Saturday, December 11, 2010

പ്രതാപിയുടെ ജല്‍പനങ്ങള്‍

പട്ടിണിയും  പ്രാരാബ്ധവും കടപ്പാടിന്റെ  ആകുലതകളുമായി ഗള്‍ഫെന്ന സ്വപ്ന വര്‍ണ്ണ  പ്രപഞ്ചത്തിലേക്ക് പോന്ന നാട്ടിന്‍ പുറത്തെ  സാധാരണക്കാര്‍ കുടുംബത്തിന്റെ പുരോഗതിയുടെ ചിന്തകള്‍ വേട്ടയാടുന്ന അവന്റെ മനസ്സ് ജോലി എന്തായാലും പേറാന്‍ തയ്യാറാകുന്ന പാവം മനുഷ്യര്‍. നാട്ടില്‍ മാസം അയ്യായിരം രൂപയ്ക്കു ജോലി ചെയ്തവന് ഗള്‍ഫിലെത്തി ആദ്യ ശമ്പളം കിട്ടുമ്പോള്‍ കണ്ണു തള്ളുന്നത് വിരളമല്ല.

ആയിരം റിയാലിന് ബൂഫിയ ജോലി ചെയ്യുന്നവരും നമുക്കിടയില്‍ ഉണ്ട്‌. പുലര്‍ച്ചെ ഒമ്പതുമണിക്ക് ജോലിക്കെത്തി നട്ടുച്ചവരേയുള്ള ജോലി. അതും ഒരുനിമിഷം ഇരിക്കാന്‍ പോലും അവസരമില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍. നട്ടെല്ല് വേദനയും കൊളസ്ട്രോളും പ്രഷറും മറ്റുമുള്ള അനേകം പാവം മനുഷ്യര്‍. ഇവരുടെയെല്ലാം മാസവരുമാനം ആദ്യമാദ്യം കുടുംബങ്ങളില്‍ സന്തോഷമേകും. അവന്റെ വരുമാനത്തിനൊത്ത് ജീവിക്കാനും പഠിക്കും. പിന്നീടുള്ള കാല ചക്രത്തിന്റെ ഒഴുക്കില്‍ മറ്റുള്ളവന്റെ കിടക്കൊത്ത് വളരാനുള്ള വീട്ടുകാരുടെ വെമ്പല്‍. സഹോദരന്‍ ഗള്‍ഫിലാണ് എന്ന മോടിയുള്ള വാക്കുകളോടെ വീട്ടില്‍ വന്നുതുടങ്ങുന്ന സഹോദരിമാര്‍ക്കുള്ള വിവാഹ ആലോചനകള്‍.

പ്രവാസിയുടെ ജീവിതവും വിയര്‍പ്പും മറ്റുള്ളവരുടെ അഹങ്കാര മോടികളായി മാറുകയാണ്.   ഇന്റര്‍നെറ്റ്‌ കോളുകളുടെ നിര്‍ത്താതെയുള്ള കരച്ചിലുകളില്‍ കുടുംബത്തിന്റെ ആവശ്യങ്ങളും ഏറി തുടങ്ങി. രാവിലും പകലിലും അവന്‍ നെട്ടോട്ടമോടുമ്പോള്‍ കിടപ്പറയിലെ ബെഡ്ഡിന് കൊതുക് വലയില്ലാത്ത അവളുടെ പരാതി, പാവം പ്രവാസിയുടെ മനം നൊന്തു. വീണ്ടും ഫോണ്‍ കോളുകളും പരാതികളും നീളുമ്പോള്‍ നാല് മണികൂര്‍ സംസാരിക്കാന്‍ എന്താണ് ഉള്ളതെന്ന ഉമ്മയുടെ പരാതി. സഹോദരിയുടെ വീട്ടില്‍ പോകുമ്പോള്‍ കൊണ്ട് പോകുന്ന കീശക്ക് ഭാരം കുറഞ്ഞ പിതാവിന്റെ പരിഭവങ്ങള്‍ മോഹങ്ങളെല്ലാം കെട്ടിപൊതിഞ്ഞ ക്ഷമയുടെ കടിഞ്ഞാണുകള്‍ പോട്ടിപ്പോകുന്നു എന്ന ഭാര്യയുടെ ധ്വനി. സഹോദരിയെ വിളിച്ച് കുശലം ചോദിക്കാത്ത സഹോദരന്മരുടെ ലിസ്റ്റിലേക്ക് പേര്‌ ചേര്‍ത്ത പെങ്ങള്‍. എല്ലാം നെടുവീര്‍പ്പുകളില്‍ ഒതുക്കി വീണ്ടും വഴിയറിയാത്ത  പഥികനെ പോലെ പ്രവാസിയുടെ ദിനരാത്രങ്ങള്‍.

ഇടക്കിടക്ക് കേള്‍ക്കുന്ന അവളുടെ കിളി കൊഞ്ചല്‍ ആദ്യമാദ്യം അവന് ഉന്മേഷം നല്‍കി. മാതാവിനെ കുറിച്ചും സഹോദരിയെ കുറിച്ചും താന്‍ സ്നേഹിച്ച പച്ചയായ നാടിനെ കുറിച്ചും എന്നുവേണ്ട അടുപ്പിലെരിയുന്ന വിറകു കൊള്ളിയെ കുറിച്ച് പോലും അവള്‍ സംസാരിച്ചു. മുറ്റത്ത് നട്ട പച്ചമുളകിന്റെ വലുപ്പം പറഞ്ഞ് പുഞ്ചിരിക്കുന്ന അവളുടെ മുഖം മനസ്സില്‍ കണ്ട് സന്തോഷത്തോടെ കടന്നുപോകുന്ന ദിനങ്ങള്‍.

