവധി. മുമ്പ് മലബാറിലെ മിക്ക സ്കൂളും ഇതു പോലെ ആണെന്നാണ് എനിക്ക് തോനുന്നത്

    ReplyDelete
  13. ആഹ നല്ല ഓര്‍മ്മകള്‍

    ReplyDelete
  14. നല്ല ഓർമ്മകൾ...

    ReplyDelete
  15. ആഹാ ........
    ചേറൂര്‍, ചിന്നമ്മ പടിയില്‍ ബസ്സിറങ്ങി സ്കൂളിന്റെ അവിടേക്ക് നടന്നു പോയ അനുഭൂതി

    നല്ല ഓര്‍മകളും ,വിവരണങ്ങളും .ആശംസകള്‍

    ReplyDelete
  16. ചേരൂര്‍ വിശേഷം കൊള്ളാം. ഓടിട്ട പുരപ്പുറത്തു മഴവെള്ളം വീഴുന്ന ഒച്ച കേട്ട്, അകത്തേക്ക് അരിച്ചെത്തുന്ന തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങുന്ന സുഖം ഇനി ഓര്‍മ്മയില്‍ മാത്രം.

    ReplyDelete
  17. സാബീ,വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല...അത്ര മനോഹരമായി ചേറൂരിലെ ഓര്‍മ്മകളുടെ മനസ്സില്‍ സൂക്ഷിച്ച മയില്‍പീലികള്‍ ഞങ്ങളുമായും പങ്കു വെച്ചു...ശരിക്കും ഭാവനയില്‍ കാണാന്‍ കഴിഞ്ഞു..അത്ര മനോഹരമായി എഴുതി.

    ReplyDelete
  18. മലപ്പുറം ജില്ലയുടെ കച്ചവട കേന്ദ്രമായ വേങ്ങരയുടെ അഞ്ചു കിലോ മീറ്റര്‍ അകലെ പ്രസിദ്ദിയോടെ നില നില്‍കുന്ന ചേരൂര്‍ എന്ന നാട് ...ഇതെനിക്കെന്റെ ജന്മ നാടാണ് ,ഭൂമി ലോകത്ത് ഞാന് ആദ്യം കണ്ട ആകാശവും മണ്ണും ചേരൂരിന്റെതാണ് എന്റെ ചിരി വിടര്‍ന്നതും കണ്ണീരു വീണതും ഈ നല്ല നാട്ടിലാണ് ..എന്റെ ഭാഗ്യമെന്നത് സാബി പറഞ്ഞ ഉമ്മമ്മയുടെയും എന്റെ ഉമ്മയുടെയും ആദ്യ ചുംബനം കിട്ടിയത് ഈ മണ്ണില്‍ നിന്നാണ് ..ഇവിടുന്നാണ്‌ ഞാന് മഴ കണ്ടത് ..കുളവും തോടും ..കാറ്റും എല്ലാം അനുഭവിച്ചത് ..എനിക്ക് വിദ്യയുടെ മധുര മാമ്പഴം തന്നതും ഈ മണ്ണാണ് ഇന്നും ഇവടെ തലയുയാര്‍ത്തി നില്‍ക്കുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഈ നാടിന്റെ അഭിമാനമാണ് ..എന്റെ ആത്മാവ് വേരിറങ്ങി പടര്‍ന്ന എന്റെ രക്ത ബിന്ദുക്കള്‍ ജീവിക്കുന്ന എന്റെയും ചേരൂര്‍, ചിന്നമ്മ എന്ന സ്ത്രീ പ്രമുഖയുടെ പേര് സ്മരിച്ചു ചിന്നമ്മപടിയും മുദുവില്‍ കുണ്ടും ,അതിര്‍ത്തി പോലെ കിളിനക്കൊടിലെ "കാശ്മീരും"എല്ലാം എന്റെ ജീവനാണ് ജീവിതം എട്ടു കിലോമീറ്റര്‍ അകലേക്ക്‌ പറിച്ചു നട്ടു എങ്കിലും എന്നും ചേരൂര്‍ എന്റെ ജീവാത്മാവാണ്..
    മഹാനായ ഖുതുസ്സമാന്‍ സയ്യിദ് അലവി മമ്പുറം തങ്ങള്‍ അധിനിവേശ ബ്രിടീഷ് കൊമരങ്ങള്‍ക്കെതിരെ പട നയിച്ച്‌ വിശുദ്ദ "ചേരൂര്‍ പട" ഉദയം കൊണ്ട മണ്ണ് ..ഇന്നും അധിനിവേശത്തിന്റെ ഇരുകാലികള്‍ക്ക്‌ പേടി സ്വപ്നമായ ചങ്കുറപ്പുള്ള മക്കള്‍ ജീവിക്കുന്ന നാട് ...മുസ്ലിം ലീഗിന്റെ നേതാവും മുന്‍ നിയമ സഭാ സ്പീക്കരുമായിരുന്ന ചാക്കീരി അഹമ്മദ്‌ കുട്ടി രാഷ്ട്രീയം പഠിച്ച മണ്ണ് ..പറയാനോരുപാട്‌ ചരിതമുള്ള എന്റെയും ഹൃദയമായ നാടിനോട് സാബിക്കുള്ള ആത്മ ബന്ദത്തിന്റെ വലിയ ചെറു രൂപം എനിക്ക് ഇഷ്ട പെട്ടു ,,ഇതിലെ സകീനയെയും ഹാജിയാര്‍ മാമയും ആ തോടും എല്ലാം എന്റെയും ഓര്‍മയുടെ ചിറകുകളാണ്
    സാബീ ....പറയുക ,പറയുക ...ഹൃധയത്തിലുല്ലതെല്ലാം പറയുക ...അതാണ്‌ സത്യം ..അതാണ്‌ സൌഹൃദവും