അതിനിടയില്‍ മുളപൊട്ടിയ മോഹങ്ങളുടെ  തുടക്കം ഗ്യാസ്അടുപ്പില്‍  അരങ്ങേറ്റം കുറിച്ചു. പിന്നീട്   ടിവി, മിക്സി, വാഷിംഗ് മെഷീന്‍, ഫ്രിഡ്‌ജ്, മൊബൈല്‍ ഫോണ്‍, എന്നിങ്ങനെ നീളുന്ന ലിസ്റ്റുകള്‍. അമ്മിയിലരച്ചുണ്ടാക്കിയ കൂട്ടുകറിയൊഴിച്ച് ഉമ്മ തന്ന ചോറിന്റെ  രുചിയെ പറഞ്ഞതിന് വിവരമില്ലാത്തവനെന്ന് അധിക്ഷേപിക്കുമ്പോള്‍ പ്രതാപിയായ ഭാര്യയുടെ വാക്കുകളില്‍ അന്ധാളിച്ച് പ്രവാസിയായി നീളുന്ന ഭര്‍ത്താക്കന്മാര്‍.

മാധ്യമങ്ങളുടെ വളര്‍ച്ചക്ക് കൊടുക്കുന്ന പരസ്യങ്ങളില്‍ പല്ലിളിച്ചു കാട്ടുന്ന കുട്ടിയുടെ കയ്യിലുള്ള പേസ്റ്റിന് കരഞ്ഞപ്പോള്‍ ഗള്‍ഫിന്റെ അരങ്ങേറ്റത്തിന് മുമ്പ് ഇറയില്‍ തുങ്ങിയ ഉമിക്കരി പാത്രവും പടിക്ക് പുറത്തായി. ഫ്രിഡ്ജിലെ തണുത്തുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രെഷര്‍ കുക്കറുകളില്‍  കൂക്കി വിളിക്കുമ്പോള്‍ കാന്‍സര്‍ എന്ന മഹാ വ്യാധി മണ്‍ചട്ടികളെ കൊഞ്ഞനം കുത്തി അവര്‍ അടുക്കളയുടെ പ്രൌഡി വിളിച്ചോതുമെന്ന മഹിളാമണികളുടെ ജല്‍പനങ്ങള്‍.

വെയിലത്തുണങ്ങാത്ത വസ്ത്രങ്ങള്‍ പോലെ തന്നെ അവരുടെ മനസ്സും കുമ്മിത്തുടങ്ങി. തൊട്ടടുത്തെ സ്കൂളുകളുടെ ബെല്ല് കേട്ട് ക്ലാസുകളില്‍ ഓടിയെത്തിയ പിതാവിന്റെ പൊന്നുമോനെ നഴ്‌സറിയില്‍ വിടാന്‍ ഗള്‍ഫിന്റെ പ്രൌഡിയോടെ ഗൈറ്റില്‍ അണിഞ്ഞ് നില്‍ക്കുന്ന മാതാവ്. സമയം വൈകും എന്നറിയിച്ച് വരുന്ന ഡ്രൈവറുടെ ഫോണ്‍കോളുകള്‍.

എല്ലാം അനുഭവിക്കുമ്പോള്‍ കഴിഞ്ഞ കാലത്തിന്റെ മധുരമായ ഓര്‍മ്മകള്‍ അയവിറക്കുന്ന   പ്രവാസിയുടെ മാതാവിനും ചിത്തഭ്രമത്തിന്റെ ശാഖയാണെന്ന അവളുടെ പരാതി  പതിക്കുന്ന  പ്രവാസിയുടെ കാതുകള്‍ വീണ്ടും വേദനയുടെ മുള്‍കിരീടമണിയുന്നു. വീട്ടിലെ പരാതി കേള്‍ക്കാതെ പിന്നീടുള്ള സ്വകാര്യമായ കോളുകള്‍. ഉമ്മയുടെ ചികിത്സ ഉറക്ക ഗുളികയിലെത്തിക്കുമ്പോള്‍ ഗള്‍ഫ് പണത്തിന്റെ ഒഴുക്കില്‍ വിരിഞ്ഞ അവളുടെ ഇസ്തിരിയിട്ട് മിനുക്കിയ പുഞ്ചിരികള്‍ നിഷ്കളങ്കമായ മാതാവിന്റെ ജീവന് വിലയിട്ട് തുടങ്ങി. പ്രവാസം പ്രതാപിയായ ഭാര്യമാരുടെ കൈകളിലോതുങ്ങുമ്പോള്‍ കുടുംബത്തിന്റെ കെട്ടുറപ്പുകളഴിയുന്നു. സ്നേഹ ബന്ധങ്ങള്‍ അകലുന്നു. പ്രവാസിയുടെ പ്രൌഡിയുപേക്ഷിച്ച് മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന മാതാപിതാക്കള്‍ .