    ReplyDelete
  19. ബാല്യകാലസ്മരണകല്‍ മനോഹരമായി.

    ReplyDelete
  20. ചരിത്രങ്ങള്‍ കഥ പറയുന്ന ചേറൂര്‍. സാബിയുടെ കുട്ടിക്കാലത്തെ മധുര സ്മരണകള്‍ അയവിറക്കിയുള്ള എഴുത്തും, CP നൌഷാദിന്റെ കമെന്റുകൂടി വായിച്ചപ്പോള്‍ ചേറൂര്‍, കുറെയൊക്കെ എന്റെ പോരൂര്‍ തന്നെ.
    അഭിനന്ദനം, പിന്നെ ഫോട്ടോസും അടിപൊളി....

    ReplyDelete
  21. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ പല്ല് പുളിക്കുന്നൂ സാബി. പണ്ട് ഞാന്‍ ഉപ്പ് കൂട്ടി തിന്ന വാളന്‍ പുളിയുടെ after effect ആണ്. അത് ഞാന്‍ എന്നെ മറന്നു പോയിരുന്നു. ഇത് വായിച്ചപ്പോള്‍ അത് വീണ്ടും തിരിച്ചു വന്നു. ഒരു വട്ടം കൂടിയെന്‍ .... ഓര്‍മ വന്നുപോയി.

    ReplyDelete
  22. നല്ല എഴുത്ത്, ഒഴുക്കോടെ വായിച്ചു..
    ചുളുവില്‍ ഞാനും ആ വഴിയൊക്കെ കറങ്ങി....
    ഉമ്മുമ്മയുടെ സ്നേഹത്തിന്റെ ചൂടുള്ള ഓര്‍മ്മ .....
    അമ്മായിയുടെ സ്പെഷ്യല്‍ ചീനമുളക് ചമ്മന്തി.ഹായ് ഹായ്!!

    ReplyDelete
  23. ആശംസകള്‍ സുഹൃത്തേ

    ReplyDelete
  24. ഇതൊക്കെ അവിടെ മണലാരണ്യത്തിലിരുന്നു നീ എഴുതുമ്പോള്‍ വായിക്കുന്ന മറ്റു പ്രവാസികള്‍ക്കെല്ലാം രോമാഞ്ചം!. എനിക്കിതു നിന്റെ “മാഞ്ഞാളം, അല്ലാതെന്താ?”. അന്നത്തെപ്പോലെ ഇപ്പോ കുളിക്കാന്‍ പോയാല്‍ ഇവിടെയും കാണും ഒളി ക്യാമറ!. അതു കൊണ്ടു നാട്ടില്‍ വരുമ്പോള്‍ സൂക്ഷിച്ചോ!.പിന്നെ മനോരാജിനു ഭക്ഷണം കഴിഞ്ഞു പല്ലു തേക്കുന്ന സ്വഭാവമില്ലെന്നോ?. ഏതായാലും പോസ്റ്റു കലക്കി.കമന്റുകളും!.ദിവസവും ഗ്രാമീണ അന്തരീക്ഷത്തില്‍ കഴിയുന്ന ഞാനെത്ര ഭാഗ്യവാന്‍!.നിങ്ങളൊക്കെ അസൂയാലുക്കള്‍!!!