പിന്നീട് കയറൂരിയ പട്ടം കണക്കേ വാനില്‍ പറക്കുമ്പോള്‍ പ്രാവാസികള്‍ വീണ്ടും പ്രവാസ മണ്ണിനു തിളക്കമാവുന്നു. നാം ഓരോരുത്തരും  ശ്രമിച്ചാല്‍ നമ്മുടെ കുടുംബം ചിട്ടപെടുത്താന്‍ കഴിയുന്നതാണ്. കുടുംബം സ്ത്രീകളായ നമ്മുടെ കൈകളില്‍ ഭദ്രമായാല്‍ നാം വിജയിച്ചു. നമുക്ക് ശ്രമിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാം


വാല്‍കഷ്ണം
ഇതുപോലുള്ള അനുഭവങ്ങള്‍  ഒരുപാട്.
എന്നുവെച്ചു എല്ലാവരും ഇതുപോലെയാണെന്ന്  ഞാന്‍ പറഞ്ഞില്ല.  നല്ല കുടുംബങ്ങള്‍ അനേകം, അതിനിടയില്‍ ഇങ്ങനേ ഉള്ളവരും ഇല്ലാതില്ല.
ഇതില്‍ നിന്നു വല്ല നന്മയും ആര്‍ക്കെങ്കിലും ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ എന്റെ ഈ എഴുത്ത് പൂര്‍ണമായി.

49 comments:

 1. സാബിറ, ഒരുപാട് സത്യങ്ങള്‍ വിളിച്ചോതുന്ന ഒരു പോസ്റ്റ്‌!.. പറഞ്ഞതുപോലെ ആരെങ്കിലും ഒക്കെ തിരിച്ചറിയട്ടെ എന്ന് പ്രത്യാശിക്കുന്നു

  ReplyDelete
 2. ആദ്യവെടി എന്റെ വക...
  ഇതില്‍ കുറ്റം പറയേണ്ടത് പ്രവാസികളെ തന്നെയാ...തന്റെ യഥാര്‍ത്ഥ സ്ഥിതി മറച്ചു വെച്ച്, താന്‍ വല്യ ആനയാണ് ചേനയാണ് എന്നൊക്കെ നാട്ടിലും വീട്ടിലും പറഞ്ഞു പിടിപ്പിക്കുന്നത് ഇവന്മാര്‍ തന്നെയാ...

  ReplyDelete
 3. അത് ശരി...ഒഴാക്കന്‍ അതിന്റിടക്ക് കേറി വെടി വെച്ചിട്ട് പോയി...
  അവനിട്ട് ഒരു പണി കൊടുക്കാന്‍ സമയമായി :-)

  ReplyDelete
 4. പ്രവാസികള്‍ ............എന്തെല്ലാം നഷ്ടപ്പെടുന്നവര്‍ ആണ് ..
  പിറന്ന നാട്ടില്‍ വിരുന്നുകാരായ് മാറിയവര്‍ ...

  ReplyDelete
 5. Pravaasikalude family'il kanunna saatharana kazhchakal... Great..

  ReplyDelete
 6. പ്രവാസികളുടെ നീറുന്ന നൊമ്പരത്തിലേക്ക് കണ്ണുതുറക്കുന്ന പോസ്റ്റ്. ശരിക്കും പ്രവാസിയുടെ മിഴിനീരാണിത്. ഈ പോസ്റ്റിനു സാബീ നീ അഭിനന്ദനമര്‍ഹിക്കുന്നു.

  ReplyDelete
 7. ജീവിതം ഭാരമുള്ള ഒരു വസ്തുവായ് കാലിലങ്ങനെ മുറുകുമ്പോൾ അതും വലിച്ച് നിർത്താതെ ഓടേണ്ടി വരുന്ന ജന്മങ്ങൾ. സ്നേഹം ആവലാതിയായ്, പരിഭവമായ്, പെട്ടെന്നു തീർന്നു പോകുന്ന പരോളായ്, തരം കിട്ടുമ്പോൾ വേഗത്തിലെത്തുന്ന ചതിയായ്, അങ്ങനെ പെരുകുകയല്ലേ,

  പ്രവാസം ഒരു തെരഞ്ഞെടുപ്പല്ല, ഒരു അടിച്ചേല്പിക്കലാണ്. അനിവാര്യ്യതയാണ്.
  പക്ഷേ പുതിയ കാലത്ത് പ്രവാസം സുഖവാസമായും മാറുന്നുണ്ട്.
  എല്ലായിടത്തുമുണ്ടല്ലോ അപ്പാർത്തീഡ്.

  കോരനു കുമ്പിളിൽ തന്നെ കഞ്ഞി എന്ന ചൊല്ല് വീണ്ടും ഓർക്കാം.

  ReplyDelete
 8. ഒരു പാട് സത്യങ്ങളുടെ വെളിപെടുത്തലുകള്‍....വണ്ടി കാള കണക്കേ ഭാരം വലിക്കുന്ന പ്രവാസിയുടെ നൊമ്പരത്തിന്റെ നേര്‍ കാഴ്ചകള്‍.... കാരണങ്ങള്‍ പലതുണ്ടാകും, പക്ഷെ പ്രവാസിയും ഒന്ന് തിരുഞ്ഞു നോക്കുന്നത് നല്ലതാ..
  സാബിക്ക് അഭിനന്ദനം..

  ReplyDelete
 9. പ്രാവാസി അല്ലെങ്കിലും ആ ഫീല്‍ മനസ്സിലാക്കുന്നു..