    ReplyDelete
  25. ഒരിക്കലും മരിക്കാത്ത ബാല്യകാല സ്മരണകള്‍ :)

    ReplyDelete
  26. ആയിരം യൌവ്വനങ്ങള്‍ ഓര്‍മ്മകളില്‍ മരിച്ചാലും മരിക്കാത്ത, മായാത്ത
    ഒന്നുണ്ട് ബാല്യം...നിറവിന്റെ കാലം, അപക്വമെങ്കിലും പരിപൂര്‍ണമാണാ കാലം...

    ആ കാലത്തിലേക്കൊരു തിരിച്ചു പോക്ക്...
    അവതരണം, ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു....

    ReplyDelete
  27. സാബി നെറ്റ് പിണങ്ങി അത് കൊണ്ടു കാണാന്‍ താമസിച്ചു
    .ഞാന്‍ ചേറൂര്‍ വഴി നടന്നു അസിയമൂ ന്റെ വീടിന്റെ അവിടെത്തന്നെ നിന്നു. കുറച്ചു നേരം."ന്റെ ബാപാന്റെ ചാര് കസേര...അത് മാറാന്‍ സമ്മതികാത്ത ഉമ്മ"..നല്ല ഓര്‍മ്മകള്‍ സാബി...

    ReplyDelete
  28. എന്താണ് പറയേണ്ടത് ,ഓര്‍മകള്‍ക്ക് മധുരം മാത്രമല്ല പുളിയും ഉണ്ട് ,അട അഗലങ്ങള്‍ കൂടും തോറും മടുരമായി മാറുന്നത് ശരിക്കും അനുഭവിച്ചു .ഒരു പാട്തവണ വന്നും പോയും ഇരുന്ന ചെരൂരിനെ ഇങ്ങു സൌദിയില്‍ എത്തിച്ചു തന്നതിന് സാബിക്ക് സ്നേഹബിനന്ധനങ്ങള്‍ .

    ReplyDelete
  29. എഴുത്തിന്റെ ശൈലിയും ഫോട്ടോസും അസ്സലായിട്ടുണ്ട് .....
    എല്ലാവിധ ഭാവുകങ്ങളും...

    ReplyDelete
  30. ബാല്യകാലം നന്നായി എഴുതി ഫലിപ്പിച്ചു നാം തിരിച്ചു പോകാൻ ആഗ്രഹികുന്ന ഒരു നല്ല കാലം ... നന്നായിരിക്കുന്നു ഫോട്ടോസും എഴുത്തും ... അഭിനന്ദനങ്ങൾ..

    ReplyDelete
  31. 'ചേറൂര്‍ ചിന്തു 'എന്ന പേരില്‍ ഒരു ഡോക്യുമെന്ററി പണ്ട് കണ്ടതോര്‍ക്കുന്നു.ബ്രിട്ടീഷ്‌കാരോട് പടപൊരുതിയ മക്കള്‍ ഉള്ള നാട്!!!
    അഭിനന്ദനങ്ങള്‍

    ReplyDelete
  32. എല്ലാവർക്കും ഉണ്ട് അയവിറക്കാനും കണ്ണീർ വാർക്കാനും ഗൃഹാതുരത്വം മുറ്റിയ ഓർമ്മകൾ. ഞാനും ഭാഗവാക്കായീട്ടൊ ഈ യാത്രയിൽ.

    ReplyDelete
  33. വളരെ നല്ല ..എഴുത്ത്..ഈ പടങ്ങള്‍ നിങ്ങളുടെ നാട്ടിലെയാ?
    നല്ല ചിത്രങ്ങള്‍...ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്ന ..മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍ ..

    ReplyDelete
  34. ന്റ്റെ റബ്ബേ ഇത്ര അടുത്തായിട്ടും ഞാന്‍ ഇവിടെ എത്താന്‍ താമസിച്ചല്ലോ... സാരമില്ല ...
    പല്ല് പുളിപ്പ് വന്ന് വായില്‍ വെള്ളം വരുന്ന എഴുത്താണല്ലോ സാബീ... പുളി തിന്നുക എന്നു പറയുമ്പോള്‍ തന്നെ എന്നെ പല്ല് പുളിക്കാന്‍ തുടങ്ങും .. അപ്പോ പിന്നെ അത് വര്‍ണ്ണിക്കുമ്പോഴത്തെ കാര്യം പറയണോ...