  ReplyDelete
 10. നല്ലൊരു പോസ്റ്റ്‌... ഏതോ ഒരു സിനിമയില്‍ കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് എന്ന് ഫോണില്‍ കൂടെ നായകന്റെ അമ്മ വിളിച്ചുകൂവുന്നതാണ് പെട്ടന്ന് മനസ്സില്‍ വന്നത്..

  ReplyDelete
 11. നല്ല ലേഖനം ....താങ്ക്സ് സാബി ...{എന്‍റെ വീട്ടുകാര് എത്ര നല്ലവരാ..ഞാന്‍ എങ്ങാന്‍ കുറച്ചു പൈസ അയച്ചാല്‍ അപ്പൊ കിട്ടും തെറി.}

  ReplyDelete
 12. ഹായ്, ആദ്യമായാണ് ഇവിടെ. അവിടെ വന്നതില്‍ വളരെ സന്തോഷം തോന്നി.
  കറിവേപ്പില ആയി മാറുന്നതില്‍ ചാണ്ടിക്കുഞ്ഞ് പറഞ്ഞത് പോലെ അവരവര്‍ക്കും ഒരു ചെറിയ പങ്കില്ലേ?
  ഈ പോസ്റ്റിന്റെ സദുദ്ദേശത്തെ മാനിക്കുന്നു, ഇത് ആര്‍ക്കെങ്കിലുമൊക്കെ പാഠമാകട്ടെ.
  . ഫോളോ ചെയ്യാന്‍ തീരുമാനിച്ചേ...ഇനിയും വരാം.
  കാണാം.

  ReplyDelete
 13. പ്രവാസികളുടെ ജീവിതം.....
  അതു നന്നായി വരച്ചു കാട്ടിയിരിക്കുന്നു....
  നഷ്ടപ്പെടലുകളുടെ ഒരു കണക്ക് പുസ്തകം
  അതാണു പ്രവാസികള്‍...

  ReplyDelete
 14. ആ വാല്‍കഷണം.അതിലുണ്ട് കുറച്ചു കൂടുതല്‍...വിദ്യഭ്യാസതിനോപ്പം
  വിവരവും പണത്തിനൊപ്പം വിദ്യാഭ്യാസവും ഇല്ലാതെ വന്നാലും കുഴപ്പം.
  അപ്പോള്‍ കാട്ടിക്കൊട്ടുന്ന പേക്കൂത്തുകള്‍ പ്രവാസിയുടെ വിവരക്കേടിന്റെ
  ആഴവും വീട്ടുകാരുടെ അഹന്തയുടെ ഉയരവും കൂട്ടും.വളരെ ശ്രദ്ധിച്ചു
  കൈകാര്യം ചെയ്യേണ്ട സ്ഫടിക പാത്രം ആണ് പ്രവാസിയുടെ മനസ്സും
  ജീവിതവും.അകത്തു നിന്നും പുറത്തു നിന്നും കല്ലേറുകള്‍ തടയേണ്ട
  കട്ടികുറഞ്ഞ കവചം..സാബി ആരെയെങ്കിലും ഒക്കെ ചിന്തിപ്പിക്കാന്‍ എങ്കിലും കഴിഞ്ഞാല്‍ ഭാഗ്യം...

  ReplyDelete
 15. വായിച്ചു .. ഒരു ദീര്‍ഘനിശ്വാസം മാത്രം ബാക്കി .. കാരണം ഞാനും ഒരു പ്രവാസിയായിപ്പോയില്ലേ

  ReplyDelete
 16. അതെ സാബീ,,പ്രവാസികള്‍ വെറും കറവപ്പശുക്കള്‍!!
  പ്രവാസികളില്‍ ഭൂരിഭാഗവും ഈ അവസ്ഥ അനുഭവിക്കുന്നവര്‍തന്നെ,,
  കാശിനു വേണ്ടി മാത്രം സ്നേഹിക്കപ്പെടുന്നവര്‍,
  കാശിന്‍റെ ഒഴുക്ക് നിലച്ചാല്‍ സ്വന്തക്കാര്‍ തന്നെ ഇവരോട്‌ അകല്‍ച്ച കാണിക്കാന്‍ ഒട്ടും മടികാണിക്കാറില്ല,
  വളരെ നല്ലരൂപത്തില്‍ സാബി ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു,
  ആശംസകള്‍.

  ReplyDelete
 17. മൂന്നും നാലും വര്‍ഷത്തെ ആട് ജീവിതത്തിനു ശേഷം നാട്ടില്‍ എത്തുമ്പോള്‍ കൂടു തുറന്ന പക്ഷിയെ പോലെ പാറി നടക്കുന്ന ഗള്‍ഫുകാരനെ കാണുമ്പോള്‍ ഇവനെവിടത്തുകാരനെടാ എന്ന രീതിയില്‍ പുഛത്തോടെ കാണുന്നവര്‍ ആ പാവങ്ങളുടെ ചോരയൂറ്റികുടിക്കുന്നവര്‍ തന്നെയാണെന്നതാണ് വലിയ രസം..

  കഷ്ടപ്പാടിലൂടെ ജീവിച്ചു വളര്‍ന്ന ഒരാള്‍ ഗള്‍ഫിലെത്തി നാല് കാശ് കയ്യില്‍ വരുമ്പോള്‍ തന്നെ ആശ്രയിച്ചു ജീവിക്കുന്നവരെങ്കിലും സുഖത്തോടെ കഴിയട്ടെ എന്ന് കരുതി അയക്കുന്ന കാശിന്‍റെ വില അറിയാതെ അവരെ വീണ്ടും വീണ്ടും ചൂഷണം ചെയ്യുന്ന ബന്ധുക്കള്‍ തന്നെയാണ് 90 % എന്നതാണ് സത്യം ..

  ---------------------
  “പ്രണയ” ത്തെ കുറിച്ചും “പ്രാവാസി”യെ കുറിച്ചും എത്ര എഴുതിയാലും തീരില്ല..

  ReplyDelete
 18. ആ മനപ്പായസം കുടിച്ചതിന്റെ ഒരു മന്ഥപ്പ് ഇതോടെ മാറിക്കിട്ടി ,
  പ്രവാസം , ചൂഷണം , വിരഹം എല്ലാം ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുന്നു..എത്ര പറഞ്ഞാലും തീരാത്തത്ര വിശാലമായി ...ഇനിയും ഇനിയും നന്നായി എഴുത്ത് തുടരുക സാബീ..

  ReplyDelete
 19. Hashimܓ to me
  show details 6:42 PM (4 hours ago)
  മ്മ്..... ചുറ്റുവട്ടങ്ങള്‍ക്കനുസരിച്ച് നാം വളരുന്നതിലും നല്ലത് നമുക്കനുസരിച്ച് ചുട്ടുവട്ടത്തെ വലര്‍ത്തുന്നത് തന്നെ, അതിന് കഴിയുന്നവര്‍ക്ക് ജീവിതത്തെ അന്തോഷ പൂര്‍ണ്ണമാക്കന്‍ എളുപ്പമായിരിക്കും

  ReplyDelete
 20. അമ്മിയിലരച്ചുണ്ടാക്കിയ കൂട്ടുകറിയൊഴിച്ച് ഉമ്മ തന്ന ചോറിന്റെ രുചിയെ പറഞ്ഞതിന് വിവരമില്ലാത്തവനെന്ന് അധിക്ഷേപിക്കുമ്പോള്‍ പ്രതാപിയായ ഭാര്യയുടെ വാക്കുകളില്‍ അന്ധാളിച്ച് പ്രവാസിയായി നീളുന്ന ഭര്‍ത്താക്കന്മാര്‍.
  സാബി ഇത് വളരെ നന്നായിട്ടുണ്ട് ഒരു സാധാരണ പ്രാവാസിയുടെ ജീവിതത്തിന്റെ നേര്‍ചിത്രം

  ReplyDelete
 21. ഒരാള്‍ പ്രവാസി കഴിയാകുന്നതോടെ അയാളുടെ വ്യക്തിപരമായ സുഖ ദുഖങ്ങള്‍ക്ക്‌ യാതൊരു വിലയും ഇല്ലാതായി മാറുന്നു.
  മറ്റുള്ളവരുടെ ആവശ്യത്തിനനുസരിച്ച് തുള്ളാതെ സ്വന്തം പരിമിതികള്‍ മനസ്സിലാക്കി ജീവിക്കാന്‍ പഠിക്കണം. അതിനു മടി കാണിച്ചാല്‍ നൊമ്പരങ്ങള്‍ ഉള്ളില്‍ അടക്കി വണ്ടിക്കാളയെ പോലെ ജീവിക്കേണ്ടി വരും.

  നല്ല പോസ്റ്റ്. അഭിനന്ദങ്ങള്‍.

  ReplyDelete
 22. ഒരു പ്രവാസിയുടെ പ്രയാസങ്ങള്‍ വര്‍ണ്ണിക്കാന്‍ ഒരു വീട്ടമ്മയോളം മറ്റാര്‍ക്കും കഴിയില്ല. സാബി ആ കൃത്യം നന്നായി നിര്‍വ്വഹിച്ചു. ഇനി മറ്റുള്ളവര്‍ (പ്രവാസികളല്ലാത്ത പ്രവാസികളുടെ ബന്ധുക്കള്‍ ) ഒന്നു മനസ്സിരുത്തിയാല്‍ നന്നാ‍യിരിക്കും.സാബീ, അഭിനന്ദനങ്ങള്‍!

  ReplyDelete
 23. ഒരു പാട് സത്യങ്ങള്‍ വിളിച്ചു പറയുന്ന ഒരു പോസ്റ്റ്‌. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ഉരുകുന്ന മെഴുകുതിരികളായ പ്രവാസികളുടെ വിഷമങ്ങള്‍ വളരെ നന്നായി എഴുതിയിരിക്കുന്നു.

  അഭിനന്ദനങ്ങള്‍.

  ReplyDelete
 24. പ്രവാസി ....പ്രയാസങ്ങളുടെ നടുവില്‍ കിടന്നു നെട്ടോട്ടമോടുന്നവന്‍, ആ‍ പാച്ചിലിനിടയില്‍ സ്വയം ജീവിക്കുവാന്‍ മറക്കുന്നവന്‍. മറ്റുള്ളവരുടെ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം മറക്കുന്നവന്‍.

  ReplyDelete
 25. സാബീ നല്ല പോസ്റ്റ്‌, എല്ലാവരും പ്രവാസികളെ കുറിച്ച് അഭിപ്രായം എഴുതിയത് കൊണ്ടു ഒന്നും പറയുന്നില്ല.സാബി പറഞ്ഞത് പോലെ സ്ത്രീകളുടെ കയ്യിലാണ് കടിഞ്ഞാണ്‍ ഇരിക്കുന്നത്..സമാധാനപരവും,അച്ചടക്കവുമുള്ള കുടുംബത്തിന് സ്ത്രീയുടെ ആത്മാര്‍ഥമായ സേവനം കൂടിയേ തീരു..