    ഓടിച്ചാടീ നടന്നിരുന്ന ആ ബാല്യകാലത്തിലേക്ക് എഴുത്തിലൂടെ തിരിച്ച് പോവാനുള്ള ഈ ഐഡിയ കൊള്ളാം ട്ടോ ...

    നന്നായി എഴുതി ....

    ReplyDelete
  35. ചേരൂറിനെകുറിച്ച് ആദ്യമായി അറിയുന്നത് ഇസ്മായില്‍ പറഞ്ഞ പോലെ 'ചേരൂര്‍ചിന്ത്' കണ്ടിട്ടായിരുന്നു. ഇപ്പോള്‍ ഇങ്ങിനെയും അറിഞ്ഞു.

    എഴുത്തിനു ഓര്‍മ്മകളുടെ പുളിയും മധുരവും.

    ReplyDelete
  36. ചേറൂര് ഒരു നല്ല ഗ്രാമപ്രദേശമാണല്ലേ

    നിഷ്കളങ്കമായ ബാല്യകാല സ്മരണകളിലൂടെ ചേറൂരിനെ വരച്ച് വെച്ചിരിക്കുന്നു..

    ReplyDelete
  37. ജീവിതത്തിന്‍റെ നിറമുള്ള ഈ ഓര്‍മ്മകള്‍ മധുരതരമാണ്
    സാബീ..
    നിഷ്കളങ്കമായ ഈ കുഞ്ഞനുഭവങ്ങള്‍ക്ക് നൌഷാദിന്‍റെ
    വിവരണങ്ങള്‍ ചേര്‍ത്ത് വായിച്ചപ്പോള്‍ അവിടം ഒന്ന് കാണാന്‍ തോന്നുന്നത് സ്വാഭാവികം മാത്രം.
    ഇനിയും അനുഭവങ്ങളുടെ പറുദീസയൊരുക്കാന്‍ അവസരമുണ്ടാകട്ടെ,,,എന്നാശംസിക്കുന്നു..

    ReplyDelete
  38. ഓര്‍മ്മകള്‍ എല്ലാം മനോഹരമായിരിക്കുന്നു...

    ReplyDelete
  39. മധുരിക്കുന്ന ഓര്‍മ്മകള്‍ മധുരിക്കുന്നു

    ReplyDelete
  40. ഇങ്ങനെ ഒരാൾ കൂടി ഇവിടെ വന്നിരുന്നു! വായിച്ചു. നന്നായിട്ടുണ്ട്. ആശംസകൾ!

    ReplyDelete
  41. ഓര്‍മ്മകളിലൂടെയുള്ള യാത്ര മനോഹരമായി..

    ReplyDelete
  42. കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ക്കാനും, പറയാനും, കേള്‍ക്കാനും എന്തു രസമാണ്‌! ഒഴുകുന്ന നദി പോലെയാണ്‌ നമ്മുടെ ജീവിതം. തിരിച്ചൊഴുകാന്‍ ആകില്ലെന്നറിഞ്ഞിട്ടും ഒരിക്കല്‍ കൂടി ആ ബാല്യം തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന്‌ കൊതിച്ചു പോകുന്നു സാബി. നന്നായി എഴുതി.

    എന്റെ ഹൃദയം നിറഞ്ഞ ക്രിസ്ത്‌മസ്സ്-പുതുവല്‍സരാം‌ശസകള്‍.

    ReplyDelete
  43. ഫോട്ടോയിലെ സൌന്ദര്യം ചെരൂരിനുണ്ടോ സാബീ ..എന്കിലൊന്നു കാണണമെല്ലോ! വഴി ഒന്ന് പറഞ്ഞു താ ...
    നല്ല പോസ്റ്റ്‌ ..സന്തോഷം ...

    ReplyDelete
  44. ഫോട്ടോയിലെ ക്കാളും സൌന്ദര്യവും ചരിത്രങ്ങളും ഉണ്ട് ഇപ്പോഴും

    ReplyDelete
  45. പോസ്റ്റ് നന്നായി, ചിത്രങ്ങളും.

    ക്രിസ്തുമസ്സ്-പുതുവല്‍സരാം‌ശസകള്‍.