  ഓ.ടോ.ചാണ്ടിയുടെ വെടി ഉന്നം തെറ്റിയത് കണ്ട് ചിരിച്ചു മരിച്ചു..

  ReplyDelete
 26. പറഞ്ഞതെല്ലാം വാസ്തവം, തീരാത്ത ആവശ്യങ്ങള്‍, നീളുന്ന പ്രവാസം.
  ഒരു പരിധിവരെ അവനവന്‍ തന്നെയാണ് ജീവിതം ദുരിതപൂര്‍ണമാക്കുന്നത്,
  ഇച്ച്ചാശക്തിയുള്ള ചിലരെങ്കിലും ധീരമായ തീരുമാനങ്ങളോടെ ഇതിനു അറുതി വരുത്തുന്നതും കാണാം.

  ReplyDelete
 27. ഒരു ഇടത്തരം പ്രവാസ കുടുംബത്തിന്റെ പച്ചയായ ആവിഷ്കാരം.
  നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍

  ReplyDelete
 28. ade ade nammal swapnagal vari niracha bagum thukki ivide vannad durithangalil mungi chavan ,ponam nattilekk oru randu masathe tour...!!!!!

  ReplyDelete
 29. ade ade nammal swapnagal vari niracha bagum thukki ivide vannad durithangalil mungi chavan ,
  nammal kadalu kadakkunna nimisham mudal nammude sangadangal kadalil eriyendi varunnu, pinneed adinu yadoru vilayum illa .
  povanam nattilekk oru randu masathe tour...!!!!!

  ReplyDelete
 30. പറഞ്ഞാല്‍ തീരാത്തതാണ് പ്രവാസികളുടെ സങ്കടങ്ങള്‍. പലപ്പോഴും അവന്‍ ചെകുത്താനും നടുക്കടലിനും എന്ന അവസ്ഥയില്‍ എത്താറുണ്ട്. ഒരാള്‍ പ്രവാസി ആകുന്നതോടെ കുടുംബത്തിന്റെ സ്വപ്നങ്ങളും വളരുന്നു. പ്രശ്നങ്ങളുടെ പര്‍വ്വതങ്ങള്‍ അവനു മുമ്പില്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കും. ഓരോന്നും തീര്‍ത്ത്‌ കഴിയുംബഴേക്കും ആയുസ്സിന്റെ വലിയ ഭാഗം കഴിഞ്ഞു പോകുന്നു. ഒപ്പം അവന്‍ തനിക്കു വേണ്ടി ജീവിക്കാന്‍ മറന്നു പോകുന്നു. ഇതാണ് ഒട്ടു മിക്ക പ്രവാസികളുടെയും അവസ്ഥ. സാബി ഈ പോസ്റ്റില്‍ ഒട്ടേറെ സത്ത്യങ്ങള്‍ പച്ചയായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 31. നമ്മുടെയൊക്കെ പൂര്‍വ്വീകര്‍ തുറന്നുവച്ച ഈ പ്രവാസകവാടം നാമായിട്ട് അടക്കുന്നതെങ്ങിനെ...! വളരേ പണ്ട് കൊളംബ് വഴി റങ്കൂണിലൂടെ സിങ്കപ്പൂരിലും അതുവഴി അനുസ്യൂതം ഒഴുകിയൊഴുകി പേര്‍ഷ്യന്‍-ഗള്‍ഫിലുമെത്തി നില്‍ക്കുന്നു,അഭിനവ പ്രവാസി... എത്ര ശ്രമിച്ചാലും,ഇനി ഞാന്‍ നാട്ടില്‍ തന്നെ കഴിഞ്ഞുകൂടുമെന്ന് ഉറക്കെതീരുമാനിച്ചുറപ്പിച്ചാലും...വീണ്ടും മറ്റൊരു പ്രവാസം തെരഞ്ഞുടുക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നതാരാ...അവസാനം ചോരയും നീരും വറ്റി അറുക്കാനും കറക്കാനും പറ്റാതാവുമ്പോള്‍ മൂന്ന്നാല്‍ വിശേഷണ പദവികളും പേറി ഒരു വരവാ തന്നെ പെറ്റുപോറ്റിയ നാട്ടിലേക്ക്..! സാബിയുടെ പ്രവാസചിന്തകള്‍ നന്നായി രേഖപ്പെടുത്തി.

  ReplyDelete
 32. പ്രവാസികളുടെ ജീവിതം നന്നായി വരച്ചു കാട്ടിയിരിക്കുന്നു....

  ReplyDelete
 33. പ്രവാസം പേരുപോലെ തന്നെ വളരെ പ്രയാസം ആണ്. നിര്‍ത്താന്‍ നോക്കുംതോറും ഓരോരോ പുതിയ പ്രശ്നങ്ങള്‍ കടന്നു വരുന്നു. എല്ലാം കഴിഞ്ഞു നാട്ടീ പോയി സ്വസ്ഥമായ് ഒന്നിരിക്കാമെന്ന് വെക്കുമ്പോഴേക്കും നേരം ഇരുട്ടിയിരിക്കും. ഒരിക്കലും അവസാനിക്കാത്ത പ്രവാസിയുടെയും, അവന്‍റെ കുടുംബ പ്രശ്നങ്ങളും തുറന്നെഴുതിയതിനു മാത്രമല്ല, പരിഹാരം പെണ്ണിന്റെ കൈകളില്‍ തന്നെ ഉണ്ട് എന്ന് പറഞ്ഞതിന് സാബിക്ക് നന്ദി ....!