    ReplyDelete
  46. ഓര്‍മ്മകള്‍ മാത്രമേ ബാക്കികാണൂ....കൊളളാം...കൂടുല്‍ ഓര്‍മ്മകളേ പങ്കുവയ്ക്കുക.

    ReplyDelete
  47. ഒരു വട്ടം കൂടിയാ .......തിരുമുറ്റത്തെത്തുവാൻ മോഹം
    മധുരമുള്ള ഓർമകൾ,എഴുത്ത് ഉഗ്രനായിരിക്കുന്നു,
    ഞാനും വന്നിട്ടുണ്ട് ചേറൂരിൽ.,എല്ലാ ആശംസകളും നേരുന്നു,

    ReplyDelete
  48. ഗ്രാമീണമായ ഓർമ്മകൾ, ചിത്രങ്ങൾ, മനുഷ്യർ, ഒക്കെയും എന്റെ കാലടികളെ കാണുമ്പോഴേ വിളിക്കാറുണ്ട്.

    വരൂ എന്റെ മടിത്തട്ടിലേക്ക്.

    പൂവുപോയ് പൂക്കാലം പോയ്
    പക്കിപോയ് പറവ പോയ്
    ബാക്കി വല്ലതുമുണ്ടോ?
    എന്ന് എൻ.വി. ചോദിച്ചു.

    ചേറൂര് കാണുമ്പോൾ അതുപോലുള്ള നാടുകൾ കാണുമ്പോൾ പറയാം എല്ലാം നശിച്ചുപൊയിട്ടില്ല എന്ന്.

    എഴുത്ത് ആ മനുഷ്യരെ കാണാൻ കൊതിപ്പിക്കുന്നതായി.

    കൂടുതൽ ചിത്രങ്ങൾ ആവാമായിരുന്നു.

    ReplyDelete
  49. ഉമ്മുമ്മാടെ ‘ള്ള’ക്കുട്ടിയായിരുന്നൂല്ലെ....
    നന്നായിരിക്കുന്നു...

    ആശംസകൾ...

    ReplyDelete
  50. ഈ ഓര്‍മ്മ കുറിപ്പ് എന്നെ ഇങ്ങനെയും ഒരു പാതകം ചെയ്യിച്ചു. ക്ഷമിക്കുമല്ലോ കൂട്ടരേ...?

    അമ്മുമോള്‍ക്കിന്നമ്മൂമ്മയില്ല.
    അമ്മയ്ക്ക് നാളെ അമ്മുമോളും..!

    ചാരുകസേരയും ചൂരല്‍വടിയും
    ചാണകമ്മേഴുകിയ വെറുംതറയും
    മുറ്റത്തിന്നപ്പുറം പുല്‍ത്തകിടും
    കളിവഞ്ചിയിറക്കും കളിത്തോഴീ

    ഇന്നൊരു ചില്ലുമറയുടെ വ്യാസത്തില്‍
    ഒതുങ്ങുന്ന പുറംകാഴ്ചകളില്‍
    അംബരചുംബികളാം സൌധങ്ങള്‍മാത്രം,
    കാഴ്ചയുടെ ലോകമിന്ന് പരിമിതം..!!

    അമ്മുമോള്‍ക്കിന്നമ്മൂമ്മയില്ല.
    അമ്മയ്ക്ക് നാളെ അമ്മുമോളും..!!

    @സിദ്ദീക്ക,ഈ പറയുന്ന ചെറൂരിലേക്കുള്ള വഴി ഞാന്‍ കാണിച്ചു തരാം. എന്‍റെ പാതി നല്‍കുന്ന ഒരു വലിയ കപ്പ്‌ ചായയും കുടിച്ചു നമുക്ക് യാത്ര തുടരാം. കേവലം, പതിനഞ്ചു മിനുട്ടില്‍ നമുക്ക് ചെറൂര്‍ എത്താം.

    ReplyDelete
  51. സാബിയുടെ പോസ്റ്റ് കണ്ട് ചേരൂര് കാണാന്‍ പോകുന്നവര്‍ ആദ്യം കോട്ടയ്ക്കല്‍ വന്ന ശേഷം എന്റെ നാടും കാണുക. പറപ്പൂര് എന്നൊരു ഗ്രാമം .ഒരു പുഴ കടന്നാല്‍(പാലമുണ്ട്) വേങ്ങരയായി. പിന്നെ ചേറൂരിലേയ്ക്ക് പോകാം.ഈ മലപ്പുറം ജില്ല മൊത്തത്തില്‍ വളരെ സുന്ദരമായിരുന്നു. ഇപ്പോള്‍ കോണ്‍ക്രീറ്റു കാടുകളാവാന്‍ തുടങ്ങി!

    ReplyDelete
  52. ചേറൂരിനെപ്പറ്റി എഴുതിയപ്പോ ഞാനും വിചാരിച്ചു,അത് തൃശ്ശൂരിലെ ചേറൂര്‍ ആണ്‌ന്നു.മലപ്പുറത്തും ഒരു ചേറൂര്‍ ഉണ്ട് എന്നറിഞ്ഞപ്പോ അതിശയം.മനസ്സിന് സുഖമുള്ള വായന തന്നതിന് നന്ദി..

    ReplyDelete
  53. നാട്ടിന്‍പുറം ഓര്‍മകള്‍ക്കെന്നും ഒരു സൂര്യകാന്തിപ്പൂവിന്‍റെ ശോഭയുണ്ട്!
    പനിനീരിന്‍റെ സൌരഭ്യവും..
    എത്രതന്നെ സാങ്കേതികത്തികവിലും അവ നമുക്ക് വീണ്ടെടുക്കാനാവില്ലല്ലോ...!

    ഒരു മയക്കം തരുന്നു, സബിയുടെ പോസ്റ്റ്..

    ReplyDelete
  54. പഴയകാല ഓര്‍മ്മകള്‍ മധുരമുള്ളത് തന്നെ. അതിനെ പഴയകാല ശേലോടെ എഴുതുമ്പോള്‍ മധുരിക്കുന്നു. അങ്ങിനെ ഒരു മധുരം നുണഞ്ഞ അനുഭവം.

    എനിക്കൊരു സംശയം..ഹാജി മാമ എന്നും ഹാജിയാര്‍ മാമ എന്നും പറയുന്നതില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? വ്യത്യാസം ഇല്ലെങ്കില്‍ ഹാജി മാമ എന്ന് പറയുന്നതല്ലേ കൂടുതല്‍ ഭംഗി. എനിക്ക് തോന്നിയതാണ് കേട്ടോ.
    കൃസ്തുമസ് പുതുവത്സരാശംസകള്‍.

    ReplyDelete
  55. മനസിൽ നിന്നു മായതെ പ്രിയപ്പെട്ട മണ്ണിന്റെ മണമുള്ള ഒർമകൾ ഒരു പക്ഷേ ഇതു പ്രാവസികൾക്കാണു കൂടുതൽ ഫീൽ ചെയ്യുക

    ReplyDelete
  56. പുലരി മഞ്ഞിന്‍ കുളിര് പോലൊരു ദേശമുണ്ട് അകലെ
    പൂ നിലാ മഴ പെയ്യുമെന്റെ ഗ്രാമമുണ്ട്
    ഹരിത വര്ണ പട്ടുടുത്തൊരു ഹൂറിയാണ്‌ എന്നെ
    ഹാരമിട്ടെതിരെല്‍ക്കുവാനായ് കാത്തിരിപ്പാണ്

    വിധുപ്രതാപ് പാടിയ എന്റെ വരികള്‍
    സാബി ബാവയുടെ ചേറൂര്‍ ഗ്രാമത്തിനു സമര്‍പ്പിക്കുന്നു

    എഴുത്ത് മനോഹരം

    ReplyDelete
  57. കുഞ്ഞൂസ് ചേച്ചി പറഞ്ഞത് തന്നെ. സുഗന്ധം പരത്തുന്ന ഓർമ്മകൾ. ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

    ReplyDelete
  58. മനോഹരം മനോഹരം മനോഹരം മനോഹരം മനോഹരം

    പുതുവത്സരാശംസകള്‍.

    ReplyDelete
  59. ബാല്യ കാല ഓര്‍മ്മകള്‍ അതെന്തു തന്നെ ആയാലും, മനസ്സില്‍ പച്ചപ്പ്‌ പോലെ കിടക്കും.
    എന്നും സൂക്ഷിക്കാന്‍ നമ്മുടെ ഒക്കെ മനസ്സില്‍ ഇത്ര എങ്കിലും ഉണ്ടല്ലോ.
    ഇന്നത്തെ തലമുറയ്ക്ക് എന്തുണ്ടെന്ന് ഓര്‍ത്ത് സങ്കടപ്പെടാറുണ്ട് ഞാന്‍.
    കംപ്യുടറും , നെറ്റും, ഗെയിമുകളും നിറഞ്ഞ അവരുടെ ജീവിതത്തില്‍ എന്തുണ്ടാവും?
    അവര്‍ ഇത്തരം അനുഭവങ്ങള്‍ എങ്കിലും വായിച്ചു അറിയട്ടെ അല്ലേ.