  ReplyDelete
 34. 'മിഴിനീര്‍'എന്ന പേര് ഈ പോസ്റ്റിനു ആണ് കൂടുതല്‍ യോജിക്കുക. പ്രവാസിയുടെ വ്യഥകള്‍ എത്ര പറഞ്ഞിട്ടും എഴുതിയിട്ടും അതിന്റെ പുതുമ നശിക്കാതത്തിന്റെ കാരണം അത് അത്രമേല്‍ വലിയ ഒരു ജനസഞ്ചയത്തെ വരിഞ്ഞുമുറുക്കുന്നു എന്നതാണ്. പ്രസക്തമായ ഇത്തരം വിഷയങ്ങള്‍ നാട്ടിലെ സ്ത്രീജനങ്ങളെ തന്നെയാണ് ആദ്യം ബോധ്യപ്പെടുതെണ്ടത്. ഗള്‍ഫില്‍ താന്‍ നായയായി ജീവിച്ചാലും നാട്ടില്‍ വീട്ടുകാര്‍ നരിയായി ജീവിക്കട്ടെ എന്ന സദുദേശ്യത്തിലാണ് പ്രവാസികള്‍ ആവശ്യത്തിലും കൂടുതല്‍ കാശ് അയച്ചുകൊടുക്കുന്നത്. അത് ബുദ്ധിയല്ലെങ്കിലും അവരുടെ മനസ്സിനെ നാം മാനിക്കണം.
  പിന്നെ ഒരു തിരുത്തുണ്ട്:"പുലര്‍ച്ചെ ഒമ്പതുമണിക്ക് ജോലിക്കെത്തി നട്ടുച്ചവരേയുള്ള ജോലി. അതും ഒരുനിമിഷം ഇരിക്കാന്‍ പോലും അവസരമില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍'
  ഇത് വസ്തുനിഷ്ഠമല്ല. രാവിലെ അഞ്ചര മുതല്‍ തുടങ്ങുന്ന ജോലി ഒന്നിച്ചോ രണ്ടു ഷിഫ്റ്റില്‍ ആയോ പതിനാലു മണിക്കൂര്‍ വരെ നീളും മിക്ക സ്ഥാപനങ്ങളിലും! അതി ദയനീയമാണ് ഇവരുടെ സ്ഥിതി.
  ഹൃദയസ്പര്‍ശിയായി എഴുതി
  ഭാവുകങ്ങള്‍

  ReplyDelete
 35. ഇതേ വിഷയം ബ്ലോഗില്‍ തന്നെ എത്ര വട്ടം വായിച്ചെന്ന് ഓര്‍മ്മയില്ല. അതിന്റെ മറുപടിയാണ് ഹംസക്ക പറഞ്ഞത്. പ്രണയവും പ്രവാസവും... തീരില്ല തന്നെ.

  ReplyDelete
 36. എന്ത് ഒക്കെ പറഞ്ഞാലും പ്രവാസി എന്നും പ്രവാസി ആവാന്‍ ആണ് ഇഷ്ട്ടം ,,,,നാടിന്‍റെ മഹാത്യം ഒക്കെ പറയും എങ്കിലും നാട്ടില്‍ പോയാല്‍ അവിടെ നിക്കില്ല ....എത്ര വേഗം തിരിച്ചു വരണം എന്നെ മോഹം ആണ്
  അത് പോലെ എല്ലാം മതിയാക്കി പോയികൂടെ എന്ന് ചോദിച്ചാല്‍ അപ്പോള്‍ അവര്‍ പറയും ,നാട്ടില്‍ പോയിട്ട് എന്ത് ചെയ്യുക ....

  ReplyDelete
 37. എഴുതിയതെല്ലാം വാസ്തവം..!
  പ്രവാസി.. അവനെന്നുമൊരു പ്രയാസി തന്നെ..
  സാബി പറഞ്ഞ പോലെ ഇതില്‍ നിന്നും വല്ല നന്മയും ആര്‍ക്കെങ്കിലും ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......
  നല്ല പോസ്റ്റ്‌!!

  ReplyDelete
 38. ഇടമുറിയാത്ത ഒഴുക്കുള്ള ഭാഷയ്ക്ക് അഭിനന്ദനം.

  പലരും പറഞ്ഞ പോലെ, എഴുതിയാലും വായിച്ചാലും തീരാത്ത പ്രവാസം. അതിനു തുടര്‍ച്ചയുണ്ടാവാതെ നിര്‍വാഹമില്ലല്ലോ !

  ReplyDelete
 39. എനിക്കൊന്നും പറയാനില്ല സാബീ...
  അതൊക്കെ അങ്ങനെ കിടക്കും....!
  “പ്രതിഫലേഛ കൂടാതെ കർമ്മം ചെയ്യുക...”

  ആശംസകൾ...

  ReplyDelete
 40. ആര്‍ഭാടം പ്രവാസിയായാലും നാട്ടുവാസിയായാലും ഉപേക്ഷിച്ചില്ലെങ്കില്‍ ഫലം ഒന്നുതന്നെ. പ്രവാസത്തിന്‍റെ വിഹ്വലതകള്‍ നന്നായി എഴുതി.