    സാബീ. നന്നായി എഴുതി. ചെറുപ്പ കാലത്തേക്ക് ഓര്‍മകളെ നടത്തിച്ചു സുന്ദരമായ ഈ എഴുത്ത്.

    ReplyDelete
  60. മൌസുരുട്ടിയപ്പോള്‍ ഇന്നെന്നില്‍ തടഞ്ഞത് സാബിബാവ എന്ന (ഞാനറിയാത്ത)എന്‍റെ നാട്ടുകാരിയുടെ" മിഴിനീര്‍ " എന്ന ബ്ലോഗിലേക്കാണ്. 'മിഴിനീര്‍' എന്‍റെ ശ്രദ്ധയില്‍ പെടുന്നത് ആദ്യം. കഥ ,ലേഖനം, കവിത ഒക്കെ ഒരു മിന്നലാട്ടം നടത്തി.മികവാര്‍ന്ന രചനകള്‍ തന്നെ. മലപ്പുറം ചേറൂര്‍ തന്നെയാണോ . ആദ്യമൊന്ന്‍ശങ്കിച്ചു .പിന്നീട് 'എന്‍റെ ചേറൂര്‍'എന്ന കഥയ്ക്ക് താഴെയുള്ള കമന്സുകളില്‍ നിന്നാണ് എന്‍റെ ചേറൂരിനെ ,സ്വാതന്ത്ര്യ സമര പോരാട്ടത്തിന്‍റെ രക്തപങ്കിലമായ ഓര്‍മ്മകളിരമ്പുന്ന ഞാന്‍ നെഞ്ചിലേറ്റുന്ന എന്‍റെ ഗ്രാമത്തെക്കുറിച്ച് തന്നെയാണെന്ന്‍ ഉറപ്പ് വരുത്തിയത്.(എഴുത്തുകാരിയെക്കുറിച്ച് വിവരങ്ങള്‍ വളരെ പിശുക്കിയാണ് കൊടുത്തിരിക്കുന്നത്,ഒന്നുകൂടി വ്യക്തതവരുത്താമായിരുന്നു). " എന്‍റെ ചേറൂര്‍" എന്ന കഥ ഹരിതാഭമായ എന്‍റെ നാടിന്‍റെ മനോഹാരിതയിലേക്ക് എന്നെ അനുരാഗമയനാക്കി കൂട്ടിക്കൊണ്ടുപോയ അനര്‍ഘ നിമിഷങ്ങളാണ് എന്നില്‍ സമ്മാനിച്ചത്.ഒരുപാട് ഗതകാല സ്മരണകള്‍ എന്നിലുണര്‍ത്തി.സോദരീ, ഇന്ന്‍ നമ്മുടെ ഗ്രാമത്തിന്‍റെ മുഖച്ഛായയൊക്കെ പാടെ മാറി. പഴയ കൊച്ചോലപ്പുരകളുടെ സ്ഥാനത്ത് കോണ്ക്രീറ്റ് സൌധങ്ങള്‍,കണ്ടനിടവഴികളൊക്കെ ടാറിട്ടറോഡുകള്‍,ഒന്നോ രണ്ടോ വീട് മാത്രമുണ്ടായിരുന്ന പറമ്പുകള്‍ കീറിമുറിച്ച് നിരവധി വീടുകള്‍ പണിതും പണിയിച്ചുകൊണ്ടുമിരിക്കുന്നു.എല്ലാം നഷ്ട പ്രതാപങ്ങള്‍ .ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഗദ്ഗദം .
    സ്ര്‍ഷ്ടികള്‍ എല്ലാം വളരെ ഉഷാര്‍ .ഇനിയും കൂടുതല് തൂലിക ചലിപ്പിക്കാന്‍ ഈശ്വരന്‍ എന്‍റെ നാട്ടുകാരിയെ അനുഗ്രഹിക്കട്ടെ.
    - എന്‍ കെ മൊയ്തീന്‍ ചേറൂര്‍

    ReplyDelete