  ആശംസകള്‍!

  ReplyDelete
 41. "പ്രവാസിയുടെ ജല്പനങ്ങള്‍"ഒരുപാടെഴുതപ്പെട്ട വിഷയം.ലേഖിക പറഞ്ഞപോലെ പ്രവാസി ഇന്നൊരു ഇഷ്യു ആണോ?. പ്രവാസി ഇന്നൊരു ദാരിദ്രവാസിയല്ലേ? അവനെ ഉറ്റുനോക്കി ജീവിക്കുന്ന കുടുംബങ്ങള്‍ ഇന്ന് തുലോം കുറവല്ലേ?

  പിന്നെ കൊതുക് വലയും, ടി.വി.യും, ഫ്രിഡ്ജും,മിക്സിയുമൊക്കെ ഇന്നൊരു ആര്‍ഭാട ചിന്നമാണോ?.

  ഗള്‍ഫുകാരനെ കാണുമ്പോള്‍ നാട്ടുകാര്‍ വഴിമാറി നടക്കുന്ന അവസ്ഥയാണ് ഇന്ന് നാട്ടിലുള്ളത്. ഗള്‍ഫുകാര്‍ സ്റ്റാര്‍ ആയിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു.
  എഴുപതുകളില്‍ തുടങ്ങി ഏകദേശം രണ്ടായിരാമാണ്ടുവരെ,ഗള്‍ഫുകാരന്‍ എന്ന ലേബല്‍ വിലമതിച്ചിരുന്നു. എന്റെ ഉപ്പ ഖത്തറില്‍ നിന്നും നാട്ടില്‍ വന്നാല്‍. അന്ന് മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ്. അത് തിരിച്ചു പോകും വരെ.ഞാനോര്‍ക്കുന്നു. സംഭാവനയും,രാഷ്ട്രീയക്കാരും, സ്ഥല ബ്രോക്കെര്‍മാരും മൊക്കെയായി തിരക്കോട് തിരക്ക്.

  ഗള്‍ഫുകാരുടെ പ്രതാപകാലത്തെ,അതായത് പത്തിരുപതു വര്‍ഷം മുന്‍പുള്ള പ്രവാസിയുടെ അവസ്ഥയാണ് ഈ ലേഖനത്തിന്‍റെ ഉള്ളടക്കമെന്നെനിക്ക് തോന്നുന്നു.ഇന്ന് വളരെ വിരളമായെ ഒരു പ്രവാസിയെ സംബന്ധിച്ചേടത്തോളം ഈ ലേഖനത്തില്‍ വിശയീഭവിച്ച പോലുള്ള അവസ്തയുണ്ടാവുന്നുള്ളൂ.

  അങ്ങിനെയാണ് എന്റെ അറിവ്.

  വിഷയം പ്രസക്തമല്ലെങ്കിലും എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു.
  എഴുത്തില്‍ അനുഭവമുള്ള ഒരു കൈപുണ്യം ഈ ശൈലിയിലുണ്ട്.
  ആദ്യമായാണ് ഈ ബ്ലോഗില്‍ ഒരു കമെന്റ്റ്‌ ഇടുന്നത്.ബ്ലോഗില്‍ കയറുന്നതും ആദ്യമായി.

  ഭാവുകങ്ങള്‍
  ---ഫാരിസ്‌

  ReplyDelete
 42. തിരുത്ത് "പ്രവാസിയുടെ ജല്പനങ്ങള്‍" എന്നത്, "പ്രതാപിയുടെ ജല്പനങ്ങള്‍" എന്ന് തിരുത്തി വായിക്കുക.ക്ഷമിക്കുമല്ലോ
  ---ഫാരിസ്‌

  ReplyDelete
 43. ആദ്യമായാണ്‌ ഇവിടെ വന്നത്. ഉഷ്ണക്കാറ്റ് പോലെ അസ്വസ്ഥമായ ചിന്തകള്‍. പ്രവാസിയുടെ ജീവിതം...അത് സാബി നന്നായിട്ട് അവതരിപ്പിച്ചു...അഭിനന്ദനങ്ങള്‍.

  ReplyDelete
 44. This comment has been removed by the author.

  ReplyDelete
 45. പ്രവാസിയെ പറ്റി എത്ര എഴുതിയാലും അധികമാവില്ല നന്നായി എഴുതി പ്രവാസി എന്നും പ്രയാസി ... ഭാവുകങ്ങൾ

  ReplyDelete
 46. നാം ഓരോരുത്തരും ശ്രമിച്ചാല്‍ നമ്മുടെ കുടുംബം ചിട്ടപെടുത്താന്‍ കഴിയുന്നതാണ്. കുടുംബം സ്ത്രീകളായ നമ്മുടെ കൈകളില്‍ ഭദ്രമായാല്‍ നാം വിജയിച്ചു. നമുക്ക് ശ്രമിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാം
  ഇത്‌ "ഞാനും എന്റെ കെട്ട്യോനും മക്കളും"
  കുടുംബത്തല്ലേ നടക്കൂ
  അനുഭവങ്ങൾ ഏത്‌........

  ReplyDelete
 47. എത്ര പറഞ്ഞാലും തീരാത്ത നൊമ്പരങ്ങള്‍...

  സബി , നന്നായി എഴുതി ...

  ReplyDelete